ADVERTISEMENT

സിനിമയുടെ ‘ റിവ്യൂ ’ സംബന്ധിച്ചു സജീവമായ ചർച്ചയിലാണു മലയാള സിനിമാലോകം. കോടിക്കണക്കിനു രൂപ ചെലവിട്ടു നിർമിക്കുന്ന സിനിമയെ ആദ്യ ഷോ കണ്ടു വലിച്ചുകീറുന്നത് ‘സാഡിസ്റ്റ് മൈൻഡ് ’ തന്നെയെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. സിനിമയെ ക്രിയേറ്റീവായി വിമർശിക്കണം. എന്നാൽ വ്യക്തിഹത്യയല്ല സിനിമാ റിവ്യൂ എന്നു റോഷൻ ഉറപ്പിച്ചു പറയുന്നു. 17 വർഷമായി മലയാള സിനിമയിൽ സജീവമായ റോഷൻ ആൻഡ്രൂസിന്റെ ആദ്യ മൂന്നു സിനിമകൾ തന്നെ സംസ്ഥാന അവാർഡ് നേടി. നടൻ സൂര്യ ആദ്യമായി നിർമാണ രംഗത്തിറങ്ങിയപ്പോൾ ആ ചിത്രം സംവിധാനം ചെയ്തതും റോഷനാണ് (36 വയദിനിലെ). ഷാഹിദ് കപൂർ നായകനായ പുതിയ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിൽ മുംബൈയിലുള്ള റോഷൻ സിനിമയിലെ ‘നവ ആക്രമണ ’ രീതിയുടെ ഓപ്പറേഷൻ വെളിപ്പെടുത്തുന്നു.

 

സിനിമാ വിമർശനം സംബന്ധിച്ച താങ്കളുടെ പരാമർശം വലിയ വിവാദമായല്ലോ? പണം മുടക്കി സിനിമ കാണുന്ന പ്രേക്ഷകന് വിമർശിക്കാനുള്ള അവകാശമില്ലേ? 

dulquer-rosshan

 

17 വർഷമായി ഞാൻ സംവിധായകനായി ഇവിടെ നിൽക്കുന്നത് പ്രേക്ഷകരുടെ പിന്തുണയിലാണ്. സിനിമയെ വിമർശിക്കുന്ന പ്രേക്ഷകരുടെ കാഴ്ചപ്പാടിനെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. സാറ്റർഡേ നൈറ്റ് സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞൊരു മറുപടിയെ വിവാദമുണ്ടാക്കിയവർ വളച്ചൊടിക്കുകയായിരുന്നു. കേരളത്തിലെ പ്രബുദ്ധ പ്രേക്ഷകരെ ഞാൻ വിമർശിച്ചിട്ടില്ല. ഞാൻ പറഞ്ഞത് സിനിമയെ റിവ്യൂ ചെയ്യുന്നവരുടെ നിലവാരത്തകർച്ചയെക്കുറിച്ചാണ്. റിവ്യൂ ചെയ്യുന്നവൻ ഒരു കഥയെഴുതിയിട്ടുണ്ടോ എന്നു ഞാൻ ചോദിച്ചു. ഒരു  സിനിമയുടെ റിഥം നിശ്ചയിക്കുന്നത് റിവ്യൂചെയ്യുന്നവരാണോ ? ഇവർ ഉപയോഗിക്കുന്ന ഭാഷയും ശൈലിയും എത്ര നിലവാരം കുറഞ്ഞതാണ്. പരമ പുച്ഛമാണ് എല്ലാവരോടും. അനുപമ ചോപ്രയെപ്പോലെ ഭരദ്വാജ് രംഗനെപ്പോലെയുള്ളവരുടെ റിവ്യൂ ഇവർ കണ്ടു നോക്കട്ടെ. കോഴിക്കോടനും സിനിക്കും പോലെ മനോഹരമായി സിനിമ നിരൂപണം നടത്തിയവർ ഇവിടെയുണ്ടായിരുന്നു. ഇവിടെ ഇതൊരു ക്വട്ടേഷൻ സംഘമാണ്. മോശം റിവ്യൂ നൽകുമെന്ന് ഭീഷണിപ്പെടുത്തി നിർമാതാക്കളുടെ കയ്യിൽ നിന്നു പണം വാങ്ങുന്നവരെ എനിക്കറിയാം. 2 ലക്ഷം രൂപ വരെ  മേടിച്ച് നല്ല സിനിമയാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്യുന്നവരുണ്ട്. 

rosshan-dulquer

 

സിനിമയുടെ ഇടവേളയിൽപ്പോലും അഭിപ്രായം തേടി മൈക്കുമായി പ്രേക്ഷകരെ കാണാൻ വരുന്ന ശീലം ഇവിടെയുണ്ട് ? 

 

യുട്യൂബ് നിരൂപകർ തിയറ്ററിലേക്ക് ഇടിച്ചു കയറി ഇടവേളയിൽ അഭിപ്രായം ചോദിക്കുകയാണ്. അപ്പോൾ സിനിമയെക്കുറിച്ച് നല്ലതും ചീത്തയും പറയുന്ന കാഴ്ചക്കാരുണ്ടാകും. ഇതു കാണിച്ച് നിർമാതാവിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് പലരും. പണം നൽകിയില്ലെങ്കിൽ സിനിമ മോശമാണെന്നു പറഞ്ഞതു മാത്രം എഡിറ്റ് ചെയ്തു കാണിക്കും. ഇത്തരക്കാരെ തിയറ്ററിൽ കയറ്റാതിരിക്കാൻ തിയറ്റർ ഉടമകൾ ശ്രദ്ധിക്കണം. ഇന്ന് ഇടവേളയിൽ വരുന്നവൻ നാളെ സിനിമ തുടങ്ങി 10 മിനിറ്റിനകം തിയറ്ററിനുള്ളിൽ നിന്നു ലൈവ് ചെയ്യും. സിനിമ കഴിഞ്ഞ് ആദ്യ ദിവസം മൈക്കുമായി വരുന്നവനെ തട്ടിമാറ്റി നീങ്ങണം. ഇത്തരക്കാരെ തിയറ്ററിൽക്കയറ്റരുതെന്ന് ഞാൻ നിർമാതാവും തിയറ്റർ ഉടമയുമായ ആന്റണി പെരുമ്പാവൂരിനോടും മറ്റും നേരിട്ടഭ്യർഥിച്ചിട്ടുണ്ട്.

 

സത്യത്തിൽ റിവ്യൂവും നിരൂപണവും രണ്ടാണ് എന്ന തിരിച്ചറിവല്ലേ വേണ്ടത് ? 

‘സല്യൂട്ട്’ സിനിമയുടെ ചിത്രീകരണത്തിനിടെ റോഷൻ ആൻഡ്രൂസും ദുൽഖർ സൽമാനും
‘സല്യൂട്ട്’ സിനിമയുടെ ചിത്രീകരണത്തിനിടെ റോഷൻ ആൻഡ്രൂസും ദുൽഖർ സൽമാനും

 

സിനിമ നിരൂപണവും റിവ്യൂവും രണ്ടാണ്. പണ്ട് മാധ്യമങ്ങളിൽ നല്ല റിവ്യൂസ് വന്നിരുന്നു. അത് വ്യക്തിഹത്യയല്ല. സിനിമയുടെ ക്രിയേറ്റിവിറ്റിയെക്കുറിച്ചാണു സംസാരിക്കുന്നത്. ഇവിടെ റിവ്യൂ ചെയ്യുന്നവർ സിനിമയിൽ എത്താൻ കഴിയാതെ പോയതിന്റെ നിരാശയാണ് പ്രകടിപ്പിക്കുന്നത്. സാഡിസ്റ്റുകളാണവർ. ഇവർ എന്റെ സിനിമയ്ക്കു മാർക്കിടാൻ വരേണ്ട. ആരാണു സിനിമയ്ക്കു മാർക്കിടാൻ ഇക്കൂട്ടർക്ക് അധികാരം നൽകിയത്. യു ട്യൂബിൽ നിന്നു വരുമാനം കണ്ടെത്തേണ്ടവർ സിനിമയെ കൊന്നുതിന്ന് ചോര കുടിക്കേണ്ട. വ്യക്തിഹത്യ നടത്തുന്ന ഇവരെ തുരത്തിയോടിക്കണം. കേരളത്തിലെ സിനിമ പ്രേക്ഷകരുടെ വക്താക്കളെന്ന പേരിൽ ചിലർ റിവ്യൂ പറയേണ്ട കാര്യമില്ല. കേരളത്തിലെ എല്ലാ യുട്യൂബ് സിനിമ റിവ്യൂക്കാരും മോശമാണെന്നും ഞാൻ പറഞ്ഞിട്ടില്ല. സിനിമയെ വസ്തുതാപരമായി മനസ്സിലാക്കി റിവ്യൂ ചെയ്യുന്നവർ ഉണ്ട്. വളരെക്കുറവാണ് അവർ.

 

കൊറിയയിൽ സിനിമയെ വിമർശിക്കാറില്ല എന്നാണല്ലോ താങ്കൾ പറഞ്ഞത് ? 

 

പാരസൈറ്റിന്റെ സംവിധായകൻ ബോങ് ജുങ് ഹൂ ഓസ്കർ അവാർഡ് കിട്ടിയപ്പോൾ തനിക്കു കിട്ടിയ ഓസ്കർ തന്റെ രാജ്യത്തിനു സമർപ്പിക്കുന്നവെന്നാണു പറഞ്ഞത്. ആ രാജ്യത്ത് ഇറങ്ങുന്ന നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതു കൊറിയൻ ജനതയാണ്. സിനിമയാണ് ആ ജനതയുടെ ഏറ്റവും വലിയ ഉല്ലാസം. അതിനെ നശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അവർ നിരൂപണത്തിലൂടെ സിനിമയെ കൊല്ലാറില്ല. കൊറിയയിൽ നല്ല സിനിമയുടെ പ്രചോദനം അവിടത്തെ  ജനതയാണ്. അക്കാര്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. അതിലെന്താണു തെറ്റ്.

 

സിനിമയെ വിമർശിക്കാൻ സിനിമ അക്കാദമിക് ആയി പഠിക്കണമെന്ന വാദം ശരിയോ ? 

 

സിനിമ അക്കാദമിക് ആയി പഠിച്ചിട്ടു വിമർശിക്കൂ എന്ന് ഒരു സംവിധായകനും  പ്രേക്ഷകരോടു പറയില്ല. വർഷങ്ങളായി ഇൻഡസ്ട്രിയിൽ സൂപ്പർ സ്റ്റാറായി നിൽക്കുന്ന മോഹൻലാൽ പറഞ്ഞതും അഞ്ജലി മേനോൻ പറഞ്ഞതും കൃത്യമായ കാര്യങ്ങളാണ്. അവരാരും പ്രേക്ഷകരുടെ വിമർശനത്തെ കുറ്റപ്പെടുത്തുന്നില്ല. അഞ്ജലി മേനോൻ മലയാളത്തിൽ മികച്ച സിനിമകൾ എടുത്തിട്ടുള്ള സംവിധായികയാണ്. അവർ പറഞ്ഞതും കൃത്യമായ കാര്യമാണ്. അവരുടെ കഥയുടെ താളം നിശ്ചയിക്കുന്നത് കഥ കേട്ടു സിനിമ നിർമിക്കുന്ന സംവിധായികയാണ്. അൽഫോൻസ് പുത്രൻ ഇന്ത്യ മുഴുവൻ കൊണ്ടാടിയ സിനിമകളെടുത്ത സംവിധായകനാണ്. മെസ്സിയുടെ കളി മോശമാണെങ്കിൽ  ആ കളിയെക്കുറിച്ച് പറയൂ. മെസ്സിയുടെ സ്വഭാവത്തെ നിങ്ങളെന്തിന് അതിലേക്കു വലിച്ചിഴയ്ക്കണം.

 

പരാജയങ്ങൾ വരുമ്പോഴാണു സംവിധായകർ പ്രകോപിതരാകുന്നതെന്ന് പറഞ്ഞാൽ ? 

 

ഞാൻ 2005 ൽ ഉദയനാണ് താരം മുതൽ സാറ്റർഡേ നൈറ്റ് വരെ 12 സിനിമകൾ ചെയ്തിട്ടുണ്ട്. അതിൽ 3 സിനിമകൾ പരാജയമായിരുന്നു. മറ്റുള്ളവ ഹിറ്റുകളോ ബ്ലോക്ക് ബസ്റ്ററുകളോ ആയിരുന്നു. കാസനോവ, സാറ്റർഡേ നൈറ്റ്, സ്കൂൾ ബസ് എന്നിവയായിരുന്നു പരാജയ ചിത്രങ്ങൾ. നോട്ട് ബുക്ക് എന്ന സിനിമ ഇറങ്ങിയപ്പോൾ പരാജയപ്പെട്ടതാണെന്നു വിലയിരുത്തി. പിന്നീടത് പ്രേക്ഷകർ സ്വീകരിച്ചു. സിനിമയുടെ വിജയം എനിക്കു പ്രവചിക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ ഞാൻ തന്നെ എന്റെ എല്ലാ സിനിമകളും  നിർമിക്കില്ലേ. വ്യത്യസ്ത സിനിമകളും പരീക്ഷണ സിനിമകളും ചെയ്തയാളെന്ന നിലയിൽ അറിയപ്പെടാനാണ് ആഗ്രഹം. ഇനിയും അങ്ങനെ തന്നെ മുന്നോട്ടുപോകും. ​​ഞാൻ ഒരു സാധാരണ കുടുംബത്തിൽ നിന്നു ഇവിടെ എത്തിയ ആളാണ്. കഷ്ടപ്പെട്ടു തന്നെയാണു സിനിമയിലെത്തിയത്. ഞാൻ ഇനിയും എനിക്കിഷ്ടപ്പെട്ട സിനിമകൾ ചെയ്യും. ഞാനെന്ന വ്യക്തിക്ക് ആസ്വദിക്കാൻ പറ്റുന്ന സിനിമ നിർമിക്കും. അതിനൊരു നിർമാതാവിനെ കിട്ടും, നടനെ കിട്ടും എന്ന ആത്മവിശ്വാസമുണ്ട്. കല്ലെറിയുന്നവർ കല്ലെറിയട്ടേ.

 

റിവ്യൂ വരും മുൻപ്  പണം ചോദിച്ച അനുഭവം താങ്കൾക്കുണ്ടോ ? 

 

എന്റെ സിനിമ മുംബൈ പൊലീസ് ഇറങ്ങിയപ്പോൾ ഒരു നിരൂപകൻ 25,000 രൂപ നിർമാതാവിനോടു വാങ്ങി. പണം കൊടുത്തില്ലെങ്കിൽ ചിത്രത്തിലെ നായകൻ പൃഥിരാജ് സിനിമയിൽ ഗേ ആണെന്നു പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.​ ഞാൻ വൈകിയാണ് ഇക്കാര്യം അറിഞ്ഞത്. ‘ ഹൗ ഓൾഡ് ആർ യു ’ ഇറങ്ങിയപ്പോഴും ഇതേ വ്യക്തി പണം ചോദിച്ചു. മലയാളത്തിലെ ഒരു  ചാനലും മുംബൈ പൊലീസിന്റെ ക്ലൈമാക്സ് ആദ്യ ദിവസം തന്നെ പരസ്യമാക്കി. ഞാനാ ചാനലിലെ പ്രധാന വ്യക്തിയെ വിളിച്ചു. ഞങ്ങൾക്കും പരിപാടി അവതരിപ്പിക്കേണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com