ADVERTISEMENT

സിനിമയാണ് പപ്പയുടെ ജീവശ്വാസം, സിനിമ തന്നെ അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുമെന്ന് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യസാമ്രാട്ടായ ജഗതി ശ്രീകുമാറിന്റെ മകൻ രാജ്‌കുമാർ.  ഇൻസ്‌പെക്ടർ വിക്രമില്ലാതെ സിബിഐ പൂർണമാകില്ല എന്ന അണിയറപ്രവർത്തകരുടെ തീരുമാനമാണ് വാഹനാപകടത്തെത്തുടർന്ന് പത്തുവർഷമായി വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന അഭിനയപ്രതിഭയെ തിരികെ ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചത്.  മലയാളികളുടെ പ്രിയതാരത്തെ ഓജസും തേജസുമുള്ള പഴയ അമ്പിളിച്ചേട്ടനാക്കാൻ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പത്തുവർഷമായി നടത്തുന്ന അശ്രാന്ത പരിശ്രമമാണ് ഇപ്പോൾ വിജയം കണ്ടത്.  

 

സംവിധായകൻ കെ. മധുവും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയും പ്രതീക്ഷിച്ചതിനേക്കാൾ ഒരുപടി മുന്നിലായിരുന്നു വിക്രമിന്റെ പ്രകടനം എന്ന് മകൻ രാജ്‌കുമാർ പറയുന്നു.  ഏറെ ആരാധിക്കുന്ന പ്രഗത്ഭ വ്യക്തികളോടും സ്വന്തം അച്ഛനോടുമൊപ്പം ഒരു ചെറിയ വേഷത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാജ്‌കുമാർ.  അച്ഛനെ അഭിനയത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഒരു നിർമാണക്കമ്പനി തുടങ്ങിയ രാജ്‌കുമാർ സിനിമ തന്നെയായിരിക്കും ജഗതി ശ്രീകുമാറിന്റെ രക്ഷകൻ എന്ന് കരുതുന്നു.  അച്ഛന്റെ വിശേഷങ്ങളുമായി രാജ്‌കുമാർ മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു. 

 

jagathy-rajkumar2

എന്റെ ദൗത്യം പൂർത്തിയായി 

 

പപ്പ സിനിമയിലേക്ക് തിരിച്ചുവന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷം തരുന്ന കാര്യമാണ്  കാരണം ഞാൻ ഏറ്റെടുത്ത ദൗത്യം  പൂർത്തിയായി എന്നാണ് എനിക്ക് തോന്നുന്നത്.  ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചതിനു ശേഷം ജീവച്ഛവമായി ഇരുന്ന അദ്ദേഹം തിരിച്ച് ജീവിതത്തിലേക്കും സിനിമയിലേക്കും വരണേ എന്നായിരുന്നു അദ്ദേഹത്തെ സ്നേഹിച്ച പ്രേക്ഷകരുടെ പ്രാർഥന.  അത്തരത്തിൽ ആഗ്രഹം അറിയിച്ച് വീട്ടിലെത്തുന്നവർ നിരവധിയാണ്.

rajkumar-3

 

പപ്പയെ തിരികെ സിനിമാലോകത്തേക്ക് കൊണ്ടുവരണം എന്നൊരു ലക്ഷ്യവുമായാണ് ജഗതിശ്രീകുമാർ എന്റർടെയ്ന്റ്‌മെന്റ് എന്ന നിർമാണക്കമ്പനി തുടങ്ങിയത്. രണ്ടു പരസ്യ ചിത്രങ്ങളും സംഗീത ആൽബങ്ങളും ചെയ്തു. ആ പരസ്യ ചിത്രങ്ങളിലൂടെ അദ്ദേഹത്തെ തിരികെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവന്നിരുന്നു. സിബിഐ അഞ്ചാം ഭാഗത്തിലൂടെ അദ്ദേഹത്തെ വെള്ളിത്തിരയിലും എത്തിക്കാൻ കഴിഞ്ഞതിൽ എനിക്കിപ്പോൾ ചാരിതാർഥ്യമുണ്ട്.  സിനിമയിലേക്ക് തിരികെ വരാൻ കഴിയും എന്ന ആത്മവിശ്വാസം മനസ്സിൽ ഊട്ടിഉറപ്പിക്കുകയാണ് പപ്പയ്ക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ചികിത്സ എന്ന് ഡോക്ടർമാരും പറഞ്ഞിരുന്നു.

 

jagathy-vinayan

ബുദ്ധിരാക്ഷസന്റെ വലംകൈയായ വിക്രം മടങ്ങിവരുന്നു 

 

എന്റെ നിർമാണക്കമ്പനിയിലെ പരസ്യങ്ങളിലൂടെ ഞാൻ പപ്പയെ തിരികെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് എസ്.എൻ. സ്വാമി സാർ വിളിച്ചിട്ട് സിബിഐ ഫൈവിനെക്കുറിച്ച് പറയുന്നത്. ഞാൻ പറഞ്ഞു അദ്ദേഹത്തിന്റെ  ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അനുസരിച്ചുള്ള കഥാപാത്രമാണെങ്കിൽ നമുക്ക് ഉറപ്പായും ചെയ്യാം.  സിബിഐ പുതിയ പതിപ്പിനെക്കുറിച്ച് ആലോചിക്കുമ്പോൾ വിക്രം ഇല്ലെങ്കിൽ സിനിമ അപൂർണമായിരിക്കും എന്നാണു സ്വാമി സാർ പറഞ്ഞത്. അതുകൊണ്ടു പപ്പയ്ക്ക് ചെയ്യാൻ കഴിയുന്ന രീതിയിൽ കഥാപാത്രത്തെ സൃഷ്ടിച്ച് അവർ വീണ്ടും വരികയായിരുന്നു.  ഞങ്ങൾ ലൊക്കേഷനിൽ ചെന്നപ്പോൾ എല്ലാവർക്കും സന്തോഷമായി.  പപ്പ സ്നേഹിക്കുന്ന സിനിമാലോകം അദ്ദേഹത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.  

 

jagathy-mohanlal

പപ്പയുടെ മനസ്സ് നിറഞ്ഞിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. കാരണം അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും സിനിമയാണ്.  "ഇങ്ങനെ ചെയ്താൽ മതി ചേട്ടാ" എന്നൊക്കെ പറഞ്ഞാണ് മധുസാർ പപ്പയെ അഭിനയിപ്പിച്ചത്.  പക്ഷേ എല്ലാവരെയും അമ്പരപ്പിക്കുന്ന രീതിയിൽ അദ്ദേഹം അഭിനയിച്ചു.  വീണ്ടും ക്യാമറയ്ക്ക് മുന്നിൽ അദ്ദേഹം ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണും മനസ്സും നിറഞ്ഞു.  ഞാനും അമ്മയും സഹോദരിയും മറ്റുള്ള പ്രിയപ്പെട്ടവരും പത്തുവർഷമായി കാത്തിരിക്കുന്ന മുഹൂർത്തമായിരുന്നു അത്.  പപ്പ കൂടുതൽ ഓജസോടെ തിരിച്ചുവരും എന്ന് ഇനിയെനിക്ക് ഉറപ്പാണ്. കാരണം കലയെ ജീവനായി കാണുന്ന അദ്ദേഹത്തിന് ശരിക്കും ജീവൻ തിരിച്ചുകിട്ടിയിരിക്കുകയാണ്.

 

പ്രഗത്ഭരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം 

 

jagathy-cbi

പണ്ടുമുതൽ എനിക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ട്.  പഠനമാണ് പ്രധാനം എന്നുപറഞ്ഞു പപ്പ എന്നെ സിനിമയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു.  പപ്പ സിബിഐ ഫൈവിൽ അഭിനയിക്കണം എന്ന ആവശ്യവുമായി സ്വാമി സാർ എത്തിയപ്പോൾ എന്നിലെ സിനിമാ മോഹം ഉണർന്നു.  ഈ സിനിമയിൽ ഒരു ചെറിയ വേഷം എനിക്കും തരുമോ എന്ന് ഞാൻ സ്വാമി സാറിനോട് ചോദിച്ചു.  ഉറപ്പായും തരാം എന്ന് അദ്ദേഹം പറഞ്ഞു.  സെറ്റിലെത്തുന്നതുവരെ എന്താണ് എനിക്കുകിട്ടാൻ പോകുന്ന വേഷം എന്ന് അറിയില്ലായിരുന്നു.  അവിടെ എത്തിയപ്പോഴാണ് വിക്രമിന്റെ മകന്റെ വേഷമാണ് എനിക്ക് എന്ന് മനസിലായത്.  

 

പപ്പയോടൊപ്പം സിനിമയിൽ  അഭിനയിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമാണ്.  ഒപ്പം എസ്.എൻ. സ്വാമി സാർ, മധു സാർ, മമ്മൂക്ക അങ്ങനെയുള്ള പ്രഗത്ഭവ്യക്തികളോടൊപ്പം സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. അത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.  വിക്രമിന്റെ മകൻ ആണ് എന്റെ കഥാപാത്രം. കഥാപാത്രത്തെക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയാൻ കഴിയില്ല. സിനിമ കണ്ടവർ നല്ല അഭിപ്രായമാണ് എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. ഒരു സിനിമയുടെ അഞ്ചു ഭാഗങ്ങളിൽ നായകനും സംവിധായകനും എഴുത്തുകാരനും മറ്റു താരങ്ങളും മാറാതെ നിൽക്കുന്നത് ലോകത്ത് തന്നെ ഈ ഒരു സിനിമയിൽ മാത്രമാണെന്ന് തോന്നുന്നു. മമ്മൂക്ക, എന്റെ പപ്പ മറ്റുതാരങ്ങൾ ഒക്കെ മേക്കപ്പ് ഇട്ടുവന്നപ്പോൾ ആദ്യസിനിമയിൽ കണ്ടതുപോലെ തന്നെ തോന്നി ആർക്കും ഒരു വ്യത്യാസവും ഇല്ല. മമ്മൂക്ക സേതുരാമയ്യർ ആയി വന്നപ്പോൾ ഒരു ചെറുപ്പക്കാരൻ ആയി തന്നെ തോന്നി.  

 

jagathy-family

പപ്പയെ കയ്യടിയോടെ സ്വീകരിച്ചവർ 

 

എസ്.എൻ. സ്വാമി സാർ സിബിഐയെപ്പറ്റി എന്നോട് പറഞ്ഞപ്പോൾ ഞാൻ പപ്പയോട് ഇതിനെപ്പറ്റി ചോദിച്ചു. പപ്പ തന്നെയാണ് സിനിമ ചെയ്യാം എന്ന് പറഞ്ഞത്. ഇതിനു മുൻപ് ചില പ്രോജക്ടുകൾ വന്നിരുന്നു അപ്പോൾ വേണ്ട വേണ്ട എന്നാണു അദ്ദേഹം പറഞ്ഞത്. കാലക്രമേണ സിനിമയിലേക്ക് വരണം എന്നൊരു ആഗ്രഹം അദ്ദേഹത്തിന് വന്നു. വീട്ടിൽ അദ്ദേഹത്തെ കാണാനെത്തുന്ന സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും പ്രേക്ഷകരും തിരികെ വരണം എന്നുള്ള ആഗ്രഹം അദ്ദേഹത്തിൽ ഊട്ടിഉറപ്പിച്ചുകൊണ്ടിരുന്നു. ഒരു ചാനൽ നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഞങ്ങൾ പപ്പയുമായി ദുബായിൽ പോയിരുന്നു. അന്ന് സ്റ്റേജിലെത്തിയ പപ്പയെ ജനലക്ഷങ്ങൾ ആരവത്തോടെയാണ് സ്വീകരിച്ചത്.  

അവരുടെ സ്നേഹവും ആദരവും ആവേശവും കണ്ടപ്പോൾ പപ്പയുടെ മനസ്സിലും തിരിച്ചു വരണം എന്നൊരു ആഗ്രഹം ഉദിച്ചിരിക്കും.  ആ ആഗ്രഹമായിരിക്കും അദ്ദേഹത്തിന് ആത്മവിശ്വാസം പകർന്നത്. അദ്ദേഹത്തിന്റെ ആ ഒരു ആഗ്രഹം സാധിച്ചുകൊടുക്കാൻ വേണ്ടിയാണു ഞാൻ പ്രൊഡക്‌ഷൻ കമ്പനി തുടങ്ങി പരസ്യചിത്രത്തിലേക്ക് കൊണ്ടുവന്നത്.  സിബിഐയുടെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ചെയ്യാം എന്നാണു പറഞ്ഞത്. സംസാരിക്കാൻ കഴിയില്ലെങ്കിലും നന്നായി ആശയവിനിമയം നടത്താൻ കഴിയും.  സംവിധായകനും മറ്റുള്ളവരും പ്രതീക്ഷിച്ചതിലും കവിഞ്ഞ അഭിനയം പപ്പ അവിടെ കാഴ്ചവച്ചു.  സിനിമ കണ്ടിട്ട്  പപ്പയുടെയും കുറെ സുഹൃത്തുക്കളും സിനിമയിൽ പ്രവർത്തിക്കുന്നവരുമായ ഒരുപാടുപേർ വിളിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്.  അമ്പിളിച്ചേട്ടനെ വീണ്ടും സ്‌ക്രീനിൽ കണ്ടപ്പോൾ കണ്ണുനിറഞ്ഞു എന്നാണ് അവരൊക്കെ പറഞ്ഞത്.  പപ്പയുടെ സീൻ വരുമ്പോൾ തിയറ്ററിൽ നിറഞ്ഞ കയ്യടിയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.  

 

അഭിനയിച്ച പടങ്ങൾ കണ്ടുതീർക്കുന്നു

 

പപ്പ അഭിനയിച്ച പടങ്ങൾ എത്രയാണെന്ന് ചോദിച്ചാൽ എനിക്കുമറിയില്ല പപ്പക്കും അറിയാൻ സാധ്യതയില്ല അത്രയേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  ചെയ്ത പടങ്ങളിൽ വളരെ ചുരുക്കമേ അദ്ദേഹം കണ്ടിട്ടുള്ളൂ. പലപടങ്ങളും കാണുമ്പോഴാണ് ഓ ഞാൻ ഇതിൽ ഉണ്ടല്ലേ എന്ന് അദ്ദേഹം ചോദിച്ചിരുന്നത്. സുഖമില്ലാതെ വീട്ടിൽ വിശ്രമത്തിൽ ഇരിക്കുന്ന സമയത്താണ് അദ്ദേഹം അഭിനയിച്ച പല ചിത്രങ്ങളും കാണുന്നത്. ചില ചിത്രങ്ങൾ കാണുമ്പൊൾ ചിരിക്കുകയും വളരെ താല്പര്യത്തോടെ കാണുകയും ചെയ്യും.  ഇന്നസെന്റ് ചേട്ടൻ, കുതിരവട്ടം പപ്പു അങ്കിൾ  ഉൾപ്പടെയുള്ള പഴയ താരങ്ങളുടെ കോമഡി രംഗങ്ങൾ കണ്ടു പൊട്ടിച്ചിരിക്കാറുണ്ട്. അദ്ദേഹം ചെയ്ത കോമഡി കണ്ടു ചിരിക്കാറില്ലയ പക്ഷേ കിലുക്കം യോദ്ധ ഒക്കെ കണ്ടു പൊട്ടിച്ചിരിക്കുന്ന പപ്പയെക്കണ്ടു ഞാൻ സന്തോഷിച്ചിട്ടുണ്ട്.

 

പപ്പ എല്ലാം അറിയുന്നു 

 

പപ്പയ്ക്ക് കെ. മധുസാറുമായി ഒരുപാടു വർഷങ്ങൾ ആയുള്ള ബന്ധമാണ്.  മധുസാറിന്റെ എല്ലാ പടങ്ങളിലും പപ്പയ്ക്ക് ഒരു റോളുണ്ടാകും. പപ്പയ്ക്ക് മധുസാറിനെ ഒരുപാടു ഇഷ്ടമാണ്. പപ്പ ഉള്ളിൽ എല്ലാം അറിയുന്നുണ്ട്.  ഡോക്ടർമാർ ഒരുപാട് പോസിറ്റീവ് ആയിട്ടുള്ള കാര്യം ആണ് പറയുന്നത്. സന്തോഷവും ദുഃഖവും എല്ലാം പപ്പ അറിയുന്നു. പപ്പയുടെ പ്രിയസുഹൃത്തുക്കളായ കലാഭവൻ മണി ചേട്ടൻ, കൽപ്പന ചേച്ചി, നെടുമുടി വേണു ചേട്ടൻ, ലളിത ചേച്ചി തുടങ്ങി എത്രപേരാണ് മരിച്ചുപോയത്.  ഇവരുടെ വിയോഗവാർത്ത ടിവിയിൽ കാണുമ്പോൾ പപ്പയ്ക്ക് വലിയ വിഷമമാണ്.  കുറച്ചു കണ്ടുകഴിയുമ്പോൾ ടിവി ഓഫ് ചെയ്യാൻ പറയും.  അതൊക്കെ പപ്പ എങ്ങനെ ഉൾക്കൊണ്ടു എന്നെനിക്ക് അറിയില്ല. ഈ കാര്യങ്ങളൊക്കെ പപ്പയുടെ ഡോക്ടറെ വിളിച്ചു പറയുമ്പോൾ അദ്ദേഹം പറയുന്നത് ഇതൊക്കെ വളരെ പോസിറ്റീവ് ആയ റെസ്പോൺസ് ആണ് അദ്ദേഹം പഴയ അവസ്ഥയിലേക്ക് മടങ്ങിവരും എന്നാണ്.  പപ്പയ്ക്ക്  ഇപ്പോൾ ഓർമ്മ എല്ലാം ഉണ്ട്, സംസാരശേഷി തിരിച്ചുകിട്ടിയാൽ മതി. 

 

പപ്പയുമായി തിയറ്ററിൽ പോയി സിനിമ കാണണം

 

സിബിഐ അഞ്ചാം ഭാഗം ഞാനും പപ്പയും കണ്ടില്ല.  എന്റെ പപ്പയെ തിയറ്ററിൽ കൊണ്ടുപോയി സിബിഐ കാണിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്.  ഇപ്പോൾ നല്ല തിരക്കുള്ള സമയം ആണല്ലോ അതുകൊണ്ടാണ് പപ്പയെയും കൊണ്ട് തിയറ്ററിൽ പോകാത്തത്.  തിരുവനന്തപുരത്തെ ചില തിയറ്ററുകാർ സ്‌പെഷൽ ഷോ അറേഞ്ച് ചെയ്യാം എന്നുപറഞ്ഞു വിളിക്കുന്നുണ്ട്.  പപ്പയുടെ കഥാപാത്രത്തെ എല്ലാവരും ഏറ്റെടുത്തു എന്നാണു എനിക്ക് കിട്ടിയ റിവ്യൂ.  അപകടത്തിന് ശേഷം പപ്പ പിന്നെ ഒരിക്കലും തിയറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല.  സിബിഐ റിലീസ് ചെയ്തു എന്ന് ഞാൻ പപ്പയോടു പറഞ്ഞു.  അദ്ദേഹം തലയാട്ടി കേട്ട് സന്തോഷം പ്രകടിപ്പിച്ചു.  കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഏറെ തിരക്കുള്ള താരമായതിനാൽ  പപ്പയോടൊപ്പം തിയറ്ററിൽ പോയി സിനിമ കാണൽ കുറവായിരുന്നു.  കിലുക്കം, യോദ്ധ ഒക്കെ പപ്പ ഞങ്ങളെക്കൊണ്ടുപോയി കാണിച്ചിട്ടുണ്ട്.  ഞങ്ങൾക്ക് അദ്ദേഹത്തെ തിയറ്ററിൽ കൊണ്ടുപോയി സിബിഐ കാണിക്കണം.  അത് അദ്ദേഹത്തിന്  കൂടുതൽ ആത്മവിശ്വാസം കൊടുക്കും എന്നാണ് എന്റെ പ്രതീക്ഷ. 

 

അമ്പിളിച്ചേട്ടനെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നവർ 

 

സിബിഐ ഫൈവിനു മുൻപ് രണ്ടു ചിത്രങ്ങളിൽ പപ്പ അഭിനയിച്ചിരുന്നു.  അതിൽ "ഈ മഴ തേന്മഴ" എന്ന ചിത്രം റിലീസ് ചെയ്തു.  'കബീറിന്റെ ദിവസങ്ങൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു.  ചില സർപ്രൈസ് പ്രോജക്ടുകളുടെ ചർച്ചകൾ നടക്കുന്നുണ്ട്.  രണ്ടുമൂന്ന് സിനിമകൾ ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്.  പപ്പയെ മലയാള സിനിമ ഇതുവരെ മറന്നിട്ടില്ല.  അപകടത്തിന് ശേഷമാണ് മലയാളികൾ പപ്പയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഞങ്ങൾ മനസിലാക്കിയത്. അപകടം അറിഞ്ഞു ജനലക്ഷങ്ങളാണ് ആശുപത്രിയിൽ വന്നുപോയത്.  

 

അമ്പലത്തിൽ പോയി പപ്പയ്ക്ക് വേണ്ടി അർച്ചനയ്ക്ക് കൊടുക്കുമ്പോൾ അവിടെ ആരാധകർ പപ്പയ്ക്ക് വേണ്ടി അർച്ചന നടത്തിയതിന്റെ രസീതുകൾ ഏഴും എട്ടും ബുക്ക് നിറയെ ഉണ്ടാകും.  ഇപ്പോഴും ഞാൻ അമ്പലത്തിൽ പോകുമ്പോൾ ഒരാളെങ്കിലും പപ്പയ്ക്കുവേണ്ടി വഴിപാട് കഴിച്ചിട്ടുള്ളത് കാണാറുണ്ട്.  വീട്ടിൽ വന്നുപോകുന്നവർക്ക് കയ്യും കണക്കുമില്ല.  ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വിധത്തിൽ പപ്പ എങ്ങനെയാണ് മനുഷ്യരെ സ്വാധീനിച്ചതെന്ന് എനിക്കറിയില്ല.  പപ്പ ജീവിതത്തിലേക്ക് തിരിച്ചു വന്നത് എല്ലാവരുടെയും പ്രാർഥന കൊണ്ടുകൂടിയാണ്. പപ്പയെ തിരികെ സ്ക്രീനിലേക്ക് കൊണ്ടുവരുമെന്ന് ഞാനും അമ്മയും സഹോദരിയും ആരാധകർക്ക് കൊടുത്ത വാക്കാണ്. ആ വാക്കാണ് ഇന്നിവിടെ പാലിക്കപ്പെട്ടത്. ക്യാമറയുടെ മുന്നിലേക്ക് കൊണ്ടുവരുക എന്നുള്ളതാണ് പപ്പക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ചികിത്സ എന്നാണ് ഡോക്ടർമാരും പറഞ്ഞിട്ടുള്ളത്. സിനിമതന്നെ പപ്പയെ പഴയ നിലയിലേക്ക് കൊണ്ടുവരും എന്നാണു ഞങ്ങളുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com