ADVERTISEMENT

നിർമാതാവ് സുരേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ‘വാശി’ ‘കുടുംബചിത്രമാണ്’. കുടുംബപ്രേക്ഷകരുടെ സിനിമയെന്നതിനപ്പുറം കുടുംബാംഗങ്ങൾ ഒന്നിച്ച സിനിമ. നായിക മകൾ കീർത്തി, നിർമാണം സ്വന്തം ബാനറായ രേവതി കലാമന്ദിർ, ഒപ്പം നടനായും പ്രത്യക്ഷപ്പെടുന്നു. വാശിയുടെ കൂടുതൽ വിശേഷങ്ങളുമായി സുരേഷ് കുമാർ മനോരമ ഓൺലൈനിൽ....

രേവതി കലാമന്ദിർ പ്രൊഡക്‌ഷനിലൂടെ വീണ്ടും കീർത്തി മലയാളത്തിലേക്ക്?

കീർത്തി അഭിനയിക്കുന്നതുകൊണ്ട് ഞങ്ങൾ നിർമിച്ച ചിത്രമല്ല 'വാശി'. രേവതിയും സംവിധായകൻ വിഷ്ണുവും കീർത്തിയുമൊക്കെ ഒരുമിച്ചു കളിച്ചു വളർന്നവരാണ്. വിഷ്‌ണുവിന്റെ അച്ഛൻ ഗോപാലകൃഷ്ണനും ഞാനും കുടുംബസുഹൃത്തുക്കളാണ്. കോവിഡ് ലോക്ഡൗൺ സമയത്താണ് വിഷ്ണു കീർത്തിയോട് ഈ സ്ക്രിപ്റ്റിനെപറ്റി സംസാരിക്കുന്നത്. അത് ടൊവിനോയോടും വിഷ്‌ണു സംസാരിച്ചു. അവർക്ക് രണ്ടുപേർക്കും കഥ ഇഷ്ടപ്പെട്ടതോടെ, നിർമാണവും ഞങ്ങളിലേക്ക് എത്തുകയായിരുന്നു.

മകൾ കീർത്തി 'വാശി'പിടിച്ചു നേടിയ വിജയമാണ് അഭിനയമെന്ന് കേട്ടു. ഇപ്പോൾ കീർത്തിയോടൊപ്പം 'വാശി'യിൽ?

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു. കുബേരൻ എന്ന ചിത്രത്തിലൂടെയായിരുന്നു കീർത്തിയുടെ അരങ്ങേറ്റം. കുബേരന്റെ ഷൂട്ടിങ് ഊട്ടിയിലായിരുന്നു. അന്ന് രണ്ടു ചിത്രങ്ങളുടെ ഷൂട്ടിങ് ഒരുമിച്ച് നടക്കുന്നതുകൊണ്ട് ഞാൻ മറ്റൊരു സ്ഥലത്തായിരുന്നു. ഷൂട്ട് ഉള്ളപ്പോൾ കീർത്തി രാവിലെ നാലുമണിക്കുതന്നെ എഴുന്നേൽക്കും. മേക്കപ്പ് ബോക്സ് ഉൾപ്പെടെയെടുത്ത് സെറ്റിലേക്കു പോകാൻ തയാറായി നിൽക്കും.

 

അന്ന് അതൊക്കെ അപ്പപ്പോൾ രേവതി ഫോൺ ചെയ്ത് എന്നെ അറിയിക്കും. അഭിനയത്തിനോടുള്ള അവളുടെ പാഷൻ അന്ന് ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴും ചെറിയൊരു ഭയം എന്റെയുള്ളിൽ ഉണ്ടായിരുന്നു. ഒരുപാടുപേരുടെ അധ്വാനമാണ് സിനിമ. അവിടെ അവൾ കാരണം ആർക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ ഇപ്പോൾ എനിക്ക് അവളെക്കുറിച്ച് ഭയമില്ല. സിനിമയോടുള്ള അവളുടെ ഡെഡിക്കേഷനിൽ എനിക്ക് അഭിമാനവുമുണ്ട്.

വാശി

വാശി നല്ല ചിത്രമാണെന്ന അഭിപ്രായം പലയിടത്തുനിന്നും കേൾക്കുന്നുണ്ട്. സുഹൃത്തുക്കൾ പലരും വിളിച്ചിരുന്നു. അവരെല്ലാം പറയുന്നത് ഒടിടിയിൽ വരുമ്പോൾ കാണാമെന്നാണ്. എന്തുകൊണ്ടോ മലയാള ചിത്രങ്ങൾക്ക് ഇപ്പോഴും തിയറ്ററിൽ കലക്‌ഷൻ വളരെ കുറവാണ്. കാര്യമെന്താണെന്ന് അറിയില്ല. തിയറ്ററിലേക്ക് ഇപ്പോഴും ആളുകൾ എത്തുന്നില്ല. എല്ലാവരും ഒടിടി റിലീസ് പ്രതീക്ഷിച്ചിരിക്കുകയാണെന്നാണ് തോന്നുന്നത്. പുഷ്പ, കെജിഎഫ്, വിക്രം പോലെയുള്ള വൻകിട ചിത്രങ്ങൾ തിയറ്ററിൽ വരുമ്പോൾ ആളുകൾ കയറുന്നുണ്ടെന്നാണ് ഞാനിപ്പോൾ മനസ്സിലാക്കുന്നത്. തിയറ്ററുകളിലെത്തുന്ന പ്രേക്ഷകരിൽ ഭൂരിഭാഗവും 15 മുതൽ 30 വരെ വയസ്സിനിടയിലുള്ളവരാണ്. അവർക്കിഷ്ടമുള്ള സബ്ജക്ട് വരുമ്പോഴാകും അവർ കാണുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഫൈറ്റ് സീൻസ് വേണം

suresh-kumar-keerthi

നോർത്ത് ഇന്ത്യയിൽനിന്നു ചോദിക്കുമ്പോൾ അവർ ഇപ്പോഴും ചിത്രത്തിലെ ഫൈറ്റ് സീനുകളുടെ എണ്ണം ആണ് ചോദിക്കുന്നത്. 'വാശി' അത്തരമൊരു ചിത്രമല്ല. ഒരു റിയലിസ്റ്റിക് ചിത്രമാണ്. ഫൈറ്റ് സീനുകൾ ഉള്ള പടമാണ് നല്ലതെന്ന് ഇപ്പോഴും ചില പ്രേക്ഷകർ ചിന്തിക്കുന്നുവെന്നതിന്റെ തെളിവാണ് ആ ചോദ്യങ്ങൾക്ക് പിന്നിലെന്നു തോന്നുന്നു. ഒടിടിയിലൂടെ മറ്റു റൈറ്റുകൾ കൂടി കൊടുക്കുന്നതു കൊണ്ടാണ് പ്രൊഡ്യൂസർ എന്ന നിലയിൽ ഈ ഇൻഡസ്ട്രിയിൽ ഇപ്പോഴും നിലനിൽക്കാൻ കഴിയുന്നത്.

ഒടിടി റിലീസ്

ഒടിടി വന്നതോടെ മലയാള സിനിമ മുഴുവനായി മാറി. ഒരു നിർമാതാവ് എന്ന നിലയിൽ നോക്കുമ്പോൾ ഒരു പ്ലസ് പോയിന്റ് തന്നെയാണിത്. വാശി ഇപ്പോൾ നെറ്റ്ഫ്ലിക്സ് എടുത്തു. തിയറ്ററിലെ കലക്‌ഷൻ കൊണ്ടുമാത്രം ഒരു നിർമാതാവിന് ഇനിയിവിടെ നന്നായി നിലനിൽക്കാൻ കഴിയുമെന്നു തോന്നുന്നില്ല.

വിഡിയോ പൈറസി

അത് വല്ലാത്ത പ്രശ്നം തന്നെയാണ്. സിനിമ വ്യവസായത്തെ തന്നെ ബാധിക്കുന്ന കാൻസർ. വ്യാജപതിപ്പുകൾ കാരണം, തിയറ്ററിൽ മാത്രം വിശ്വസിച്ച് ഒരു പടം ഇറക്കാൻ ഇന്നു സാധിക്കുന്നില്ല. കുറേക്കാലം വിഡിയോ പൈറസി ആയിരുന്നു. ഇപ്പോൾ അതെല്ലാം മാറി അവ പുതിയ രൂപത്തിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി എത്തിക്കഴിഞ്ഞിരിക്കുന്നു. പണ്ട് വ്യാജ സിഡി പിടിക്കാനായി കേരളം മുഴുവൻ ഞങ്ങളൊരുപാട് തവണ യാത്ര ചെയിതിട്ടുണ്ട്. ഇന്നിപ്പോൾ അതിനും സ്കോപ്പില്ല. ഇത് ഇൻഡസ്ട്രിയെ മുഴുവനും നശിപ്പിക്കുകയാണ് ചെയ്യുന്നത്.

keerthi-revathy

താൽക്കാലിക ആഹ്ലാദത്തിനു വേണ്ടി കുറച്ച്പേർ ചെയ്യുന്ന പല കാര്യങ്ങളും ഒരു വ്യവസായത്തെ അടിമുടി നശിപ്പിക്കുകയാണ്. അവർക്കത് മറ്റുള്ളവരുടെ മുമ്പിൽ ആളാവാൻ വേണ്ടിയുള്ള ഒരു നിസ്സാരകാര്യം മാത്രം ആയിരിക്കും. എന്നാൽ ഒരു പ്രൊഡ്യൂസർക്ക് അല്ലെങ്കിൽ ഈ വ്യവസായവുമായി ബന്ധപ്പെട്ട പ്രവർത്തകർക്ക് എത്ര വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് അവർ ഒരിക്കലും ചിന്തിക്കുന്നില്ല. അത് തടയാൻ ശ്രമങ്ങൾ നടത്തേണ്ടത് ഗവണ്മെന്റ് ആണ്. അല്ലെങ്കിൽ ഗവൺമെന്റിനുമത് റവന്യൂ ഇനത്തിൽ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നാണ് എനിക്ക് പറയാനുള്ളത്. അവർ തീർച്ചയായും അതിനു പരിഹാരവും കാണണം. പിന്നെ ഇത്തരക്കാരോട് പറയാനുള്ളത് ദയവായി ഒരിക്കലും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യരുത് എന്നു മാത്രമാണ്. പിന്നെ 5 ജി പോലെയുള്ള ടെക്നോളജി വരുമ്പോൾ ഇവയെല്ലാം മാറും എന്ന് പ്രതീക്ഷയുണ്ട്.

സിനിമാ നിർമാണം തുടങ്ങിയിട്ട് ഇപ്പോൾ 42 വർഷം

തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ദൈവാധീനമായിട്ടാണ് കരുതുന്നത്. അന്നും ഇന്നും സിനിമയെ പാഷൻ ആയിട്ടാണ് ഞാൻ കാണുന്നതും സമീപിക്കുന്നതും. അതുകൊണ്ടാവും ഇത്രയും കൊല്ലം ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സിനിമയിൽ ഏറ്റക്കുറച്ചിലുകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. വലിയ വിജയങ്ങളും വലിയ പരാജയങ്ങളും സംഭവിച്ചിട്ടുണ്ട്. രണ്ടിനെയും ഒരുപോലെ മാത്രമേ കാണാറുള്ളൂ. ഒരു പടം വിജയിക്കുമ്പോൾ വലിയ ആഹ്ലാദപ്രകടനങ്ങൾ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ മറ്റൊന്ന് പരാജയപ്പെടുമ്പോൾ അതിൽ വിഷമവും തോന്നിയിട്ടില്ല. സിനിമയുടെ വിജയശതമാനം എപ്പോഴും എട്ടു ശതമാനമാണ്. ഇപ്പോൾ ഒടിടി പോലെയുള്ള പുതു മാധ്യമങ്ങൾ വന്നതുകൊണ്ട് അതിൽക്കൂടി കുറച്ച് മാറ്റങ്ങൾ വന്നുവെന്നു മാത്രം. വിജയവും പരാജയവും ഒരു നാണയത്തിന്റെ രണ്ടു വശമായിട്ട് കാണുന്നു. ഒപ്പം ആർഭാടങ്ങളിൽ വിശ്വസിക്കാത്ത ഒരാളാണ് ഞാൻ. അത് അംഗീകരിക്കുന്ന ഒരു കുടുംബത്തെയും ദൈവമെനിക്ക് തന്നു. അതിലും വളരെ സന്തോഷമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com