ADVERTISEMENT

ഇഴഞ്ഞുവരുന്ന അട്ടയെ കയ്യിലെടുത്ത് അമർത്തിക്കൊന്ന് സൈക്കോ ആവുന്ന ഹരി. ‘അറ്റൻഷൻ പ്ലീസ്’ എന്ന ചിത്രം കാണുന്നവർ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത രംഗം. അത് ചെയ്തതാവട്ടെ കുറച്ചുകാലമായി കലാ, സിനിമ രംഗത്ത് സജീവമാകുന്ന വിഷ്ണു ഗോവിന്ദ് എന്ന എൻജിനീയറും. പഠനം കഴിഞ്ഞ് കുറച്ചു കാലം സിനിമയിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന വിഷ്ണു പുണ്യാളൻ അഗർബത്തീസ്, ഗൂഢാലോചന തുടങ്ങിയ ചിത്രങ്ങളിലെ ഹ്യൂമർ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരമാണ്. അറ്റൻഷൻ പ്ലീസിലെ ഹരി എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങളുമായി വിഷ്ണു മനോരമ ഓൺലൈനിൽ....

അറ്റൻഷൻ പ്ലീസിലേക്ക്?

‘അറ്റൻഷൻ പ്ലീസ്’ യൂട്യൂബിൽ റിലീസ് ചെയ്യാനുള്ള ഒരു ഹ്രസ്വചിത്രമായി ഒരുക്കാൻ തുടങ്ങിയ പ്രോജക്ട് ആണ്. സംവിധായകൻ ജിതിൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കൊപ്പം പ്ലാൻ ചെയ്ത ഒരു കുഞ്ഞു ചിത്രം. പിന്നീട് ഒരു പ്രൊഡ്യൂസർ വന്നപ്പോൾ അവർ ഒരു ഓഡിഷൻ നടത്തി. അവിടെ ഹരി എന്ന ക്യാരക്ടർ ചെയ്യാൻ പറ്റുന്ന ഒരാളെയും അവർക്കു കിട്ടിയില്ല. കാരണം ഹരി എന്ന ക്യാരക്ടർ അൽപം ഹെവിയാണ് എന്നതു തന്നെ. പിന്നീട് അത് ചെയ്യുന്നതിനായി ജിതിൻ ഒന്നുരണ്ടു പേരോട് കഥ പറഞ്ഞെങ്കിലും അതും നടന്നില്ല. അങ്ങനെയാണ് ഈ സ്ക്രിപ്റ്റുമായി എന്നെ സമീപിക്കുന്നത്.

vishnu-3

കണ്ടന്റിന് പ്രാധാന്യമുളള പടങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഫിലിം ഫെസ്റ്റിവലുകൾക്ക് സ്ഥിരമായി കണ്ടന്റ് ഡ്രിവൺ ചിത്രങ്ങൾ കാണാറുള്ളതുകൊണ്ട് എനിക്ക് പ്രോജക്ട് കേട്ടപ്പോൾത്തന്നെ ഇഷ്ടമായി. ഞാനതുവരെ കോമഡി വേഷങ്ങളാണ് ചെയ്തിരുന്നത്. ഇത്തരം ഇൻഡിപെൻഡൻസ് സബ്ജക്ടുകളും എനിക്ക് വളരെയധികം ഇഷ്ടമാണ്. ജിതിൻ സംവിധാനം ചെയ്ത 30 സെക്കൻഡ് മാത്രമുള്ള ‘ദേവിക’ എന്ന ഹ്രസ്വചിത്രം ഞാൻ കണ്ടിരുന്നു. എനിക്കത് വലിയ ഇഷ്ടമാവുകയും ചെയ്തിരുന്നു. അതിന്റെ സംവിധായകനാണ് ഇത് ചെയ്യുന്നത് എന്ന് അറിഞ്ഞപ്പോൾ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നതുമില്ല. ആദ്യ ഡ്രാഫ്റ്റ് വായിച്ചപ്പോൾത്തന്നെ ഞാൻ എക്സൈറ്റഡായി.

ഹരി എന്ന ക്യാരക്ടറിലേക്ക്?

ജിതിന്റെ ജീവിതത്തിലെ ഏടുകളിൽനിന്ന് ഒരുക്കിയ ഒരു ചിത്രമാണിത്. അതുകൊണ്ടുതന്നെ ജിതിൻ അദ്ദേഹത്തിനു വേണ്ട കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു. നാടകത്തിന്റെ പിൻബലം ഉള്ളതുകൊണ്ട് എനിക്കത് കൃത്യമായി മനസ്സിലാവുകയും ചെയ്തു. അതുകൊണ്ടുതന്നെ ക്യാരക്ടറിലേക്ക് എത്തുകയെന്നത് വളരെ എളുപ്പമായിരുന്നു. പിന്നെ നമുക്കൊപ്പം നിൽക്കുന്ന ആർട്ടിസ്റ്റും അതേപോലെ സഹകരിച്ചാൽ മാത്രമേ ആ ക്യാരക്ടറിന് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ആനന്ദ്, ശ്രീജിത്ത് തുടങ്ങിയവരെ ഫിലിം ഫെസ്റ്റിവലികളിൽ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുള്ളതുകൊണ്ടുതന്നെ ആ ഫ്രണ്ട്ഷിപ്പ് സീക്വൻസും വളരെപ്പെട്ടെന്ന് വർക്ക് ഔട്ട് ആയി.

സൈക്കോ ആയപ്പോൾ?

പല ലെയറുകളായാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഹരി തുടക്കത്തിൽ വളരെ സൈലന്റ് ആയ ഒരു മനുഷ്യനാണ്. മുന്നോട്ടു പോകുമ്പോഴാണ് സൈക്കോ ആവുന്നത്. ആ സീനുകൾ ചിത്രീകരിക്കുമ്പോൾ എന്റെ എതിരെ നിൽക്കുന്ന ആളുടെ റിയാക്‌ഷൻ തരാൻ ബാക്കിയുള്ളവരും ശ്രദ്ധിച്ചിരുന്നു. കൂടാതെ ഞാനും അവർ അഭിനയിക്കുമ്പോൾ അവർക്ക് വേണ്ട റിയാക്‌ഷൻസ് കൊടുത്തിരുന്നു. വീണ്ടും വീണ്ടും ചെയ്തു തന്നെ ആ സീനുകൾ എല്ലാം ഏതാണ്ട് പഠിച്ചത് ചെയ്യുന്ന ഒരു അവസ്ഥയിലാണ് ഷൂട്ടിങ് മുഴുവനും നടന്നത് എന്നു പറയാം. അതാണ് ആ സീനുകൾ നന്നായി വരാൻ കാരണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സഹാനുഭൂതി തോന്നിപ്പിക്കുന്ന രംഗം ചിത്രീകരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഷൂട്ടിങ്ങിനിടയിൽ എനിക്ക് അങ്ങനെയ1ന്നും തോന്നിയില്ലെങ്കിലും ചിത്രീകരണം പൂർത്തിയായി സിനിമ ഇറങ്ങിയപ്പോൾ അത് എനിക്കും കാണാൻ സാധിച്ചു. ഒപ്പം കണ്ട ഒരുപാട് പേര്‍ അതിനെപ്പറ്റി പറയുകയും ചെയ്തു അതിൽ ഒരുപാട് സന്തോഷമുണ്ട്.

vishnu-32

അട്ടയുടെ രംഗങ്ങൾ?

അട്ട ശരിക്കും ഒരു കോ ആർട്ടിസ്റ്റ് തന്നെയായിരുന്നു എന്നു പറയാം. പക്ഷേ അട്ട അഭിനയിക്കുന്നതിനു പകരം ജീവിക്കുകയായിരുന്നു. ഞങ്ങളുടെ ക്യാമറാമാൻ അട്ടയെ അത് അഭിനയിക്കേണ്ട സ്ഥലത്ത് കൊണ്ടു വയ്ക്കുകയും അത് നോർമലി ഇഴഞ്ഞു പോവുകയും ചെയ്തിരുന്നു. അത് അദ്ദേഹം പകർത്തി. പിന്നീട് ചിത്രത്തിൽ ആവശ്യമുള്ള ഇടങ്ങളിൽ അവ കൂട്ടിച്ചേർക്കുകയായിരുന്നു. അത് നല്ല സപ്പോർട്ട് ആയിരുന്നു എന്ന് പറയാം. അട്ട ചതഞ്ഞ് അരയുന്ന ഒരു സീൻ ഉണ്ട്. എന്നാൽ നമുക്കൊപ്പം അത്രയും ദിവസം നിന്ന ഒരു അട്ടയെ കൊല്ലാൻ തോന്നിയില്ല. അത് പ്ലാൻ ചെയ്യുന്നതിനിടയിലുള്ള ഒരു ഷൂട്ടിങ് ദിവസം ഒരു അട്ട ചത്തു കിടക്കുന്നത് കാണുകയും അതിനെ ഉപയോഗിച്ച് ആ ഭാഗം ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരു ജീവിയെയും ഉപദ്രവിച്ചിട്ടില്ല എന്ന് ഞങ്ങൾക്ക് ഉറപ്പിച്ച് പറയാനും കഴിഞ്ഞു. അത് രസകരമായ ഒരു അനുഭവമായിരുന്നു.

ഷൂട്ടിങ് വിശേഷങ്ങൾ?

ലീനിയർ രീതിയിലാണ് ഈ സിനിമ ചിത്രീകരിച്ചത്. അതായത് പടം പോകുന്ന അതേ രീതിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. (സാധാരണ സിനിമകൾ ചിത്രീകരിക്കുമ്പോൾ അതിന്റെ സീൻ ഓർഡറുകൾ വ്യത്യസ്തമായിരിക്കും). സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുന്നതു വരെ ഞാൻ ഉൾപ്പെടെയുള്ള ടീമംഗങ്ങൾ അവിടെത്തന്നെയാണ് താമസിച്ചതും ആഹാരം ഉണ്ടാക്കി കഴിച്ചിരുന്നതും. വളരെ മിനിമം ചെലവിലാണ് ഈ സിനിമ ചിത്രീകരിച്ചത്. വെറും പത്തു ദിവസം മാത്രമാണ് ഷൂട്ടിങ് ഉണ്ടായിരുന്നത്. എന്നാൽ അതിനുവേണ്ടി എകദേശം ഒരു മാസം നീളുന്ന ആക്ടിങ് വർക്ക്ഷോപ്പ് നടത്തി. ബജറ്റ് കുറവായതുകൊണ്ട് റീടേക്കുകൾ പരമാവധി കുറയ്ക്കുക എന്നാണ് ഞങ്ങൾ ആ വർക്ക്ഷോപ്പിലൂടെ ചിന്തിച്ചത്. കോസ്റ്റ് കുറയ്ക്കാൻ അത് ഒരു പരിധി വരെ സഹായിക്കുകയും ചെയ്തു. സിനിമയുടെ ആദ്യന്തം എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ തന്നെയാണ് ഉണ്ടായിരുന്നതും. അതുകൊണ്ടുതന്നെ ഇത് പൂർണമായും ഒരു ഇൻഡിപെന്റന്റ് ചിത്രമാണ് എന്നു പറയാം.

voshnu

ഒടിടിയിൽ ചിത്രം ഹിറ്റാണ്?

ഒടിടിക്ക് വേണ്ടി ചിത്രീകരിച്ച ചിത്രമാണിത്. അവരുടെ പുതിയ നിയമപ്രകാരമാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്. അതുകൊണ്ടുതന്നെ ഒടിടിയിൽ ഹിറ്റാകുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. അറ്റൻഷൻ പ്ലീസ് ഒടിടിയിൽ ഇറങ്ങിക്കഴിഞ്ഞ് ഒരുപാട് പേര് വിളിച്ചിരുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്. കോളജിൽ നിന്നുള്ളവർ വിളിച്ചപ്പോൾ പഴയ ചില ഓർമകൾ കൂടി അവർ പങ്കുവച്ചു. അതിൽ തമിഴ്നാട്ടിൽനിന്നു വന്ന ഒരു സഹോദരനെ ഞങ്ങൾ ഇടയ്ക്കിടയ്ക്ക് തമാശ പറഞ്ഞു കളിയാക്കിയിരുന്നു. ഒരിക്കലും അയാളെ ഞങ്ങൾ ഒറ്റപ്പെടുത്തിയില്ല, പക്ഷേ അത് അയാൾക്ക് എത്രമാത്രം വേദനയുണ്ടാക്കിയിട്ടുണ്ടാവും എന്ന് ഇപ്പോൾ ചിന്തിക്കുന്നു. അതേപോലെ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണമെന്ന് ചിത്രം പറയുന്നുണ്ട്. പിന്നെ ഒരു സിനിമയും ആരെയും നന്നാക്കുന്നില്ല എന്നുമറിയാം. നമ്മൾ ഇതുവരെ ചെയ്തുകൊണ്ടിരുന്നതിൽ തെറ്റുണ്ടാവാം. അത് ഇനി ആവർത്തിക്കരുത് എന്ന മെസേജാണ് ഈ സിനിമ നൽകുന്നത്. പഠിക്കുക, മറക്കുക, വീണ്ടും പഠിക്കുക എന്ന ഒരു പ്രക്രിയ ഉണ്ടല്ലോ അത് ജീവിതത്തിൽ പ്രാവർത്തികമാക്കണം എന്ന മെസേജ് കൂടി ചിത്രം പങ്കുവെക്കുന്നു.

ഒരു കലാകാരൻ എന്ന നിലയിൽ ചിത്രത്തിൽ പറയുന്ന വിവേചനം എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടോ?

വിവേചനങ്ങളും മാറ്റിനിർത്തലുകളും നേരിട്ട് ഇല്ലെങ്കിലും ഇത്തരം ചോദ്യങ്ങൾ നിരവധി ഇടങ്ങളിൽനിന്നു നേരിട്ടിട്ടുണ്ട്. പ്രത്യേകിച്ചു ചിത്രം ഇറങ്ങിയതിനു ശേഷം. വേണമെങ്കിൽ അത്തരം വിവേചനം അനുഭവിച്ചിട്ടുള്ള ഒരാളാണ് എന്ന് എനിക്ക് പറയാൻ കഴിയും. അത് സത്യമാണോ അല്ലയോ എന്ന് ഇനി മെനക്കെട്ട് തിരക്കാനും സാധ്യതയില്ല. അതാണ് എന്നെക്കൊണ്ട് ഹരിയായി നന്നായി തിളങ്ങാൻ സാധിച്ചത് എന്നും വേണമെങ്കിൽ പറയാം. പക്ഷേ സത്യത്തിൽ എനിക്ക് ഇതുവരെ അത്തരം അവഗണന നേരിടേണ്ടി വന്നിട്ടില്ല. എനിക്ക് ഭാഗ്യമുള്ളതുകൊണ്ടാവാം അങ്ങനെ സംഭവിച്ചത് എന്നാണ് ഞാൻ കരുതുന്നത്. എനിക്ക് അങ്ങനെ സംഭവിച്ചിട്ടില്ല എന്നതുകൊണ്ട് മറ്റൊരാൾക്ക് സംഭവിച്ചിട്ടേയില്ല എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. അത്തരം മാറ്റിനിർത്തലുകളും അവഗണനകളും നേരിട്ട പലരെയും എനിക്ക് അറിയാം. കുസാറ്റിലാണ് ഞാൻ എൻജിനീയറിങ് ചെയ്തത്. പിന്നെ ചെറുപ്പം മുതലേ നാടകത്തിലും മറ്റു കലാപരിപാടികളിലും ഒക്കെ പങ്കെടുത്തിരുന്നതുകൊണ്ടുതന്നെ എന്നെ മാറ്റി നിർത്താൻ ആർക്കും സാധിക്കുകയുമില്ലായിരുന്നു. തുടക്കം മുതൽ അത്യാവശ്യം ചിലതിനൊക്കെ ഞാൻ തിരിച്ചു പറയുകയും ചെയ്തിട്ടുണ്ട്. അതുതന്നെയാണ് ഹരി. ഹരി മിണ്ടാതിരുന്നപ്പോഴാണ് എല്ലാവരും അവനെ കയറി അറ്റാക്ക് ചെയ്തത്. അയാൾ പ്രതികരിച്ചു തുടങ്ങിയപ്പോൾ എല്ലാവരും മിണ്ടാതെയായതും.

പത്തൊമ്പതാം നൂറ്റാണ്ടിൽ?

വിനയൻ സാറിന്റെ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഞാനൊരു വേഷം ചെയ്തിരുന്നു. അത് എനിക്കൊരു ബ്രേക്ക് തന്ന ചിത്രമാണ്. അദ്ദേഹത്തോട് എനിക്ക് വലിയ ആരാധനയാണ്. അദ്ദേഹത്തിന്റെ ഒരു തിരിച്ചുവരവ് അറിയിക്കുന്ന ഒരു വലിയ ചിത്രം വരുമ്പോൾ അതിൽ എനിക്ക് നല്ലൊരു വേഷം അദ്ദേഹം തന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ചിത്രം ഇപ്പോൾ വലിയ വിജയം നേടുകയാണ്. അതിലും ഒരുപാട് സന്തോഷമുണ്ട്.

പുതിയ ചിത്രങ്ങൾ?

സെക്കൻഡ് ലോക്ഡൗൺ കഴിഞ്ഞതിനു ശേഷം സിനിമയുടെ രൂപം തന്നെ മാറിപ്പോയി എന്നു പറയാം. ചെറിയ ക്രൂ ഉള്ള ചിത്രങ്ങളുടെ എണ്ണം വളരെ കൂടി. ഒപ്പം ത്രില്ലർ ചിത്രങ്ങളും. ഒരു കോമഡി ആർട്ടിസ്റ്റ് ആണ് ഞാൻ. എന്നെപ്പോലെ ഒരാൾക്ക് അതുകൊണ്ടുതന്നെ അവസരങ്ങളും കുറഞ്ഞു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ ആണ് അവസാനം റിലീസ് ചെയ്ത എന്റെ ചിത്രം. പിന്നെ ജിതിൻ തന്നെ ചെയ്യുന്ന രേഖ എന്ന ചിത്രത്തിൽ ഒരു കാമിയോ റോൾ ചെയ്തു. ഒന്ന് രണ്ട് ചിത്രങ്ങളുടെ ചര്‍ച്ചകളും നടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com