ഓരോ ഷോട്ടിലും പുതുമ വേണം: ‘ചതുര’ത്തിലെ ചാലഞ്ച്– ഛായാഗ്രാഹകൻ പ്രതീഷ് വർമ അഭിമുഖം

pradeesh
പ്രതീഷ് വർമ
SHARE

സിനിമാപ്രേമികൾക്ക് ആസ്വാദനത്തിന്റെ പുതിയ മാനം പകർന്ന ചിത്രമാണ് സിദ്ധാർഥ് ഭരതന്റെ ‘ചതുരം’. സ്വാസികയും റോഷൻ മാത്യുവും അലൻസിയറും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തെ ദൃശ്യവിരുന്നാക്കിയത് ഛായാഗ്രാഹകൻ പ്രതീഷ് വർമയാണ്. 1983, കോഹിനൂർ, കിളി പോയി,100 ഡേയ്സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാനായ പ്രതീഷ് ‘ചതുര’ത്തെ കാവ്യാത്മകമായി ദൃശ്യവൽക്കരിച്ചു. സിനിമാതാരം ഈവ പവിത്രനാണ് പ്രതീഷ് വർമയുടെ ജീവിത പങ്കാളി. സിദ്ധാർഥ് ഭരതൻ എന്ന ഫിലിം മേക്കറോടുള്ള താൽപര്യമാണ് തന്നെ ‘ചതുര’ത്തിലെത്തിച്ചതെന്ന് പ്രതീഷ് പറയുന്നു. ‘ചതുര’ത്തിന്റെ വിശേഷങ്ങളുമായി പ്രതീഷ് വർമ മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

‘ചതുര’ത്തിലെ ചാലഞ്ച്

ഒരു വലിയ വീട്ടിൽ ഒതുങ്ങി നിൽക്കുന്ന കഥയാണ് ‘ചതുരം’. പുറം കാഴ്ചകൾ വളരെ കുറച്ചു മാത്രമേ കാണിക്കുന്നുള്ളൂ. അലൻസിയറിന്റെ കഥാപാത്രം കിടക്കുന്ന മുറി വളരെ ചെറുതായിരുന്നു. അതിനുള്ളിൽ മൂവ് ചെയ്തുള്ള ഷൂട്ട് കുറച്ചു ബുദ്ധിമുട്ടായിരുന്നു. ഒരു സ്പേസിൽത്തന്നെ ഷൂട്ട് ചെയ്യുമ്പോൾ ഷോട്ടുകൾക്ക് ആവർത്തന വിരസതയുണ്ടാകും. അപ്പോൾ മടുപ്പു തോന്നാത്ത വിധം ചിത്രീകരിക്കണം. ഓരോ ഷോട്ടിലും പുതുമ കൊടുക്കുക എന്നതായിരുന്നു പ്രധാന ചാലഞ്ച്. സിദ്ധാർഥ് കഥ പറയുമ്പോൾത്തന്നെ ‘ചതുരം’ നല്ലൊരു ചിത്രമാകുമെന്ന് ഉറപ്പായിരുന്നു. സിദ്ധാർഥിന്റെ സിനിമകൾ എനിക്ക് വലിയ ഇഷ്ടമാണ്. പുള്ളി ഓരോ സിനിമയെയും സമീപിക്കുന്ന രീതി എനിക്കിഷ്ടമാണ്. ‘ചതുര’ത്തിന്റെ കഥ കേട്ടപ്പോൾ വളരെ താൽപര്യം തോന്നി. അതുപോലെ, ഒരു വീട്ടിൽ മാത്രം നടക്കുന്ന സിനിമ എന്നുപറയുന്നത് ചാലഞ്ചിങ് ആണല്ലോ, ആ റിസ്ക് ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ചു.

pradeesh-varma

നല്ല പ്രതികരണങ്ങൾ കിട്ടുന്നു

‘ചതുര’ത്തെക്കുറിച്ച് വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. ഒരുപാട് പ്രാവശ്യം കൊറിയോഗ്രാഫി ചെയ്ത് റിഹേഴ്സൽ ചെയ്ത് പല ടേക്ക് എടുത്ത് ആണ് ഓരോ ഷോട്ടും ചിത്രീകരിക്കുന്നത്. ഞങ്ങൾ ‘ചതുരം’ എന്ന സിനിമ എത്രമാത്രം മനോഹരമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാം എന്ന് മാത്രം ആണ് നോക്കിയത്. കഥാപാത്രങ്ങൾ പങ്കുവയ്ക്കുന്ന വൈകാരികത പ്രേക്ഷകരിൽ എത്തണം, എന്നാൽ ആ സീനുകളൊന്നും വൾഗർ ആയി തോന്നാത്ത വിധം സൗന്ദര്യാത്മകമായി എങ്ങനെ ചിത്രീകരിക്കാൻ കഴിയും എന്ന് ഞങ്ങൾ ഒരു ധാരണയിൽ എത്തിയിരുന്നു. ചിത്രം കണ്ടിട്ട് കിട്ടുന്ന പ്രതികരണങ്ങളിൽനിന്ന്, ഞങ്ങളുടെ ശ്രമം വിജയിച്ചു എന്നാണു മനസ്സിലാകുന്നത്. ഒരു കാര്യം പലരും പല രീതിയിലാണ് മനസ്സിലാക്കുക, ഞങ്ങൾ വളരെ നല്ലൊരു വിഷയം മനോഹരമായി അവതരിപ്പിക്കാൻ ശ്രമിച്ചു. പ്രേക്ഷകർ അവർക്ക് മനസിലാകുന്ന രീതിയിൽ ആയിരിക്കും പ്രതികരിക്കുക. പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിലൂടെ പറയാൻ ശ്രമിച്ചത്. ചില സത്യങ്ങൾ സ്‌ക്രീനിൽ കാണുമ്പോൾ അതൊരു വലിയ ടാബൂ ആയി കാണുന്നതെന്തെന്ന് മനസ്സിലാകുന്നില്ല.

sidharth-pradeesh

സിദ്ധാർഥ് ഭരതൻ മലയാള സിനിമയുടെ പ്രതീക്ഷ

സിദ്ധാർഥ് എനിക്കു വളരെ പ്രതീക്ഷയുള്ള സംവിധായകനാണ്. അദ്ദേഹത്തിന്റെ ഫിലിം മേക്കിങ് എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിൽനിന്ന് എനിക്ക് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ പറ്റി. ഒരു സീനിനെ എങ്ങനെ സമീപിക്കണം, ഒരു കഥാപാത്രം ആ സമയത്ത് എന്തായിരിക്കും ഫീൽ ചെയ്യുക, സിനിമ കാണുന്നവരിലേക്ക് ആ ഫീലിങ് എങ്ങനെ എത്തിക്കാൻ പറ്റും, ഒരു ആർടിസ്റ്റിൽനിന്ന് നമുക്കു വേണ്ടത് എങ്ങനെ ചെയ്തെടുക്കാൻ കഴിയും തുടങ്ങി ഒരുപാട് കാര്യങ്ങൾ സിദ്ധാർഥിൽനിന്നു പഠിച്ചു. ഒരു തിരക്കഥ കിട്ടിയാൽ അതിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് പഠിക്കുന്ന ആളാണ് സിദ്ധാർഥ്. നമ്മൾ എന്തെങ്കിലും നിർദേശം പറഞ്ഞാൽ അതും പരിഗണിച്ച് എങ്ങനെ സഹവർത്തിത്തത്തോടെ വർക്ക് ചെയ്യാം എന്ന് അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. എല്ലാ താരങ്ങളോടും സാങ്കേതിക പ്രവർത്തകരോടും വളരെ നല്ല പെരുമാറ്റവും സഹകരണവുമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ എളുപ്പമാണ്. ഞാൻ വളരെയേറെ ആസ്വദിച്ചാണ് അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത്.

pradeesh-camerra

മുണ്ടക്കയത്തെ ലൊക്കേഷൻ

മുണ്ടക്കയത്തുള്ള ഒരു വീട്ടിലും പരിസരപ്രദേശത്തുമായിരുന്നു ‘ചതുര’ത്തിന്റെ ഷൂട്ടിങ്. വളരെ മനോഹരമായ സ്ഥലമായിരുന്നു. കോവിഡിന്റെ രണ്ടാം വരവിന്റെ സമയത്തായതുകൊണ്ട് ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് കോവിഡ് ടെസ്റ്റ് എടുത്ത് എല്ലാവരും ഒരു സ്ഥലത്ത് താമസിച്ചാണ് ചിത്രം ചെയ്തത്. വളരെ ചെറിയ ക്രൂ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. ആ സ്ഥലത്തിന്റെ മനോഹാരിത കാണിക്കാൻ കുറച്ച് ഏരിയൽ ഷോട്ട് എടുത്തിരുന്നു.

പുതിയ ചിത്രങ്ങൾ

eva-pradeesh
ഭാര്യ ഇവ പവിത്രനൊപ്പം

നിവിൻ പോളിയുടെ ‘താരം’ എന്ന ചിത്രമാണ് അടുത്തതായി ചെയ്യാൻ പോകുന്നത്. വിനയ് ഗോവിന്ദ് ആണ് സംവിധാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS