ADVERTISEMENT

ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ റിലീസ് ആയ 'പക' എന്ന സിനിമ കണ്ടു തീരുമ്പോൾ പ്രേക്ഷകരുടെ മനസിൽ അവശേഷിക്കുന്ന കഥാപാത്രങ്ങളിൽ കൊച്ചാപ്പനും പാച്ചിക്കുമൊപ്പം ബേസിൽ പൗലോസ് അവതരിപ്പിച്ച ജോണിയുമുണ്ടാകും. തലമുറകളായി തുടരുന്ന ചോരപ്പകയുടെ കണ്ണിയിലേക്ക് നിസഹായതോടെ കരുവാകേണ്ടി വരുന്ന ജോണിയുടെ മുഖം പകയുടെ തുടർകാഴ്ചയായി പ്രേക്ഷകരെ ചുറ്റിപ്പിടിക്കും. 2012ൽ പുറത്തിറങ്ങിയ സിനിമ കമ്പനി എന്ന ചിത്രത്തിലൂടെ മലയാളം സിനിമയിൽ അരങ്ങേറ്റം കുറിച്ച ബേസിൽ പൗലോസിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് പകയിലെ ജോണി. 

 

ആഗ്രഹിച്ച പോലെ സിനിമയിൽ വേഷങ്ങൾ ലഭിക്കാതെ പോയപ്പോൾ, ഒരു ഇടവേളയെടുത്ത് മാറി നിന്ന ബേസിലിനെ പിന്നീട് തേടി വന്നതൊക്കെ കാമ്പുള്ള വേഷങ്ങളായിരുന്നു. പ്രേംശങ്കറിന്റെ 'രണ്ടു പേർ', അഞ്ജലി മേനോന്റെ 'കൂടെ', ഒടുവിൽ നിതിൻ ലൂക്കോസിന്റെ 'പക'. എങ്ങനെയെങ്കിലും സിനിമ ചെയ്യണമെന്ന വാശിയൊന്നുമില്ലെന്ന് ബേസിൽ പറയുന്നു. പക്ഷേ, അഭിനേതാവ് എന്ന നിലയിൽ ബേസിൽ ഇപ്പോൾ ഹാപ്പിയാണ്. പക നൽകിയ അനുഭവത്തെക്കുറിച്ചും സിനിമയോടുള്ള മാറിയ കാഴ്ചപ്പാടിനെക്കുറിച്ചും ബേസിൽ പൗലോസ് മനോരമ ഓൺലൈനോട് മനസു തുറന്നപ്പോൾ. 

 

ഇടവേളയ്ക്കു ശേഷമെത്തിയ 'പക'

 

basil-paulose-paka

സിനിമാ കമ്പനി എന്ന ചിത്രത്തിലാണ് ഞാൻ ആദ്യം അഭിനയിച്ചത്. അതിനുശേഷം കുറച്ചു ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. വെള്ളിമൂങ്ങ എന്ന സിനിമയ്ക്കു ശേഷം പിന്നെ ഞാൻ ചെറിയൊരു ഇടവേള എടുത്തു. ആ സമയത്ത് ഞാൻ സിനിമയെ കണ്ടിരുന്ന രീതി ശരിയല്ലെന്ന് എനിക്കും തോന്നി. അതിനുശേഷമാണ് സുഹൃത്തുക്കൾക്കൊപ്പം സിനിമ ചെയ്യാൻ തുടങ്ങിയത്. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച രണ്ടു പേർ എന്ന ചിത്രത്തിൽ ഞാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതിൽ സൗണ്ട് ചെയ്തത് നിതിൻ ലൂക്കോസ് ആയിരുന്നു. മാത്രമല്ല, ഞങ്ങൾ രണ്ടുപേരും വയനാട്ടുകാരാണ്. അങ്ങനെയും പരിചയമുണ്ട്. പക എന്ന സബ്ജകറ്റിനെ ഒരു പ്രത്യേക രീതിയിൽ സമീപിക്കാം എന്നു സംസാരിക്കുന്ന സമയം മുതൽ ഞാൻ നിതിനൊപ്പം ഉണ്ട്. ഒരു പ്രദേശത്തിന്റെ ഭൂപ്രകൃതിയിലൂടെയും അവിടെയുള്ള കഥാപാത്രങ്ങളിലൂടെയും ആ കഥ പറയാനാണ് നിതിൻ ശ്രമിച്ചത്. അതുകൊണ്ടാണ്, നമുക്ക് കേട്ടും കണ്ടും പരിചയമുള്ള സബ്ജക്ട് ആയിട്ടുപോലും ഈ സിനിമ കാണാൻ ഒരു രസം തോന്നുന്നത്. നിതിന്റെ സമീപനരീതിയും മെയ്ക്കിങ്ങുമെല്ലാം അടുത്തു നിന്നു അറിയാനും മനസിലാക്കാനും എനിക്ക് കഴിഞ്ഞിരുന്നു. 

 

ശ്രദ്ധിച്ചത് ഇമോഷനൽ ഗ്രാഫിൽ

 

ജോണി എന്ന കഥാപാത്രത്തിന്റെ ഇമോഷനൽ ഗ്രാഫിനെക്കുറിച്ച് നിതിനുമായി സംസാരിക്കാറുണ്ടായിരുന്നു. ചിലപ്പോൾ നേരിലാകും അല്ലെങ്കിൽ ഫോണിലൂടെ സംസാരിക്കും. അതുകൊണ്ടു തന്നെ ജോണിയെക്കുറിച്ച് ഒരു വ്യക്തമായ ചിത്രം എന്റെ മനസിലുണ്ടായിരുന്നു. 2019 മുതൽ ഈ കഥാപാത്രത്തിനു വേണ്ടി താടി വയ്ക്കണമെന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ, അയാളുടെ ശാരീരിക മേക്കോവറിനെക്കാൾ ഇമോഷനൽ ഗ്രാഫിനാണ് ഞങ്ങൾ പ്രധാന്യം നല്‍കിയത്. അതു വർക്കൗട്ട് ആയി. ജോണി എന്ന കഥാപാത്രം എല്ലാത്തിൽ നിന്നും വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ്. അയാൾക്ക് ജീവിക്കാനാണ് താൽപര്യം. വയലൻസ് സിനിമയിൽ ഉണ്ടെങ്കിൽ പോലും അതു നേരിട്ടു കാണിക്കാതെ അതിന്റെ ഇമോഷനാണ് സിനിമയിൽ കാണിക്കുന്നത്. അതെല്ലാം എനിക്കും പുതുമയുള്ളതായി തോന്നി. 

 

കൂടെ അഭിനയിച്ചവർ ഞെട്ടിച്ചു

basil-paulose

 

ഞാനും നിതിനും വിനീതയും അഭിലാഷും ഒഴിച്ചാൽ ബാക്കി എല്ലാവരും ആദ്യമായി സിനിമയിൽ അഭിനയിക്കുന്നവരാണ്. നിതിൻ അവർക്കായി ഒരു ആക്ടിങ് കോച്ചിനെ വച്ച് ഒരു മാസം പരിശീലിപ്പിച്ചിരുന്നു. ഇത് വർക്കൗട്ട് ആകുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. കാരണം, വളരെ കുറഞ്ഞ ബജറ്റിൽ ചെറിയ സമയത്തിനുള്ളിൽ ചെയ്യുന്ന സിനിമയാണ്. പക്ഷേ, അവർ വന്ന് ആദ്യത്തെ ഷോട്ട് എടുത്തപ്പോൾ തന്നെ മനസിലായി ഈ തിരഞ്ഞെടുക്കപ്പെട്ടവരാരും ചില്ലറക്കാരല്ല എന്ന്. ഞാനൊക്കെ ആദ്യ സിനിമ ചെയ്തപ്പോൾ കാണിച്ച മണ്ടത്തരങ്ങളൊന്നും അവർ ചെയ്തില്ല. 

 

basil-paulose-2

കൊച്ചാപ്പൻ എന്ന മനുഷ്യൻ

 

മാനന്തവാടിക്കടുത്ത് ഒരപ്പ് എന്ന സ്ഥലത്തായിരുന്നു ഷൂട്ട്. ഒരപ്പ് പുഴയാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. 30–35 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. കൊച്ചാപ്പനുമായുള്ള രണ്ട് സീക്വൻസ് എന്നെ ഇമോഷനലി ബാധിച്ചിരുന്നു. കൊച്ചാപ്പനും ജോണിയും തമ്മിലുള്ള ഹൃദയബന്ധം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിയില്ലെങ്കിൽ സിനിമ നിൽക്കില്ല. അതൊരു വെല്ലുവിളി ആയിരുന്നു. കൊച്ചാപ്പൻ താലി വാങ്ങി വരുന്ന രംഗമൊക്കെ ഞാൻ ഉള്ളിൽ തട്ടിയാണ് അഭിനയിച്ചത്. കൂടാതെ, തിയറ്ററിൽ ഇരുന്ന് സിനിമ കാണുന്ന രംഗമുണ്ട്. അതും എന്റെ കണ്ണു നിറച്ച നിമിഷമാണ്. ജോസേട്ടനാണ് ആ കഥാപാത്രത്തെ ചെയ്തത്. അദ്ദേഹമൊരു നാടകപ്രവർത്തകനാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വവും മനുഷ്യരോടുള്ള ഇടപെടലും 'ചങ്ങാതി' എന്ന വിളിയും വളരെ പെട്ടെന്നു തന്നെ ആരെയും അദ്ദേഹത്തോട് അടുപ്പിക്കും. 

 

basil-paulose-23

ശബ്ദം കൊണ്ടു വിറപ്പിച്ച അമ്മച്ചി

 

സംവിധായകൻ നിതിന്റെ സ്വന്തം വല്യമ്മച്ചിയാണ് സിനിമയിൽ അമ്മച്ചിയുടെ കഥാപാത്രം ചെയ്തത്. വളരെ സ്നേഹമുള്ള അമ്മച്ചിയാണ് അവർ‌. പ്രായം 80 കഴിഞ്ഞു. അതുകൊണ്ട്, അത്യാവശ്യം ഉള്ള സമയങ്ങളിൽ മാത്രമേ അമ്മച്ചിയെ ലൊക്കേഷനിൽ കൊണ്ടു വരാറുള്ളൂ. അമ്മച്ചിയുടെ മുഖം സിനിമയിൽ കാണിക്കണ്ട എന്നൊരു തീരുമാനം ആദ്യമേ എടുത്തിരുന്നു. ലാസ്റ്റ് ഷോട്ടിൽ കാണിക്കാമെന്ന് വിചാരിച്ചിരുന്നുവെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി. നല്ല ഐശ്വര്യമുള്ള മുഖമുള്ള അമ്മച്ചിയാണ്. ശബ്ദവും ഡയലോഗും കേൾക്കുമ്പോൾ ക്രൂരയായ ഒരു അമ്മച്ചിയുടെ മുഖമാകും പ്രേക്ഷകരുടെ മനസിൽ വരിക. അതുകൊണ്ട്, അമ്മച്ചിയുടെ മുഖം കാണിക്കണ്ട എന്നു തീരുമാനിച്ചു. അത് എഡിറ്റിങ് ടേബിളിൽ എടുത്ത തീരുമാനമായിരുന്നു. 

 

ആത്മവിശ്വാസം നശിച്ചു പോയ നാളുകൾ

 

2015 ഒക്കെ കഴിഞ്ഞപ്പോൾ എന്റെ സിനിമാ കരിയറിനെക്കുറിച്ച് ഞാൻ ആഴത്തിൽ ചിന്തിക്കാൻ തുടങ്ങി. എന്റെ അനുജനുമായുള്ള ഒരു സംഭാഷണത്തിനിടെയാണ് കരിയറും ചർച്ചയായത്. ആ ചിന്തകൾക്കൊടുവിൽ ഞാൻ തീരുമാനിച്ചു, ഇനി വേണ്ട... സിനിമ ചെയ്യണ്ട എന്ന്. അങ്ങനെ ഞാൻ ഒരു ഇടവേള എടുത്തു. അത് എനിക്ക് ഗുണകരമായി. അല്ലായിരുന്നെങ്കിൽ, അതുവരെ ചെയ്തുകൊണ്ടിരുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ തന്നെ വീണ്ടും എന്നെത്തേടി വരുമായിരുന്നു. സൈലൻസിൽ വില്ലൻ കഥാപാത്രം ചെയ്തപ്പോൾ പിന്നീട് വന്നതും വില്ലൻ വേഷങ്ങളായിരുന്നു. 'രണ്ടു പേർ' എന്ന സിനിമ വലിയൊരു മാറ്റമായിരുന്നു. അതിലൂടെയാണ് ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്കൊരു പരിവർത്തനമുണ്ടാകുന്നത്. ആ ചിത്രത്തിന്റെ സംവിധായകൻ പ്രേംശങ്കർ എന്നെ നന്നായി പിന്തുണച്ചു. എനിക്കൊട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. ആ സമയത്ത് പ്രേം ആ സിനിമയുടെ കഥ പലരുമായി ചർച്ച ചെയ്തപ്പോൾ അവർ പറഞ്ഞത് 'ബേസിലിനെ വച്ചു ചെയ്താൽ സിനിമ നിൽക്കില്ല' എന്നായിരുന്നു. എന്നാൽ, പ്രേമിന് എന്നിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. 

 

സിനിമയോടുള്ള കാഴ്ചപ്പാട് മാറി

 

പലപ്പോഴും ഞാൻ വർക്ക് ചെയ്ത സംവിധായകർ എന്നോട് പറയുക, 'സെറ്റിൽ വന്നാൽ മതി. കഥാപാത്രത്തെക്കുറിച്ച് അപ്പോൾ പറയാം' എന്നാണ്. ലൊക്കേഷനിൽ വച്ചായിരിക്കും കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു തരിക. എന്നാൽ, അഭിനേതാക്കളെ പ്രീപ്രൊഡക്ഷൻ ചർച്ചകളിലും മറ്റും ഉൾപ്പെടുത്തുന്ന പ്രകിയ ആണ് എനിക്ക് കൂടുതൽ വർക്ക് ആയത്. അത് ഞാൻ ആസ്വദിക്കാൻ തുടങ്ങി. പിന്നീട്, അത്തരം സിനിമകൾ മാത്രമേ ചെയ്തുള്ളൂ. രണ്ടു പേർ, കൂടെ, പക തുടങ്ങിയ ചിത്രങ്ങളൊക്കെ അങ്ങനെ ആസ്വദിച്ച് ചെയ്തതാണ്. ഇപ്പോഴും എന്റെ കയ്യിൽ സിനിമയൊന്നും ഇല്ല. അതായത്, അഡ്വാൻസ് വാങ്ങിയതോ, ഇനി ചെയ്യാൻ പോകുന്നതോ ആയ സിനിമകളില്ല. പക്ഷേ, ഞാൻ ഹാപ്പിയാണ്. ആസ്വദിക്കുമെന്ന് ഉറപ്പുള്ള ചിത്രങ്ങളാണ് ഇനി ചെയ്യാൻ ആഗ്രഹിക്കുന്നത്. എങ്ങനെയെങ്കിലും സിനിമ ചെയ്യണമെന്ന വാശിയൊന്നുമില്ല. 

 

സിനിമ സുരക്ഷിത മേഖലയല്ല

 

എനിക്ക് ജോലിയുണ്ട്. സിനിമയിൽ നിന്ന് ഞാൻ പൈസയൊന്നും ഉണ്ടാക്കിയിട്ടില്ല. സിനിമ മാത്രം ചെയ്തുകൊണ്ടിരുന്നുവെങ്കിൽ എനിക്ക് പട്ടിണി കിടക്കേണ്ടി വന്നേനെ. ചിലപ്പോൾ മുഴുവൻ പണം ലഭിക്കില്ല. പുതിയ ആളുകൾ ആയതുകൊണ്ട് ന്യായമായ പ്രതിഫലത്തിനുവേണ്ടി ഒരുപാട് സംസാരിക്കേണ്ടി വരും. പല സിനിമയിൽ നിന്നും ഞാൻ 30 ദിവസം ജോലി ചെയ്താൽ കിട്ടുന്ന തുക പോലും കിട്ടിയിട്ടില്ല. 28 വയസുള്ളപ്പോഴാണ് ഞാൻ സിനിമയിൽ വരുന്നത്. ആ സമയത്ത് ഞാൻ ചെയ്തിരുന്ന ജോലിയിൽ എനിക്ക് അത്യാവശ്യം പരിചയസമ്പത്തുണ്ട്. അതുകൊണ്ട്, പൂർണമായും ഞാൻ അതു വിട്ടില്ല. ഇപ്പോഴും ഞാൻ ജോലി ചെയ്യുന്നുണ്ട്. സിനിമ സുരക്ഷിത വരുമാനം നൽകുന്ന മേഖലയായി തോന്നിയിട്ടില്ല. 

 

നടനെന്ന നിലയിൽ ഞാൻ ഹാപ്പി

 

എന്നെപ്പോലെയുള്ള നടന്മാർക്ക് ഒടിടി നല്ല വിസിബിലിറ്റി നൽകുന്നുണ്ട്. ഈ സിനിമയ്ക്ക് ഒടിടി ഗുണം ചെയ്തു. തിയറ്ററിൽ ആയിരുന്നെങ്കിൽ അധിക ദിവസം സിനിമ ഓടില്ലായിരുന്നു. കാരണം, മുൻനിര താരങ്ങളൊന്നുമില്ലാത്ത സിനിമയാണ് പക. ഞാനൊരു ക്രൗഡ് പുള്ളർ അല്ലല്ലോ. ഒടിടി റിലീസ് ആയതിനാൽ കൂടുതൽ പേരിലേക്ക് സിനിമ എത്തും. എനിക്കിനി സിനിമയിൽ അവസരം കിട്ടുമോ എന്നു ചോദിച്ചാൽ അറിയില്ല. എങ്കിലും എനിക്ക് ആത്മവിശ്വാസമുണ്ട്. അഭിനേതാവ് എന്ന നിലയിൽ ഞാനിപ്പോൾ ഹാപ്പിയാണ്. അതു മതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com