ADVERTISEMENT

ശിക്കാരി ശംഭുവിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് ആൽഫി പഞ്ഞിക്കാരൻ.  സോഫ്റ്റ്‌വയർ എൻജിനീയറായ ആൽഫി സൺ‌ഡേ ഹോളിഡേ, സിഗ്നേച്ചർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിജയത്തേരിലേറി യാത്ര തുടരുന്ന മാളികപ്പുറത്തിലെ കല്ലുവിന്റെ അമ്മയായി പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയാണിപ്പോൾ ആൽഫി. കല്ലുവിന്റെ യഥാർഥ അമ്മയാണോ എന്നാണ് ആൽഫിയോട് ആരാധകർ ചോദിക്കുന്നത്. അത്രയ്ക്കുണ്ട് അമ്മയും മകളും തമ്മിലുള്ള കെമിസ്ട്രി.  മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആൽഫി പറയുന്നു.  മാളികപ്പുറത്തിന്റെ വിശേഷം പങ്കുവച്ചുകൊണ്ട് ആൽഫി മനോരമ ഓൺലൈനിൽ.      

 

ആദ്യമായി വന്നത് വനിത മാസികയിൽ

alphy-deva

 

ഞാൻ നായികയായി അഭിനയിച്ചത് ശിക്കാരി ശംഭു എന്ന ചിത്രത്തിലാണ്. സൺ‌ഡേ ഹോളിഡേ, വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഇളയരാജ, മാർക്കോണി മത്തായി, സിഗ്നേച്ചർ തുടങ്ങിയ ചിത്രങ്ങളാണ് ചെയ്തത്. ഇപ്പോൾ മാളികപ്പുറത്തിൽ എത്തി നിൽക്കുന്നു. അങ്കമാലിയിൽ ആണ് എന്റെ വീട്. ബെംഗളൂരിൽ ഒരു മൾട്ടിനാഷനൽ കമ്പനിയിൽ സോഫ്റ്റ്‌വയർ എൻജിനീയർ ആയി വർക്ക് ചെയ്യുകയാണ്.  ഇപ്പോ വർക്ക് ഫ്രം ഹോം ആണ്. 2012ൽ വനിത എന്ന മാസികയിലെ രണ്ടാം പേജിൽ ഫോട്ടോ ക്വീൻ എന്ന പംക്തിയിൽ എന്റെ ഫോട്ടോ വന്നിരുന്നു. ആദ്യമായി എന്റെ ഫോട്ടോ ഒരു മാസികയിൽ വരുന്നത് അന്നാണ്. ആ ഫോട്ടോ കണ്ടിട്ട് പലരും അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു.  അതിനു ശേഷം കുറച്ച് പരസ്യങ്ങൾ ചെയ്തിരുന്നു.   

alphy-1

 

ശിക്കാരി ശംഭു കുടുംബ പ്രേക്ഷകർക്കിടയിൽ പരിചിതയാക്കി 

 

alphy-43

ഞാൻ സിനിമ ഒരുപാട് കാണുന്ന ആളാണ്. പണ്ടുമുതലേ മിക്ക സിനിമകളും കാണുന്ന എനിക്ക് സിനിമയുടെ ഭാഗികമാകണം എന്ന ആഗ്രഹമുണ്ടായിരുന്നു. സൺ‌ഡേ ഹോളിഡേ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അനുജത്തിയുടെ ഒരു റോൾ ചെയ്താണ് സിനിമയിൽ എത്തിയത്. അതിനു ശേഷമാണ് ശിക്കാരി ശംഭുവിൽ നായികയാകുന്നത്. ഇതെല്ലാം എന്റെ ജീവിതത്തിലെ ഓരോ മൈൽ സ്റ്റോൺ ആണ്. മഴവിൽ മനോരമയിൽ ഒരിടയ്ക്ക് സ്ഥിരം ശിക്കാരി ശംഭു വരുമായിരുന്നു അങ്ങനെ നോക്കുമ്പോൾ മനോരമയാണ് എന്നെ കുടുംബ പ്രേക്ഷകർക്കിടയിൽ പരിചിതയാക്കിയത്. മഴവിൽ മനോരമയിൽ ശിക്കാരി ശംഭു കാണുന്നവർ എവിടെ ചെന്നാലും എന്നെ തിരിച്ചറിയാൻ തുടങ്ങി. ഇപ്പോൾ മാളികപ്പുറത്തിന്റെ പ്രമോഷന് പോകുമ്പോഴും ആളുകൾ ചോദിക്കുന്നത് ശിക്കാരി ശംഭുവിലെ രേവതി അല്ലെ എന്നാണ്.  

 

ചോദിച്ചു വാങ്ങിയ കഥാപാത്രം 

 

മാളികപ്പുറം എന്ന ചിത്രം വരുന്നുണ്ട് എന്ന് കേട്ടിരുന്നു. സിനിമയുടെ നിർമാതാവ് ആന്റോ ജോസഫ് ആണല്ലോ.  ആന്റോ ചേട്ടനെ എനിക്ക് പരിചയമുണ്ട്. ഞാൻ അദ്ദേഹത്തെ വിളിച്ച് ചേട്ടാ എനിക്ക് പറ്റിയ റോൾ ഉണ്ടെങ്കിൽ പറയണേ എന്ന് പറഞ്ഞിരുന്നു. അദ്ദേഹം ഫോട്ടോ അയക്കാൻ പറഞ്ഞു ഞാൻ അയച്ചു. എന്നെ വിളിക്കുമെന്ന് കരുതിയില്ല. അവസരം ചോദിക്കുന്നതിൽ എനിക്ക് മടിയില്ല, നമുക്കുവേണ്ടി നമ്മൾ അല്ലാതെ മറ്റാരാണ് പ്രയത്നിക്കുന്നത്. തിരക്കഥാകൃത്ത് അഭിലാഷ് സുഹൃത്താണ്. സൗമ്യ എന്ന കഥാപാത്രത്തിന് വേണ്ടി എന്നെ എടുത്താൽ നന്നാകും എന്ന് അവർക്ക് തോന്നിയതുകൊണ്ടാകും എന്നെ തിരഞ്ഞെടുത്തത്. സിനിമയ്ക്ക് വേണ്ടി ഞാൻ കുറച്ചു വണ്ണം വച്ചു. ഒരു കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത് അതിനനുസരിച്ചുള്ള ശാരീരിക വ്യത്യാസം വേണമല്ലോ. അതിനുവേണ്ടി എന്നെ മാറ്റിയെടുത്തത് സ്റ്റൈൽ ചെയ്യുന്നവരാണ്. കഥാപാത്രത്തിന് വേണ്ടി എന്ത് വ്യത്യാസവും വരുത്താൻ എനിക്ക് മടിയില്ല. എനിക്കും മകളായി അഭിനയിച്ച ദേവാനന്ദയ്ക്കും തമ്മിൽ ഛായ ഉണ്ടെന്നു പലരും പറയാറുണ്ട്. തിയറ്റർ വിസിറ്റിനൊക്കെ പോകുമ്പോൾ ശരിക്കും കല്ലുവിന്റെ  അമ്മയാണോ എന്നാണു പലരും ചോദിക്കുക.    

alphy-3

   

അമ്മയാകാൻ ബുദ്ധിമുട്ടുണ്ടായില്ല 

 

മാളികപ്പുറം എന്ന ചിത്രത്തിൽ കല്ലു എന്ന കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിച്ചത്. എന്റെ ചേച്ചിക്ക് രണ്ടു കുട്ടികളുണ്ട്. അവർ ഒന്നര വയസ്സ് വ്യത്യാസത്തിൽ ആണ് ഉണ്ടായത് അതുകൊണ്ട് അവരെ നോക്കേണ്ട ചുമതല എനിക്കും കൂടി ഉണ്ടായിരുന്നു. അവർ മിക്കവാറും ഞങ്ങളുടെ വീട്ടിൽ തന്നെ ഉണ്ടാകും. പിള്ളേരെ നോക്കി നല്ല ശീലമുണ്ട് അതുകൊണ്ട് അമ്മയായി അഭിനയിക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല.  ദേവുവുമായി (ദേവനന്ദ) നല്ല കൂട്ടായിരുന്നു. അമ്മയായി അഭിനയിക്കുന്ന മഹേശ്വരി അമ്മയും നല്ല സൗഹൃദമായിരുന്നു. ഞങ്ങൾ തമ്മിലുള്ള അടുപ്പം സിനിമയിൽ അഭിനയിക്കുമ്പോഴും ഗുണം ചെയ്തു. ദേവു നല്ല ആർടിസ്റ്റാണ്. ശ്രീപതും നന്നായി അഭിനയിക്കുന്ന കുട്ടിയാണ്. കുട്ടികൾ ഇത്ര നന്നായി അഭിനയിക്കുന്നുണ്ടല്ലോ എന്ന് അതിശയത്തോടെ തോന്നാറുണ്ട്. നെഞ്ച് നോവിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളുള്ള സീനുകൾ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ നന്നായി ചെയ്തു എന്നാണു കിട്ടുന്ന പ്രതികരണങ്ങൾ. ചെയ്ത വർക്ക് നന്നായിരുന്നു എന്ന് കേൾക്കുന്നത് സന്തോഷമാണ്. പടവും സൂപ്പർഹിറ്റായതിൽ സന്തോഷമുണ്ട്.

 

സെറ്റിൽ ഉള്ളപ്പോൾ സഹതാരങ്ങളെ കണ്ടു പഠിക്കാറുണ്ട്

  

സൈജു ചേട്ടൻ, രമേഷ് പിഷാരടി ചേട്ടൻ, ഉണ്ണി മുകുന്ദൻ ചേട്ടൻ ഇവരോടൊപ്പമൊക്കെ ആദ്യമായിട്ടാണ് ഒരു സിനിമ ചെയ്യുന്നത്. ഉണ്ണി ചേട്ടനോടൊപ്പം കോംബിനേഷൻ ഇല്ല.  സൈജുചേട്ടനൊപ്പം ആയിരുന്നു കൂടുതൽ കോംബിനേഷൻ. സീനിയർ ആയ താരങ്ങൾക്കൊപ്പം വർക്ക് ചെയ്യുമ്പോൾ നമുക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ പറ്റും. അഭിനയത്തിൽ ഞാനിപ്പോഴും ഒരു വിദ്യാർഥി ആണ്.  രു തുടക്കക്കാരിയായ ഞാൻ ഓരോ സെറ്റും ഓരോ പാഠശാല ആയിട്ടാണ് കരുതുന്നത്. അഭിനയപരിചയം ഉള്ളവരെ കാണുമ്പോൾ അവരൊക്കെ അഭിനയിക്കുന്നത് ഞാൻ കണ്ടു പഠിക്കാറുണ്ട്.  

 

പ്രതികരണങ്ങൾ

 

മാളികപ്പുറത്തിനു കിട്ടുന്ന പ്രതികരണങ്ങൾ മനസ്സ് നിറയ്ക്കുന്നുണ്ട്. കുടുംബമായി പോയി കാണാൻ പറ്റുന്ന സിനിമയാണ്. തിയറ്റർ വിസിറ്റിനു പോകുമ്പോൾ അവിടെ കിട്ടുന്ന വരവേൽപ്പ് അതിശയകരമാണ്. എല്ലാവർക്കും നല്ല സ്നേഹമാണ്.  കുറെപേര്‍ ചേർന്ന് വണ്ടി ബുക്ക് ചെയ്തു വന്നു പോലും സിനിമ കാണുന്നുണ്ട്. എവിടെ നോക്കിയാലും മാളികപ്പുറമാണ്.  ഇത്രയും വലിയ ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണ്.

 

പുതിയ ചിത്രങ്ങൾ 

 

മാളികപ്പുറത്തിനു മുൻപ് 'നമുക്ക് കോടതിയിൽ കാണാം' എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.  അതിൽ നിരഞ്ജൻ മണിയൻപിള്ളയുടെ നായികയായാണ് അഭിനയിച്ചത്. അത് ഉടൻ റിലീസ് ചെയ്യുമെന്ന് കരുതുന്നു.  എനിക്ക് കുട്ടികളുടെ മുഖമാണ് കുറച്ചു മുതിർന്ന ആളായി അഭിനയിക്കാൻ പറ്റിയ മുഖമല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്. മാളികപ്പുറത്തിൽ ഒരു കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിച്ചത് അതുകൊണ്ടു ഇനി ആ ഒരു ധാരണ മാറുമെന്ന് കരുതുന്നു. നല്ല സിനിമകളിൽ കാമ്പുള്ള കഥാപാത്രങ്ങൾക്കായി  കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com