ADVERTISEMENT

'നമുക്ക് കഴിവുണ്ടെങ്കിൽ അത് എങ്ങനെയെങ്കിലും പുറത്തുവരും, എവിടെ നിന്നെങ്കിലും ഒരു സൂപ്പർമാൻ വന്ന് കൈപിടിച്ചു വിജയത്തിലേക്കെത്തിക്കും'. ഇതാണല്ലോ  ഒരു ശരാശരി മലയാളിയുടെ സ്വപ്നങ്ങളിലൊന്ന്. എന്നാൽ അങ്ങനെയല്ല. ഇതൊരു ബിസിനസ് ആണെന്നും, അതിൽ കൃത്യമായ പ്ലാനിങ്ങുകളും നടപ്പിലാക്കലുകളും ഉണ്ടെങ്കിൽ മാത്രമേ ഓരോ ടാലന്റും വിജയത്തിലേക്കെത്തുകയുള്ളു എന്നും മനസ്സിലാക്കുന്നവരാണ് ടാലന്റ് മാനേജേഴ്സ്. മുന്നൂറിലധികം സിനിമകളിൽ പ്രവർത്തിച്ചു. നൂറോളം അഭിനേതാക്കളുടെ സ്വപ്നത്തിൽ ഒരുമിച്ചു പ്രവർത്തിച്ചു.. ഈ ജോലി മലയാളി പരിചയപ്പെടുന്നതിനും മുമ്പെയാണ് വിവേക് രാമദേവൻ ടാലന്റുകളെ മാനേജ് ചെയ്യാനിറങ്ങിയത്. സിനിമയുടെ പ്രൊജക്റ്റ് ഡിസൈനിങ് , ടാലെന്റ് മാനേജ്‌മന്റ് , സിനിമയുടെ മുഴുവൻ മാർക്കറ്റിംങ് എന്നിവ ചെയ്യുന്ന കാറ്റലിസ്റ് എന്റർടൈൻമെന്റ് കൺസൾട്ടൻസി എന്നൊരു സിനിമ മാർക്കറ്റിംഗ് സംരംഭത്തിന്റെ അമരക്കാരനാണ് വിവേക് രാമദേവൻ. പേരൻപ്, ബ്രോഡാഡി എന്നീ സിനമകളാണ് ഏറ്റവും പുതിയതായി ചെയ്തത്. സിനിമയെ മുഴുവനായികണ്ട് അതിന്റെ കച്ചവടം ചിട്ടപ്പെടുത്തുന്ന ‍‍ജോലി കേരളത്തിൽ പുതിയതാണ്. 

 

ടാലന്റ് മാനേജ്‌മന്റ് ! അതൊരു ജോലിയാണോ ?  

 

അതെ. സിനിമയെന്ന വലിയ കച്ചവടത്തിലെ പല ജോലികളിലൊന്നാണ് ടാലന്റ് മാനേജമെന്റ്. ചിലർ ഇതിനെ സെലിബ്രിറ്റി മാനേജമെന്റ് എന്നും വിളിക്കും. എന്നാൽ സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരിൽ വലിയൊരു കൂട്ടത്തിനും എങ്ങനെയാണ് അതിലേക്കുള്ള വഴി എന്ന് അറിയില്ല. സിനിമാ സെറ്റിൽ പോയി നിന്നാലോ, കുറെ കഷ്ടപ്പെട്ട് പരിചയങ്ങളുണ്ടാക്കിയാലോ പോലും കിട്ടാത്ത കനിയാണ് ചിലപ്പോഴെങ്കിലും സിനിമ. ടാലന്റ് മാനേജ്‌മന്റ് എന്ന സംഗതി ഹോളിവുഡിലും ബോളിവുഡിലും കുറേകാലം മുമ്പ് തന്നെയുണ്ട്. പക്ഷേ മലയാള ചലച്ചിത്ര ലോകം ഇതു ശീലിച്ചുവരുന്നേയുള്ളു. അവിടെയാണ് വിവേക്  രാമദേവൻ വ്യത്യസ്തനാകുന്നത്. ഇരുപത്തിയഞ്ചു വർഷത്തിലധികമായി വിവേക് ഈ മേഖലയിൽ ജോലി ചെയ്യുന്നു. വിവേകിലൂടെ സിനിമയിലേക്കെത്തിയവർ ഒരുപാടുണ്ട്. ഒരു പരസ്യചിത്രീകരണത്തിനിടെയാണ് പുതിയ സിനിമയിലേക്ക് നായികയെ വേണമെന്ന് മമ്മൂട്ടി പറയുന്നത്. മോഡലിങിനുവേണ്ടി പദ്മപ്രിയ തനിക്ക് അയച്ചു തന്ന ചിത്രങ്ങൾ കാഴ്ച എന്ന സിനിമയുടെ അണിയറപ്രവർത്തകരെ കാണിക്കുന്നു പിന്നാലെ ഒരു പുതിയ നായികയുടെ ഉദയം ഉണ്ടാകുന്നു. പിന്നീട് ദുൽഖർ സൽമാനെപ്പോലുള്ള ഒരുപാട് താരങ്ങളുടെ ജനനത്തിനും വളർച്ചയ്ക്കും വിവേകും കാരണമായി സ്നേഹ, ശ്രിയ ശരൺ, തമന്ന, അഞ്ജലി, പ്രിയ ആനന്ദ് തുടങ്ങി അന്യഭാഷാ താരങ്ങളിൽ പലരെയും മലയാള സിനിമയിലേക്ക് ക്ഷണിച്ചെത്തിക്കുന്നതും വിവേകിന്റെ ടാലെന്റ് മാനേജ്‌മന്റ് കമ്പനിയാണ്. 

 

പൃഥ്വിരാജ് ചോദിച്ചത് 

 

ചില തീരുമാനങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നത് വലിയ റിസ്‌ക്കുള്ള ജോലി കൂടിയാണ്. അവരുടെ സ്വപ്‌നങ്ങൾ സംഭവിക്കാൻ അവർക്കുവേണ്ടി തീരുമാനങ്ങൾ എടുക്കുന്നു. വരും വരായ്കകൾ ബോധ്യപ്പെടുത്തുന്നു. ടാലന്റ് മാനേജ്മെന്റിന്റെ ആദ്യ ഘട്ടത്തിൽ ഒരിക്കൽ പൃഥ്വിരാജ് വിവേകിനോട് ചോദിച്ചത് ഇങ്ങനെയാണ് : ‘ഞാൻ സിനിമാകുടുംബത്തിൽ വളർന്നയാളാണ്. ഒരു സിനിമാപാരമ്പര്യവുമില്ലാത്ത നിങ്ങളെങ്ങനെ എനിക്ക് നിർദ്ദേശങ്ങൾ തരും ?’. ആ ചോദ്യത്തിൽ കഴമ്പുണ്ടെന്നാണ് വിവേക് പറയുന്നത്. സിനിമയെന്ന കച്ചവടത്തെപ്പറ്റി കൃത്യമായ അറിവില്ലാതെ സംശയിച്ചു നിൽക്കുന്നവർക്ക് സഹായം ചെയ്യുന്നതാണ് ഈ ജോലി.  ഒരു ലക്ഷ്യത്തിനുവേണ്ടി എല്ലായിപ്പോഴും കൂട്ടായി പ്രവർത്തിക്കുന്ന ടീമാണ് ടാലന്റ് മാനേജ്‌മെന്റ്.

 

പുതുമുഖം - ദുൽഖർ സൽമാൻ 

 

ദുൽഖർ സൽമാനെ സിനിമയിലേക്ക് എത്തിക്കാൻ ഒരു ടാലന്റ് മാനേജർ വേണോ ? ഈ ചോദ്യം പല തവണ കേട്ടിട്ടുണ്ട് വിവേക് രാമദേവൻ. എന്നാണെങ്കിലും ദുൽഖർ സിനിമയിലേക്ക് വരുമായിരുന്നു. എന്നാൽ അതിലേയ്ക്ക് നയിക്കാനായി എന്നതാണ് വിവേകിന്റെ കരിയറിനെ വ്യത്യസ്തമാക്കുന്നത്. സെക്കന്റ് ഷോയെന്ന സിനിമയുടെ തുടക്കത്തിൽ, ശ്രീനാഥ് രാജേന്ദ്രനും വിനി വിശ്വലാലും തയ്യാറെടുക്കുന്നു. പുതിയൊരാളെ നായകനായി വേണമെന്ന് ആഗ്രഹിക്കുന്നു. ആ ചർച്ച ചെന്നെത്തിയത് ദുൽഖർ സൽമാനെന്ന പേരിലേക്കാണ്. ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞത് , "ദുൽഖർ ബിസിനസിൽ ശ്രദ്ധിച്ചിരിക്കുകയാണ്. സിനിമയിൽ താത്പര്യമില്ലെന്ന് തോന്നുന്നു" എന്നാണ്. പിന്നേം കുറേതവണ ഒരേ ചോദ്യവുമായി മുന്നിൽ ചെന്നു നിന്നപ്പോൾവിവേകിനോട് മമ്മൂക്ക ചോദിച്ചു -  ‘ഞാൻ തന്നെ സിനിമ ചെയ്യാൻ നടക്കുന്നയാളാണ്‌. എനിക്ക് എന്റെ സിനിമയുടെ കഥ കേൾക്കാൻ സമയമില്ല. അതിനിടയ്ക്കാണോ ദുൽഖറിനുള്ള സിനിമയുടെ കഥ കേൾക്കുന്നത്’ എന്ന്. ഒടുവിൽ നേരിട്ട് ചോദിച്ചോളൂവെന്നു പറഞ്ഞു ദുൽഖറിന്റെ മൊബൈൽ നമ്പർ നൽകി. അതൊരു നിമിത്തമായെന്ന് വിവേക് കരുതുന്നു. ദുൽഖർ എന്ന 'മെഗാസ്റ്റാർ കിഡ്' സിനിമയിലേക്ക് വരുന്നു എന്ന് സിനിമയുടെ പോസ്റ്റർ റിലീസ് വരെ ആരോടും പറഞ്ഞില്ല. പിന്നീട് ഒരു ഫാഷൻഷോ റാംപ് വോക്കിലാണ് ദുൽഖറിനെ അവതരിപ്പിച്ചത്. അത് അന്നത്തെ മാർക്കറ്റിംഗ് സ്ട്രാറ്റജിയായിരുന്നു. അത് വിജയിക്കുകയും ചെയ്‌തു. 

 

സിനിമയെന്ന കച്ചവടം 

 

വിചാരിക്കുന്ന പോലെ കാര്യങ്ങൾ നടന്നുകൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ ഇമോഷണൽ ഇൻസെക്യൂരിറ്റി ഉണ്ട്. ആ സമയത്തെടുക്കുന്ന തീരുമാനങ്ങൾ കുറെ കാലം കഴിഞ്ഞു ചിലപ്പോൾ  ബോധ്യപ്പെടുമായിരിക്കും. ഈ അനിശ്ചിതത്വം കൊണ്ടു കൂടിയാണ് സിനിമ ചിലപ്പോഴൊക്കെ സേഫ് അല്ലാത്ത സ്ഥലമാകുന്നത്. എന്നാൽ ഏതൊരു തൊഴിലിടം പോലെയും സിനിമ സുരക്ഷിതമായ സ്ഥലമാണ് എന്നാണ് വിവേകിന്റെ അഭിപ്രായം. എന്റെ പെണ്മക്കൾ സിനിമയിലേക്ക് വരണമെന്ന് പറഞ്ഞാൽ എനിക്ക് പറ്റും വിധം അവരെ  സഹായിക്കും. അവർ സിനിമയിലേക്ക് വരുന്നുണ്ടെങ്കിൽ അതിൽ അഭിമാനിക്കുന്ന അച്ഛനായിരിക്കും താൻ. സിനിമ ഒരു മായികലോകമാണ്. ആ ലോകത്ത് വീണവരുമുണ്ട് നിന്നവരുമുണ്ട്. സ്വപ്നം സിനിമയാണെങ്കിൽ അതിലേയ്ക്കുള്ള വഴി വെട്ടാൻ സഹായിക്കുന്ന ഈ ജോലി കൂടുതൽ പേർ ചെയ്യണമെന്നും, കൂടുതൽപ്പേരുടെ സിനിമാസ്വപ്നങ്ങൾ ഭംഗിയായി നടക്കണമെന്നുമാണ് വിവേക് പറഞ്ഞു നിർത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com