ADVERTISEMENT

22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ എന്നീ ചിത്രങ്ങളുടെ സഹരചയിതാവ്, ആഷിഖ് അബുവിന്റെ അസോഷ്യേറ്റ്... സിനിമയിലെ ദീർഘനാളത്തെ പ്രവർത്തന പരിചയം കൂടിചേരുമ്പോൾ അഭിലാഷ് എസ്. കുമാറില്‍ നിന്നും സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നത് നല്ലൊരു സിനിമയാണ്. ശ്രീനാഥ് ഭാസി നായകനാകുന്ന ചട്ടമ്പിയാണ് ആദ്യ സംവിധാനസംരംഭം.  ദിലീഷ് പോത്തനും മധു.സി.നാരായണനും ശേഷം സ്വതന്ത്ര സംവിധായകനാകുന്ന ആഷിഖ് അബുവിന്റെ അടുത്ത അസോഷ്യേറ്റ്. ഷൊർണ്ണൂർ സ്വദേശിയായ അഭിലാഷ് ഡാഡി കൂൾ മുതൽ ആഷിഖ് അബുവിന്റെ ക്യാമ്പിൽ ഉണ്ട്. ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് അഭിലാഷ് എസ്. കുമാർ സംസാരിക്കുന്നു. 

 

ചട്ടമ്പിയിലേക്ക് എങ്ങനെ എത്തി

 

സിംപ്ലി സൗമ്യ എന്ന സിനിമയാണ് എന്റെ ആദ്യ ചിത്രമായി പ്ലാൻ ചെയ്തത്. അതിന്റെ ഷൂട്ടിലേക്ക് കടക്കുന്നതിന് തൊട്ടുമുന്നേയാണ് കോവിഡ് ആരംഭിക്കുന്നത്. അതോടെ ആ ചിത്രം തുടങ്ങാൻ കഴിയാത്ത സ്ഥിതിയായി. അങ്ങിനെ ഇരിക്കുമ്പോഴാണ് മറ്റൊരു പടത്തെക്കുറിച്ചുള്ള ആശയം ഉടലെടുക്കുന്നത്. ഡോൺ പാലത്തറയുടെ കഥയ്ക്ക് ഡിഒപി കൂടിയായ അലക്‌സ് തിരക്കഥ ഒരുക്കാം എന്നേറ്റു. അങ്ങിനെയാണ് ഇടുക്കി പശ്ചാത്തലത്തിൽ ഈ ചിത്രം പിറവിയെടുക്കുന്നത്. 

 

ശ്രീനാഥ്‌ ഭാസി എന്ന നായകന്റെ വ്യത്യസ്ത വേഷമാണല്ലോ ഇതിൽ, ഭാസിയുമായുള്ള കെമിസ്‌ട്രി?

 

ഭാസി ദീർഘനാളായുള്ള സുഹൃത്താണ്. ഡാ തടിയാ എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നതും. ഒരു നടൻ എന്ന നിലയിൽ ഭാസിയെ നമ്മൾ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇതിലെ കറിയ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ഇതുവരെ കാണാത്ത ഒരു പെർഫോമൻസ് ആണ്. പലരും ചോദിച്ചു ഇത്ര ഹെവി ക്യാരക്ടർ ഭാസിക്ക് പറ്റുമോ എന്ന് , പക്ഷേ ഞങ്ങൾ പൂർണ ആത്മവിശ്വാസത്തിൽ ആണ്. ഇത് ഭാസിക്ക് മാത്രം പറ്റുന്ന ഒരു കഥാപാത്രമാണ്. 

 

ശ്രദ്ധേയമായ സിനിമകൾക്ക് തിരക്കഥ രചിച്ച താങ്കൾ ആദ്യ സംവിധാന സംരംഭത്തിൽ മറ്റൊരാളെക്കൊണ്ടാണ് തിരക്കഥ എഴുതിക്കുന്നു?

 

അലക്സ് എന്റെ ദീർഘ നാളായുള്ള സുഹൃത്താണ്. ഞങ്ങൾ ഒന്നിച്ചു ചെയ്ത ബ്രേക്ക് ജേർണി എന്ന ഷോർട്ട് ഫിലിമിന്റെ തിരക്കഥ ഒരുക്കിയത് അലക്സും ഞാനും കൂടിയാണ്. വളരെ ശ്രദ്ധ നേടിയ ഒരു ഷോർട്ട് ഫിലിം ആയിരുന്നു അത്. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരു കഥ വന്നപ്പോൾ അലക്‌സ് തിരക്കഥ എഴുതാം എന്ന് പറഞ്ഞു. പിന്നെ ഇപ്പോൾ എഴുത്ത്  എന്നത് കൂട്ടായ ഒരു പ്രവർത്തനമാണല്ലോ. എല്ലാ ഘട്ടത്തിലും എല്ലാരും കൂടിയാലോചനകൾ നടത്തിയാണ് ഇത് രൂപപ്പെട്ടു വരുന്നത്. മാത്രമല്ല ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ഈ തിരക്കഥയിൽ വളരെ ഹാപ്പിയാണ്.

 

ആഷിഖ് അബുവിന്റെ ഒപ്പമുണ്ടായിരുന്ന ദിലീഷ് പോത്തൻ, മധു എന്നിവർ ഹിറ്റുകൾ തന്നു. ഇപ്പോൾ അഭിലാഷ് വരുമ്പോഴും പ്രതീക്ഷയേറെ

 

ഞാൻ തിരഞ്ഞെടുത്ത സബ്ജക്റ്റ് എനിക്ക് വളരെ കോൺഫിഡൻസ് ഉള്ള ഒന്നാണ്. മാത്രമല്ല ഈ സിനിമയിൽ നമ്മുടെ കൂടെ സഹകരിച്ചിരിക്കുന്നത് ഏറ്റവും നല്ല ആർട്ടിസ്റ്റും ടെക്നീഷ്യൻസും ആണ്. അപ്പോൾ നമ്മൾ നമ്മുടെ ഏറ്റവും ബെസ്റ്റ് നൽകുക. സിനിമയുടെ വിജയം എന്നത് പ്രേക്ഷകരുടെ കയ്യിൽ ഇരിക്കുന്നതാണ്. നമ്മൾ ആത്മാർഥമായി ഒരു പണി എടുത്തു. അതിന്റെ റിസൾട്ട് ഇനി വരണം. അത് എന്തായാലും സ്വീകരിച്ചേ പറ്റൂ. സോ ഏറ്റവും നല്ലതിനായി പ്രതീക്ഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com