ADVERTISEMENT

കൃഷാന്ത് ആർ.കെ. സംവിധാനം ചെയ്ത ആവാസവ്യൂഹം പ്രേക്ഷകർക്ക് പുതിയൊരു കാഴ്ചാനുഭവം നൽകുന്ന ചിത്രമാണ്. പതിവു കഥപറച്ചിൽ രീതികളിൽനിന്നു വ്യത്യസ്തമായി രാഷ്ട്രീയവും ഫാന്റസിയും കൂട്ടിയിണക്കി എത്തിയ ചിത്രം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരമുൾപ്പടെ നിരവധി നേട്ടങ്ങളാണ് കൈവരിച്ചത്. ചിത്രത്തിൽ നായകനായെത്തിയ രാഹുൽ രാജഗോപാൽ മനുഷ്യനിൽനിന്ന് ഒരു ഉഭയ ജീവിയിലേക്കുള്ള ഗംഭീര പകർന്നാട്ടമാണ് നടത്തിയത്. കരിക്ക് സീരീസിലൂടെ ജനപ്രിയനായ രാഹുൽ, കൃഷാന്ത്‌ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് കരിക്ക് സീരീസുകളിലും കൃഷാന്തിന്റെതന്നെ ചിത്രമായ ‘വൃത്താകൃതിയിലുള്ള ചതുരം’, ‘ഉത്സാഹ ഇതിഹാസം’ വെബ് സീരീസ് തുടങ്ങിയവയിലൂടെ അഭിനയ രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു. നല്ല സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന രാഹുൽ സിവിൽ എൻജിനീയറാണ്. പ്രേക്ഷകർ വിസ്മയത്തോടെ ഏറ്റെടുക്കുന്ന ആവാസവ്യൂഹം എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി രാഹുൽ രാജഗോപാൽ മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

ആവാസവ്യൂഹത്തിൽ എത്തപ്പെട്ടത്

കുറച്ചു വർഷങ്ങൾക്ക് മുൻപ് കൃഷാന്ത്‌ ‘മെർമെയ്ഡ്സ് ഇൻ കൊച്ചി’ എന്നൊരു ബ്ലോഗ് എഴുതിയിരുന്നു. അദ്ദേഹം കുറച്ചു കാലമായി ഈ കഥയുടെ പിന്നാലെയായിരുന്നു. 2018 ൽ ആണെന്ന് തോന്നുന്നു കൃഷാന്ത്‌ എന്നോട്, ഒച്ചുകൾ ബർമയിൽനിന്ന് വന്നതാണെന്നും ഒലിവ് റിഡ്‌ലി ആമകൾ കടലിലേക്കു പോകുന്നതിനെക്കുറിച്ചും പറഞ്ഞു തന്നിരുന്നു. അദ്ദേഹം ബിടെക്ക് കഴിഞ്ഞ് ഐഐടി മുംബൈയിൽ മാസ്റ്റർ ഓഫ് ഡിസൈൻ പഠിച്ചതാണ്. അവിടെ ലെക്ചറർ കൂടിയാണ് അദ്ദേഹം. കൃഷാന്തും സിനിമാട്ടോഗ്രാഫർ വിഷ്ണു പ്രഭാകറും ഇക്കാര്യത്തിലൊക്കെ ഒരുപാട് റിസർച് ചെയ്തിട്ടുണ്ട്. അവർ രണ്ടും ചേർന്ന് കുറെ ഫുട്ടേജുകൾ ഷൂട്ട് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. പിന്നീടാണ് കൃഷാന്ത് പറയുന്നത്, ഇതാണ് നമ്മൾ ആദ്യം ചെയ്യാൻ പോകുന്ന കഥയെന്ന്.

rahul-rajagopal-2

ഇതെങ്ങനെ ഒരു സിനിമയാകും എന്നാണ് ഞാൻ ആദ്യം ആലോചിച്ചത്. കുറേക്കാലം കഴിഞ്ഞാണ് ജോയ് എന്ന കഥാപാത്രത്തെക്കുറിച്ചും അഴിക്കോട് ഉള്ള ഒരു പെൺകുട്ടിയുടെ വിവാഹത്തെത്തുടർന്ന് നടക്കുന്ന ഒരു റിവഞ്ച് ഡ്രാമയെക്കുറിച്ചും പറഞ്ഞത്. ഇത് രണ്ടും രണ്ടു സിനിമയായിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്. തിരക്കഥ വായിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. കോവിഡിന് മുൻപ് ഞങ്ങൾ കുറച്ചു ഭാഗം ഷൂട്ട് ചെയ്തിരുന്നു. അത് ഒന്നുകൂടി കണ്ടപ്പോഴാണ് ഈ സിനിമയുടെ കഥപറച്ചിൽ രീതി എനിക്ക് പിടികിട്ടിയത്. ഈ സിനിമയുടെ പ്രത്യേകതയും അതിന്റെ കഥനം ആണ്.

കോവിഡ് വന്നപ്പോൾ കഥയിലേക്ക് അതും പതിയെ കയറിവന്നു. അങ്ങനെ നാലു വർഷം കൊണ്ട് പരിണമിച്ചു വന്ന സിനിമയാണ് ആവാസവ്യൂഹം. ജോയ് എന്ന കഥാപാത്രം പ്രതിനിധീകരിക്കുന്നത് പ്രകൃതിയെത്തന്നെയാണ്. മനുഷ്യർക്ക് ചൂഷണം ചെയ്യാൻ പ്രകൃതി നിന്നുകൊടുക്കുന്നുണ്ട്, ചില സമയത്ത് പ്രകൃതി തിരിച്ചടിക്കുന്നുമുണ്ട്. സിനിമയുടെ ഫിലോസഫിയിലേക്ക് പോയില്ലെങ്കിലും എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാനുള്ളത് സിനിമയിലുണ്ട്. ഒരു സാധാരണ റിവഞ്ച് സ്റ്റോറി, ഹ്യൂമർ എല്ലാമുണ്ട്. സീരിയസ് കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിന്റെ ശാസ്ത്രീയ വശങ്ങൾ പറയുന്നതൊക്കെ ഹ്യൂമർ ആയിട്ടാണ് ചെയ്തിരിക്കുന്നത്. എല്ലാ വിഭാഗത്തിൽ പെട്ട പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ചിത്രം. ഒരു പുതിയ തരം കഥപറച്ചിൽ ആണെന്ന് മാത്രം.

ജോയ് എന്ന ഉഭയജീവി

ഈ കഥാപാത്രത്തെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചു തുടങ്ങിയപ്പോൾ ആദ്യം ഒരു മൽസ്യമനുഷ്യനെ ചെയ്യാം എന്നാണു കരുതിയത്. പലയിടത്തും മൽസ്യ മനുഷ്യനെ കണ്ടു എന്ന കഥകൾ പലപ്പോഴും കേട്ടിട്ടുണ്ടല്ലോ. പക്ഷേ കൂടുതൽ ആലോചിച്ചപ്പോൾ മൽസ്യമനുഷ്യൻ ചെയ്തെടുക്കുന്നതിൽ കുറച്ചു ബുദ്ധിമുട്ടു വരും എന്ന് തോന്നി. ഫ്രോഗ് മാൻ എന്ന കൺസെപ്റ്റ് പിന്നീടാണ് കഥയിലേക്ക് വന്നത്. സിനിമയിലെ മുരളി എന്ന കഥാപാത്രം ചെയ്യണം എന്നാണ് ആദ്യം എന്നോടു പറഞ്ഞിരുന്നത്. പക്ഷേ ജോയ് ആയി കാസ്റ്റ് ചെയ്തിരുന്ന ആളിന് എത്താൻ കഴിയാതെ വന്നപ്പോൾ അത് രാഹുൽ തന്നെ ചെയ്താൽ മതി എന്ന് കൃഷാന്ത്‌ പറഞ്ഞു. പുതുവൈപ്പിനിൽ ഇവർ പോയ സമയത്ത് അവിടെ തല മൊട്ടയടിച്ച ഒരാളെ കണ്ടിരുന്നു, അയാളുടെ ചിത്രം എനിക്ക് കാണിച്ചു തന്നു. അങ്ങനെയാണ് മൊട്ടയടിക്കാൻ തീരുമാനിച്ചത്. കൃഷാന്ത്‌ ഏട്ടന്റെ ഭാര്യ തന്നെയാണ് സിനിമയ്ക്ക് വേണ്ടി ആർട്ടും വസ്ത്രാലങ്കാരവും ചെയ്തത്. ഷൂട്ട് തുടങ്ങിയപ്പോൾ ഇത് എങ്ങനെ ചെയ്യണം എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. പക്ഷേ പിന്നീട് ഒരു കൊച്ചു കുട്ടി പുതിയ കാര്യത്തോട് എങ്ങനെ പ്രതികരിക്കുമോ അങ്ങനെ ചെയ്യാം എന്ന് കരുതി. പിന്നീട് കാര്യങ്ങളൊക്കെ എളുപ്പമായിരുന്നു. പക്ഷേ ശാരീരികാധ്വാനം കുറച്ചു കൂടുതലായിരുന്നു. ക്‌ളൈമാക്‌സിലെ കാര്യങ്ങൾ പ്രാക്ടിക്കലായി കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു.

വെള്ളം പോലും കുടിക്കാൻ കഴിയാത്ത 24 മണിക്കൂർ

ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാൻ രണ്ടു ദിവസമാണ് ചാർട്ട് ചെയ്തിരുന്നത്. രണ്ടു യൂണിറ്റാണ് ഷൂട്ടിങ്ങിൽ പങ്കെടുത്തത്. ആദ്യദിവസം ബാക്കിയുള്ളവരുടെ ഭാഗം എടുത്തിട്ട് പിറ്റേദിവസം അഞ്ചു മണിക്ക് എന്റെ മേക്കപ്പ് തുടങ്ങി. പതിനൊന്ന് മണിക്കാണ് മേക്കപ് കഴിഞ്ഞത് ഉടൻ തന്നെ ഷൂട്ട് തുടങ്ങി. 24 മണിക്കൂറിൽ എന്റെ ഭാഗം മുഴുവൻ എടുത്തു തീർത്തു. എനിക്ക് കാലിലും കയ്യിലും പ്രോസ്തെറ്റിക്സ് ഉണ്ടായിരുന്നു. അത് ഊരി മാറ്റിയിട്ട് വീണ്ടും ധരിക്കാൻ കഴിയില്ല കീറിപ്പോകും. അത് ധരിച്ചുകൊണ്ട് ഇരിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. കയ്യും കാലും ഇങ്ങനെ ആയതുകൊണ്ട് ടോയ്‌ലെറ്റിൽ പോകാൻ കഴിയില്ല. വെള്ളം കുടിച്ചാൽ മൂത്രം ഒഴിക്കേണ്ടി വരും. അതുകൊണ്ട് വെള്ളം കുടിക്കാതെയിരുന്നു. എന്നെ പിന്തുണച്ച് കംഫർട്ടബിൾ ആക്കി ഇരുത്താൻ എല്ലാവരും ശ്രദ്ധിച്ചിരുന്നു. അവരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് അത് ചെയ്യാൻ പറ്റിയത്.

അവാർഡുകൾ പ്രതീക്ഷിച്ചില്ല

ആവാസവ്യൂഹം ചെയ്തു തുടങ്ങുമ്പോൾ ഇത്രത്തോളം അംഗീകാരങ്ങൾ കിട്ടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. ചെയ്ത് ഒരു ഘട്ടം എത്തിയപ്പോൾ കൃഷാന്ത് വല്ലാതെ ഇമോഷനൽ ആയി, ഇനി വയ്യ എന്നുപോലും പറഞ്ഞിട്ടുണ്ട്. പിന്നെ, ആദ്യം ചെയ്ത നാൽപത് മിനിറ്റ് പലരെയും കാണിച്ചപ്പോൾ രസകരമാണ് എന്നു കേട്ടതുകൊണ്ട് എല്ലാവരും കൂടി ഒരേ മനസ്സോടെ ഈ സിനിമ പൂർത്തിയാക്കാൻ മുന്നോട്ടിറങ്ങുകയായിരുന്നു. സിനിമയ്ക്ക് ഇപ്പോൾ കിട്ടുന്ന അംഗീകാരങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചില്ല. റിലീസ് കഴിഞ്ഞ് ഇത്രയും നല്ല പ്രതികരണങ്ങൾ കിട്ടുന്നത് വളരെ സന്തോഷം തരുന്നുണ്ട്. ഞങ്ങൾ ഒരു ഐഡിയ യാഥാർഥ്യമാക്കാൻ ആണ് ശ്രമിച്ചത്. അത് പ്രേക്ഷകർ സ്വീകരിക്കുമോ എന്നൊന്നും അന്ന് ചിന്തിച്ചില്ല. ഐഎഫ്എഫ്കെയിൽ വന്നപ്പോൾ സിനിമ വളരെ നന്നായി സ്വീകരിക്കപ്പെട്ടു. അപ്പോൾ ഒരുപാട് സന്തോഷം തോന്നി. നല്ല സിനിമയ്ക്കും നല്ല തിരക്കഥയ്ക്കും അവാർഡ് കിട്ടിയിരുന്നു. ഫെസ്റ്റിവലിന് വന്നപ്പോൾ കുറച്ചു ആളുകൾ മാത്രമേ കണ്ടുള്ളൂ, പക്ഷേ സിനിമ റിലീസ് ആകുമ്പോൾ പ്രേക്ഷകർ സിനിമ എങ്ങനെ എടുക്കും എന്നൊരു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ആ ആശങ്ക മാറി, സിനിമ എല്ലാവരും നന്നായി സ്വീകരിച്ചു വളരെ സന്തോഷമുണ്ട്.

കരിക്കിലൂടെ പ്രേക്ഷകരിലേക്ക്

ഞാൻ 2014 ൽ കൃഷാന്ത് ഏട്ടന്റെ ‘ഭഗവതിക്കാവിലെ പാപികൾ’ എന്ന ഒരു ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അത് കാനിലെ ഷോർട് ഫിലിം കോർണറിൽ പോയിട്ടുണ്ട്. അതിനു മുൻപ് കോളജ് സമയത്തൊക്കെ സുഹൃത്തുക്കളുടെ ഷോർട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. പിന്നെ കൃഷാന്ത് ഏട്ടന്റെ തന്നെ ‘ഉത്സാഹ ഇതിഹാസം’ എന്ന വെബ് സീരീസ് ചെയ്തു. അതിനു ദക്ഷിണ കൊറിയയിലെ സോൾ വെബ് ഫെസ്റ്റിൽ ബേസ്ഡ് ഡ്രാമഡിക്കൽ അവാർഡ് കിട്ടി. അങ്ങനെ ഞങ്ങൾ സോളിലേക്ക് പോയി. അവിടെ വച്ചാണ് ഞങ്ങൾ ആദ്യത്തെ ഫീച്ചർ ഫിലിം ഷൂട്ട് ചെയ്തു തുടങ്ങിയത്. വൃത്താകൃതിയിലുള്ള ചതുരം, അതായിരുന്നു എന്റെ ആദ്യത്തെ സിനിമ. അതിന്റെ സംഗീതത്തിന് 2019 ൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് അജ്മൽ അബ്‌ദുല്ലയ്ക്ക് കിട്ടി. അത് കഴിഞ്ഞാണ് ആവാസവ്യൂഹത്തിലേക്ക് എത്തിയത്. ആ സമയത്ത് തല മൊട്ട അടിച്ച് ഇരിക്കുമ്പോഴാണ് കരിക്കിന്റെ അണിയറപ്രവർത്തകർ വിളിച്ച് ഒരു വെബ് സീരിസിൽ അഭിനയിക്കണം എന്ന് പറഞ്ഞത്. അവർ എന്റെ സുഹൃത്തുക്കളാണ്. അങ്ങനെയാണ് കരിക്കിന്റെ ഭാഗമായത്. പിന്നെ തുടർച്ചയായി കരിക്കിന്റെ പല സീരീസിൽ അഭിനയിച്ചു. കരിക്ക് ആണ് എന്നെ പ്രേക്ഷകർക്കിടയിൽ ജനകീയമാക്കിയത്.

rahul-thampan

സിവിൽ എൻജിനീയറിങ്ങിൽനിന്ന് സിനിമയിലേക്ക്

ഞാൻ കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ് പഠിച്ചതാണ്. അതുകഴിഞ്ഞു രാജഗിരിയിൽ എംബിഎ ചെയ്തു. നാല് വർഷത്തോളം എച്ച്ഡിഎഫ്സി ലിമിറ്റഡിൽ ജോലി ചെയ്തു അതിനു ശേഷമാണ് അഭിനയം എന്നെ മാടി വിളിച്ചത്. നല്ല സിനിമകളുടെ ഭാഗമാക്കുക എന്നതാണ് ലക്‌ഷ്യം. കൺസ്ട്രക്‌ഷൻ ബിസിനസ് കൂടി ഞാൻ ചെയ്യുന്നുണ്ട്.

പുതിയ സിനിമകൾ

ira-movie

മോഹൻലാൽ സാറിന്റെ മോൺസ്റ്റർ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. കെഎസ്എഫ്ഡിസി നിർമിച്ച ഒരു സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട് അതിന്റെ ഷൂട്ട് കഴിഞ്ഞു. കരിക്കിന്റെ തന്നെ രണ്ടു സീരീസ് ഇറങ്ങാനുണ്ട്. കൃഷാന്ത്‌ ഉടനെ തന്നെ മറ്റൊരു ചിത്രം ചെയ്യുന്നുണ്ട്. അതിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ്. അതിൽ ഒരു ചെറിയ വേഷവും ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com