ADVERTISEMENT

‘അജഗജാന്തര’ത്തിലെ ‘ഓലുലേരു’ എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യാത്ത മലയാളികൾ ഉണ്ടാവില്ല. പാട്ട് കണ്ടപ്പോൾ എല്ലാവരും അന്വേഷിച്ചത് ആ കല്യാണപ്പെണ്ണിനെപ്പറ്റിയായിരുന്നു. പരമ്പരാഗത വധുവിന്റെ വേഷഭൂഷകളില്ലാതെ വെള്ള വസ്ത്രവും കൂളിങ് ഗ്ലാസും വച്ച് ഫ്രീക്കത്തിയായി ആടിത്തിമിർത്ത ആ കല്യാണപ്പെണ്ണ് പെട്ടെന്നു വൈറലായി. അതിൽനിന്നു തികച്ചും വ്യത്യസ്തമായ കഥാപാത്രമായി ‘അന്താക്ഷരി’യിൽ അതേ താരത്തെക്കണ്ട മലയാളികൾ വീണ്ടും ഞെട്ടി. ഇപ്പോൾ ‘കുറ്റവും ശിക്ഷയും’ എന്ന രാജീവ് രവി ചിത്രത്തിൽ പൊലീസ് ഓഫിസർ ആയി അവർ വീണ്ടുമെത്തിയിരിക്കുകയാണ്.

ഏതു കഥാപാത്രത്തെയും മികവോടെ അവതരിപ്പിക്കാനാകുമെന്നു തെളിയിച്ച ജെനി പള്ളത്ത് എന്ന ഈ അഭിനേത്രി ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടർ കൂടിയാണ്. സംവിധാനത്തിലും ഫാഷൻ ഡിസൈനിങ്ങിലും ഒരു കൈ നോക്കാനും ആഗ്രഹമുണ്ട് ജെനിക്ക്. ചെറുപ്പം മുതൽ അതിശയിപ്പിച്ചിരുന്ന സിനിമയെന്ന വർണപ്രപഞ്ചത്തിലേക്കുള്ള യാത്രയുടെ വിശേഷങ്ങളുമായി ജെനി പള്ളത്ത് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

കോസ്റ്റ്യൂം ഡിസൈനർ ആകാൻ മോഹിച്ചു, ‘അജഗജാന്തര’ത്തിലെ കല്യാണപ്പെണ്ണായി

ഗ്ലാമറുള്ള ഒരു ഫാന്റസി ലോകം എന്ന രീതിയിലാണ് സിനിമയെ ഞാൻ ചെറുപ്പം മുതൽ കണ്ടിരുന്നത്. പഠനം കഴിഞ്ഞു വർഷങ്ങളോളം ബെംഗളൂരുവിൽ ഒരു യുഎസ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ആ ജോലി മടുത്തപ്പോൾ നാട്ടിലേക്കു തിരിച്ചുവന്നു. ഫാഷൻ എനിക്ക് വളരെ ഇഷ്ടമുള്ള മേഖലയാണ്. സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്യാൻ താല്‍പര്യം തോന്നി. എന്റെ സുഹൃത്തായ ഷെറിൻ വർഗീസ് കേരള ടൂറിസത്തിനു വേണ്ടി മ്യൂസിക് വിഡിയോ ചെയ്ത സമയത്ത് അതിന്റെ പ്രൊഡക്‌ഷൻ കൺട്രോളറും ഫാഷൻ സ്റ്റൈലിസ്റ്റുമായി ജോലി ചെയ്യാൻ അവസരം ലഭിച്ചു. ആ സമയത്താണ് സുനിൽ ഇബ്രാഹിം എന്ന സംവിധായകൻ ‘വൈ’ എന്ന ചിത്രം ചെയ്തത്. അതിലേക്ക് ഓഡിഷനു വിളിച്ചപ്പോൾ പോയി. അവസരം ലഭിക്കുകയും ചെയ്‌തു. അതിൽ ഒരു തമിഴ് കഥാപാത്രമായിരുന്നു. അങ്ങനെയാണ് ഞാൻ സിനിമയിൽ രംഗപ്രവേശം ചെയ്തത്.

ആ സിനിമ ചെയ്യുമ്പോഴും സിനിമ ഒരു പ്രഫഷനാകുമെന്നു കരുതിയില്ല. അതിനു ശേഷം ‘369’ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. അത് കഴിഞ്ഞാണ് ‘അജഗജാന്തര’ത്തിലെ കല്യാണപ്പെണ്ണായി അഭിനയിച്ചത്. ആ സിനിമയ്ക്കു കിട്ടിയ സ്വീകരണം വളരെ വലുതായിരുന്നു. 'ഓലുലേരു' എന്ന പാട്ട് വമ്പൻ ഹിറ്റാവുകയും അതിൽ ആടിത്തിമിർത്ത എല്ലാവരും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതൊരു വലിയ ബ്രേക്ക് ആയിരുന്നു. ‘അന്താക്ഷരി’ എന്ന സിനിമയിൽ വളരെ വ്യത്യസ്തമായ വേഷമായിരുന്നു. വില്ലന്റെ അമ്മയായാണ് അതിൽ അഭിനയിച്ചത്. ഇപ്പോൾ രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രവും ചെയ്തു, എസ്പിയുടെ വേഷമായിരുന്നു. ഏറെ ഇഷ്ടപ്പെട്ടു ചെയ്ത സിനിമയാണ് അത്. ഇനി വരുന്നത് ‘റോയ്’ എന്ന സിനിമയും ‘സൗദി വെള്ളക്ക’യുമാണ്. ‘സൗദി വെള്ളക്ക’യിൽ ഒരു അഡ്വക്കറ്റ് ആണ്. എനിക്ക് കിട്ടുന്നതെല്ലാം വ്യത്യസ്തമായ സിനിമകളാണ്. സംവിധാനവും എനിക്കിഷ്ടപ്പെട്ട മേഖലയാണ്. ഇപ്പോൾ അസോഷ്യേറ്റ് ഡയറക്ടർ ആയി ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ചിത്രത്തിൽ പ്രവർത്തിക്കുന്നു.

മലയാളികളെ ആറാടിച്ച ‘അജഗജാന്തരം’

‘അജഗജാന്തര’ത്തിൽ അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു. ആ സിനിമയിലെ വേഷം എനിക്ക് ഒരുപാട് സ്വീകാര്യത തന്നു. എവിടെ പോയാലും ആ വേഷത്തിന്റെ പേരിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്. അതിന്റെ സംവിധായകൻ ടിനു പാപ്പച്ചൻ എന്റെ സുഹൃത്താണ്. പക്ഷേ അതിന്റെ പേരിലല്ല ആ അവസരം ലഭിച്ചത്. ആ കഥാപാത്രത്തിനു ഞാൻ സ്യൂട്ട് ആകുമെന്നു കരുതിയാണ് ടിനു എന്നെ തിരഞ്ഞെടുത്തത്. അവരൊക്കെ കഥാപാത്രത്തിന് അനുയോജ്യരായവരെ കാസ്റ്റ് ചെയ്യാൻ വേണ്ടി എത്ര കാത്തിരിക്കാനും മടിയില്ലാത്തവരാണ്.

എനിക്ക് ഡാൻസ് ഒരുപാടിഷ്ടമാണ്. അത് ടിനുവിന് അറിയാം. എന്റെ പെയർ ആയി അഭിനയിച്ചത് ‘അങ്കമാലി ഡയറീസി’ലൂടെ വന്ന ഒരു താരമാണ്. രണ്ടുപേരുടെയും ലുക്ക് മാച്ച് ആയിരുന്നു. പാട്ടു ചിത്രീകരിച്ചപ്പോൾ അത് ഇത്രത്തോളം വൈറൽ ആകുമെന്ന് ഞാനോ മറ്റു താരങ്ങളോ എന്തിന്, ടിനു പോലും പ്രതീക്ഷിച്ചിരുന്നില്ല. വളരെ ആസ്വദിച്ചു ചെയ്ത ഡാൻസ് ആയിരുന്നു അത്. ‘പേട്ട’യിലെ നൃത്ത സംവിധായകൻ ആയിരുന്നു ഇതിലും കൊറിയോഗ്രാഫി ചെയ്തത്. സംഗീത സംവിധായകൻ ജസ്റ്റിൻ അടിപൊളിയാക്കിയ പശ്ചാത്തല സംഗീതം കൂടിയായപ്പോൾ സൂപ്പറായി. ‘അജഗജാന്തരം’ ഞങ്ങൾ എല്ലാവരും വളരെയധികം സന്തോഷിച്ച് എല്ലാം മറന്നു ചെയ്തതാണ്. അതിന്റെ റിസൽറ്റ് സിനിമ ഇറങ്ങിയപ്പോൾ കാണാൻ കഴിഞ്ഞു.

കുറ്റവും ശിക്ഷയും

jeni-antony

കാസ്റ്റിങ് ഡയറക്ടർ സുനിതയാണ് എന്നെ ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിലേക്കു വിളിച്ചത്. രാജീവ് രവി ചേട്ടന്റെ കലക്ടീവ് സ്റ്റുഡിയോയിൽ ഇരിക്കുമ്പോഴാണ്, ഇത് ആരുടെ സിനിമയാണെന്ന് അറിയാമോ എന്നു സുനിത ചേച്ചി ചോദിച്ചത്. രാജീവ് രവിയുടെ ചിത്രം ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് അദ്ഭുതമായിരുന്നു. സർ തന്നെയാണ് എന്നെ വിളിക്കാൻ പറഞ്ഞതെന്ന് സുനിത ചേച്ചി പറഞ്ഞു. ഞാൻ അദ്ദേഹവുമായി ഒന്നുരണ്ടു തവണ സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ പറയത്തക്ക പരിചയം ഉണ്ടായിരുന്നില്ല. എസ്പിയുടെ കഥാപാത്രം ആണെന്നാണ് പറഞ്ഞത്.

tinu-jeni

രാജീവ് രവി ചേട്ടന്റെ ഒരു പടത്തിൽ അഭിനയിക്കണം എന്നുള്ളത് വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തെ സെറ്റിൽ വച്ച് കണ്ടപ്പോൾത്തന്നെ എന്നെ കംഫർട്ടബിൾ ആക്കുന്ന വിധത്തിൽ അദ്ദേഹം ഇടപെട്ടു. കഥാപാത്രത്തിന്റെ ആറ്റിറ്റ്യൂഡ്, സംസാര രീതി ഒക്കെ അദ്ദേഹം പറഞ്ഞുതന്നു. ഷൂട്ട് നടക്കുമ്പോൾ ഞാൻ ചെയ്യുന്നത് ശരിയാണോ എന്നെനിക്ക് പേടിയായിരുന്നു. പക്ഷേ രാജീവേട്ടൻ പറഞ്ഞു, ഒരു കുഴപ്പവുമില്ല നന്നായിട്ടുണ്ടെന്ന്. ജൂനിയർ താരങ്ങളെ ഉൾപ്പടെ എല്ലാവരേയും ഒരുപോലെ പരിഗണിക്കുന്ന സെറ്റായിരുന്നു അത്. സംതൃപ്തിയോടെ ചെയ്ത കഥാപാത്രമായിരുന്നു അത്. എല്ലാവരും വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്. ഓവർ ആയിട്ടില്ല, കറക്റ്റ് മീറ്ററിൽ ആണ് ചെയ്തത് എന്നാണു എല്ലാവരും പറയുന്നത്. സിനിമാമേഖലയിൽനിന്ന് ഒരുപാട് പേര്‍ വിളിച്ച് ആ കഥാപാത്രത്തെക്കുറിച്ച് പറയുന്നുണ്ട്. ‘അജഗജാന്തര’ത്തിൽ നൃത്തം ചെയ്‌ത ആളാണ് ഈ എസ്‌പിയുടെ റോൾ ചെയ്തതെന്ന് ആർക്കും വിശ്വാസം വരുന്നില്ല

അഭിനയം ആസ്വദിക്കുന്നു

jeni-pallathu-3

താരമാകണം എന്ന് മോഹിച്ച് ഞാൻ ഇൻഡസ്ട്രിയിലേക്കു വന്നതല്ല. പക്ഷേ ഇപ്പോൾ ഞാൻ ഈ ജോലി ആസ്വദിക്കുന്നു. അഭിനയം ഒട്ടും എളുപ്പമല്ല, പക്ഷേ ആസ്വദിച്ചു ചെയ്യുമ്പോൾ അതിൽ നമ്മൾ ജീവൻ കൊടുക്കാൻ ശ്രമിക്കും. ഓരോ ദിവസത്തെയും ഷൂട്ട് കഴിഞ്ഞു റൂമിലെത്തുമ്പോൾ സംതൃപ്തി തോന്നാറുണ്ട്. ആരെയും അനുകരിക്കാറില്ല. എസ്പിയുടെ വേഷം ചെയ്തപ്പോൾ ആരെയെങ്കിലും കണ്ടു പഠിക്കണം എന്നൊന്നും തോന്നിയില്ല. മറ്റുള്ളവർ ചെയ്തതു കണ്ടിട്ട് ചെയ്‌താൽ അവരെ ഞാൻ അറിയാതെ കോപ്പി ചെയ്‌തു പോകുമോ എന്ന പേടി ഉണ്ടായിരുന്നു.

rajeev-jeni

‘അന്താക്ഷരി’യിൽ അഭിനയിക്കുമ്പോൾ കുറച്ച് ഇന്റെൻസ് സീൻ ഉണ്ടായിരുന്നു. ഒരു റേപ്പ് സീൻ ഉണ്ടായിരുന്നു. ആ സമയത്ത് ഞാൻ സംവിധായകൻ വിപിനോട് ഒന്നേ പറഞ്ഞുള്ളൂ, വളരെ കുറച്ചു ക്രൂ മാത്രം അപ്പോൾ സെറ്റിൽ ഉണ്ടായാൽ നന്നായിരുന്നു എന്ന്. അപ്പോൾ തോന്നുന്നതുപോലെ ചെയ്യുകയാണ് ഞാൻ ചെയ്യുന്നത്. ഇപ്പോൾ അഭിനയത്തിൽത്തന്നെ പിടിച്ചു നിൽക്കണം എന്നാണ് കരുതുന്നത്. അതിനൊപ്പം സംവിധാന സഹായവും കൊണ്ടുപോകണം. ഭാവിയിൽ എപ്പോഴെങ്കിലും ഒരു സിനിമ സംവിധാനവും ചെയ്യണം.

വസ്ത്രാലങ്കാരവും ഇതിനൊപ്പം കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. മ്യൂസിക് വിഡിയോകൾക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്, സിനിമയ്ക്കു വേണ്ടിയും കോസ്റ്റ്യൂം ഡിസൈനിങ് ചെയ്യണം. ടൈപ്പ്‌കാസ്റ്റ് ആയിപ്പോകാതെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഗാങ്സ്റ്റർ വേഷങ്ങൾ ചെയ്യണമെന്നുണ്ട്. ‘വിക്രം’ എന്ന സിനിമ ഇറങ്ങിയപ്പോൾ എന്നെ കൊതിപ്പിച്ചത് വിക്രമിന്റെ വീട്ടിലെ ജോലിക്കാരിയുടെ ഏജന്റ് ടീനയിലേക്കുള്ള പകർന്നാട്ടമായിരുന്നു. അതുപോലെ ഫൈറ്റ് ഒക്കെയുള്ള വേഷങ്ങൾ ചെയ്യാൻ എനിക്ക് ഒരുപാടിഷ്ടമാണ്.

jeni-pallathu-1

അപ്പയും അമ്മയും തന്ന പിന്തുണ

jeni-peppe-2

എന്റെ അപ്പയും അമ്മയും എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യാറുണ്ട്. അവർ എന്നിൽ ഒന്നും അടിച്ചേൽപിക്കാറില്ല. ഞാൻ സന്തോഷമായി ഇരിക്കുന്നത് മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളു. കുഞ്ഞിലേ മുതൽ ഞാൻ എനിക്ക് ഇഷ്ടമുള്ളതാണ് ചെയ്യുന്നത്, ഇപ്പോഴും അങ്ങനെ തന്നെ. ഞാൻ സിനിമയിൽ എത്തിയതും സ്വന്തം ഇഷ്ടപ്രകാരമാണ്. എന്റെ എല്ലാ ചുവടുവയ്പ്പിനും അപ്പയും അമ്മയും ഒപ്പമുണ്ടായിരുന്നു ഇപ്പോൾ എനിക്ക് ആഗ്രഹിച്ചതുപോലെയുള്ള അവസരങ്ങൾ ലഭിക്കുന്നതിൽ അവർക്ക് സന്തോഷമേയുള്ളൂ.

jeni-pallathu-sp

പുതിയ ചിത്രങ്ങൾ

സൗദി വെള്ളക്ക, റോയ് തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ. കുറ്റവും ശിക്ഷയും ഇറങ്ങിക്കഴിഞ്ഞ് ഒരുപാടുപേർ വിളിക്കുന്നുണ്ട്. പുതിയ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്.

jeni-peppe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com