ADVERTISEMENT

കേരളത്തിലെ സാധാരണക്കാരായ പ്രേക്ഷകരെ തിയറ്ററുകളിൽ ത്രിൽ അടിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന എന്റർടെയ്ൻമെന്റ് സിനിമകളുടെ ഭാഗമാണ് എഡിറ്റർ ശ്യാം ശശിധരൻ എന്ന ചെറുപ്പക്കാരൻ. 2012 ൽ റിലീസായ റൺ ബേബി റൺ മുതൽ ഏറ്റവും അവസാനം ഇറങ്ങിയ പാപ്പൻ വരെ അതിന്റെ  ഉദാഹരണങ്ങളാണ്. മലയാളത്തിന്റെ തലതൊട്ടപ്പനായ സംവിധായകൻ ‘ജോഷി സാറിന്റെ സ്വന്തം എഡിറ്റർ’ എന്നറിയപ്പെടുന്ന ശ്യാം ശശിധരൻ ഇതിനോടകം പത്തിലേറെ സൂപ്പർഹിറ്റ് സിനിമകളും നൂറിലേറെ പരസ്യചിത്രങ്ങളും ചെയ്തിട്ടുണ്ട്. പാപ്പൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ വിശേഷങ്ങൾ  പങ്കിടാനായി ശ്യാം ശശിധരൻ മനോരമഓൺലൈനിനൊപ്പം ചേരുന്നു.

 

ജോഷി സാറിന് നന്ദി 

amala-syam

 

ജോഷി സർ ആണ് എന്നെ ഇൻഡിപെൻഡന്റ് ആയ ഒരു എഡിറ്റർ ആക്കി മാറ്റിയത്. ആദ്യമായി എനിക്കൊരു ചാൻസ് തരുന്നത് അദ്ദേഹമാണ്. റൺ ബേബി റൺ മുതൽ പാപ്പൻ വരെയുള്ള ജോഷി സാറിന്റെ ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിക്കുകയാണ് ഞാൻ. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുമ്പോൾ എല്ലാ ചിത്രങ്ങളും ഒരു പഠന കളരി ആണ്.  സാറിന്റെ പടങ്ങൾ ചെയ്യുമ്പോൾ നമുക്ക് നല്ല സ്വതന്ത്ര്യമാണ്. നമ്മുടെ കയ്യിൽ നിന്ന് കിട്ടുന്ന ഔട്പുട്ട് എന്താണ്, നമ്മുടെ ക്രിയേറ്റിവിറ്റി എങ്ങനെയുണ്ട് എന്നാണ് ആദ്യം അദ്ദേഹം നോക്കുന്നത്.  അത് കഴിഞ്ഞിട്ട് മാത്രമേ അദ്ദേഹം അഭിപ്രായം പറയൂ. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും ചാലഞ്ചിങ് ആണ്. എന്റെ കരിയറിൽ എനിക്ക് നന്ദി പറയാനുള്ളത് ജോഷി സാറിനോടാണ്. എന്നിൽ ഒരു കഴിവുണ്ടെന്ന് കണ്ടെത്തി എനിക്കൊരു അവസരം തന്നത് അദ്ദേഹമാണ്. എന്റെ സുഹൃത്തുക്കളും എന്നെ നന്നായി പിന്തുണച്ചിട്ടുണ്ട്.  

 

പാപ്പൻ ഒരു നോൺ ലീനിയർ പടം 

run-baby-run

 

പാപ്പൻ നോൺ ലീനിയർ സ്വഭാവമുള്ള ചിത്രമാണ്. ആ ഒരു ഫീൽ പ്രേക്ഷകരിൽ എത്തിക്കുക എന്നത് ചാലഞ്ചിങ് ആയിരുന്നു. കുറച്ച് ഫ്ലാഷ് ബാക്ക് കുറച്ച് വർത്തമാനകാലം അങ്ങനെയായിരുന്നു കഥ പറഞ്ഞിരുന്നത്. ത്രില്ലർ പടങ്ങൾ എഡിറ്റ് ചെയുമ്പോൾ പടത്തിൽ ഉദ്ദേശിക്കുന്ന ത്രില്ല് പ്രേക്ഷകരിലേക്ക് എത്തിക്കുക പ്രധാനം. ചിത്രം ഫാസ്റ്റ് ആയിരിക്കണം, ആളുകളെ ത്രില്ല് അടിപ്പിച്ചു നിർത്താൻ കഴിയണം. നോൺലീനിയർ എഡിറ്റിങ് നല്ല റിസ്ക് ഉള്ള ജോലി തന്നെയാണ്. പാപ്പനിൽ അത് വർക്ക് ഔട്ട് ആയി എന്നാണ് തോന്നുന്നത്. പാപ്പൻ കുറച്ചു നീളം കൂടിയ ചിത്രമാണ്. പടം ചെയ്തു തീർത്ത് ഡബ്ബ് കഴിഞ്ഞതിനു ശേഷമാണ് ഫൈനൽ എഡിറ്റ് ചെയ്തു ചുരുക്കിയത്. ചിത്രത്തിന് നല്ല റിവ്യൂസ് ഉണ്ട്. ചെയ്ത ജോലി നന്നായി എന്ന് മറ്റുള്ളവർ പറയുന്നത് സന്തോഷം തരുന്ന കാര്യമാണ്.

 

syam-mammootty

എഡിറ്റ് ചെയ്യാൻ പ്രയാസം കോമഡി ചിത്രങ്ങൾ 

 

എഡിറ്റ് ചെയ്യാൻ ഏറ്റവും പ്രയാസം കോമഡി പടങ്ങളാണ്. ആളുകളെ ചിരിപ്പിക്കുക എന്നതാണല്ലോ കോമഡി പടങ്ങളുടെ ഉദ്ദേശം. പ്രേക്ഷകർ ചിരിക്കണമെങ്കിൽ ആദ്യം ആ സീനിലെ കോമഡി നമ്മൾ സ്വയം ഉൾക്കൊണ്ട് കറക്റ്റ് സ്ഥലത്ത് കട്ട് ചെയ്യുകയും കൂട്ടി ചേർക്കുകയുമൊക്കെ വേണം. ഷോട്ടിന്റെ നീളം എത്ര വേണമെന്ന് നമ്മുടെ മനസ്സിൽ ഒരു ധാരണ ഉണ്ടാകണം. കോമഡി സിനിമകളുടെ ഉസ്താദ്മാരായ റാഫി സർ, ജോണി ആന്റണി ചേട്ടൻ തുടങ്ങിയവരുമായി ചേർന്നുള്ള വർക്കുകൾ എനിക്കൊരു വലിയ പാഠമായിരുന്നു അതിന്. അതൊക്കെയാണ് കോമഡി പടങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്.

 

അനിമേഷൻ ആഗ്രഹിച്ചു എഡിറ്റിങ് പാഷൻ ആയി 

 

ഞാൻ പഠിച്ചത് മൾട്ടീമീഡിയ ആണ്. അനിമേഷൻ ആയിരുന്നു എനിക്ക് ഇഷ്ടമുള്ള മേഖല. പക്ഷേ ട്രെയിനിങ് കിട്ടിയത് എഡിറ്റിങിൽ ആണ്. എഡിറ്റിങ് ചെയ്തു തുടങ്ങിയപ്പോൾ അതിൽ ത്രില്ല് തോന്നി. അങ്ങനെ എഡിറ്റിങ് എന്റെ പാഷൻ ആയി. കുറേകാലം ബിജിത് ബാലയോടൊപ്പം പ്രവർത്തിച്ചു. അത് കഴിഞ്ഞു കുറേകാലം സ്പോട്ട് എഡിറ്ററായി പ്രവർത്തിച്ചു. ഡോൺ മാക്സ് എഡിറ്ററോടൊപ്പം അസിസ്റ്റ് ചെയ്തു.  സ്പോട്ട് എഡിറ്റിങ് ചെയ്യുമ്പോൾ എന്താണ് പടത്തിന്റെ മൂഡ് എന്ന് ലൊക്കേഷനിൽ വച്ച് തന്നെ അറിയാൻ പറ്റും.  എന്നുകരുതി അത് ഫൈനൽ ഔട്ട്പുട്ട് ആകില്ല, പിന്നീട് എഡിറ്റിങ് ടേബിളിൽ എത്തുമ്പോൾ ആ എഡിറ്ററുടെ താല്പര്യത്തിനനുസരിച്ച് പടത്തിന്റെ മൂഡ് മാറും.  രാത്രിയായാലും പകലായാലും മഴ ആയാലും ലൊക്കേഷനിൽ തന്നെ ഇരുന്നു വർക്ക് ചെയ്യണം എന്നതാണ് സ്പോട്ട് എഡിറ്ററുടെ ചലഞ്ച്.

 

ബെസ്റ്റ് ആക്ടർ എന്ന സിനിമയുടെ സ്പോട്ട് എഡിറ്റിങ് ചെയ്യുമ്പോൾ ഉണ്ടായ ബന്ധം കൊണ്ടു ക്യാമറാമാൻ അജയൻ വിൻസന്റ് സർ എന്നെ ജോഷി സാറിന്റെ 'സെവൻസ്' എന്ന ചിത്രത്തിൻറെ സ്പോട്ട് എഡിറ്റിങിനു ശുപാർശ ചെയ്തു. ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് അതായിരുന്നു. എന്റെ വർക്കിൽ ജോഷി സാറിന് താല്പര്യം തോന്നി.  അവിടെ നിന്നാണ് അദ്ദേഹം എന്നെ കൈപിടിച്ചുയർത്തിയത്. 2012ൽ അദ്ദേഹത്തിനെ റൺ ബേബി റൺ എന്ന ചിത്രത്തിൽ സ്വതന്ത്ര എഡിറ്റർ ആയി. തമിഴിലും കന്നഡയിലുമായി കുറെ ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചു.  റിങ് മാസ്റ്റർ, പൊറിഞ്ചു മറിയം ജോസ്, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, ലാസ്റ്റ് സപ്പർ, ബിവെയർ ഓഫ് ഡോഗ്സ് തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളും നൂറിലേറെ പരസ്യചിത്രങ്ങളും ചെയ്യുവാനുള്ള ഭാഗ്യമുണ്ടായി.

 

സിനിമയുടെയും പരസ്യങ്ങളുടെയും എഡിറ്റിങ്ങിൽ  പ്രത്യേകതകൾ

 

സിനിമകൾ പ്രേക്ഷകർക്ക് ആസ്വദിക്കുവാൻ വേണ്ടി ചെയ്യപ്പെടുന്നവയാണ്. പരസ്യചിത്രങ്ങളിൽ ആസ്വാദനം മാത്രം പോരാ ബ്രാൻഡുകളുടെ ബിസിനസ് കൂടി നടക്കണം. അപ്പോൾ കൃത്യമായി സെല്ലിങ് പോയിന്റ് മനസ്സിലാക്കി മാത്രമേ എഡിറ്റ് ചെയ്യാവൂ. എന്നാൽ മാത്രമേ ആ പരസ്യം വിജയകരമാകൂ.

 

പുതിയ ചിത്രങ്ങൾ 

 

ഇന്ദ്രജിത്ത് നായകനാകുന്ന 'അനുരാധ'യാണ് അടുത്ത ചിത്രം.  ചിത്രം പോസ്റ്റ് പ്രൊഡക്‌ഷൻ കഴിഞ്ഞു റിലീസിനു തയാറെടുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com