ADVERTISEMENT

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ചതുരം’ എന്ന ഇറോട്ടിക് ത്രില്ലർ ചിലരുടെ ചതുരംഗം കളിയിൽ ജീവിതം നഷ്ടപ്പെടുന്ന മനുഷ്യരുടെ കഥയാണ്. ചിത്രത്തിൽ സെലേന എന്ന നായികാവേഷം സ്വാസിക മനോഹരമാക്കി. അധികമാരും ഏറ്റെടുക്കാത്ത കഥാപാത്രത്തെ അതിഗംഭീരമാക്കാൻ സ്വാസികയ്ക്കു കഴിഞ്ഞു. വളരെ സങ്കീർണമായ, നടപ്പിലും ഇരുപ്പിലും പ്രത്യേക താളമുള്ള സെലേന ആകാൻ അത്ര എളുപ്പമായിരുന്നില്ലെന്ന് സ്വാസിക പറയുന്നു. ഇറോട്ടിക് സീനുകൾ ചെയ്യുന്നതിനേക്കാൾ സെലേനയുടെ മാനറിസങ്ങൾ പകർത്താനായിരുന്നു ബുദ്ധിമുട്ട്. തിരക്കഥ വായിച്ചു മനസ്സിലാക്കി, സിദ്ധാർഥ് ഭരതൻ എന്ന സംവിധായകനിൽ വിശ്വാസമർപ്പിച്ചാണ് ചിത്രം ഏറ്റെടുത്തതെന്നും സ്വാസിക മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിദ്ധാർഥ് ഭരതൻ തന്ന ഉറപ്പ്

സംവിധായകൻ സിദ്ധാർഥ് ഭരതനാണ് ‘ചതുര’ത്തിൽ അഭിനയിക്കാൻ വിളിച്ചത്. സ്റ്റേറ്റ് അവാർഡ് പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമായിരുന്നു അത്. ആ സമയത്തുള്ള വാർത്തകൾ കണ്ടിട്ടാകാം എന്നെ വിളിക്കാമെന്ന് അദ്ദേഹത്തിനു തോന്നിയത്. ഞാൻ ചെന്നപ്പോൾ ഒരു സീൻ അഭിനയിച്ചു കാണിക്കാൻ തന്നു. ഞാൻ അത് ചെയ്തു. അവർ എന്നെ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തു. ഇറോട്ടിക് ടൈപ്പ് സിനിമയാണെന്നും ഇന്റിമേറ്റ് സീനുകൾ ഉണ്ടെന്നും പറഞ്ഞിരുന്നു. കഥ കേട്ടപ്പോൾ എന്നെക്കൊണ്ട് ഈ വേഷം ചെയ്തു ഫലിപ്പിക്കാൻ കഴിയുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. എന്റെ സംശയങ്ങൾ ഞാൻ സിദ്ധുവേട്ടനോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു: ‘‘കുഴപ്പമില്ല. ഒരു താരത്തെ എന്റെ കഥാപാത്രമാക്കി മാറ്റിയെടുക്കാൻ എനിക്ക് കഴിയുമെന്നൊരു ആത്മവിശ്വാസമുണ്ട്. സ്വാസിക തിരക്കഥ വായിച്ചു മനസ്സിലാക്കി വന്നാൽ മാത്രം മതി’’. അതു കേട്ടപ്പോൾ സമാധാനമായി. ഒരു സംവിധായകൻ തരുന്ന ഉറപ്പിൽ കൂടുതൽ എന്താണു വേണ്ടത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ആത്മവിശ്വാസം തോന്നി. സിദ്ധുവേട്ടന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളും സ്ത്രീകഥാപാത്രങ്ങളൊക്കെ എങ്ങനെയാണെന്ന് നമുക്ക് അറിയാമല്ലോ. അദ്ദേഹത്തിൽ വിശ്വസിച്ചാണ് ഈ സിനിമ ഏറ്റെടുത്തത്.

നല്ല കുട്ടി ഇമേജ് പോകുമെന്ന പേടിയില്ല

swasika-sidharth

ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഒരുപാട് ചർച്ച വരും, വിമർശനങ്ങൾ വരും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. അതെല്ലാം മുന്നിൽ കണ്ടുതന്നെയാണ് സിനിമ ഏറ്റെടുത്തത്. ഞാൻ അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടിട്ടാണ് എന്നെക്കുറിച്ചുള്ള ധാരണ ഓരോരുത്തരും ഉണ്ടാക്കിയിരിക്കുന്നത്. ഏതു കഥാപാത്രം ചെയ്താലും ആ കഥാപാത്രമായിട്ടായിരിക്കും പ്രേക്ഷകർ നമ്മെ കാണുന്നത്. എന്റെ സീത എന്ന കഥാപാത്രത്തെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അതാണ് എനിക്ക് അങ്ങനെയൊരു ഇമേജ് വന്നത്. ഇതെല്ലാം ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ മാത്രമാണ്. ‘ചതുര’ത്തിലെ കഥാപാത്രം കണ്ടിട്ട് എന്നെക്കുറിച്ചു മോശമായി ധരിക്കുന്നവരോട് ഒന്നും പറയാനില്ല. ഒരു കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന തരത്തിൽ അഭിനയിക്കാൻ എനിക്കു മടിയില്ല. സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ കഥാപാത്രത്തെക്കണ്ട് അതേ സ്വഭാവമാണ് ആര്‍ട്ടിസ്റ്റിനെന്നു തെറ്റിദ്ധരിക്കുമെന്നു തോന്നുന്നില്ല.

‘ചതുര’ത്തിലെ ഇന്റിമേറ്റ് സീനുകൾ

‘ചതുര’ത്തിലെ മറ്റു സീനുകൾ ചെയ്തതു പോലെ തന്നെയാണ് ഇന്റിമേറ്റ് സീനുകൾ ചെയ്‌തപ്പോഴും തോന്നിയത്. രണ്ടു വ്യക്തികൾ ഒരുമിച്ച് അഭിനയിക്കുന്നു, അതിലപ്പുറം ഒന്നുമില്ല. ഒരു ആർട്ടിസ്റ്റിന് പലതരം വേഷങ്ങൾ ചെയ്യേണ്ടി വരുമല്ലോ. ‘ചതുര’ത്തിലെ ഇന്റിമേറ്റ് സീനുകൾ ഒരുപാട് പ്ലാൻ ചെയ്തു റിഹേഴ്സൽ ചെയ്തു ചെയ്തതാണ്. ഈ സിനിമയുടെ മുഴുവൻ ക്രെഡിറ്റും അതിന്റെ സംവിധായകനാണ്. അദ്ദേഹം മനസ്സിൽ കണ്ട ചിത്രം ഞങ്ങൾ ചെയ്തു ഫലിപ്പിച്ചു. ഒരു സീൻ വൾഗർ ആകാതെ പ്രസന്റ് ചെയ്യാൻ സിദ്ധാർഥിന് നന്നായി അറിയാം. അദ്ദേഹമാണ് ഓരോ സീനും കൊറിയോഗ്രാഫി ചെയ്ത്. ഏതു ലൈറ്റ്, ഏതു പൊസിഷൻ, ഡയലോഗ് എല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്. ഞങ്ങൾ അവിടെ ഇരുന്നുകൊടുത്താൽ മാത്രം മതി. അലൻ ചേട്ടൻ ആയാലും റോഷൻ ആയാലും ഞാനുമായി സംസാരിച്ച്, നമുക്ക് കംഫര്‍ട്ടബിൾ ആയി എങ്ങനെ ഒരു സീൻ ചെയ്യാം എന്ന് തീരുമാനിച്ചാണ് ക്യാമറയ്ക്കു മുന്നിൽ എത്തുന്നത്. ഒരു ഫൈറ്റ് സീൻ, ഒരു മരണവീട്ടിലെ സീൻ, അല്ലെങ്കിൽ പാട്ടു രംഗങ്ങൾ ചെയ്യുന്നതുപോലെയാണ് ഇന്റിമേറ്റ് സീനുകളും ചെയ്യുന്നത്. സിനിമ കാണുമ്പോൾ പ്രേക്ഷകന് ഉണ്ടാകുന്ന മനോഭാവമല്ല അഭിനയിക്കുമ്പോൾ താരങ്ങൾക്ക് ഉണ്ടാകുന്നത്. റിഹേഴ്സൽ ചെയ്തും വീണ്ടും വീണ്ടും ടേക്ക് എടുത്തുമാണ് ഒരു രംഗം പൂർത്തിയാക്കുന്നത്. ഇന്റിമേറ്റ് സീനുകളെക്കാൾ എനിക്കു ചാലഞ്ചിങ് ആയി തോന്നിയത് സെലേന എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ കൊണ്ടുവരാൻ ആയിരുന്നു. ഗ്രേസ്ഫുൾ ആയ, വാക്കിലും നോക്കിലും ഇരിപ്പിലും നടപ്പിലും ചിരിയിലും എല്ലാം മനോഹാരിതയുള്ള ഒരു കഥാപാത്രമായിട്ടാണ് സെലേനയെ സിദ്ധുവേട്ടൻ സൃഷ്ടിച്ചത്. സെലേന ആയി മാറാൻ സ്വാസിക എന്ന വ്യക്തിയെ പൂർണമായും മറക്കേണ്ടി വന്നു. ഇത്തരമൊരു കഥാപാത്രം ആദ്യമായിട്ടാണ്. അത് നല്ല ചാലഞ്ച് ആയിരുന്നു.

കോവിഡ് കാലത്തെ ഷൂട്ടിങ് അനുഭവങ്ങൾ

കോവിഡ് കാലത്തായിരുന്നു ‘ചതുര’ത്തിന്റെ ഷൂട്ടിങ്. ഒരു ഹോട്ടലിൽ ആയിരുന്നു എല്ലാവരും താമസം. മറ്റെങ്ങും പോകാൻ പറ്റില്ല. അലൻസിയർ ചേട്ടനും റോഷനും ഞാനുമൊക്കെ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ ക്യാമറയ്ക്കു മുന്നിൽ എത്തുന്നതുവരെ തമാശ പറഞ്ഞ് ചിരിച്ചു സംസാരിച്ച് ഇരിക്കും. ചെറിയ ക്രൂ ആയിരുന്നു ഉണ്ടായിരുന്നത്. ഫ്രീ ടൈം കിട്ടുമ്പോൾ ഒരുമിച്ചിരുന്നു സിനിമ കാണും, ഹോട്ടലിലെ കിച്ചണിൽ ഞങ്ങൾക്കുള്ള ആഹാരം ഉണ്ടാക്കും. അങ്ങനെ വളരെ രസകരമായിട്ടായിരുന്നു ഞങ്ങൾ ഈ ചിത്രം പൂർത്തിയാക്കിയത്. അലൻ ചേട്ടൻ നന്നായി കുക്ക് ചെയ്യും. എന്റെ അമ്മ ഇടക്കിടയ്ക്ക് എല്ലാവര്‍ക്കും ഭക്ഷണമുണ്ടാക്കിക്കൊടുക്കുമായിരുന്നു.

അത് എന്റെ കാൽ തന്നെ

swasika-21

ചിത്രത്തിൽ അഭിനയിച്ചത് ഞാൻ തന്നെയാണ്, ഡ്യൂപ് ഒന്നുമില്ല. എല്ലാ സീനുകളും ഒറിജിനൽ ആണ്. ഡ്യൂപ് ആണ് അഭിനയിച്ചതെന്ന് ചില കമന്റുകൾ കണ്ടു. ഞാൻ ഇതിനു മുൻപ് എന്റെ ശരീരഭാഗങ്ങൾ അങ്ങനെ കാണിച്ചുള്ള വസ്ത്രം ധരിച്ചിട്ടില്ല. അതുകൊണ്ട് എന്റെ ശരീരം എങ്ങനെയാണെന്ന് ആളുകൾക്ക് അറിയില്ല. കാണിച്ചത് എന്റെ കാലുകൾ തന്നെയാണ്. എന്റെ കാലുകൾ അത്യാവശ്യം ഭംഗിയുള്ളതാണ്. സെലേന എന്ന കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ട് അത് കഥാപാത്രത്തിന്റെ പൂർണതയ്ക്ക് അത്യാവശ്യമാണ്.

കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്നു

swasika-4

‘ചതുര’ത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾത്തന്നെ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെപ്പറ്റി വിമർശനങ്ങളും അഭിപ്രായങ്ങളും വന്നിരുന്നു. അത് ഒന്നുരണ്ടു സീനുകൾ മാത്രം കണ്ടു ജഡ്ജ് ചെയ്യുന്നതിന്റെ കുഴപ്പമാണ്. അത്തരമൊരു സീനിന്റെ ആവശ്യം എന്തായിരുന്നു എന്ന് സിനിമ കണ്ടാലല്ലേ അറിയൂ. ഒരുകാര്യം മുഴുവൻ കാണാനോ വായിക്കാനോ ക്ഷമയില്ലാതെ അല്പസ്വല്പം വെട്ടിയെടുത്ത് പ്രകോപനപരമായ തലക്കെട്ടിട്ട് പ്രചരിപ്പിക്കുന്ന ഓൺലൈൻ സൈറ്റുകൾ ഒരുപാടുണ്ട്. അത്തരക്കാരുടെ ഉദ്ദേശ്യം അവരുടെ പേജിന്റെ റീച്ച് മാത്രമാണ്. ചിത്രം ഇറങ്ങിക്കഴിഞ്ഞു കിട്ടുന്ന പ്രതികരണങ്ങൾ വളരെ നല്ലതാണ്. ചിത്രം കണ്ടിട്ട് ഞങ്ങളുടെ പെർഫോമൻസ് വിലയിരുത്തിയിട്ടാണ് പ്രതികരണങ്ങൾ വരുന്നത്. കാലോ കയ്യോ കാണുന്നതിനു പകരം സിനിമയുടെ മൊത്തത്തിലുള്ള വിലയിരുത്തൽ ആണ് ആളുകൾ ഇപ്പോൾ നടത്തുന്നത്. കുടുംബ പ്രേക്ഷകർ തിയറ്ററിൽ എത്തുന്നുണ്ട്. അത് ചിത്രത്തിന്റെ വിജയമായി കാണുന്നു.

‘ചതുര’ത്തിന്റെ ഭാഗമായതിൽ സന്തോഷം

swasika-3

ചിത്രം ഏറ്റെടുത്തപ്പോൾത്തന്നെ ഈ സിനിമ നന്നായി വരുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും എനിക്ക് അങ്ങനെ തന്നെയാണ് തോന്നിയത്. നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ‘ചതുര’ത്തിന്റെ കഥ ദഹിക്കില്ല. നെഗറ്റീവ് കമന്റ്സ് വരുമെന്ന് ഉത്തമബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അതെല്ലാം സ്വീകരിക്കാൻ മനസ്സ് പാകപ്പെടുത്തി വച്ചിരുന്നു. വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. ഒരുപാടു പേർ വിളിച്ച് അഭിനന്ദനം അറിയിക്കുന്നു. തിയറ്റർ വിസിറ്റിനു പോകുമ്പോഴും കിട്ടുന്നത് പോസിറ്റീവ് വൈബ് തന്നെയാണ്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

ശക്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു

സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഒന്നിലും അഭിനയിക്കുന്നില്ല. ‘ചതുര’ത്തിൽ അഭിനയിക്കുമ്പോൾ സീരിയലിലും അഭിനയിക്കുന്നുണ്ടായിരുന്നു. എങ്ങനെയൊക്കെയോ ഡേറ്റ് അഡ്ജസ്റ്റ് ചെയ്തു കൊടുക്കാൻ കഴിഞ്ഞു. ഞാൻ മുൻപും സിനിമയും സീരിയലും ഒരുമിച്ച് കൊണ്ടുപോയിരുന്നു. നല്ല കഥാപാത്രങ്ങളും കഥകളും കിട്ടിയാൽ ഇനിയും സിനിമയും സീരിയലും ഒരുപോലെ കൊണ്ടുപോകും. പുതിയ ചിത്രങ്ങൾ ഒന്നും ഏറ്റെടുത്തിട്ടില്ല. ചില പ്രോജക്ടുകളുടെ ചർച്ചകൾ നടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com