ADVERTISEMENT

വമ്പൻ താരനിരയുണ്ടെങ്കിലേ തിയറ്ററിൽ ആളു കയറൂ എന്ന മുൻധാരണയെ ഒരിക്കൽക്കൂടി തിരുത്തുകയാണ് വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്ക് എന്ന സിനിമ. യുവതാരം അനശ്വര രാജനും പുതുമുഖമായ രഞ്ജിത്ത് സജീവും അസാധ്യ പ്രകടനം കാഴ്ചവച്ച ചിത്രം, സിനിമയിൽ പ്രമേയമാണ് ഹീറോ എന്ന് വീണ്ടും അടയാളപ്പെടുത്തുന്നു. ആവിഷ്കാരത്തിലെ സത്യസന്ധതയും പ്രകടനത്തിലെ സൂക്ഷ്മതയുമാണ് മൈക്കിനെ മികച്ച കാഴ്ചാനുഭവം ആക്കുന്നത്. ഒരു പുതുമുഖത്തിന്റെ പതർച്ചകളില്ലാതെ രഞ്ജിത് സജീവ് ആന്റണി എന്ന കഥാപാത്രത്തെ ഗംഭീരമാക്കി. രഞ്ജിത്തിന്റെ ആദ്യസിനിമയാണോ മൈക്ക് എന്ന് ഒട്ടൊരു അദ്ഭുതത്തോടെയാണ് പ്രേക്ഷകർ തിരിച്ചറിയുന്നത്. ദുബായിൽ പഠിച്ചു വളർന്ന രഞ്ജിത്തിനാകട്ടെ, സ്വപ്നസമാനമായ തുടക്കമാണ് മലയാളസിനിമയിൽ ലഭിച്ചത്. ജോൺ എബ്രഹാം ആദ്യമായി നിർമിച്ച മലയാള സിനിമയിൽ, ഇത്രയും പ്രകടനസാധ്യതയുള്ള വേഷത്തിൽ പ്രവാസി മലയാളിയായ രഞ്ജിത് സജീവ് എത്തിച്ചേർന്നത് തികച്ചും യാദൃച്ഛികമായിരുന്നു. ആ യാത്രയെക്കുറിച്ച് മനസ്സു തുറന്ന് രഞ്ജിത്ത് സജീവ് മനോരമ ഓൺലൈനിൽ. 

 

മനസ്സിൽ സൂക്ഷിച്ച ഇഷ്ടം യാഥാർഥ്യമായപ്പോൾ

 

അഭിനയം എപ്പോഴും എനിക്ക് താൽപര്യമുള്ള മേഖലയായിരുന്നു. സ്കൂളിലും കോളജിലും എല്ലാ ഡാൻസ്, തിയറ്റർ പരിപാടികളിൽ ഞാൻ പങ്കെടുക്കാറുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഷോർട്ട്ഫിലിമുകൾ എടുക്കാറുണ്ടായിരുന്നു. ഞാൻ പഠിച്ചു വളർന്നതെല്ലാം ദുബായിൽ ആണ്. പഠിച്ചത് എൻജിനീയറിങ് ആയിരുന്നെങ്കിലും എപ്പോഴും അഭിനയത്തോട് ഒരു ഇഷ്ടം മനസിൽ സൂക്ഷിച്ചിരുന്നു. ആ ഇഷ്ടത്തോട് മാതാപിതാക്കൾക്കും എതിർപ്പുണ്ടായിരുന്നില്ല. ഓഡിഷൻ സൈറ്റുകളിൽ ഞാൻ എന്റെ ആക്ടിങ് ഷോർട്ട് വിഡിയോ കൊടുക്കാറുണ്ടായിരുന്നു. അങ്ങനെയൊരു വിഡിയോ സംവിധായകൻ വിഷ്ണു കണ്ടിട്ടാണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. സ്ക്രിപ്റ്റ് കേട്ടപ്പോൾ എനിക്കും കണക്ട് ആയി. അതു കഴിഞ്ഞാണ് ജോൺ എബ്രഹാമാണ് സിനിമയുടെ നിർമാതാവ് എന്നറിയുന്നത്. പോസ്റ്റർ ലോഞ്ചിന്റെ സമയത്താണ് ഞാൻ നേരിട്ട് അദ്ദേഹത്തെ കാണുന്നത്. അപ്പോഴേക്കും ഷൂട്ട് പകുതിയോളം കഴിഞ്ഞിരുന്നു. എട്ടു മാസമായിരുന്നു ഷൂട്ട്. 2021 ഒക്ടോബറിലാണ് തുടങ്ങിയത്. 2022 മെയിലാണ് ഷൂട്ട് അവസാനിച്ചത്. അത്രകാലം ഒരുമിച്ചായിരുന്നതുകൊണ്ട് എല്ലാവരും ഒരു കുടുംബം പോലെ ആയി. ഷൂട്ട് അവസാനിച്ചപ്പോൾ എല്ലാവരും ഇമോഷനലായി. ആ ദിവസം എനിക്കു മറക്കാനാവില്ല. എല്ലാവരും അത്രയും സ്നേഹം കൊടുത്തു നിർമിച്ചതാണ് ഈ സിനിമ. 

 

ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ

രഞ്ജിത് സജീവ്
രഞ്ജിത് സജീവ്

 

കൊച്ചി ഇടപ്പള്ളിയിലെ വനിത തിയറ്ററിലാണ് ഞാൻ ഫസ്റ്റ്ഷോ കാണാൻ പോയത്. നല്ല പ്രതികരണമായിരുന്നു അവിടെ ലഭിച്ചത്. പിന്നീട് പി.വി.ആറിൽ പോയി. അവിടെയും പ്രേക്ഷകപ്രതികരണം മികച്ചതായിരുന്നു. സാമൂഹികപ്രാധാന്യമുള്ള വിഷയം അതിന്റെ ഗൗരവം ചോർന്നുപോകാതെ രസകരമായി അവതരിപ്പിച്ചുവെന്നു പറഞ്ഞു കേൾക്കുമ്പോൾ വലിയ സന്തോഷം. ശാരീരികമായും മാനസികമായും ഡിമാൻഡിങ് ആയ കഥാപാത്രമാണ് മൈക്കിലെ ആന്റണി. ജീവിതത്തോട് നിസംഗതയും നിഷേധാത്മകതയും കൊണ്ടു നടക്കുന്ന വ്യക്തി. അയാൾക്ക് ഏറെ വേദനിപ്പിക്കുന്ന ഒരു ഭൂതകാലമുണ്ട്. കഥാപാത്രം കുറച്ചു ഹെവിയാണ്. രഞ്ജിത് സജീവ് എന്ന വ്യക്തി ആന്റണിയെപ്പോലെ അല്ല. ഒഴിച്ചുകൂടാൻ വയ്യാത്ത പിരിമുറുക്കത്തിലാണ് ആന്റണി എല്ലായ്പ്പോഴും ജീവിക്കുന്നത്. ആന്റണിയുടെ വൈകാരികവിക്ഷോഭം ഒട്ടും ലൗഡ് ആക്കാതെ ചെയ്യുക എന്നതായിരുന്നു വെല്ലുവിളി. ആ ഇമോഷൻസ് പ്രേക്ഷകരുമായി കണക്ട് ചെയ്തുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നു മനസിലാകുന്നത്. അതിൽ സന്തോഷമുണ്ട്. 

 

ആ കെമിസ്ട്രി വർക്കൗട്ട് ആയി

 

ആദ്യം ഷൂട്ട് ചെയ്തത് ക്ലൈമാക്സിലെ ബസ് യാത്രയായിരുന്നു. അത് എല്ലാവർക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു. സാറയും ആന്റണിയും ഇമോഷൻസിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്തെ രംഗമാണ്. പക്ഷേ, സീൻ എടുത്തു കഴിഞ്ഞപ്പോൾ എല്ലാവരുടെയും ടെൻഷൻ മാറി. അനശ്വര ഇതിനോടകം കഴിവു തെളിയിച്ച അഭിനേത്രിയാണ്. അവർക്കൊപ്പം ചെയ്യുമ്പോൾ അവരുടെ എനർജി എന്നിലേക്കും വരും. കൂടെ വർക്ക് ചെയ്യാൻ ഗംഭീര ആർടിസ്റ്റാണ് അനശ്വര. ഞങ്ങൾ തമ്മിൽ വ്യക്തിപരമായി നല്ലൊരു കെമിസ്ട്രി ഉണ്ടായിരുന്നു. അതു ആ കഥാപാത്രങ്ങളിലും വർക്കൗട്ട് ആയി. 

 

ജോൺ എബ്രഹാം എന്ന നിർമാതാവ്

 

സിനിമ കണ്ടതിനു ശേഷം ജോൺ എബ്രഹാം സംസാരിച്ചത് ഞങ്ങളുടെ പ്രകടനത്തെപ്പറ്റി ആയിരുന്നു. ഷൂട്ട് നടക്കുന്ന സമയത്തു തന്നെ എല്ലാ ദൃശ്യങ്ങളും സ്പോട്ട് എഡിറ്റ് ചെയ്ത് അദ്ദേഹത്തിന്റെ കയ്യിൽ എത്തുമായിരുന്നു. സെറ്റിൽ അദ്ദേഹം വന്നിരുന്നില്ലെങ്കിലും എല്ലാ രംഗങ്ങളും അദ്ദേഹം കണ്ട് ഓകെ പറഞ്ഞതിനു ശേഷമേ ഫൈനൽ ആയിരുന്നുള്ളൂ. സംവിധായകന് ഈ തിരക്കഥ തുടക്കം മുതൽ അവസാനം വരെ നല്ല ധാരണയുണ്ടായിരുന്നു. കാസ്റ്റിങ് തുടങ്ങുന്നതിനു മുമ്പെ കഥാപാത്രങ്ങളെക്കുറിച്ചു വ്യക്തമായ രൂപം മനസിലുണ്ടായിരുന്നു. അതുകൊണ്ട്, അഭിനേതാക്കൾ എന്ന നിലയിൽ ഞങ്ങളുടെ ജോലി എളുപ്പമായി. എന്താണ് കഥാപാത്രങ്ങളുടെ മീറ്ററെന്നത് കൃത്യമായി അദ്ദേഹത്തിന് പറഞ്ഞു തരാൻ കഴിഞ്ഞു. ലൗഡ് ആകാതെയും എന്നാൽ തീർത്തും ലൈറ്റ് ആകാതെയും ചെയ്യാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടൽ മൂലമാണ്. 

 

നാടൻ അടി മുതൽ തായ്കോണ്ടോ വരെ

 

സിനിമയിൽ അത്യാവശ്യം നല്ല ഫൈറ്റ് സീക്വൻസുണ്ട്. ഷൂട്ടിനിടയിൽ നല്ലപോലെ ഇടി കിട്ടിയിട്ടുമുണ്ട്. അത്രയും ഇന്റൻസീവ് ആയ ഫൈറ്റ് സീക്വൻസുകളായിരുന്നു. കള പോലുള്ള സിനിമ ചെയ്ത ഫീനിക്സ് പ്രഭുവായിരുന്നു ഫൈറ്റ് മാസ്റ്റർ. പ്രധാനമായും മൂന്ന് സംഘട്ടനരംഗങ്ങളാണ് സിനിമയിലുള്ളത്. അതിൽ നാടൻ അടി മുതൽ തായ്കോണ്ടോ ഫൈറ്റ് വരെയുണ്ട്. സിനിമയുടെ തുടക്കത്തിൽ ചെറിയൊരു ഫൈറ്റ് ഉണ്ട്. അതു മാത്രം അർജുൻ മാസ്റ്ററായിരുന്നു ചെയ്തത്. വലിയ ഫൈറ്റ് സീക്വൻസുകൾക്ക് ഷൂട്ടിനു മുമ്പെ റിഹേഴ്സൽ ഉണ്ടായിരുന്നു. എങ്കിലും സ്പോട്ടിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. നാടൻ അടി ചെയ്യുമ്പോൾ അതു ചെയ്യുന്നവർ തമ്മിൽ നല്ലൊരു താളം വേണം. എബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ ചന്ദ്രൻ ശരിക്കും മാർഷൽ ആർട്സ് ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ചലനങ്ങൾക്ക് നല്ലൊരു താളമുണ്ട്. ഞാൻ ഡാൻസൊക്കെ ചെയ്യുന്നതുകൊണ്ട് ആ താളം എനിക്കു പെട്ടെന്നു പഠിച്ചെടുക്കാൻ പറ്റി. പിന്നെ, അത് ആ ടൈമിങ്ങിൽ ചെയ്യണം. ക്യാംപസിലെ അടി സ്പോട്ട് കൊറിയോഗ്രഫി ആയിരുന്നു. 

 

കുടുംബം ഹാപ്പി, ഞാനും

 

അച്ഛൻ സജീവ് സിവിൽ എൻജിനീയറാണ്. ദുബായിൽ കൺസ്ട്രക്ഷൻ കമ്പനിയുണ്ട്. അമ്മ ആൻ സജീവ് ഹോസ്പിറ്റാലിറ്റി ബിസിനസിലാണ്. സിനിമ എന്ന എഃ്റെ തീരുമാനത്തിന് അവർ കട്ട സപ്പോർട്ടായിരുന്നു. ഒരു അനിയത്തിയുണ്ട്. എല്ലാവരും ഇപ്പോൾ കൊച്ചിയിലുണ്ട്. എന്റെ കൂടെ നിൽക്കാനും പിന്തുണ നൽകാനും വേണ്ടി സിനിമയുടെ റിലീസ് സമയത്ത് അവർ കൊച്ചിയിലേക്ക് വന്നതാണ്. സിനിമ അവർക്ക് ഇഷ്ടപ്പെട്ടു. അവരെല്ലാവരും നല്ല ഹാപ്പിയാണ്. അതുകൊണ്ട്, ഞാനും ഹാപ്പിയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com