ADVERTISEMENT

ആവറേജ് അമ്പിളി എന്ന വെബ് സീരിസിലെ അമ്പിളിയെ ആരും മറക്കാനിടയില്ല. ജീവിതത്തിൽ എല്ലായിടത്തും തഴയപ്പെട്ട് ഒടുവിൽ പൊട്ടിത്തെറിക്കുന്ന അമ്പിളി എന്ന കഥാപാത്രമായെത്തിയ ആർഷ ചാന്ദിനി ബൈജു എന്ന താരം ഏവരെയും വിസ്മയിപ്പിച്ചിരുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ആർഷ മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിൽ മീനാക്ഷി എന്ന കഥാപാത്രമായെത്തി പ്രേക്ഷക പ്രശംസ നേടുകയാണ്. മുകുന്ദനുണ്ണി എന്ന വിനീത് ശ്രീനിവാസൻ കഥാപത്രത്തോടൊപ്പം തന്നെ സ്വാർഥയും ക്രൂരയുമായ കഥാപാത്രത്തെ ആർഷ ഉജ്വലമാക്കി. സിനിമയിലെ നായിക പോസിറ്റീവായിരിക്കണമെന്ന ക്ളീഷേകൾ തച്ചുടച്ചുകൊണ്ട് കടന്നുവന്ന മീനാക്ഷി എന്ന കഥാപാത്രം നായികാ സങ്കൽപ്പങ്ങൾക്ക് പുതിയ മാനം കുറിക്കുകയാണ്. ഏതു തരം വേഷങ്ങളും ചെയ്യാൻ പ്രാപ്തിയുള്ള കലാകാരിയായി വളരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ആർഷ ബൈജു പറയുന്നു. തന്റെ കഥാപാത്രം ശ്രദ്ധ നേടുന്നതിൽ സന്തോഷമുണ്ടെന്നും നർത്തകി ആയി അഭിനയിക്കാൻ ഏറെ ആഗ്രഹമുണ്ടെന്നും ആർഷ ബൈജു മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

മുകുന്ദനുണ്ണിയിലേക്ക്

 

മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ് എന്ന ചിത്രത്തിൽ എത്തിയത് ഓഡിഷൻ വഴിയാണ്. കരിക്കിന്റെ 'ആവറേജ് അമ്പിളി' എന്ന സീരീസിൽ അഭിനയിച്ചിരുന്നു. ആവറേജ് അമ്പിളി കണ്ടിട്ടാണ് സംവിധായകൻ അഭിനവ് സുന്ദർ നായിക് എന്നെ വിളിക്കുന്നത്. ഓഡിഷന് പോയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തിരക്കഥ വായിക്കാൻ തന്നു. തിരക്കഥ വായിച്ച ശേഷം അഭിനയിക്കാം എന്ന് സമ്മതം മൂളുകയായിരുന്നു. ഈ പ്രോജക്ടിനെക്കുറിച്ച് ഞാൻ നേരത്തെ കേട്ടിരുന്നു. 2021 ഒക്ടോബര് ആദ്യ ആഴ്ച വിനീതേട്ടന്റെ പിറന്നാളിനോടനുബന്ധിച്ച് ഈ സിനിമയുടെ അന്നൗൻസ്മെന്റ് വന്നിരുന്നു. വിനീത് ശ്രീനിവാസൻ തടങ്കലിൽ എന്നൊരു പോസ്റ്റ് വൈറൽ അന്ന് ആയിരുന്നു. ആ പോസ്റ്റ് തന്നെ ഭയങ്കര രസമായിരുന്നു.  വിനീതേട്ടനോടൊപ്പം അഭിനയിക്കുന്നത് ഒരു തുടക്കക്കാരിയായ എനിക്ക് കിട്ടാവുന്നതിൽ നല്ല അവസരമായിരിക്കും എന്ന് തോന്നി, അത് അങ്ങനെ തന്നെ ആയിരുന്നു അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ കഴിഞ്ഞു. ഈ സിനിമയിലെ തന്നെ വളരെ രസകരമായ കഥാപത്രങ്ങളിലൊന്നാണ് മീനാക്ഷി. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ ത്രില്ലിൽ ആയിരുന്നു. എനിക്ക് ഈ കഥാപാത്രം ചെയ്യാൻ ഭയങ്കര ഇഷ്ടമായിരുന്നു. നെഗറ്റീവ് ഷെയ്ഡ് ഉള്ളതായാലും കുഴപ്പമില്ല, നന്നായി പെർഫോം ചെയ്യാൻ പറ്റുന്ന എല്ലാത്തരം കഥാപാത്രവും ചെയ്യാൻ താല്പര്യമാണ്.   

aarsha

 

വിനീത് ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂടും കൂൾ, കൂൾ  

aarsha-3

 

മുകുന്ദനുണ്ണിയിൽ എനിക്ക് കൂടുതൽ സമയം അഭിനയിക്കാൻ ഉള്ളത് വിനീതേട്ടനോടൊപ്പമാണ്. ആദ്യം കാണുമ്പോൾ തന്നെ നേരത്തെ പരിചയമുള്ള ഒരാളോടെന്ന രീതിയിൽ ആണ് അദ്ദേഹം സംസാരിക്കുന്നത്. എല്ലാവരോടും നന്നായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. നല്ല പോസിറ്റീവ് വൈബ് ആണ് അദ്ദേഹത്തിൽ നിന്ന് കിട്ടുന്നത്. ഒരു സീനിയർ താരമാണല്ലോ എന്ന ഒരു പേടിയോടെ അല്ല അദ്ദേഹത്തോട് ഇടപഴകിയത്, ഞാൻ വളരെ കംഫർട്ടബിൾ ആയിരുന്നു. ആദ്യം മുതൽ തന്നെ ചെറിയ സജഷൻസ് ഒക്കെ അദ്ദേഹം പറഞ്ഞു തരുമായിരുന്നു. സുരാജ് ചേട്ടനൊപ്പം ഒരു സീനിൽ മാത്രമേ ഞാൻ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹവും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. സെറ്റിൽ ഇവർ രണ്ടുമുണ്ടെങ്കിൽ നല്ല രസമാണ്. അവർ അവരുടെ പഴയ കഥകളൊക്കെ പറഞ്ഞുകൊണ്ടിരിക്കും. അതൊക്കെ കേൾക്കുന്നത് പുതിയ അനുഭവമാണ്. വിനീത് ശ്രീനിവാസന്റെ നേരെ വിപരീതമാണ് മുകുന്ദനുണ്ണി. സെറ്റിൽ വളരെ ജോളിയായി ഇരിക്കുന്ന ആൾ ആക്‌ഷൻ പറഞ്ഞാൽ സൈക്കോ ആയി മാറും. അതൊക്കെ കണ്ടുപഠിക്കേണ്ടതാണ്. സുരാജ് ഏട്ടൻ ആണെങ്കിലും കൂൾ ആയി ഇരുന്നിട്ട് പെട്ടെന്ന് കഥാപാത്രത്തിലേക്ക് മാറുന്ന ആളാണ്.

aarsha-baiju-32

 

ആർഷ, വക്കീലിനെ സ്വീകരിക്കുമോ ഡോക്ടറെ സ്വീകരിക്കുമോ

 

രണ്ടിലൊരാളെ തിരഞ്ഞെടുക്കാൻ പറയുന്നത് ആർഷയോടാണ് എങ്കിൽ ഉറപ്പായും വിത്സൺ ഡോക്ടറെ സ്വീകരിക്കും. ചിത്രത്തിലെ വിത്സൺ ഡോക്ടർ ആണ് നല്ലൊരു വ്യക്തിയായി ഞാൻ കാണുന്നത്. മുകുന്ദനുണ്ണി എന്നയാൾ എന്നെ സംബന്ധിച്ച് നെഗറ്റീവ് ആയ ആളാണ്. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരാളെ ഞാൻ സ്വീകരിക്കില്ല. പക്ഷേ എന്റെ കഥാപാത്രം മീനാക്ഷി വളരെ പ്രാക്ടിക്കൽ ആയ ഒരാളാണ്. അവർ വളരെ ബുദ്ധിമതിയാണ്. ജോലി ചെയ്യാൻ താല്പര്യമില്ല, ട്രിപ്പിന് പോകാനും ഫുഡ് കഴിക്കാനും വെറുതെ കറങ്ങി നടക്കാനുമാണ് ഇഷ്ടം. അവൾക്ക് ജീവിതം ഈസി ആയി കൊണ്ട് പോകാൻ പറ്റണമെങ്കിൽ വളരെ അത്യാഗ്രഹം ഉള്ള ഭർത്താവ് വേണം. മുകുന്ദനുണ്ണിയെ പരിചയപ്പെടുമ്പോൾ തന്നെ അയാൾ അത്യാഗ്രഹിയായ ഒരു മനുഷ്യനാണെന്ന് അവൾ മനസിലാക്കുന്നു. അയാൾ എല്ലാം വെട്ടിപ്പിടിക്കുമെന്നും അയാളോടൊപ്പമുള്ള ജീവിതം തന്നെ ജീവിതത്തിൽ സേഫ് ആകുമെന്നും മനസ്സിലാക്കി ബുദ്ധിപരമായി അവൾ അയാളോടൊപ്പം ചേരുന്നു. ആർഷ ആണെങ്കിൽ അങ്ങനെ ഒരിക്കലും ചെയ്യില്ല. ഒരു ഫ്രണ്ട് ആയിട്ടാണെങ്കിൽ പോലും വിൽസൺ ഡോക്ടറെ മാത്രമേ തിരഞ്ഞെടുക്കൂ. 

 

പതിനെട്ടാം പടി ചവിട്ടി കയറി സിനിമയിലെത്തി  

 

ഒരു മൂന്നുനാല് വയസ്സ് മുതൽ ഞാൻ ക്ലാസ്സിക്കൽ ഡാൻസും മ്യൂസിക്കും പഠിക്കുന്നുണ്ട്.  ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ തന്നെ സ്കൂളിൽ എല്ലാ പരിപാടിയിലും ഞാനുണ്ട്. പഠിക്കുന്ന കാലത്തും താല്പര്യം കലയോടായിരുന്നു. ചെറുപ്പത്തിൽ ഡോക്ടർ ആകണം എന്നൊക്കെ വിചാരിക്കുമായിരുന്നെങ്കിലും ഹൈ സ്കൂൾ മുതൽ ഒരു ഡാൻസർ ആകണം എന്നായിരുന്നു ആഗ്രഹം. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയിക്കണം എന്ന മോഹം മനസ്സിലുദിച്ചത്. പിന്നീടിന്നുവരെ ഒരു നല്ല നടി ആകണം എന്നാണ് ആഗ്രഹം.  കാസ്റ്റിങ് കോളുകൾ കാണുമ്പോൾ ഞാൻ അയയ്ക്കാറുണ്ടായിരുന്നു.  പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു നിൽക്കുമ്പോഴാണ് പതിനെട്ടാം പടി എന്ന സിനിമയുടെ കാസ്റ്റിങ് കോൾ അറ്റൻഡ് ചെയ്തത്, അതിൽ സെലക്ട് ചെയ്യപ്പെട്ടു.  ആദ്യം ഞാൻ അഭിനയിക്കുന്നത് പതിനെട്ടാം പടിയിൽ ആണ്. ആ സമയത്ത് തന്നെ ഒരു കുടുംബ സുഹൃത്ത് ചെയ്ത 'മീനാക്ഷി' എന്നൊരു സംഗീത ആൽബത്തിൽ അഭിനയിച്ചു. പിന്നീട് കുർബാനി എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ അത് ഇതുവരെ റിലീസ് ആയിട്ടില്ല. അതിനു ശേഷമാണു ആവറേജ് അമ്പിളി ചെയ്തത്. കാന്താരയിൽ അഭിനയിച്ച കിഷോർ കുമാർ ഹൂഗ്ലിയോടൊപ്പം ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു.     

 

aarsha-baiju-3

ആദ്യമായി നായികയായ സിനിമ വിജയിച്ചതിൽ സന്തോഷമുണ്ട് 

 

ഞാൻ പതിനെട്ടാം പടിയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിൽ സ്ക്രീൻ ടൈം കുറച്ചു മാത്രമേ ഉള്ളൂ. മുകുന്ദനുണ്ണിയിൽ ആണ് ഒരു മുഴുനീള നായികാ കഥാപാത്രം അവതരിപ്പിച്ചത്, കാരക്ടർ ഗ്രാഫ് ഒക്കെ ഉള്ള കഥാപാത്രം ഇതാണ്. ആദ്യമായി നായിക ആയി അഭിനയിച്ച ചിത്രം ഹിറ്റ് ആയത് വലിയ സന്തോഷമാണ്. എന്റെ അടുത്ത സുഹൃത്തുക്കളും കുടുംബത്തിൽ ഉള്ളവരും സിനിമ കണ്ടിട്ട് നല്ല അഭിപ്രായം ആണ് പറഞ്ഞത്. ഞാനും എന്റെ കുടുംബവും ആദ്യ ഷോ തന്നെ ഒരുമിച്ച് പോയി കണ്ടു. എല്ലാവരും നല്ല റിവ്യൂ ആണ് തരുന്നത്.    

 

aarsha-baiju-33

അഭിനവ് സുന്ദർ നായിക്; ആർട്ടിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്ന സംവിധായകൻ 

 

അഭിനവ് സുന്ദർ നായിക് എന്ന സംവിധായകനെപ്പറ്റി പരാമർശിക്കാതെ പോകാൻ കഴിയില്ല. ഞാൻ ഒരുപാട് നന്ദിയോടെ ഓർക്കുന്ന ആളാണ് അദ്ദേഹം. അഭിനവേട്ടന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ ആർട്ടിസ്റ്റുകളെ ഒരുപാട് പിന്തുണയ്ക്കുകയും കോമ്പ്ലിമെൻറ് ചെയ്യുകയും ചെയ്യും എന്നുള്ളതാണ്. ഒരു ആർടിസ്റ്റിനെ സംബന്ധിച്ച് അവർ ചെയ്യുന്നത് നന്നായോ എന്നൊരു സംശയം എപ്പോഴും ഉണ്ടാകും. സംവിധായകന്റെ ഭാഗത്ത് നിന്ന് നന്നായി എന്നൊരു ഉറപ്പ് ലഭിച്ചാൽ അതുപോലെ ഒരു സമാധാനം വേറെ ഇല്ല. എല്ലാ സീൻ കഴിയുമ്പോഴും അഭിനവേട്ടൻ വന്നു നന്നായിട്ടുണ്ടയിരുന്നു എന്ന് പറയും. എന്നെ മാത്രമല്ല സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത ആളെപ്പോലും പോയി കണ്ട് നന്നായിരുന്നു എന്ന് പറയുന്നത് കണ്ടിട്ടുണ്ട്. അഭിനയിക്കുന്നവർക്ക് ആ കോമ്പ്ലിമെൻറ് നൽകുന്ന ആശ്വാസം വളരെ വലുതാണ്. കോമ്പ്ലിമെൻറ്റ് ചെയ്യുന്നത് നല്ലൊരു സ്വഭാവമാണെന്ന് വിനീതേട്ടനും പറയാറുണ്ട്. എന്റെ കഥാപാത്രത്തിന്റെ സ്വഭാവം ഞാൻ ചിന്തിക്കുന്നത് പോലെയേ അല്ല. മീനാക്ഷി കുരുട്ടുബുദ്ധി ഉള്ള ഒരാളാണ്. അഭിനവേട്ടൻ പറഞ്ഞു തന്നെങ്കിലും എനിക്ക് എങ്ങനെ തയാറെടുക്കണം എന്ന് സംശയമുണ്ടായിരുന്നു. അഭിനവേട്ടൻ പറഞ്ഞു, ‘‘നീ തയാറെടുക്കണ്ട നമുക്ക് സെറ്റിൽ വന്നിട്ട് പ്രിപ്പയർ ചെയ്യാം. നീ സ്ക്രിപ്റ്റ് നന്നായി വായിച്ചു മനസ്സിലാക്കി വന്നാൽ മതി’’.  സ്ക്രിപ്റ്റ് വായിച്ചിട്ട് നമ്മൾ ചെയ്തു കാണിക്കുന്നത് ഓക്കേ ആണെങ്കിൽ അത് മതി അല്ലെങ്കിൽ എങ്ങനെ വേണമെന്ന് അദ്ദേഹം പറഞ്ഞു തരും.  വളരെ കൂൾ ആയ ആളാണ് അഭിനവേട്ടൻ.     

 

ഞാൻ ആവറേജ് അമ്പിളി അല്ല  

 

ആവറേജ് അമ്പിളിയെപ്പോലെ പ്രതികരിക്കുന്ന പെൺകുട്ടിയാണ് ഞാനും. പക്ഷേ അമ്പിളിയുടെ സ്വഭാവമല്ല എനിക്ക്. ഞാൻ ഒതുങ്ങി പതുങ്ങി ജീവിക്കുന്ന ആളല്ല, കുറച്ചുകൂടി ലൗഡ് ആണ്.  ആവറേജ് അമ്പിളിയിൽ അഭിനയിച്ചത് ഒരു ടേർണിങ് പോയിന്റ് ആണ്. ഞാൻ ഏറ്റവും സന്തോഷത്തോടെ ഒരുപാട് ആസ്വദിച്ച് അഭിനയിച്ച കഥാപാത്രമാണ് അത്. ആ വർക്കിൽ ഇന്നും എനിക്ക് നല്ല സംതൃപ്തിയാണ്.  ആദിത്യൻ ചന്ദ്രശേഖർ ആണ് അതിന്റെ സംവിധായകൻ അദ്ദേഹം ഇപ്പോൾ സിനിമയൊക്കെ ചെയ്യുന്നുണ്ട്. ഞങ്ങളുടെ രണ്ടുപേരുടെയും ഇൻപുട്ട് ആ കഥാപത്രത്തിനു ഉണ്ടെങ്കിലും ആ സീരീസ് ഹിറ്റായതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തന്നെയാണ്. ഇപ്പോഴും ആളുകൾ എന്നെ തിരിച്ചറിയുന്നത് അമ്പിളി ആയിട്ടാണ്. പലരും അത് കണ്ടിട്ട് ഇപ്പോഴും മെസ്സേജ് അയയ്ക്കാറുണ്ട്. ഒരുപാട് പെൺകുട്ടികൾക്ക് അത് കണ്ടിട്ട് സ്വന്തം ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റി എന്ന് പറഞ്ഞിട്ടുണ്ട്. 

 

സ്വാർഥയായ മീനാക്ഷി 

 

മുകുന്ദനുണ്ണിയുടെ തിരക്കഥ അതുപോലെ തന്നെ ചെയ്തെടുക്കണം എന്ന് അഭിനവേട്ടന് നിർബന്ധമായിരുന്നു. സംഭാഷണങ്ങൾ എല്ലാം പഠിച്ചിട്ട് അതുപോലെ തന്നെ പറയണം.  ബാക്കി എല്ലാം അഭിനയിക്കുമ്പോൾ പറഞ്ഞു തരും. ആദ്യമൊക്കെ ഞാൻ ചെയ്യുന്നത് നന്നായിട്ടാണോ എന്ന സംശയമുണ്ടായിരുന്നു. അഭിനവേട്ടൻ ഓക്കേ പറഞ്ഞപ്പോൾ ആത്മവിശ്വാസം കൂടി.  പിന്നീട് ഈ കഥാപാത്രം ചെയ്യാൻ രസമായി തോന്നി.  എനിക്ക് ഈ കഥാപാത്രം ചെയ്യാൻ ഭയങ്കര ത്രില്ല് ആയിരുന്നു. മുകുന്ദനും മീനാക്ഷിയും വില്ലനും വില്ലത്തിയുമാണ്. രണ്ടിലാരാണ് കുരുട്ടുബുദ്ധി കൂടുതൽ ഉള്ളത് എന്ന മത്സരമാണ്. ഒരു അപകടം പറ്റിയാലും അവിടെയും ബിസിനസ്സ് നോക്കുന്നവർ, "ഓ ഇത് രണ്ടരക്കോടിയുടെ മുതൽ ഉണ്ടല്ലേ" എന്ന് പറയുന്ന ക്രൂരയാണ് മീനാക്ഷി.  ഇങ്ങനെയൊക്കെയുളളവർ ഉണ്ടോ എന്നത് ഒരു ഞെട്ടലായിരുന്നു എനിക്ക്.  

 

മീനാക്ഷി സ്വാർഥയാണ്.  അവൾക്ക് അവളുടെ സുഖമാണ് വലുത്, അവൾക്ക് അവളുടെ ജീവിതം സേഫ് ആകുക മാത്രമാണ് ലക്‌ഷ്യം. മീനാക്ഷി സിനിമയിൽ പറയുന്ന അവസാനത്തെ ഡയലോഗ് തിയറ്ററിൽ എല്ലാവരും കയ്യടിച്ചു സ്വീകരിക്കുന്നത് കണ്ടു. എനിക്ക് ആ ഡയലോഗ് പറയാൻ മടിയൊന്നും ഇല്ലായിരുന്നു. തിരക്കഥ വായിച്ചപ്പോൾ ഇത് നെഗറ്റീവ് ആയി ആളുകൾ എടുക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു. പക്ഷേ അഭിനവേട്ടൻ പറഞ്ഞു ഇത് പടമായി വരുമ്പോൾ നോക്കിക്കോ നീ കയ്യടി നേടും. ഇങ്ങനെയും ആളുകളുണ്ട് എന്നത് പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുക എന്നതായിരുന്നു അഭിനവേട്ടന്റെ ലക്‌ഷ്യം.   

 

കുടുംബമാണ് എന്റെ പ്രചോദനം 

 

ആലപ്പുഴ മാന്നാർ ആണ് എന്റെ വീട്. അച്ഛനും അമ്മയും ചേട്ടനും അപ്പൂപ്പനും അടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛനും അമ്മയും സ്കൂൾ അധ്യാപകർ ആയിരുന്നു.  അപ്പൂപ്പൻ ആർമിയിൽ ആയിരുന്നു. അച്ഛൻ ചെറുപ്പത്തിൽ റേഡിയോ ക്ലബ്ബിൽ നാടകമൊക്കെ ചെയ്തിട്ടുണ്ട്. അമ്മ ചെറുതായി പാടും അല്ലാതെ വീട്ടിൽ കലാപാരമ്പര്യം ഒന്നുമില്ല.   പക്ഷേ കലയെ ഇഷ്ടപ്പെടുന്നവരാണ് കുടുംബത്തിൽ എല്ലാവരും. ഞങ്ങൾ മാസത്തിൽ രണ്ടുപ്രാവശ്യമെങ്കിലും തിയറ്ററിൽ പോയി സിനിമ കാണുന്നവരാണ്. കലയോടൊപ്പം തന്നെ പഠനവും മുന്നോട്ട് കൊണ്ടുപോകണം എന്ന് മാത്രമേ അച്ഛനുമമ്മയും പറഞ്ഞിട്ടുള്ളൂ. ഞാൻ ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചർ കഴിഞ്ഞു ഇപ്പോൾ എംഎയ്ക്ക് പഠിക്കുന്നു. എടത്വ സെന്റ് അലോഷ്യസ് കോളജിൽ ആണ് പഠിക്കുന്നത്. ഒരു ജോലി നേടാനുള്ള വിദ്യാഭാസയോഗ്യത വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. 

 

ശോഭനയുടേയും ഉർവശിയുടേയും ആരാധിക 

 

എനിക്ക് ഇഷ്ടമുള്ള ഒരുപാട് താരങ്ങളുണ്ട്.  ശോഭന മാം, ഉർവശി മാം എന്നിവരെ ഭയങ്കര ഇഷ്ടമാണ്.  അതുപോലെ ഇർഫാൻ ഖാനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം അഭിനയിക്കുന്നത് ഞാൻ വിസ്മയത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അദ്ദേഹം മരിച്ചപ്പോൾ എനിക്ക് ഭയങ്കര ഷോക്ക് ആയിരുന്നു. അദ്ദേഹം അഭിനയിക്കുന്നത് നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തബുവിനെ എനിക്ക് ഇഷ്ടമാണ്.  മഞ്ജു വാരിയർ മാമിന്റെ കണ്ണെഴുതി പൊട്ടും തൊട്ട്, കന്മദം എന്നീ ചിത്രങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. 

 

നർത്തകിയായി അഭിനയിക്കാൻ ആഗ്രഹം  

 

ഏതു വേഷവും ചെയ്യാൻ കഴിയുന്ന ഒരു ആക്ടർ ആയി മാറണം എന്നാണ് എന്റെ ആഗ്രഹം. കോമഡി ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് എന്ന് കേട്ടിട്ടുണ്ട്. കോമഡി റോളുകൾ ചെയ്തു നോക്കാൻ താല്പര്യമുണ്ട് അതുപോലെ പീരിയഡ് ഡ്രാമ ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഞാൻ ഒരു നർത്തകിയാണ് അതുകൊണ്ടു ഒരു മുഴുനീള നർത്തകി വേഷം ചെയ്യാൻ ആഗ്രഹമുണ്ട്. ക്ലാസ്സിക്കൽ ഡാൻസ് എല്ലാം പഠിച്ചിട്ടുണ്ട്, സിനിമാറ്റിക് ഡാൻസുകൾ കോളജിൽ പഠിക്കുമ്പോൾ ചെയ്യുമായിരുന്നു. പാട്ട് പാടാൻ താല്പര്യമുണ്ട്. റിയലിസ്റ്റിക് ചിത്രങ്ങളും ഒരുപാട് ആസ്വദിക്കാറുണ്ട്. കഥാപാത്രം നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് നോക്കാതെ എല്ലാം ചെയ്യാൻ ആണ് ആഗ്രഹം.

 

പതിനെട്ടാം പടി ടീമിന് നന്ദി 

 

ഞാൻ സിനിമയിലേക്ക് എത്തിയത്  പതിനെട്ടാം പടി വഴിയാണ്. ഓഡിഷൻ ചെയ്ത് എന്നെ തിരഞ്ഞെടുത്ത ശങ്കർ രാമകൃഷ്ണൻ സാറിനോട് ഒരുപാട് നന്ദിയുണ്ട്. അതുപോലെ ആ ചിത്രത്തിന്റെ നിർമാതാവ് ഷാജി നടേശൻ സാറിനോടും നന്ദിയും കടപ്പാടുമുണ്ട്. എന്നെ മീനാക്ഷി ആക്കി മാറ്റിയെടുത്ത അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസൻ എന്നിവരോട് നന്ദി.  മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ നിർമാതാവ് അജിത്ത് സർ സിനിമയുടെ മുഴുവൻ താരങ്ങൾ അണിയറപ്രവർത്തകർ തുടങ്ങി എല്ലാവരോടും സ്നേഹവും നന്ദിയുമുണ്ട്. എന്റെ കഥാപാത്രത്തിനും സിനിമയ്ക്കും നല്ല റിവ്യൂ ആണ് കിട്ടുന്നത് സിനിമ ഏറ്റെടുത്ത എല്ലാ പ്രേക്ഷരോടും സ്നേഹം.  

 

പുതിയ ചിത്രങ്ങൾ 

 

ഇപ്പോൾ ഷൂട്ടിങ് നടക്കുന്നത് സ്റ്റെഫി സേവ്യർ ചെയ്യുന്ന ഒരു ചിത്രത്തിലാണ്. ഷറഫുദീൻ രജിഷാ വിജയൻ, ബിന്ദു പണിക്കർ, വിജയരാഘവൻ സർ തുടങ്ങിയവരുള്ള ഒരു ഫാമിലി ഫൺ സിനിമയാണ്. ഞാൻ അഭിനയിക്കുന്ന ഒരു തമിഴ് ഒടിടി ചിത്രം വരുന്നുണ്ട്. മറ്റൊരു തമിഴ് ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നു. മുകുന്ദനുണ്ണി തിയറ്ററിൽ എത്തിയപ്പോൾ ഒരുപാടുപേര് വിളിക്കുന്നുണ്ട്.  വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ എന്നെത്തേടിയെത്തുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com