ADVERTISEMENT

സിബി മലയിൽ പറയുന്നു: നമ്മളെ പ്രകോപിപ്പിക്കുന്ന, വെല്ലുവിളിക്കുന്ന ഒരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു. അങ്ങനൊന്നു കിട്ടുമ്പോൾ മാത്രമേ ഇനി സിനിമ ചെയ്യൂ എന്നായിരുന്നു തീരുമാനം. അതാണ് ഇപ്പോൾ സംഭവിച്ചത്. ഉജ്വല കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും മലയാള സിനിമയ്ക്കു സമ്മാനിച്ച സിബി മലയിൽ ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം പുതിയ സിനിമയുമായി തിയറ്ററിലേക്കു വന്നിരിക്കുന്നു. കാമ്പുള്ള കഥയ്ക്കായി കാത്തിരുന്ന ഏഴു വർഷങ്ങൾ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കൊത്ത്’ എന്ന സിനിമ തിയറ്ററിലെത്തിയ വേളയിൽ സിബി മലയിൽ സംസാരിക്കുന്നു...

 

‘കൊത്ത്’ സിനിമയുടെ പ്രമേയത്തിലേക്ക് വന്നതെങ്ങനെ ?

 

കുറച്ചു വർഷം മുൻപു കണ്ട ‘കുരുത്തി’ എന്ന നാടകമാണു സിനിമയിലേക്ക് എത്തിയത്. മീൻ പിടിക്കുന്ന ഒറ്റാലിനു പ്രാദേശികമായി പറയുന്നതാണു കുരുത്തിയെന്നത്. കേരളത്തിൽ നിരന്തരമായി കണ്ടുപോരുന്ന ചില രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളുണ്ട്. സമൂഹം ആശങ്കയോടെ കാണുന്ന അക്കാര്യം ചർച്ച ചെയ്യേണ്ട വിഷയമാണെന്നു തോന്നിയതുകൊണ്ടാണ് ‘കൊത്ത്’ എന്ന സിനിമയിലേക്കു കടന്നത്. ‘കുരുത്തി’ നാടകം എഴുതിയ ഹേമന്ത്കുമാർ തന്നെയാണു സിനിമയെഴുതിയത്. മൂന്നു വർഷം മുൻപേ തിരക്കഥ പൂർത്തിയാക്കിയിരുന്നു. 

 

ആസിഫ് അലിയുമായി ചേർന്നു തുടർച്ചയായി സിനിമ എന്തുകൊണ്ട് ? 

 

ആസിഫിന്റെ സിനിമാജീവിതത്തിലെ രണ്ടാമത്തെ സിനിമയാണു ഞാൻ ചെയ്ത അപൂർവരാഗം. അയാളുടെ കഴിവിനെക്കുറിച്ചു വർഷങ്ങൾക്കു മുൻപേ പറഞ്ഞിരുന്നതുമാണ്. ‘കൊത്ത്’ സിനിമയിലെ കഥാപാത്രം ആസിഫിന്റെ കരിയറിലെ ഏറ്റവും ഗംഭീരമായ ഒന്നാണ്. കഥാപാത്രം കടന്നുപോകുന്ന വൈകാരികമായ എല്ലാ തലങ്ങളും കൃത്യമായി മനസ്സിലാക്കിയാണ് ആസിഫ് അവതരിപ്പിച്ചത്. 

 

കഴിഞ്ഞ ഏഴു വർഷം സജീവമായിരിക്കാൻ എന്തു ചെയ്തു ? 

 

വായനയായിരുന്നു പ്രധാന കാര്യം. അതുപോലെ, സിനിമ കാണാൻ കിട്ടുന്ന എല്ലാ അവസരങ്ങളും നന്നായി ഉപയോഗിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സിനിമകൾ, പ്രത്യേകിച്ചു മറ്റു ഭാഷകളിലെയും പ്രദേശങ്ങളിലെയും അധികം കാണാതിരുന്ന സിനിമകൾ കാണുന്നുണ്ടായിരുന്നു. മറ്റൊന്ന്, നമ്മളെ പ്രകോപിപ്പിക്കുന്ന, വെല്ലുവിളിക്കുന്ന ഒരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു. അങ്ങനൊന്നു കിട്ടുമ്പോൾ മാത്രമേ ഇനി സിനിമ ചെയ്യൂ എന്നായിരുന്നു തീരുമാനം. അതാണ് ഇപ്പോൾ സംഭവിച്ചത്. 

 

ചെയ്ത സിനിമയുടെ പശ്ചാത്തലത്തിലാണു പ്രേക്ഷകർ നമ്മളെ വിലയിരുത്തുന്നത്. നമ്മുടെ ഭാഗത്തുനിന്നു വന്ന ശ്രദ്ധക്കുറവുമൂലം ചില പടങ്ങൾ സ്വീകരിക്കപ്പെടാതെ പോയിട്ടുണ്ട്. അതു പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുമുണ്ട്. അതിനി സംഭവിക്കരുതെന്ന ശ്രദ്ധയുണ്ടായിരുന്നു. വ്യക്തിബന്ധങ്ങളുടെയും മറ്റു ബാഹ്യ സമ്മർദങ്ങളുടെയും പേരിൽ പല സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരം സിനിമകൾ പരാജയപ്പെടുകയായിരുന്നു. അത് ആവർത്തിക്കാതിരിക്കാനാണു നല്ല തിരക്കഥയ്ക്കായി കാത്തിരിക്കാൻ തീരുമാനിച്ചത്. എല്ലാ വർഷവും ഒന്നോ രണ്ടോ സിനിമ ചെയ്യണം എന്നൊന്നുമില്ല. ആ അവസ്ഥയൊക്കെ കഴിഞ്ഞു. ഏറ്റവും ക്രിയേറ്റീവ് ആയി, പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തലത്തിലുള്ള സിനിമ ചെയ്യാനുള്ള കാത്തിരിപ്പായിരുന്നു. 

 

സിബി മലയിൽ–ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്നതിൽ ഒരു രണ്ടാം ഭാഗം ആഗ്രഹിക്കുന്നത് ഏതു സിനിമയ്ക്കാണ് ? 

 

‘കിരീടം’ സിനിമയ്ക്കു രണ്ടാം ഭാഗം ചെയ്തു. ആ കഥയ്ക്ക് ഒരു തുടർച്ച ആവശ്യമായിരുന്നു എന്നതുകൊണ്ടാണു ‘ചെങ്കോൽ’ എന്ന സിനിമയുണ്ടായത്. രണ്ടാം ഭാഗം എന്നല്ല തുടർച്ചയെന്നാണു പറയേണ്ടത്. അത്തരത്തിൽ ചെയ്യാൻ തോന്നിയ മറ്റൊരു സിനിമയാണ് ‘ദശരഥം’. ആ സിനിമയുടെ കഥ ദശരഥത്തിൽ പൂർണമാകുന്നില്ല. ആ തുടർച്ച മികച്ച രീതിയിൽ എഴുതിയിരുന്നു. ലോഹിതദാസ് ഉണ്ടായിരുന്നെങ്കിൽ, അത് അദ്ദേഹം അംഗീകരിച്ചേനെ. നെടുമുടി വേണുച്ചേട്ടന്റെ കഥാപാത്രം ഇല്ലാതെ ആ സിനിമ മുന്നോട്ടു പോകില്ല. ആ സിനിമ ഇനി സംഭവിക്കുകയുമില്ല. അതിൽ നിരാശയും സങ്കടവുമുണ്ട്.

 

പുതിയ കഥകൾ, സിനിമ ?

 

പുതിയ രണ്ടു സിനിമകൾ ഒരുങ്ങുന്നുണ്ട്. ഒന്നിന്റെ തിരക്കഥ പൂർത്തിയായി. കഥ കേട്ടപ്പോൾ ഏറെ താൽപര്യത്തോടെ ഒരു അഭിനേതാവു മുന്നോട്ടു വന്നതാണ്. രണ്ടും എഴുതുന്നതു ഹേമന്ത്കുമാറാണ്. അദ്ദേഹവുമായി ചേർന്നു വേറെ ഏതാനും കഥകൾ ചർച്ച ചെയ്യുന്നുണ്ട്. എനിക്ക് ആത്മവിശ്വാസത്തോടെ എഴുതാൻ കഴിയില്ല. എഴുത്തുകാരാണ് എന്റെ ബലവും ബലഹീനതയും.

 

മാസ്റ്റേഴ്സിന്റെ സിനിമ: ആസിഫ് അലി 

 

എന്റെ കരിയറിൽ കൃത്യമായ മാർഗനിർദേശം തരുന്നയാളാണു സിബി സാർ, അത് കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിലും കൈകാര്യം ചെയ്യുന്നതിലുമെല്ലാമുണ്ട്. ലോഹിതദാസ് സാറിനുശേഷം മികച്ച തിരക്കഥയൊരുക്കി പിന്തുണ നൽകുന്ന എഴുത്തുകാരനെ കിട്ടിയ ആവേശത്തോടെയുള്ള സിബി സാറിനെയാണ് കൊത്തിൽ കണ്ടത്. ഇതു നൂറു ശതമാനം സിബി മലയിൽ സിനിമയാണ്. ‘കൊത്തി’ന്റെ തിരക്കഥ വായന കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം രഞ്ജിത് സാറിന്റെ വിളിവന്നു. നമുക്ക് ഈ സിനിമ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം സിനിമ നിർമിക്കാമെന്നും അറിയിച്ചു. രണ്ടു മാസ്റ്റേഴ്സ് ഒന്നിച്ച് അംഗീകരിച്ച സിനിമയാണ്. അതാണ് ഈ സിനിമ സംബന്ധിച്ച് എന്റെ ഏറ്റവും വലിയ സന്തോഷവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com