ADVERTISEMENT

‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ഹിറ്റ്‌ ചിത്രം നിരവധി കഴിവുറ്റ ടീനേജ് താരങ്ങളെയാണ് മലയാള സിനിമയ്ക്കു സമ്മാനിച്ചത്. സിനിമയിൽ സ്റ്റെഫി എന്ന കഥാപാത്രമായെത്തിയ ഗോപിക രമേശ് പ്രേക്ഷക പ്രശംസ നേടിയ താരമായിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾക്കു ശേഷം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഗോപിക ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം പൂർത്തിയാക്കി സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്. ഇതിനിടെ ആമസോൺ പ്രൈം ഒറിജിനൽ ആയ‘സുഴൽ’ എന്ന സീരിസിൽ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ഗോപിക ചെയ്തിരുന്നു. തമിഴ് താരം പാർഥിപന്റെ മകളായി സുഴലിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ അഭിനയത്തെ ചെത്തിമിനുക്കിയെടുക്കാനുള്ള ഒരു പരിശീലനക്കളരി ആയെന്നു ഗോപിക പറയുന്നു. നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമായ ഗോപികയുടെ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. പുതിയ വിശേഷങ്ങളും പ്രതീക്ഷകളുമായി ഗോപിക രമേശ് മനോരമ ഓൺലൈൻ പ്രേക്ഷകരോട് മനസ്സ് തുറക്കുന്നു.

പ്ലാൻ ചെയ്യാത്ത ഫോട്ടോഷൂട്ട്

ഫാഷൻ ഡിസൈനിങ്ങിൽ നാലുവർഷത്തെ ഗ്രാജ്വേഷൻ (ബാച്ചിലർ ഓഫ് ഡിസൈൻ) ചെയ്യുകയായിരുന്നു ഞാൻ. ‘തണ്ണീർമത്തൻ ദിനങ്ങൾ’ക്കു ശേഷം സിനിമയിൽ സജീവമല്ലായിരുന്നു. ഇനി സജീവമാകാം എന്നാണ് കരുതുന്നത്. എന്റെ ഗ്രാജ്വേഷൻ സെറിമണിക്ക് ഞാൻ ഒരു സാരി ധരിച്ചിരുന്നു, ആ സാരി ധരിച്ച കുറച്ചു ചിത്രങ്ങൾ എടുക്കാം എന്ന് കരുതി. അങ്ങനെ ചിത്രങ്ങൾ എടുത്തപ്പോൾ എന്തുകൊണ്ട് മറ്റു ഡ്രസ്സുകൾ ധരിച്ച് കുറച്ചു ചിത്രങ്ങൾ എടുത്തുകൂടാ എന്നു തോന്നി.

വർക്ക് ചെയ്യാൻ സുഖകരമായ ഒരു ടീം ആയിരുന്നു അത്. അങ്ങനെ പല ലുക്കിലുള്ള ചിത്രങ്ങൾ എടുക്കുകയായിരുന്നു. ജിബിൻ ആണ് ചിത്രങ്ങൾ എടുത്തത്. സ്റ്റൈൽ ചെയ്തത് അരുൺ ദേവും മേക്കപ്പ് ചെയ്തത് റിസ്വാനും ആയിരുന്നു. ഒട്ടും പ്ലാൻ ഇല്ലാതെ വളരെ റാൻഡം ആയി എടുത്ത ചിത്രങ്ങളാണ്. അത് വളരെ ഭംഗിയായി വന്നു എന്നതിൽ സന്തോഷമുണ്ട്.

ബോൾഡ് ചിത്രങ്ങൾക്ക് വിമർശനങ്ങള്‍

ഞാൻ ഒരു ഫാഷൻ ഗ്രാജ്വേറ്റ് ആണ്. ബോൾഡ് ആയ ചിത്രങ്ങൾ എന്നുപറഞ്ഞാൽ എന്തെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കുറച്ചു കൂടുതൽ സ്കിൻ കാണുന്ന ചിത്രങ്ങൾ ആയിരിക്കും ആളുകൾ ഉദ്ദേശിക്കുന്നത്. ഒരുപക്ഷേ ഇത് ഇവിടെ നോർമൽ അല്ലാത്തതുകൊണ്ടായിരിക്കും. നമുക്കു ധരിക്കാൻ കംഫർട്ടബിൾ ആയ ഏതു വസ്ത്രവും ബോൾഡ് ആണ്. സ്കിൻ കാണുന്ന വസ്ത്രങ്ങളല്ല ബോൾഡ്, ആത്മവിശ്വാസവും ധൈര്യവും നമുക്ക് ഉള്ളിൽ തോന്നേണ്ട കാര്യമാണ്. ഏത് വസ്ത്രം ധരിച്ചാൽ ആത്മവിശ്വാസം കിട്ടുമോ, അതാണ് നോക്കേണ്ടത്. വിമർശനങ്ങളെ ഭയപ്പെടുന്നില്ല. നല്ലത് ചെയ്താലും ചീത്ത ചെയ്താലും വിമർശിക്കാൻ ആളുണ്ടാകും. എനിക്ക് നല്ലതെന്ന് തോന്നുന്ന കാര്യം ചെയ്യാൻ ആണ് എനിക്ക് താല്പര്യം.

gopika-ramesh-43

സുഴൽ ഒരു പരിശീലനക്കളരി

‘തണ്ണീർമത്തൻ ദിനങ്ങൾ’ കണ്ടിട്ടാണ് എന്നെ സുഴലിലേക്ക് വിളിച്ചത്. ഓഡിഷൻ ചെയ്തുതന്നെയാണ് തിരഞ്ഞെടുത്തത്. സുഴലിനൊപ്പം മൂന്നു വർഷത്തെ യാത്രയായിരുന്നു. ഷൂട്ടിങ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ കോവിഡ് തുടങ്ങി. അങ്ങനെ ഒരു വലിയ ഇടവേള വന്നു. സുഴൽ പോലെ ഒരു വെബ് സീരിസിൽ അഭിനയിച്ചതും അത് ഒരുപാട് കഴിവുറ്റ കലാകാരന്മാരോടൊപ്പം ആയതും എന്നെപ്പോലെ ഒരു തുടക്കക്കാരിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. വളരെ പ്രധാനപ്പെട്ട ഒരു വേഷമായിരുന്നു സുഴലിലേത്. അടിപൊളി അനുഭവമായിരുന്നു സുഴലിന്റെ സെറ്റ്. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഒപ്പം ഉള്ളതെല്ലാം വലിയ കലാകാരൻമാർ. സുഴൽ റിലീസ് ചെയ്തപ്പോൾ ഒരുപാട് നല്ല പ്രതികരണങ്ങൾ കിട്ടുന്നുണ്ട്.

gopika-ramesh-34

പാർഥിപൻ സാറിനൊപ്പം അഭിനയിച്ചത് നല്ല എക്സ്പീരിയൻസ് ആയിരുന്നു. അഭിനയം പഠിച്ചുതുടങ്ങുന്ന എനിക്ക് പാർഥിപൻ സാറിനെപ്പോലെ ഒരു ലെജൻഡ് വർക്ക് ചെയ്യുന്നത് കാണുന്നത് അദ്ഭുതമായിരുന്നു. അദ്ദേഹത്തെ നോക്കി പഠിക്കുകയായിരുന്നു അവിടെ എന്റെ ജോലി. ഓരോ കാര്യവും അദ്ദേഹത്തിന്റെ രീതിയിൽ ചെയ്യുന്നത് കണ്ടിരിക്കാൻ രസമാണ്. ഒരു ഡയലോഗ് കിട്ടിയാൽ നമ്മൾ അത് പഠിച്ചു പറയും. പക്ഷേ അദ്ദേഹം അദേഹത്തിന്റെ രീതിയിൽ ഡയലോഗ് പറഞ്ഞാലും അത് കഴിഞ്ഞിട്ട് അദ്ദേഹത്തിൽനിന്ന് വരുന്ന വളരെ നേരിയ ചലനങ്ങൾ പോലും ശ്രദ്ധിച്ച് വേണം തിരിച്ചു റെസ്പോൺസ് കൊടുക്കാൻ.

gopika-ramesh-hot

ഡയലോഗ് വെറുതെ പറയുക മാത്രമല്ല ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന സമയം മുഴുവൻ നമ്മൾ ആ കഥാപാത്രമായിരിക്കണം, ഇംപ്രവൈസ് ചെയ്യണം, ഓരോ ചലനത്തിലും കഥാപാത്രത്തിന്റെ സ്വഭാവം പ്രകടമാകണം അങ്ങനെ ഒരുപാട് പുതിയ പാഠങ്ങൾ അദ്ദേഹത്തിൽനിന്നു പഠിക്കാൻ കഴിഞ്ഞു. ഞാൻ ആയിരുന്നു സെറ്റിൽ ഏറ്റവും ചെറുത്. അദ്ദേഹം വരുമ്പോഴെല്ലാം എനിക്ക് ചോക്ളേറ്റ് കൊണ്ടുത്തരും. വളരെ വാത്സല്യത്തോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സെറ്റിൽ ഉള്ളവരെല്ലാം അങ്ങനെ ആയിരുന്നു. ഒരു തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ പ്രോജക്റ്റ് ആയിരുന്നു സുഴൽ.

gopika-ramesh-4

അഭിനയത്തിൽ സജീവമാകണം

പഠനം പൂർത്തിയായി. ഇനി സിനിമയിൽ സജീവമാകണം എന്നാണ് ആഗ്രഹം. ബാച്ചിലർ ഓഫ് ഡിസൈൻ പഠിച്ചത് സിനിമയിലും എന്നെ സഹായിക്കും എന്നാണു കരുതുന്നത്. ചില സിനിമകളുടെ കരാർ ഒപ്പുവച്ചുകഴിഞ്ഞു. ഒന്നും ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതുകൊണ്ട് ഇപ്പോൾ പറയാൻ കഴിയില്ല. അഭിനയിക്കാൻ എനിക്ക് ഇഷ്ടമാണ്. നല്ല പ്രോജക്ടുകൾ വന്നാൽ ഉറപ്പായും ചെയ്യും. നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു. ഗോപിക രമേശ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ സ്ഥിരമായി വിഡിയോ ചെയ്യാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com