ADVERTISEMENT

പ്രിയ ഒരു കണ്ണടച്ചു തുറന്നപ്പോഴേക്കും നാഷനൽ ക്രഷ് ആയി. ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വ്യക്തിയായി. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം 70 ലക്ഷത്തിലധികമായി. പ്രശസ്തിയുടെ ലോകത്തേക്കു പൊടുന്നനെ എത്തിപ്പെട്ട പ്രിയ പറയുന്നു; എളുപ്പമല്ല ഒരു യാത്രയും. ഭാഗ്യം കൊണ്ടു താരമാകാം. താരമായി നിലനിൽക്കണമെങ്കിൽ പക്ഷേ, കഠിനാധ്വാനം വേണം. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ നായികയായി തിരിച്ചെത്തുന്ന പ്രിയ വാര്യർ മനോരമയോടു സംസാരിക്കുന്നു...

 

ഫോർ ഇയേഴ്സിലേക്ക് പ്രിയ എത്തിയത്?

 

ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അവസരമായിരുന്നു ഫോർ ഇയേഴ്സ്. ഒരു ദിവസം രഞ്ജിത് ശങ്കറിന്റെ ഒരു ഫോൺ കോൾ. ഒരു കഥാപാത്രമുണ്ട്. ചെയ്യാനാകുമോ എന്നായിരുന്നു ചോദ്യം. ഒരു ദിവസത്തിനുള്ളിൽ തന്നെ ഓഡിഷനും നൽകി. ഒട്ടേറെ താരങ്ങളെയും പുതുമുഖങ്ങളെയും ചിത്രത്തിലേക്കു പരിഗണിച്ചിരുന്നെന്നു പിന്നീട് അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിത അവസരമായതുകൊണ്ടാകാം ഒത്തിരി സന്തോഷം തോന്നി.

 

പ്രണയ കഥയാണോ ഫോർ ഇയേഴ്സ്? അതിലുമപ്പുറം പ്രേക്ഷകനെ കാത്തിരിക്കുന്ന ട്വിസ്റ്റുകളുണ്ടോ?

4-years-trailer

 

ഒരു ടിപ്പിക്കൽ പ്രണയ സിനിമയല്ല ഫോർ ഇയേഴ്സ്. ഒരു റിലേഷൻഷിപ്പിന്റെ ഉയർച്ചകളും താഴ്ചകളും ഏറ്റവും മനോഹരമായി സത്യസന്ധമായി പറയുന്ന സിനിമയായിരിക്കുമിത്. സർജനോ ഖാലിദാണ് നായകൻ. മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ ഭാഷ ചിലപ്പോഴെങ്കിലും തടസ്സം സൃഷ്ടിക്കാറുണ്ട്. പക്ഷേ, ഫോർ ഇയേഴ്സിൽ അതൊന്നുമുണ്ടായില്ല.

priya-varrier-photoshoot-2

 

ഇതരഭാഷാ ചിത്രങ്ങളിലെ താരമായി. ആരാധകരും അവിടെയാണ് കൂടുതൽ?

 

അവിടെ പിന്തുണയ്ക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഇവിടെയുമുണ്ട്. മനഃപൂർവം ഇതരഭാഷാ ചിത്രങ്ങൾ തിരഞ്ഞെടുത്തതല്ല. ആദ്യ ചിത്രത്തിനു ശേഷം കൂടുതൽ ഓഫറുകൾ വന്നത് കേരളത്തിനു പുറത്തു നിന്നായിരുന്നു. ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ ചിത്രങ്ങൾ ചെയ്തു. ഇപ്പോൾ ഒരു ഹിന്ദി ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് തെലുങ്ക് ചിത്രങ്ങൾ റിലീസ് ആയി. കന്നഡ ചിത്രം അടുത്ത വർഷം റിലീസാകും. ശ്രീദേവി ബംഗ്ലാവും അടുത്തു തന്നെ റിലീസ് ചെയ്യുമെന്നാണു പ്രതീക്ഷ. ശ്രീദേവി ബംഗ്ലാവിന്റെ ഷൂട്ടിങ് കഴിഞ്ഞതാണ്. ശ്രീദേവിയുടെ ബയോപിക് അല്ല ശ്രീദേവി ബംഗ്ലാവ്. പേരിൽ മാത്രമേ സാമ്യമുള്ളൂ.

 

സിനിമയും മോഡലിങ്ങും നൽകിയ സാമ്പത്തിക സുരക്ഷിതത്വം എത്രത്തോളം ജീവിതത്തെ മാറ്റി?

 

പാഷൻ പ്രഫഷനാക്കുക എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. പക്ഷേ, എനിക്ക് അങ്ങനെയൊരു അവസരം ലഭിച്ചു. അതിൽ വളരെയേറെ സന്തോഷമുണ്ട്. പതിനെട്ടാമത്തെ വയസ്സിലാണ് ഒരു അഡാർ ലവ്. അന്നു മുതൽ ഈ പ്രഫഷൻ സാമ്പത്തിക സുരക്ഷിതത്വം നൽകിയിട്ടുണ്ട്. അതു നൽകിയ സ്വാതന്ത്ര്യവും ഞാൻ ഏറെ ആസ്വദിക്കുന്നുണ്ട്. അമിതമായി പണം ചെലവാക്കുന്നു, ധൂർത്തടിക്കുന്നു എന്നല്ല. പക്ഷേ, നമുക്ക് വരുമാനം ലഭിച്ചു തുടങ്ങുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം–അത് മറ്റൊരു ലെവലാണ്.

 

ഫോട്ടോഷൂട്ടുകളും വസ്ത്രസ്വാതന്ത്ര്യവും ഒരുവശത്ത്. ഒപ്പം പലതരത്തിലുള്ള സൈബർ ബുള്ളിയിങ്ങുകളും. എങ്ങനെയാണ് ഇവ കൈകാര്യം ചെയ്യുന്നത്?

 

ബോൾഡ് എന്ന വാക്ക് നോർമലൈസ് ചെയ്യപ്പെടേണ്ട സമയം കഴിഞ്ഞു. അത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. എന്നെയോ എന്റെ വീട്ടുകാരെയോ ബാധിക്കുന്നില്ലെന്ന് ഉറപ്പുള്ളവ ആരെയും ബുദ്ധിമുട്ടിക്കാതെ ചെയ്യുന്നതിൽ മറ്റുള്ളവർക്ക് അമർഷം തോന്നേണ്ട കാര്യമില്ലല്ലോ. സൈബർ ബുള്ളിയിങ് ഒരുപാട് തവണ നേരിടേണ്ടി വന്നിട്ടുള്ള ഒരാളാണ് ഞാൻ. ഫോട്ടോഷൂട്ടുകളിലെ വേഷങ്ങളുടെ പേരിൽ നേരിടേണ്ടി വന്ന ആക്രമണങ്ങൾ ചെറുതൊന്നുമല്ല. തുടക്കത്തിൽ സങ്കടം തോന്നിയിട്ടുണ്ട്. അത്തരം വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ വിഷമിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോൾ അത്തരം ചർച്ചകൾ കാര്യമാക്കാറില്ല. വിമർശനങ്ങൾ ശ്രദ്ധിക്കും. വേണ്ടതു സ്വീകരിക്കും. അങ്ങനെ മുന്നോട്ടു പോകുന്നതാണ് നല്ലത്.

 

പതിനെട്ടാമത്തെ വയസ്സിൽ നാഷനൽ ക്രഷ്. പിന്നെ മോഡലിങ്. പാട്ടുകാരി. ഒട്ടേറെ മേഖലകളിൽ ഇതിനോടകം എത്തി. നടിയെന്ന നിലയിൽ ഇനിയും എത്ര വളരേണ്ടതുണ്ട്?

 

ആദ്യ ചിത്രവും മാണിക്യ മലരായ പൂവി എന്ന പാട്ടും തന്ന ഹൈപ്പ് വളരെ വലുതായിരുന്നു. ഭാഗ്യം കൊണ്ടു കിട്ടിയ കഥാപാത്രമായിരുന്നു അത്. പാട്ട് ശ്രദ്ധിക്കപ്പെട്ടതും ഭാഗ്യം തന്നെ. യഥാർഥത്തിൽ അതിനു ശേഷമാണ് അതിലെ ബുദ്ധിമുട്ടുകൾ ഞാൻ മനസ്സിലാക്കുന്നത്. അഭിനയരംഗം എളുപ്പമായിരുന്നില്ല. അതിപ്പോഴും അങ്ങനെത്തന്നെ. ഇപ്പോഴും ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ എത്തിപ്പെടേണ്ട പടികൾ ഒരുപാടാണ്. അതിനിടയ്ക്കാണ് മോഡലിങ് ചെയ്തത്. പാട്ടു പാടിയത്. പാട്ട് ചെറുപ്പം മുതലേ പഠിക്കുന്നുണ്ടായിരുന്നു. ആത്മവിശ്വാസമുള്ള മേഖലയാണ് പാട്ട്.

 

സിനിമ തന്നെയായിരുന്നോ എക്കാലത്തെയും സ്വപ്നം?

 

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതു തന്നെയാണ് ലക്ഷ്യവും ആഗ്രഹവുമെല്ലാം. കുറെ നല്ല സിനിമകളുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുക–ചെറുപ്പം മുതലേയുള്ള സ്വപ്നമാണത്. മറ്റൊന്നിനെക്കുറിച്ചും ചെറുപ്പത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല. ഞാൻ കണ്ട സ്വപ്നം സിനിമയാണ്. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതും അതുന്നെ. സിനിമാ സ്വപ്നവുമായി ജീവിക്കുന്നവരോടും പറയാനുള്ളത് അതു മാത്രമാണ്. സ്വപ്നം കണ്ടുകൊണ്ടേയിരിക്കുക, അതിനായി പരിശ്രമിക്കുക. അത് ഫലം കണ്ടിരിക്കും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com