ആ തല്ലിന് തുടക്കക്കാരൻ: ലുക്മാൻ അഭിമുഖം

lukman
ചിത്രത്തിനു കടപ്പാട്: facebook.com/lukmanavaranofficial
SHARE

തല്ലുമാലയിലെ അടി തുടങ്ങി വയ്ക്കുന്നത് ജംഷിയാണ്. മണവാളൻ വസിയുടെ ചെകിട്ടത്തൊരു അടികൊടുത്ത് പിന്നീട് വസിയുടെ ഉറ്റതോഴനായി മാറിയ ജംഷി എന്ന കഥാപാത്രം ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. തിയറ്റർ വിട്ടുപോയാലും കാതിൽ മുഴങ്ങുന്ന പേരായി ജംഷി മാറി. ടൊവിനോ അവതരിപ്പിച്ച വസി എന്ന കഥാപാത്രത്തിന്റെ ഉറ്റ ചങ്ങാതിയായ ജംഷിയെ യാഥാർഥ്യമാക്കിയത് ലുക്മാൻ അവറാൻ ആയിരുന്നു. ആക്‌ഷൻ രംഗങ്ങളിലുള്ള ലുക്മാന്റെ പെർഫോമൻസ് അതിഗംഭീരം. ഓപ്പറേഷൻ ജാവയിലും ഉണ്ടയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ലുക്മാൻ, ജംഷി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയാണ്. ‘‘ഇന്റെ കണക്ക് തീർത്തിട്ട് മതി ബാക്കിയൊക്കെ...’’

ലുക്മാൻ അവറാൻ മനോരമ ഓൺലൈൻ പ്രേക്ഷകരോട് സംവദിക്കുന്നു....

തല്ലുമാലയുടെ കഥ ആറുവർഷമായി മുഹ്‌സിന്റെ മനസ്സിലുണ്ട്

സുഡാനി ഫ്രം നൈജീരിയ ചെയ്യുന്ന സമയം മുതൽ മുഹ്‌സിന്റെ മനസ്സിൽ ഉള്ള ത്രെഡാണ് തല്ലുമാല. എന്റെ അടുത്ത സുഹൃത്തു കൂടിയായ മുഹ്സിൻ അന്നൊക്കെ ഇങ്ങനെയൊരു കഥയെപ്പറ്റി സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. അതിനിടയിൽ മറ്റു പല കഥകളും സിനിമകളും വന്നു. പിന്നീടാണ് ഈ കഥയെപ്പറ്റി മുഹ്‌സിൻ ഖാലിദ് റഹ്മാനോടു പറയുന്നത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. റഹ്മാൻ ഈ ചിത്രം ചെയ്യാം എന്ന് സമ്മതിച്ചു. ജിംഷി ഈ സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് ഉസ്മാൻ നിർമാണവും ഏറ്റെടുത്തു. അന്ന് മനസ്സിൽ കണ്ട കഥയല്ല ഇത്. കാലവും സാഹചര്യവും മാറുന്നതനുസരിച്ച് പ്രമേയത്തിൽ ഒരുപാടു മാറ്റമുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നൊരു കൺസപ്റ്റ് അന്നേ മുഹ്‌സിന്റെ മനസ്സിലുണ്ട്. സിനിമ യാഥാർഥ്യമായപ്പോൾ അവർ എന്നെയും ഈ സിനിമയിലേക്ക് കൊണ്ടുവന്നു.

musin
മുഹ്സിൻ പരാരിക്കൊപ്പം ലുക്മാൻ

മലയാളികൾ തല്ലുമാല ഏറ്റെടുത്തു

ഈ സിനിമയുടെ നായകൻ കഥയല്ല, പേരാണ്. ഈ സിനിമയ്ക്ക് ആദ്യം ഉണ്ടാകുന്നതു തന്നെ തല്ലുമാല എന്ന പേരാണ്. ‘‘ഞാൻ ഉണ്ടാക്കിയ ഒരു സ്ട്രക്ചർ ആണ് ഈ കഥ, ആ പേരിനെ അന്വർഥമാകാൻ ഓരോ കാര്യങ്ങൾ ഈ ചട്ടക്കൂടിലേക്ക് വന്നു ചേരുകയാണ്’’ എന്നാണ് മുഹ്‌സിൻ പറഞ്ഞത്. ഇതൊരു പരീക്ഷണ ചിത്രമാണ്. പാട്ടുകളും തല്ലുമുള്ള സിനിമകൾ ഒരുപാടു കണ്ടിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം വേറിട്ടു നിൽക്കുന്ന കഥപറച്ചിൽ രീതിയാണ് തല്ലുമാലയുടേത്. ഇത്തരമൊരു സിനിമ മലയാളത്തിൽ അധികമാരും ചെയ്തിട്ടില്ല. മലയാളികൾ സിനിമ ഏറ്റെടുക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു. പക്ഷേ ചെയ്യുന്നത് ഖാലിദ് റഹ്മാൻ ആണ്. എങ്ങനെ വീണാലും പരുക്കുപറ്റാതെ ഇരിക്കും എന്നത് റഹ്‌മാന്റെ പ്രത്യേകതയാണ്. റഹ്മാനിൽ വിശ്വസിച്ച് ഞങ്ങൾ മുന്നോട്ടു പോയി. ഞങ്ങളുടെ കണക്കുകൂട്ടൽ തെറ്റിയില്ല. സിനിമ ഇറങ്ങി ഒരാഴ്‌ച ആകുമ്പോഴും തിയറ്ററുകൾ ഹൗസ് ഫുൾ ആണ്. മലയാളികൾ ഞങ്ങളുടെ സിനിമ ഏറ്റെടുത്തു കഴിഞ്ഞു.

khalid-lukman
ഖാലിദ് റഹ്മാനൊപ്പം ലുക്മാൻ

യുവാക്കളെ ലക്ഷ്യമിട്ട സിനിമ കുടുംബപ്രേക്ഷകർ സ്വീകരിക്കുന്നു

തല്ലുമാല യുവാക്കളെ ലക്ഷ്യമിട്ടു ചെയ്ത സിനിമ തന്നെയാണ്. യുവാക്കൾ നല്ല രീതിയിൽ സിനിമ ഏറ്റെടുത്തു. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കുടുംബ പ്രേക്ഷകർ സിനിമ കാണാൻ എത്തുന്ന കാഴ്ചയാണ് കാണുന്നത്. ഞങ്ങൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒക്കെ തിയറ്റർ സന്ദർശനത്തിന് പോകുമ്പോൾ കുടുംബമായി കൂടുതൽ ആളുകൾ വന്നു സിനിമ കാണുന്നതാണ് കണ്ടത്. അവർ നന്നായി ആസ്വദിക്കുന്നു, കയ്യടിക്കുന്നു, ഡാൻസ് ചെയ്യുന്നു. കോളജ് കാലവും യുവത്വവും കഴിഞ്ഞു വന്നതാണല്ലോ എല്ലാവരും, അവരുടെ ഉള്ളിലെ ചെറുപ്പക്കാരെ ഒന്നുകൂടി ഉണർത്താൻ സിനിമയ്ക്ക് ആയിട്ടുണ്ട്. എല്ലാവരെയും യുവത്വത്തിലേക്ക് മടക്കിക്കൊണ്ടുപോകാൻ തല്ലുമാലയ്ക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ട്.

lukman-3

സന്തോഷത്തോടെ തല്ലുവാങ്ങിയത് ആദ്യം

പടം മുഴുവൻ തല്ലായിരുന്നല്ലോ. സുപ്രീം സുന്ദർ മാസ്റ്റർ ആണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത്. തല്ലിനു മാത്രം നല്ല രീതിയിലുള്ള പ്രാക്ടീസ് തന്നിരുന്നു. ചില തല്ലുകളൊക്കെ ശരീരത്തിൽ സ്പർശിച്ചാണ് ചെയ്തത്. ചിലതൊക്കെ നന്നായി വേദനിച്ചു. പക്ഷേ ആ വേദനയ്ക്കും ഒരു മധുരമുണ്ട്. ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള തല്ലുകൊള്ളൽ ആയിരുന്നു. അൽപം വേദനിക്കാതെ ഒന്നും നേടാനാകില്ലല്ലോ. തല്ലൊക്കെ യഥാർഥമായി തോന്നണം എന്ന് റഹ്‌മാന്‌ നിർബന്ധമുണ്ടായിരുന്നു. ഖാലിദ് റഹ്മാൻ എന്ന സംവിധായകൻ ഒരു ധൈര്യമാണ്. നമ്മൾ ലൊക്കേഷനിൽ എത്തിയാൽ മതി ബാക്കി ഒക്കെ റഹ്മാൻ നോക്കിക്കൊള്ളും എന്നൊരു വിശ്വാസമുണ്ട്. അദ്ദേഹം അടുത്ത സുഹൃത്താണ്, ചെയ്‌ത പടങ്ങൾ എല്ലാം ഹിറ്റാണ്. നാല് പടം ചെയ്തെങ്കിൽ അതെല്ലാം നാല് തരത്തിലായിരിക്കും ഒരു സംവിധായകന്റെ പടമാണ് ഇതെല്ലാം എന്നു തോന്നില്ല.

നാൽവർ സംഘം ഉറ്റ ചങ്ങാതിമാർ

തല്ലുമാലയിലെ തല്ലുകൊള്ളികളായ നാൽവർ സംഘം ഇപ്പോൾ ഉറ്റ ചങ്ങാതിമാരാണ്. കൂട്ടത്തിൽ ടൊവിനോ ആണ് കൂടുതൽ താരപ്പകിട്ടുള്ള ആൾ. ഞങ്ങളെക്കാൾ ഒരുപാടു മുൻപേ വന്ന വലിയൊരു താരമാണ് ടൊവിനോ. പക്ഷേ അദ്ദേഹത്തിന് ആ ഒരു ഭാവമില്ല. വളരെ നല്ല പെരുമാറ്റമായിരുന്നു. വളരെ നല്ലൊരു പേഴ്സനാലിറ്റി ആണ് അദ്ദേഹത്തിന്റേത്. തോളിൽ കയ്യിട്ട് മച്ചാനെ എന്ന് വിളിക്കാൻ പാകത്തിനുള്ള സുഹൃത്തുക്കളായി ഞങ്ങളെല്ലാം മാറി. ടൊവി മാത്രമല്ല അഡ്രി, സ്വാതി ദാസ്, ഓസ്റ്റിൻ. ഞങ്ങളുടെ നാൽവർ സംഘത്തിലുള്ളവർ, പിന്നെ ഷൈൻ ടോം തുടങ്ങി മറ്റുള്ളവർ. എല്ലാവരും ഒത്തൊരു കുടുംബം പോലെയാണ് ഇപ്പോൾ. ഇനിയും ഞങ്ങൾ ഒരുമിച്ച് തിയറ്റർ വിസിറ്റുകൾ ഉണ്ട്.

thallumaala-team

സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളും ചർച്ചയായി

തല്ലുമാലയിൽ പെട്ടെന്നു കാണുന്നത് തല്ലാണെങ്കിലും സാമൂഹിക പ്രസക്തിയുള്ള ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. പടത്തിൽ ഒരുപാട് ലയറുകൾ ഉണ്ട്. ഇന്നത്തെ തലമുറയെ വഴിതെറ്റിക്കുന്ന ഒരുപാട് കാര്യങ്ങളെപ്പറ്റി പറയുന്നുണ്ട്. റീൽസും അടിപിടിയും വർണ്ണങ്ങൾ നിറഞ്ഞ ലോകവുമാണ് ഇന്നത്തെ യുവത്വത്തിന് പ്രധാനം. പക്ഷേ കാണുന്നതൊന്നുമല്ല യാഥാർഥ്യമെന്നും അതിനുമപ്പുറം ജീവിതത്തിൽ നമ്മൾ വളരെ ശ്രദ്ധയോടെ നീങ്ങണമെന്നുമുള്ള ഒരു മെസ്സേജ് കൂടി സിനിമ തരുന്നുണ്ട്. വളരെ ബ്രില്യന്റ് സ്ക്രിപ്റ്റ് ആണ് തല്ലുമാലയുടേത്. വരും ദിവസങ്ങളിൽ തിരക്കഥയിലെ മറ്റു കാര്യങ്ങൾ നമ്മൾ പറയാതെ തന്നെ സിനിമാസ്വാദകർ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ.

lukman-fight

തല്ലുമാല കരിയർ ബെസ്റ്റ്

ഞാൻ ചെയ്ത സിനിമകളെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. തല്ലുമാല ഇപ്പോൾ കൂടുതൽ ആഘോഷിക്കപ്പെടുന്നുണ്ട്. ഇത്രത്തോളം ഏറ്റെടുത്ത മറ്റൊരു ചിത്രം ഇല്ലെന്ന് പറയാം. ഞാൻ ചെയ്ത ഓപ്പറേഷൻ ജാവയും ഉണ്ടയും ഒക്കെത്തന്നെയാണ് എന്റെ പിന്നിലെ ഉറച്ച അടിസ്ഥാനം. ഉണ്ടയിലെ ബിജു കുമാർ, ഓപ്പറേഷൻ ജാവയിലെ വിനയദാസ്, തല്ലുമാലയിലെ ജംഷി ഒക്കെ ആളുകൾ നല്ല രീതിയിൽ സ്വീകരിച്ചു. അതൊരു ഭാഗ്യമാണ്.

പുതിയ ചിത്രങ്ങൾ

സൗദി വെള്ളക്ക ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഓണത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യുമെന്ന് കരുതുന്നു. അഷ്‌റഫ് ഹംസയുടെ സുലേഖ മൻസിൽ, ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ഒരു പടം, ജാക്സൺ ബസാർ യൂത്ത് അങ്ങനെ കുറച്ചു പടങ്ങൾ വരുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA