ADVERTISEMENT

സേതുരാമയ്യരുടെ അഞ്ചാം വരവിനായി കാത്തിരിക്കുകയാണ് എല്ലാവരും.ഇതു വരെ നാം കണ്ട സേതുരാമയ്യരെക്കാൾ ഒരു പടി കൂടി ഉയർന്ന് ഈ കഥാപാത്രത്തെ ഉജ്വലമാക്കാൻ മമ്മൂട്ടിക്കു സാധിക്കുമോ എന്നാണ് ചലച്ചിത്ര പ്രേമികൾക്ക് അറിയേണ്ടത്.

 

കഴിഞ്ഞ നാലു ചിത്രങ്ങളിലെക്കാൾ മികച്ച രീതിയിൽ പുതിയ ചിത്രത്തിൽ  സേതുരാമയ്യരെ അവതരിപ്പിക്കുകയെന്ന വെല്ലുവിളി താൻ ഏറ്റെടുക്കുകയാണെന്നു സംവിധായകൻ കെ.മധു പറയുന്നു.കാലത്തിന് അനുസരിച്ച് അവതരണ ശൈലിയിൽ മാറ്റം ഉണ്ടാകും.ജനങ്ങളുടെ മാറുന്ന ചിന്താഗതിക്ക് അനുസരിച്ചുള്ള മാറ്റം ഈ ചിത്രത്തിൽ കാണാം.മമ്മൂട്ടി,കെ.മധു,എസ്.എൻ.സ്വാമി കൂട്ടുകെട്ട് ഇതുവരെ നൽകിയ ചിത്രങ്ങളെക്കാൾ മികച്ച സസ്പെൻസ് ത്രില്ലർ ആയിരിക്കും പുതിയ ചിത്രമായ ‘സിബിഐ 5: ദ് ബ്രെയ്ൻ’  എന്ന് അണിയറ പ്രവർത്തകർക്ക് ആത്മവിശ്വാസം ഉണ്ട്.

 

പഴയ കൗശലവും തന്ത്രങ്ങളും തേച്ചു മിനുക്കിയാണ്  സേതുരാമയ്യരുടെ അഞ്ചാം ഊഴം. 34 കൊല്ലം മുൻപ് അവതരിപ്പിച്ച കഥാപാത്രത്തെ 5 സിനിമകളിൽ ഒരേ നടൻ തന്നെ കാര്യമായ മാറ്റമില്ലാതെ അവതരിപ്പിക്കുന്നത് ഇന്ത്യൻ സിനിമയിൽ അപൂർവമാണ്.‘ഒരു സിബിഐ ഡയറിക്കുറിപ്പ്’,‘ജാഗ്രത’,‘സേതുരാമയ്യർ സിബിഐ’,‘നേരറിയാൻ സിബിഐ’, ‘സിബിഐ 5: ദ് ബ്രെയ്ൻ’ എന്നിവ സംവിധാനം ചെയ്ത കെ.മധു സംസാരിക്കുന്നു.

mammoott-madhu

 

സേതുരാമയ്യർക്കു വയസ്സാകില്ലേ?

 

cbi-mammootty

‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ ഇറങ്ങുമ്പോൾ മമ്മൂട്ടിക്കു 40 വയസ്സിൽ താഴെയേ ഉള്ളൂ. വേറൊരു നടൻ ആയിരുന്നു എങ്കിൽ 34 വർഷം കൊണ്ട് ആളിന്റെ രൂപം മാറിപ്പോയേനേ. സിനിമയോടുള്ള മമ്മൂട്ടിയുടെ സ്നേഹവും അർപ്പണ മനോഭാവവും മൂലമാണ്  സൗന്ദര്യം നിലനിർത്താൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ ദിനചര്യ ആണ് അതിന്റെ കാരണം.സേതുരാമയ്യർക്കു മാറ്റം ഇല്ലെന്നു പുതിയ ചിത്രത്തിന്റെ ടീസർ കണ്ട എല്ലാവരും പറഞ്ഞു. മമ്മൂട്ടി മേക്കപ്പിട്ടു വന്നപ്പോൾ എനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല. ഷർട്ടും പാന്റ്സും എല്ലാം പഴയ ശൈലിയിൽ തന്നെ. പൂണൂൽ, കഴുത്തിൽ രുദ്രാക്ഷ മാല, നെറ്റിയിൽ കുങ്കുമക്കുറി.പിന്നിലേക്ക് ചീകി ഒതുക്കി വച്ച മുടി. കൈ പിന്നിൽ കെട്ടിയുള്ള പതിവു നടത്തം.വാച്ച് മാത്രം പുതിയതാണ്. മമ്മൂട്ടി കുറെക്കൂടി ചെറുപ്പമായി എന്നാണ് തോന്നിയത്.

 

ജയിംസ് ബോണ്ട് ചിത്രങ്ങളിൽ പോലും കുറെ വർഷങ്ങൾ കഴിയുമ്പോൾ പുതിയ നടന്മാർ  വരുന്നതാണ് നമ്മൾ കാണുന്നത്. മമ്മൂട്ടി എന്ന അതുല്യ നടൻ  ഉള്ളപ്പോൾ ഇവിടെ നമുക്ക് അതിന്റെ ആവശ്യമില്ല.മറ്റാർക്കും അതിനു സാധിക്കുകയുമില്ല. സേതുരാമയ്യരെ കഴിഞ്ഞ നാലു ചിത്രങ്ങളിലെക്കാൾ മനോഹരം ആയി അവതരിപ്പിക്കുക എന്നതായിരുന്നു സംവിധായകൻ എന്ന നിലയിൽ ഞാൻ ഏറ്റെടുത്ത വെല്ലുവിളി. അതിൽ വിജയിച്ചു എന്ന്  സിനിമ കാണുമ്പോൾ മനസ്സിലാകും. തലമുറകൾ കൈമാറിയ ചിത്രമാണ് ഇത്. സിബിഐ പരമ്പരയുടെ യശസ്സിനു കോട്ടം തട്ടാതെ നോക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്.

cbi-5-team

 

സേതുരാമയ്യർ എന്ന കഥാപാത്രം രൂപപ്പെട്ടത് എങ്ങനെ?

 

ഞങ്ങൾ ആദ്യം കണ്ടു വച്ചിരുന്ന പേര് അലി ഇമ്രാൻ എന്നായിരുന്നു.‘ഇരുപതാം നൂറ്റാണ്ട്’  ഇറങ്ങിയ ശേഷം  പൊലീസ് കഥ സിനിമ ആക്കാമെന്നു മമ്മൂട്ടിയോട് എസ്.എൻ.സ്വാമി പറഞ്ഞു.അലി ഇമ്രാൻ എന്ന സിബിഐ ഓഫിസർ കേസ് അന്വേഷിക്കുന്ന കഥയാണു സ്വാമി പറഞ്ഞത്.എന്നാൽ ഈ കഥാപാത്രത്തെ ബ്രാഹ്മണൻ ആക്കാൻ മമ്മൂട്ടി നിർദേശിച്ചു. അങ്ങനെ സേതുരാമയ്യർ എന്ന പേരു സ്വാമി കണ്ടെത്തി.അലി ഇമ്രാൻ എന്ന കഥാപാത്രം പിന്നീട് ‘മൂന്നാംമുറ’ യിൽ മോഹൻലാൽ അവതരിപ്പിച്ചു. സേതുരാമയ്യരെ രൂപപ്പെടുത്തുന്നതിൽ മമ്മൂട്ടി വലിയ പങ്കു വഹിച്ചിട്ടുണ്ട്. കൈ പിന്നിൽ കെട്ടിയുള്ള നടത്തം മമ്മൂട്ടിയുടെ ഐഡിയ ആണ്. 

 

കുശാഗ്ര ബുദ്ധിയുടെ ഉടമയാണ് എസ്.എൻ.സ്വാമി. തിരക്കഥ തലനാരിഴ കീറി പരിശോധിച്ചാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്.സ്വാമിയുടെ ബുദ്ധിയാണ് സേതുരാമയ്യരിൽ കാണുക.സിബിഐ ചിത്രങ്ങളിൽ സേതുരാമയ്യർ വരുമ്പോഴുള്ള  പശ്ചാത്തല സംഗീതം കൊച്ചു കുട്ടികൾക്കു പോലും അറിയാം.അത്രമാത്രം ജനഹൃദയത്തിൽ അതു പതിഞ്ഞു കഴിഞ്ഞു. പുതിയ ചിത്രത്തിലും അത് മികച്ച രീതിയിൽ ഉണ്ടാകും.ശ്യാം ആണ് ഇതിന്റെ  സ്രഷ്ടാവ്.അഞ്ചാം ഭാഗത്തിനായി  സംഗീത സംവിധായകൻ ജേക്സ് ബിജോയ് വീണ്ടും ഒരുക്കുന്നു.‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ് ജേക്സ്. ഇക്കാര്യം ശ്യാമിനെ അറിയിച്ചപ്പോൾ അദ്ദേഹം അനുമതി നൽകി.ജേക്സ് സംഗീതം തയാറാക്കിയ ശേഷം ചെന്നൈയിലെ വീട്ടിൽ പോയി ശ്യാമിനെ കേൾപ്പിച്ച് അനുഗ്രഹം വാങ്ങി.

jagathy-madhu

 

സിബിഐ കഥകൾ കണ്ടെത്തുന്നത് എങ്ങനെ?

 

വളരെ സ്വാഭാവികമായി ആണ് സിബിഐ കഥകൾ രൂപപ്പെടുന്നത്.രണ്ടാം ഭാഗത്തിനു ശേഷം എസ്.എൻ.സ്വാമി എന്നെക്കാണാൻ ചെന്നൈയിൽ വന്നു.അന്നു ഞാൻ മോഹൻലാലിന്റെ സിനിമ എഡിറ്റ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു. 5 കൊലപാതകം ചെയ്തതിന് അറസ്റ്റിലായ ഒരാൾ അതിൽ ഒന്നു ചെയ്തതു താനല്ലെന്നു സേതുരാമയ്യരോട് പറയുകയും അതു കണ്ടെത്താൻ അദ്ദേഹം രംഗത്തിറങ്ങുകയും ചെയ്യുന്ന കഥ സ്വാമി പറഞ്ഞു. അവിടെ വച്ചാണ് ‘സേതുരാമയ്യർ സിബിഐ’ യുടെ തുടക്കം.ഞാനും സ്വാമിയും ധാരാളം കുറ്റാന്വേഷണ സിനിമകൾ ചെയ്തിട്ടുണ്ട്. എല്ലാ കുറ്റാന്വേഷണ കഥകളിലും സേതുരാമയ്യരെ നായകൻ ആക്കാൻ സാധിക്കില്ല.ചില പ്രത്യേകതകൾ ഉള്ള കഥകളിൽ മാത്രമേ സേതുരാമയ്യർ നായകൻ ആയി വരൂ.

appachan-mammootty

 

ഒരിക്കൽ മമ്മൂട്ടി നായകനാകുന്ന കുറ്റാന്വേഷണ സിനിമ ചെയ്യുമ്പോൾ അദ്ദേഹം ചോദിച്ചു.‘‘ഇതു സേതുരാമയ്യർക്കു പറ്റിയ കഥ ആണല്ലോ....’’ചോദ്യം കേട്ടു  മമ്മൂട്ടിയെ സ്വാമി ഒന്നു നോക്കി. പറ്റില്ലെന്ന് ആണ് ആ നോട്ടത്തിന്റെ അർഥം. സേതുരാമയ്യർക്കു പറ്റിയ കഥ വന്നാൽ അക്കാര്യം സ്വാമി പ്രത്യേകം പറയും. സ്വാമി കഴിഞ്ഞ നാലഞ്ചു കൊല്ലമായി സേതുരാമയ്യരുടെ അഞ്ചാം ഭാഗത്തിനു പിന്നാലെ ആയിരുന്നു. കഥ കേട്ട് മമ്മൂട്ടി ‘ഓക്കെ’ പറഞ്ഞിട്ടു കുറെക്കാലമായി. തിരക്കഥ പലതവണ തിരുത്തിയെഴുതി. സിബിഐ സിനിമകൾക്കെല്ലാം പ്രത്യേക താളമുണ്ട്. അതു പുതിയ തലമുറയ്ക്കു രസിക്കുന്ന രീതിയിൽ ആണ്  ഞാൻ എടുത്തിരിക്കുന്നത്.

 

സേതുരാമയ്യർ ആകാനുള്ള മമ്മൂട്ടിയുടെ തയാറെടുപ്പ്?

 

madhu-soubin

ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു മാസം മു‍ൻപ് മമ്മൂട്ടി എന്നെ വിളിച്ച് ‘‘ഞാൻ സേതുരാമയ്യർ ആയിക്കൊണ്ടിരിക്കുന്നു’’ എന്നു പറഞ്ഞു. അദ്ദേഹം നേരത്തെ തന്നെ വസ്ത്രങ്ങൾ വാങ്ങി തയ്പ്പിച്ചു. പല തരം തുണികൾ മാറി പരീക്ഷിക്കുകയും പലതവണ ധരിച്ചു നോക്കുകയും ചെയ്തു. മേക്കപ്പ്മാന്റെ സഹായത്തോടെ ഹെയർസ്റ്റൈൽ സേതുരാമയ്യരുടേത് ആക്കി മാറ്റി .ചിത്രീകരണം തുടങ്ങിയ ദിവസം സേതുരാമയ്യരുടെ രൂപത്തിൽ ആണ് മമ്മൂട്ടി എത്തിയത്.

 

കൈ പിന്നിൽ കെട്ടിയുള്ള നടത്തത്തിന് അഞ്ചാം ഭാഗത്തിലും മാറ്റമില്ല. ഷൂട്ടിങ്ങിനിടെ മമ്മൂട്ടി അറിയാതെ കൈ മാറ്റിയാൽ ഉടൻ ഞാൻ വിളിച്ചു പറയും.‘‘ആശാനേ...കൈ...’’  പ്രൈമറി സ്കൂൾ കുട്ടികളെ നിയന്ത്രിക്കുന്ന പോലെ ഇക്കാര്യത്തിൽ ഞാൻ കർശനക്കാരനായി.‘‘ഇതു വലിയ പൊല്ലാപ്പായല്ലോ...എന്റെ കൈ വേദനിക്കുന്നു....’’ എന്ന് ഇടയ്ക്കു മമ്മൂട്ടി പരാതിപ്പെട്ടിരുന്നു.‘‘നിങ്ങൾ കൊണ്ടു വന്ന സ്റ്റൈൽ അല്ലേ....എങ്ങനെ മാറ്റും ആശാനേ...’’എന്നു ഞാൻ പറയുമ്പോൾ അദ്ദേഹം പഴയ പോലെ വീണ്ടും കൈ പിന്നിൽ കെട്ടി നടക്കും.സിനിമയോട് അദ്ദേഹം കാട്ടുന്ന പ്രതിബദ്ധത അംഗീകരിച്ചു കൊടുക്കേണ്ടതാണ്.

k-madhu

 

ജഗതിയുടെ വേഷം?

 

അപകടത്തെ തുടർന്നു വിശ്രമിക്കുന്ന ജഗതിയെ വെറുതെ കാണിച്ചു പോകുന്ന രംഗമായിരിക്കും ഇതിൽ ഉണ്ടാവുക എന്ന് പലരും കരുതുന്നുണ്ട്.അദ്ദേഹത്തിന് എങ്ങനെ പ്രാധാന്യം നൽകും എന്നു സംശയിക്കുന്നവരും കാണും. ജഗതിയുടെ വിക്രം എന്ന കഥാപാത്രത്തിന് ഈ സിനിമയിൽ ഉള്ള പ്രാധാന്യം എന്തെന്നു ചിത്രം ഇറങ്ങിക്കഴിയുമ്പോൾ മനസ്സിലാകും. അദ്ദേഹം എത്ര രംഗങ്ങളിൽ അഭിനയിക്കുന്നുണ്ട് എന്നതും  സംസാരിക്കുന്നുണ്ടോ എന്നതും രഹസ്യമായി ഇരിക്കട്ടെ. സിബിഐ 5 എന്ന സിനിമയുടെ വികാസത്തിൽ ജഗതിയുടെ കഥാപാത്രത്തിനു പ്രധാന പങ്ക് ഉണ്ട്. ജഗതി ഈ സിനിമയിൽ വേണം എന്നതു ഞങ്ങളുടെ കൂട്ടായ തീരുമാനം ആയിരുന്നു.അദ്ദേഹം എന്താണ് ചെയ്യുന്നത് എന്ന്  വെളിപ്പെടുത്താനാവില്ല. ജഗതിയെ ഒഴിവാക്കി ഈ ചിത്രം എടുക്കാനാവില്ലെന്നു പടം കണ്ടു കഴിയുമ്പോൾ മനസിലാകും.

 

കഥയുടെ രഹസ്യം നിലനിർത്തുന്നത് എങ്ങനെ?

 

സിബിഐ സിനിമകളുടെ കഥ ഞങ്ങൾ ആരോടും പറയാറില്ല.കൂട്ടായി ചർച്ച ചെയ്ത് തിരക്കഥ തയാറാക്കാൻ പറ്റിയ സിനിമ അല്ല ഇത്.സ്വാമിയുടെ തലച്ചോറിൽ രൂപപ്പെടുന്ന തിരക്കഥ പരമാവധി മികവോടെ ഞാൻ അവതരിപ്പിക്കുന്നു. ഇതിനിടെ മമ്മൂട്ടിയുടെ നിർദേശങ്ങളും സ്വീകരിക്കും.ഞങ്ങളെപ്പോലെ ഉത്തരവാദിത്തം മമ്മൂട്ടിക്കും ഉണ്ട്.ഞാനും സ്വാമിയും കഴിഞ്ഞാൽ പുതിയ ചിത്രത്തിന്റെ കഥ അറിയാവുന്നത് മമ്മൂട്ടി,നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ,രൺജി പണിക്കർ,ക്യാമറാമാൻ അഖിൽ ജോർജ്,അസോഷ്യേറ്റ് ഡയറക്ടർ എന്നിവർക്കു മാത്രമാണ്.കഥ കേൾക്കാതെ തന്നെ ഇതിൽ അഭിനയിക്കാൻ മറ്റു താരങ്ങൾ തയാറായത് ഞങ്ങളിലുള്ള വിശ്വാസം കൊണ്ടായിരുന്നു.അഭിനയിച്ചപ്പോൾ അവർക്ക് കഥയുടെ രൂപം മനസ്സിലായിട്ടുണ്ടാകും.അവരാരും അതു പുറത്തു പറയില്ല.എങ്കിലും ക്ലൈമാക്സ് പതിവു പോലെ വളരെ കുറച്ച് ആളുകളെ മാത്രം വച്ചാണ് ചിത്രീകരിച്ചത്.അത് കണ്ടവരിൽ  എത്ര പേർക്ക് രഹസ്യം മനസ്സിലാക്കാൻ സാധിച്ചു എന്ന് സംശയമുണ്ട്.കുറ്റവാളി ആരെന്ന സസ്പെൻസ് അവസാന നിമിഷം വരെ ഉണ്ടാകും.

 

ആറാം ഭാഗം ഉണ്ടാകുമോ?

 

അത് ഈശ്വരൻ തീരുമാനിക്കേണ്ട കാര്യമാണ്.കഴിഞ്ഞ നാലു ഭാഗങ്ങളെക്കാൾ മികച്ച ചിത്രമാണ് ഇത്തവണ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.അതു നൽകുക എന്നതു വലിയ ബാധ്യതയാണ്.വീണ്ടും പടം ഹിറ്റാക്കി അഭിമാനം നിലനിർത്തുക എന്നതു വലിയ ഉത്തരവാദിത്തമാണ്.അത് ഒരേ സമയം സന്തോഷവും മാനസിക സംഘർഷവും നൽകുന്നു.സിബിഐ പരമ്പരയുടെ പതിവ് അനുസരിച്ച് ഇതും കൊലക്കേസ് ആണ്.സിനിമ ഇറങ്ങുന്നതിനു മുൻപ് ഒരുപാട് അവകാശ വാദങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല.എങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള സിനിമ നൽകാനുള്ള ബാധ്യത ഞാനും സ്വാമിയും മമ്മൂട്ടിയും ഏറ്റെടുക്കുന്നു.

 

ആദ്യ രണ്ടു ഭാഗങ്ങളിൽ മമ്മൂട്ടിയുടെ സീനിയർ ഓഫിസർ ജഗന്നാഥ വർമ ആയിരുന്നു.മൂന്നാം ഭാഗത്തിൽ കലാശാല ബാബു.പുതിയ സിനിമയിൽ ഈ വേഷം രവികുമാറിന് ആണ്.സേതുരാമയ്യരുടെ സഹായികളായി മുകേഷും ജഗതിയും അവതരിപ്പിച്ച കഥാപാത്രങ്ങൾ അഞ്ചാം ഭാഗത്തിലും ഉണ്ട്. പുറമേ ഈ ചിത്രത്തിൽ രൺജി പണിക്കരും രമേഷ് പിഷാരടിയും സഹായികളായി ഉണ്ട്.17 വർഷത്തിനു ശേഷമാണു ഞാനും മമ്മൂട്ടിയും ഒന്നിക്കുന്നത്.

 

വർഷങ്ങൾക്കു ശേഷം ചിത്രം എടുത്തപ്പോൾ?

 

ജനങ്ങളുടെ ദൃശ്യബോധം കാര്യമായി മാറി.സിനിമയിൽ സാങ്കേതികമായി വലിയ മാറ്റങ്ങൾ സംഭവിച്ചു.എന്നാൽ അന്നും ഇന്നും സിനിമയുടെ അടിസ്ഥാന നിയമങ്ങളെല്ലാം ഒന്നു തന്നെയാണ്.അതിൽ വലിയ മാറ്റമൊന്നും ഇല്ല.പണ്ട് ക്യാമറാമാന്റെ അടുത്തു നിന്ന് അഭിനയം കണ്ടു കൊണ്ടാണ് സംവിധായകൻ സ്റ്റാർട്ടും കട്ടും പറഞ്ഞിരുന്നത് എങ്കിൽ ഇപ്പോൾ അത് മോണിറ്ററിലൂടെ കണ്ടു മൈക്കിലൂടെ ആണ്  പറയുന്നത് എന്ന വ്യത്യാസം ഉണ്ട്. സിബിഐ പരമ്പരയിലെ  ആദ്യ നാലു ചിത്രങ്ങളും പഴയ രീതിയിൽ എടുത്തതാണ്.

 

സുരേഷ് ഗോപി അഭിനയിച്ച ‘നാദിയ കൊല്ലപ്പെട്ട രാത്രി’ എന്ന ചിത്രം മുതലാണ് ഞാൻ മോണിറ്റർ ഉപയോഗിച്ചുള്ള ചിത്രീകരണ രീതിയിലേക്ക് മാറിയത്.അതു വലിയ സൗകര്യമാണ്. ഏറ്റവും മികച്ച സാങ്കേതികത ഉപയോഗിക്കുക എന്നതാണ് പുതിയ കാലത്ത് ആവശ്യം.അത് ഈ ചിത്രത്തിലുണ്ട്.പുതിയ തലമുറയിൽപ്പെട്ട താരങ്ങളും സാങ്കേതിക പ്രവർത്തകരുമാണ് അണിനിരക്കുന്നത്.

 

മമ്മൂട്ടി എന്ന അതുല്യ നടൻ ആണ് ഈ ചിത്രത്തിന്റെ ഭാഗ്യം.സേതുരാമയ്യരുടെ  അതിരുകളില്ലാത്ത ചിന്തകൾ എസ്.എൻ.സ്വാമിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതും സിബിഐ ചിത്രങ്ങൾക്കു ലഭിച്ച ഈശ്വരാനുഗ്രഹം ആണ്.സ്പോട് ഡബ്ബിങ്ങിന്റെ കാലമാണ് ഇപ്പോൾ.എന്നാൽ സാധാരണ രീതിയിലുള്ള ഡബ്ബിങ് ആണ് ഈ ചിത്രത്തിന് ആവശ്യം എന്നു മനസ്സിലാക്കി ആ രീതിയിലാണ് മമ്മൂട്ടി ശബ്ദം നൽകിയിരിക്കുന്നത്.

 

സംവിധായകൻ എന്ന നിലയിൽ മുൻ ചിത്രങ്ങളിലെക്കാൾ എന്റെ സാന്നിധ്യം ഈ ചിത്രത്തിൽ നിങ്ങൾക്ക് അനുഭവപ്പെടും.അമിത പ്രതീക്ഷകളുടെ ഭാരം പേറിയാണ് ഞാൻ നിൽക്കുന്നത്. ഇനി പ്രേക്ഷകരാണ്  തീരുമാനിക്കേണ്ടത്.

 

അഞ്ച് ചിത്രങ്ങളുടെ പരമ്പര പൂർത്തിയാക്കുമ്പോൾ ആരോടാണ് കടപ്പാട്?

 

ഞാനും സ്വാമിയും മമ്മൂട്ടിയും ഒരു ടീമായി പ്രവർത്തിക്കുന്നതിനാൽ അവരോടുള്ള കടപ്പാട് പ്രത്യേകം പറയേണ്ടതില്ല.എന്നാൽ ആദ്യ രണ്ടു ചിത്രങ്ങളും നിർമിച്ചത് അരോമ മണി ആയിരുന്നു. തുടർന്നുള്ള രണ്ടു ചിത്രങ്ങൾ ഞാൻ സ്വയം നിർമിച്ചു.അഞ്ചാമത്തെ സിനിമ എടുത്തിരിക്കുന്നത് സ്വർഗ ചിത്ര അപ്പച്ചനാണ്.അദ്ദേഹം ഇല്ലെങ്കിൽ ഈ സിനിമ യാഥാർഥ്യം ആവില്ല. അഞ്ചു സിനിമകളുടെയും പ്രൊ‍ഡക്ഷൻ എക്സിക്യൂട്ടീവ് അരോമ മോഹൻ ആണ്.മുകേഷും ജഗതിയും എല്ലാ ചിത്രങ്ങളിലും അഭിനയിച്ചു.എല്ലാവരോടും കടപ്പാടും സ്നേഹവും ഉണ്ട്.

 

രൺജി പണിക്കർ,സൗബിൻ സാഹിർ,ദിലീഷ് പോത്തൻ,അനൂപ് മേനോൻ,രമേഷ് പിഷാരടി തുടങ്ങിയവരെല്ലാം സിനിമയ്ക്കു തിരക്കഥ എഴുതിയും സംവിധാനം ചെയ്തും നല്ല പരിചയം ഉള്ളവരാണ്.അവരെല്ലാം ഇത്തവണ ഞങ്ങളുടെ ടീമിൽ അഭിനേതാക്കളായി ഉണ്ട്. സത്യദാസ് എന്ന പഴയ കഥാപാത്രമായി സായ്കുമാർ വീണ്ടും വരുന്നു.ആശാ ശരത്, സുദേവ് നായർ തുടങ്ങിയവരും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com