‘അപകടം പറ്റിയതല്ല, സർജറി കഴിഞ്ഞിരിക്കുന്നു’; സുദേവ് നായർ പറയുന്നു

sudev-nair
SHARE

തനിക്ക് അപകടം പറ്റി എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് നടൻ സുദേവ് നായർ. വലതു കാലിലെ കണങ്കാലിന് സ്പോർട്സ് ഇഞ്ചുറി ഉണ്ടായിരുന്നു അത് ശരിപ്പെടുത്താൻ ശസ്ത്രക്രിയ ചെയ്തതാണെന്നും സുദേവ് പറയുന്നു. മുംബൈയിൽ വന്ന സിജു വിത്സൺ തന്നെ കാണാൻ എത്തിയപ്പോൾ എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അതുകണ്ടിട്ടാണ്‌ അപകടം പറ്റി എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്. കാലിലെ ശസ്ത്രക്രിയ വിജയകരമായിരുന്നു, ഉടൻ തന്നെ പൂർവസ്ഥിതി പ്രാപിക്കുമെന്നും സുദേവ് നായർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

വലതു കണങ്കാലിന് സ്പോർട്സ് ഇഞ്ചുറി

ഞാൻ ചെറുപ്പം മുതൽ ബാസ്കറ്റ് ബോൾ ജിംനാസ്റ്റിക്സ് എന്നിവയിലൊക്കെ പങ്കെടുക്കുമായിരുന്നു. നന്നായി വർക്ഔട്ട് ചെയ്യും. അങ്ങനെ വർഷങ്ങൾ കൊണ്ട് ഉണ്ടായിവന്ന ഒരു പ്രശ്നമാണ്, വലതു കാലിലെ കണങ്കാലിനാണ് പ്രശ്നം. അതിനു ലിഗ്‌മെന്റ് റീകൺസ്ട്രക്ഷൻ സർജറി ചെയ്തിരിക്കുകയാണ്.  കണങ്കാൽ ബലപ്പെടുത്താൻ വേണ്ടി ശസ്ത്രക്രിയ ചെയ്തതാണ്. മൂന്നുമാസം ആണ് സുഖപ്പെടാനുള്ള കാലാവധി അതിനു ശേഷം പഴയതുപോലെയുള്ള പ്രവർത്തനങ്ങളിലേക്ക് മടങ്ങാം. ഇടയ്ക്കിടെ കാലിനു ഒരു ചെറിയ പ്രശ്നം തോന്നുന്നുണ്ടായിരുന്നു, ഷൂട്ടിങ്ങിനു ഒരു നീണ്ട ഇടവേള കിട്ടിയതുകൊണ്ടാണ് ഇപ്പോൾ ചികിത്സ ചെയ്തത്. അത് കഴിഞ്ഞാൽ കൂടുതൽ തിരക്കുകളിലേക്ക് പോകും അപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. ജൂലൈ 30–ാം തീയതിയാണ് മുംബൈ ലീലാവതി ആശുപത്രിയിൽ ഓപ്പറേഷൻ ചെയ്തത്. ഫിസിയോതെറാപ്പി ചെയ്ത് കാല് പഴയ മൂവേമെന്റിലേക്ക് കൊണ്ടുവരണം. രണ്ടാഴ്ചയ്ക്കുള്ളിൽ പതിയെ നടന്നു തുടങ്ങാം, ഈ മാസം അവസാനത്തോടെ ഷൂട്ടിങ്ങിലേക്ക് മടങ്ങാൻ കഴിയുമെന്ന് കരുതുന്നു. സുഹൃത്തും നടനുമായ സിജു വിത്സൺ മുംബൈയിൽ എന്നെ കാണാൻ വന്നപ്പോൾ എടുത്ത ചിത്രമാണ് സിജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ആ ചിത്രം വച്ച് എനിക്ക് ആക്സിഡന്റ് പറ്റിയെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നതായി കണ്ടു.

അച്ഛന്റെ മുന്നിൽ നൃത്തം 

അച്ഛനും അമ്മയും മുംബൈയിലെ താനെയിൽ ആണ് താമസിക്കുന്നത് ഞാൻ അന്ധേരിയിലെ ആണ്. ഞാൻ സുഖമില്ലാതെ ഇരിക്കുന്നതുകൊണ്ട് അച്ഛൻ ഇപ്പോൾ എന്റെ അടുത്ത് വന്നിട്ടുണ്ട്. ഞാനെപ്പോഴും ആക്ടീവായി ഇരിക്കുന്ന ആളാണ്. കുറെ നാളായി വെറുതെ ഇരുന്നപ്പോൾ മടുപ്പു തോന്നി. അതാണ് അച്ഛൻ വന്നപ്പോൾ അച്ഛനോടൊപ്പം കളിക്കാൻ ഇറങ്ങിയത് അതിനു അമ്മയുടെ കയ്യിൽ നിന്ന് ശരിക്ക് വഴക്കു കിട്ടി. ഇടയ്ക്കിടെ അച്ഛന്റെയും അമ്മയുടെയും കളിക്കുട്ടി ആയി മാറാറുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രതീക്ഷ

വിനയൻ സാറിന്റെ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം ആണ് പുതിയ പ്രതീക്ഷ. അത് ഓണം റിലീസ് ആണ്. വലിയ ക്യാൻവാസിൽ എടുത്ത മുഴുനീള എന്റർടെയ്നർ പടമാണത്. പടവീടൻ നമ്പി എന്ന ഒരു നെഗറ്റീവ് കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. വളരെ ദുരാഗ്രഹിയായ കഥാപാത്രം. ഞാനും സിജു വിത്സനും തമ്മിലുള്ള കുറെ ഫൈറ്റ് സീനുകൾ ഉണ്ട്. ഞാൻ കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളത്. ആ ഒരു ഇമേജ് മാറ്റി എടുക്കണം എന്നുണ്ട്.

മോഹൻലാലിന്റെ മോൺസ്റ്റർ

ലാലേട്ടൻ നായകനായെത്തുന്ന മോൺസ്റ്റർ എന്ന ചിത്രത്തിൽ അഭിനയിച്ചു. തുറമുഖം എന്ന ചിത്രം റിലീസിനു തയാറെടുക്കുന്നു. ടോവിനോ നായകനാകുന്ന വഴക്ക് എന്ന ചിത്രത്തിലും അഭിനയിച്ചു. ഇവയെല്ലാം റിലീസിന് തയാറെടുക്കുന്നു. തെലുങ്ക്, തമിഴ് ചിത്രങ്ങളാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്,  അവയുടെ ഷൂട്ടിങ് നടക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}