ADVERTISEMENT

പ്രതിഛായയുടെ തടവറയിൽ കഴിയാനാഗ്രഹിക്കുന്ന നടനല്ല മമ്മൂട്ടി. ആ തടവറകളെ പലവട്ടം ഭേദിച്ചതു ‌നമ്മൾ ബിഗ്സ്ക്രീനിൽ കണ്ടിട്ടുണ്ട്.  

നായകന്റെ നൻമക്കുപ്പായങ്ങൾ കീറിയെറിയുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം ‘പുഴു ’  ഒടിടി ചാനലായ സോണിലിവിൽ 13 ന് പ്രദർശനത്തിനെത്തുകയാണ്. ഒരു സ്ത്രീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യമായാണു മമ്മൂട്ടി നായകനാകുന്നത്. രാഷ്ട്രീയവും സ്ത്രീപക്ഷവും ചർച്ച ചെയ്യുന്ന പുതിയകാല ചിത്രങ്ങളുടെ ഭാഗമാകുന്നതിനെക്കുറിച്ചു മമ്മൂട്ടി സംസാരിക്കുന്നു.

 

∙‘പുഴു’ സംവിധാനം ചെയ്ത പി.ടി. റത്തീന പുതുമുഖമാണല്ലോ. പുതുമുഖങ്ങൾക്ക് ഡേറ്റ് കൊടുക്കുമ്പോൾ രണ്ടാമതൊന്നു ചിന്തിക്കാറുണ്ടോ? വനിതകൾക്ക് ഇനിയും കഥയുമായി മമ്മൂട്ടിയെ സമീപിക്കാമോ ?

 

ആർക്കും വരാം. ഇതുവരെ സ്ത്രീകൾക്കു പ്രവേശനം ഇല്ല എന്നു ഞാൻ ബോർഡൊന്നും വച്ചിട്ടില്ല. പുതുമുഖ സംവിധായകർക്കും പുതിയതായി എന്തെങ്കിലും പറയാനുണ്ടാകും എന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നത്. ഞാൻ തുടക്കകാലത്ത് അഭിനയിച്ചതിൽ ഭൂരിഭാഗവും പുതുമുഖ സംവിധായകരുടെ സിനിമയിലാണ്. പുതുമയുണ്ടെന്നു തോന്നിയതുകൊണ്ടാണ് ‘പുഴു’വിൽ അഭിനയിച്ചത്. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണു ചിത്രത്തിൽ. മുൻപും ഞാൻ അത്തരം വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതൊന്നും തിരസ്കരിക്കപ്പെട്ടിട്ടില്ല. പ്രേക്ഷകരിൽ എനിക്കും എന്നിൽ അവർക്കും വിശ്വാസമുണ്ട്. സിനിമ നല്ലതാണെങ്കിൽ ആളുകൾ ഏറ്റെടുക്കും. 

∙ ഐ ഹെയ്റ്റ് പപ്പ എന്നൊരു ഡയലോഗ് ഉണ്ട് ‘പുഴു’വിൽ. ഇത്തരം കഥാപാത്രത്തിലൂടെ കുട്ടികളിൽ നെഗറ്റീവ് മനോഭാവം ഉണ്ടാകുമെന്നു ഭയപ്പെടുന്നുണ്ടോ?

 

സിനിമയിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ ഞാൻ വെറുക്കപ്പെട്ടുപോകുമെന്നു ചിന്തിച്ചിട്ടില്ല. അങ്ങനെ പേടിച്ചാൽ അഭിനയിക്കാൻ പറ്റില്ലല്ലോ. എല്ലാംകൊണ്ടും നല്ലവനായ ഒരാളായി അഭിനയിക്കാൻ പോയാൽ ഒരു മെഴുകുപ്രതിമ പോലെ ആയിപ്പോകും. കുറ്റവും കുറവുമില്ലാത്ത മനുഷ്യരില്ല. പൂർണരാകാൻ ആർക്കും കഴിയില്ല. സിനിമയിലെ നെഗറ്റീവ് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഒരു ഉദാഹരണമായി കൂടി കണക്കാക്കാമല്ലോ.

 

∙ ഭീഷ്മപർവത്തിലെ മൈക്കിളപ്പൻ സൂപ്പർഹിറ്റ് ആണ്. സ്വയം നവീകരിക്കപ്പെട്ടതു പോലെയാണു താങ്കൾ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതെന്നു പലരും വിലയിരുത്തി

 

എന്നും ഞാൻ സ്വയം നവീകരിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ്. എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നും സാധിക്കില്ലെന്നും കൂടുതലായി എന്തു ചെയ്യാൻ കഴിയുമെന്നും എപ്പോഴും ചിന്തിക്കാറുണ്ട്. സ്വയം നവീകരിച്ച് മുൻപും പല സിനിമകൾ ചെയ്തിട്ടുമുണ്ട്. അതിൽ പലതും ശ്രദ്ധിക്കപ്പെടാതെ പോയെങ്കിൽ അതെന്റെ നിർഭാഗ്യമെന്നേ പറയാനുള്ളൂ. 

 

∙ സിനിമകളാണു പലപ്പോഴും മമ്മൂട്ടിക്കു വേണ്ടി സംസാരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളിലൂടെ പറയുന്നതു താങ്കളുടെ അഭിപ്രായങ്ങൾ തന്നെയാണോ?

അഭിനയിക്കുന്ന കഥാപാത്രത്തിന്റെ അഭിപ്രായമൊന്നും എന്റേതല്ല. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതി. അല്ലാത്ത തരത്തിലുള്ള ഒരു പ്രചരണത്തിനുമുള്ള ആളല്ല ഞാൻ. സിനിമയിൽ പോസിറ്റീവും നെഗറ്റീവുമായ പലതും ആളുകൾക്കു കണ്ടെത്താൻ കഴിയും. സിനിമയിലുള്ളതൊന്നും പക്ഷേ എന്റെ അഭിപ്രായമല്ലല്ലോ. 

 

∙ നെഗറ്റീവ് കഥാപാത്രങ്ങളും മമ്മൂട്ടി എന്ന നടന്റെ പ്രതിഛായയുമായി ബന്ധമുണ്ടോ? 

 

നല്ലൊരു നടൻ ആകണമെന്നാണു ഞാൻ ആഗ്രഹിച്ചിട്ടുള്ളത്. അതു മാത്രമാണ് എന്റെ പ്രതിഛായ. എല്ലാ കാലത്തും നായകനായോ സൂപ്പർ സ്റ്റാർ ആയോ നിലനിൽക്കാൻ സാധിക്കില്ല. അതൊക്കെ ഓരോ കാലഘട്ടത്തിൽ മാറിമറിഞ്ഞു വന്നു പോകുന്നതാണ്. പക്ഷേ നടൻ എന്നും നടൻ തന്നെയായിരിക്കും. വർഷങ്ങൾക്കു മുൻപുള്ള അഭിമുഖങ്ങളിൽ ഉൾപ്പെടെ ഞാൻ പറഞ്ഞിട്ടുള്ളതും എനിക്കു നല്ലൊരു നടൻ ആകണമെന്നാണ്. അന്നു പറഞ്ഞത് ഇപ്പോഴും ചെയ്യാൻ ശ്രമിക്കുന്നുവെന്നു മാത്രം.

 

∙പഴയ സിനിമ ,പുതിയ സിനിമ എന്നിങ്ങനെ വിലയിരുത്താറുണ്ടോ?

എല്ലാക്കാലത്തും സിനിമ പുതിയതായിരുന്നു. പിന്നീട് അതിനെക്കാൾ പുതിയ സിനിമ വന്നുവെന്നു മാത്രം.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com