ADVERTISEMENT

എഴുത്തുകാരന്റെ പേരു  നോക്കി സിനിമ തിരഞ്ഞെടുക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ടൈറ്റിൽ കാർഡാണ് ‘തിരക്കഥ, സംഭാഷണം– ശ്യാം പുഷ്കരൻ’. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മറ്റൊരു ശ്യാം പുഷ്കരൻ ചിത്രം പ്രദർശനത്തിനെത്തുകയാണ്...

തങ്കം 26ന് വരുന്നു, പ്രതീക്ഷകൾ

 

കുറച്ചുനാളായി മനസ്സിലുണ്ടായിരുന്ന കഥയാണു തങ്കത്തിന്റേത്. കോവിഡിനു മുൻപേ ചെയ്യാൻ ഉദ്ദേശിച്ച സിനിമയാണ്. ഒരുപാട് ലൊക്കേഷനുകളുള്ള, 90 ദിവസത്തോളം ഷൂട്ട് ആവശ്യമുള്ള ചിത്രമായിരുന്നതിനാൽ കോവിഡ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ഞങ്ങളുടെ പ്രൊഡക്‌ഷൻ ഹൗസ് ചെയ്യുന്ന, ഞാൻ എഴുതുന്ന ഏറ്റവും വലിയ ചിത്രം എന്ന പ്രത്യേകത കൂടി തങ്കത്തിനുണ്ട്.

 

തങ്കത്തിലെ വിനീത് ശ്രീനിവാസനും ബിജു മേനോനും

 

കഥ എഴുതിത്തുടങ്ങിയപ്പോൾ തന്നെ വിനീതായിരുന്നു മനസ്സിൽ. തമിഴ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു കഥാപാത്രമായിരുന്നതു കൊണ്ടുതന്നെ വിനീത് ചെയ്താൽ നന്നാകുമെന്നു തോന്നി. ഇതിനിടെ ഹൃദയത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് വിനീത് തിരക്കിലായി. അതോടെ ഒരു ഘട്ടത്തിൽ വിനീതിനു പകരം ഫഹദിനെ കാസ്റ്റ് ചെയ്താലോ എന്ന് ആലോചിച്ചിരുന്നു. കോവിഡ് മൂലം ഷൂട്ട് നീണ്ടുപോയപ്പോൾ വീണ്ടും വിനീതിലേക്ക് തിരിച്ചെത്തുകയായിരുന്നു. ബിജുച്ചേട്ടനൊപ്പം ഒരു സിനിമ ചെയ്യാൻ പണ്ടുതൊട്ടേ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിനു പറ്റിയ ഒരു കഥാപാത്രം ഇപ്പോഴാണ് വന്നതെന്നു മാത്രം.

 

മറ്റൊരു പുതുമുഖ സംവിധായകൻകൂടി...

 

ഞാൻ ആദ്യം വർക്ക് ചെയ്ത റിങ്ടോൺ എന്ന ചിത്രത്തിൽ സഹീദും ഉണ്ടായിരുന്നു. അന്നുമുതലുള്ള പരിചയമാണ്. തീർത്തും നവാഗതനല്ല സഹീദ്. തീരം എന്നൊരു ചിത്രം ഇതിനു മുൻപ് ചെയ്തിട്ടുണ്ട്. ജോജിയിലും സഹീദ് ഉണ്ടായിരുന്നു. തങ്കത്തിന്റെ മൂലകഥ സഹീദിന്റെയാണ്.

 

ദക്ഷിണേന്ത്യൻ സിനിമയിൽ എഴുത്തുകാർക്ക് അർഹിക്കുന്ന അംഗീകാരം നൽകുന്ന ഒരേയൊരു ഇൻഡസ്ട്രി മലയാളമാണെന്ന് തമിഴ് സംവിധായകൻ വെട്രിമാരൻ പറഞ്ഞിട്ടുണ്ട്

 

ശരിയായിരിക്കാം. നമ്മുടെ സാഹിത്യപാരമ്പര്യമാകാം ഇതിനു കാരണം. എംടി, ലോഹിതദാസ്, ഡെന്നിസ് ജോസഫ്, ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ എണ്ണം പറ‍ഞ്ഞ എഴുത്തുകാർ നമ്മുടെ ഇൻഡസ്ട്രിയുടെ ഭാഗമാണ്. ആ ഒരു പാരമ്പര്യവും അതിലൂടെ ഉണ്ടായ സംസ്കാരവുമാകാം മലയാള സിനിമയിലെ എഴുത്തുകാർക്ക് അവരുടേതായ ഒരു സ്പേസ് ലഭിക്കാൻ കാരണം.

 

റിയലിസ്റ്റിക് സിനിമകളുടെ മുഖമായാണ് ശ്യാം പുഷ്കരൻ അറിയപ്പെടാറുള്ളത്

 

ആ ലേബൽ മടുത്തുതുടങ്ങി എന്നാണു സത്യം. ബാഹുബലിയും ഭീഷ്മപർവവുമൊക്കെ കണ്ടപ്പോൾ അതുപോലെ ഒരു മാസ്, കൊമേഴ്സ്യൽ ചിത്രം ചെയ്യണമെന്നു തോന്നിയിട്ടുണ്ട്. തങ്കം അതിലേക്കുള്ള ആദ്യ ചുവടാണ്. തങ്കത്തിനു ശേഷം അത്തരമൊരു മാസ് ചിത്രം പ്രതീക്ഷിക്കാം. ദിലീഷ് പോത്തനുമായി ചർച്ചകൾ നടക്കുന്നുണ്ട്. പ്രഖ്യാപനം വൈകാതെ ഉണ്ടാകും.

 

ഷാറൂഖ് ഖാനുമായി ഒരു ചിത്രം ചർച്ച ചെയ്തിരുന്നു?

 

ആ ചിത്രം ഇപ്പോഴും ഓൺ ആണ്. ഷാറൂഖ് ഖാനെപ്പോലെ ഒരു വലിയ താരത്തെ വച്ച് സിനിമ ചെയ്യണമെങ്കിൽ രണ്ടോ മൂന്നോ വർഷം അതിനായി മാറ്റിവയ്ക്കണം. അതിന്റെ സ്ക്രിപ്റ്റ് പൂർത്തിയായാൽ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യൻ സിനിമകൾ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം.

 

ശ്യാം പുഷ്കരൻ എന്ന ഡയറക്ടർ ഉടൻ ഉണ്ടാകുമോ

 

ഒട്ടും വൈകാതെ തന്നെ പ്രതീക്ഷിക്കാം. അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാൻ തുടങ്ങിയത്. സംവിധായകനാകണം എന്ന ആഗ്രഹവുമായാണ് സിനിമയിലേക്ക് വന്നതും. പിന്നെ ഞാൻ തന്നെ എഴുതണമല്ലോ എന്ന മടി കാരണമാണ് അത് നീണ്ടുപോകുന്നത്. ചില ഐഡിയകൾ ആലോചിച്ചുകൊണ്ടിരിക്കുകയാണ്.

 

സാൾട്ട് ആൻഡ് പെപ്പർ, മായാനദി തുടങ്ങിയ ചിത്രങ്ങളിൽ സിനിമയ്ക്കുള്ളിലെ സിനിമ ചർച്ച ചെയ്തിരുന്നു

 

സിനിമയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോഴത്തെ ആളുകൾക്ക് നന്നായി അറിയാം. സിനിമയൊരു മായികലോകമാണെന്ന ധാരണയൊക്കെ മാറി. ശ്രമിച്ചാൽ ആർക്കും എത്തിപ്പെടാവുന്ന മേഖലയാണു സിനമയെന്നു മനസ്സിലാക്കിക്കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ശ്യാം പുഷ്കരൻ ഡയറീസ് ഉൾപ്പെടെ ചെയ്തത് അതിന്റെ ഭാഗമായാണ്.

 

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നത്തിൽ സിനിമാ മേഖലയിൽ നിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായോ

 

ആ കുട്ടികൾക്കു വേണ്ട എല്ലാ പിന്തുണയും സിനിമാ മേഖലയിൽ നിന്നു ലഭിച്ചിട്ടുണ്ടെന്നാണു ഞാൻ വിശ്വസിക്കുന്നത്. സിനിമയിലെ സംഘടനകൾക്ക് അത്ര പെട്ടെന്ന് പ്രതികരിക്കാൻ പറ്റണമെന്നില്ല. അവർക്ക് അവരുടേതായ രീതികളൊക്കെയുണ്ട്.  പെട്ടെന്നൊരു തീരുമാനം എടുക്കാൻ അവർക്കു പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാകാം.

 

തമിഴിൽ ലോകേഷ് കനകരാജിന്റെ എൽസിയു യൂണിവേഴ്സ് വരുന്നു. മലയാളത്തിൽ അത്തരംസിനിമാറ്റിക് യൂണിവേഴ്സുകൾക്ക് സാധ്യതയുണ്ടോ?

 

സിനിമാറ്റിക് യൂണിവേഴ്സുകൾ വളരെ രസകരമായി തോന്നിയിട്ടുണ്ട്. അതൊരു വലിയ പ്രോസസാണ്. ഓരോ സിനിമയിലും ഓരോ യൂണിവേഴ്സ് പരീക്ഷിക്കാനുള്ള അവസരം ഇല്ലാതാക്കുമെന്നതിനാൽ നിലവിൽ എനിക്ക് അത്തരം ആലോചനകളൊന്നുമില്ല.

 

ആഷിഖ് അബു, ദിലീഷ് പോത്തൻ ടീമിനൊപ്പം മാത്രം ഒതുങ്ങിപ്പോകുന്നുണ്ടോ

 

അത് മനഃപൂർവം സംഭവിക്കുന്നതല്ല. നമ്മുടെ ചുറ്റുമുള്ള ആളുകളോടാണല്ലോ നമ്മൾ ആദ്യം കഥകൾ ചർച്ച ചെയ്യുക. ദിലീഷ് പോത്തനോട് വളരെ മുൻപേ ഒരു ഷോട് ഫിലിം ചെയ്യാനായി പറഞ്ഞ കഥയായിരുന്നു മഹേഷിന്റെ പ്രതികാരം. അത് സിനിമയാക്കുമ്പോൾ സ്വാഭാവികമായും പോത്തൻ അതിലുണ്ടാകും. ഇതുപോലെ പല കഥകളും ഞങ്ങൾ ഒരുമിച്ച് ചർച്ച ചെയ്ത് അതിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ്. ഒരു റെഡി സ്ക്രിപ്റ്റ് എന്റെ കയ്യിൽ ഉണ്ടാകാറില്ല. അതില്ലാതെ സംവിധായകരെ കാണുന്നത് ശരിയല്ലല്ലോ. അതല്ലാതെ മനഃപൂർവം മാറി നിൽക്കുന്നതല്ല. കഴിഞ്ഞ വർഷം ബേസിൽ ജോസഫുമായി ഒരു കഥ സംസാരിച്ചിരുന്നു.

 

സൂപ്പർ താരങ്ങളുമായുള്ള ചിത്രങ്ങൾ പ്രതീക്ഷിക്കാമോ

 

ഉറപ്പായും. സൂപ്പർ സ്റ്റാർസ് എന്നതിലുപരി അസാധ്യ നടൻമാരാണ് അവരെല്ലാവരും. നമ്മളുടെ കാലത്ത് അവരുടെ അഭിനയമികവ് മുതലെടുത്തില്ലെങ്കിൽ പിന്നെ ഇക്കാലത്ത് ജീവിക്കുന്നതിൽ അർഥമില്ലല്ലോ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അവർക്കൊപ്പമുള്ള ചിത്രങ്ങളുണ്ടാകും. അതിന്റെ എഴുത്തുപരിപാടികളും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com