ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തുകയാണു നടി പൂർണിമ ഇന്ദ്രജിത്. ബോളിവുഡ് വഴിയാണ് ഇക്കുറി മലയാളത്തിലേക്കുള്ള മടക്കം. സച്ചിൻ കുന്ദൽക്കറിന്റെ ‘കൊബാൾട്ട് ബ്ലൂ’ എന്ന ബോളിവുഡ് ചിത്രത്തിലെ ‘സിസ്റ്റർ മേരി’ എന്ന കഥാപാത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കിയ പൂർണിമ കയ്യടി നേടുകയാണ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത, ക്വിയർ വ്യക്തികളുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുന്ന സിനിമ മറുനാടൻ സിനിമാ പ്രേമികളുടെയും മനസ്സ് കീഴടക്കുന്നു. വീണ്ടും സിനിമയിൽ ചുവടുറപ്പിക്കുമ്പോൾ തന്റെ കരിയറിലെ പുതിയ സിനിമാ പ്രതീക്ഷകൾ പൂർണിമ മനോരമയോടു പങ്കുവയ്ക്കുന്നു.

 

20 വർഷത്തോളം ഇടവേള?

 

രണ്ടു വർഷം മാത്രമാണു സിനിമയിൽ അഭിനയിച്ചത്. 2000–2002 കാലഘട്ടത്തിൽ. അതും 7 സിനിമകളിൽ മാത്രം. ഒന്നു രണ്ട്  സീരിയലുകളിലും  അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാൻ സമീപിച്ചില്ല. അന്നൊക്കെ വിവാഹം കഴിഞ്ഞാൽ അഭിനയിക്കില്ലെന്ന ചിന്തയുണ്ടായിരുന്നു. തുടർന്നു കുട്ടികളും ഉത്തരവാദിത്തങ്ങളും കൂടി.സിനിമയിൽ തിരിച്ചെത്തുമെന്ന് എന്നോട് അടുപ്പമുള്ളവർക്ക് എല്ലാം അറിയാമായിരുന്നു. സിനിമയെ അത്രയേറെ സ്നേഹിക്കുന്ന ഒരാളാണ്. യോജിച്ച കഥാപാത്രങ്ങൾ കൃത്യസമയത്ത് എന്നെ തേടി എത്തുമെന്നു ഞാൻ വിശ്വസിച്ചിരുന്നു. ‘വൈറസ്’ ഞാൻ ചെയ്യണമെന്ന് ആഷിഖ് അബുവും റിമ കല്ലിങ്കലും ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. 18 വർഷത്തിനുശേഷം സിനിമയിൽ തിരിച്ചെത്താനുള്ള ഭാഗ്യം ഉണ്ടായത് ഈ ചിത്രത്തിലൂടെയായിരുന്നു.

 

 ∙ ബോളിവുഡിലെ  ആദ്യ സിനിമ?

 

സിനിമാ കുടുംബത്തിൽ നിന്നുള്ള വ്യക്തി എന്ന നിലയിൽ മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ  പ്രതീക്ഷകൾ കൂടും. അമിത പ്രതീക്ഷകൾ ഇല്ലാതെ അഭിനയിക്കാം എന്നതാണ് ഇതരഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴുള്ള നേട്ടം. പുതിയ ഭാഷ ഉൾപ്പടെ ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ കഴിയും. പുതുമുഖ നടിയെപ്പോലെ ഓരോ സിനിമയും പഠിക്കാൻ ആഗ്രഹിക്കുന്നു. ആർട്ടിസ്റ്റ് എന്ന നിലയിലുള്ള ഓൺ സ്ക്രീൻ അഭിനയം കണ്ടു മാത്രമാണ് സംവിധായകൻ  സംസാരിക്കുന്നത്. 18 വർഷത്തെ ഇടവേളയിൽ സിനിമയിൽ ഉണ്ടായ മാറ്റങ്ങൾ അറിയാനും ആസ്വദിക്കാനും കഴിഞ്ഞു.  ഫോർട്ട് കൊച്ചിയിലായിരുന്നു ഷൂട്ടിങ്. സമകാലിക വിഷയങ്ങളാണു ചിത്രം ചർച്ച ചെയ്യുന്നത്. പ്രണയം, കുടുംബ ബന്ധങ്ങൾ, സൗഹൃദം, മതസൗഹാർദം എന്നിവയൊക്കെ. ദൃശ്യങ്ങളുടെ ഭംഗിയാണു മറ്റൊരു പ്രത്യേകത. ഫോർട്ട് കൊച്ചിയുടെ സൗന്ദര്യം വ്യത്യസ്ത ആംഗിളുകളിൽ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്.

 

∙കൂടുതൽ ഇതരഭാഷാ ചിത്രങ്ങൾ ?

 

മലയാളം ഉൾപ്പടെ ഒട്ടേറെ സിനിമകളുടെ കഥ കേൾക്കുന്നുണ്ട്. നല്ല പ്രോജക്ടുകളുടെ ഭാഗമാവണം എന്നതാണ് ആഗ്രഹം. തമിഴ് സിനിമയുടെയും കഥ കേട്ടിട്ടുണ്ട്. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്ന ഹിന്ദി വെബ് സീരിസിന്റെ ഷൂട്ടിങ് ആരംഭിച്ചു.

 

‘തുറമുഖം’ സിനിമയെക്കുറിച്ച്?

 

ഒരുപാടു സന്തോഷം നൽകിയ കഥാപാത്രമാണ്.  ഒരു കഥാപാത്രത്തിന്റെ 2 കാലഘട്ടം അഭിനയിക്കാൻ കഴിഞ്ഞു. 65 വയസ്സുള്ള കഥാപാത്രത്തെയും 35 വയസ്സുള്ള കഥാപാത്രത്തെയും  അവതരിപ്പിച്ചിട്ടുണ്ട്. ഇതിനുവേണ്ടി തടി കുറയ്ക്കുകയും കൂട്ടുകയും ചെയ്തു‌. തുറമുഖം ചരിത്രത്തിന്റെ ഭാഗമാകും. സംവിധായകൻ രാജീവ് രവി ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെയാണു സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമ റിലീസ് ആവുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. ഇന്നും എന്നെ സ്ക്രീനിൽ കാണുമ്പോൾ അഭിനയിച്ചത് ശരിയായോ എന്നോർത്തു ടെൻഷൻ ഉണ്ടാവും.

 

ഡാൻസർ, ഫാഷൻ ഡിസൈനർ, മോഡൽ, അവതാരക, അഭിനേതാവ്.. ഏതാണു കൂടുതൽ ഇഷ്ടം?

കലാകാരി എന്ന നിലയിൽ അറിയപ്പെടാനാണ് ആഗ്രഹം. സിനിമാഭിനയമാണു കൂടുതൽ സന്തോഷം നൽകുന്നത്. ഈ പറഞ്ഞതെല്ലാം ഉൾക്കൊള്ളുന്നതാണു സിനിമ.

 

ഇന്ദ്രജിത്തിന്റെ സിനിമകൾ കണ്ടിട്ട് അഭിപ്രായം പറയാറുണ്ടോ?

 

ഞാൻ ഇന്ദ്രജിത്ത് ഫാൻ ആണ്. 20 വയസ്സിൽ തുടങ്ങിയ അഭിനയം  നാൽപതുകളിലും  നന്നായി തുടരുന്നു. വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുക. അതിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുക എന്നതു വലിയ ഭാഗ്യമാണ്.  ക്ലാസ്മേറ്റ്സിലെ ‘പയസ്’ എന്ന കഥാപാത്രം നമുക്ക് എല്ലാം അറിയുന്ന ഒരാളാണ്. ഇതുപോലെ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ സ്ക്രിനിൽ അവതരിപ്പിക്കാൻ ഇന്ദ്രന് ഭാഗ്യം ഉണ്ടായി.  അങ്ങനെയുള്ള കഥാപാത്രങ്ങൾ കാണുമ്പോൾ ജനങ്ങൾക്കും ഇന്ദ്രനോട് പ്രത്യേക സ്നേഹം തോന്നും എന്നതും വലിയ ഭാഗ്യമാണ്.

 

കൊബാൾട്ട് കണ്ട ഇന്ദ്രജിത്തിന്റെ അഭിപ്രായം?

 

ഇന്ദ്രൻ നല്ല സപ്പോർട്ട് ആണ്. സൗത്ത് അമേരിക്കൻ ഫീൽ സിനിമയ്ക്ക്  ഉണ്ടെന്ന് പറഞ്ഞിരുന്നു. സെൻസിറ്റീവായ  വിഷയം അരോചകമാവാതെ  ചെയ്യാൻ കഴിഞ്ഞിട്ടെന്നു പറഞ്ഞു. ഒരേ പ്രൊഫഷനിൽ ജോലി ചെയ്യുന്നവർ ആയതിനാൽ ഞങ്ങൾക്കിടയിലുളള കംഫർട്ട് സ്പെയിസ് കൂടുതലാണ്.

 

പേരന്റിങ് വിഡിയോകൾ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ?

 

ലോകം ചെറുതായി. എല്ലാം കുട്ടികളുടെ വിരൽ തുമ്പിലുണ്ട്. അത് എങ്ങനെ അവരവരുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നു എന്നതാണ് പ്രസക്തം. റൂൾ ബുക്ക് വച്ച് ചെയ്യേണ്ടുന്ന ഒന്നല്ല പേരന്റിങ്. രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത്. ‌ആ ബോധ്യത്തിലാണ് കുട്ടികളെ വളർത്തുന്നത്. കുട്ടികളെ കാര്യങ്ങൾ മനസ്സിലാക്കി വളർത്താനാണ് ശ്രദ്ധിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com