ADVERTISEMENT

‘‘ ഒരു അഞ്ചുവർഷമായിക്കാണും. മോഹൻലാലിന്റെ ജന്മദിനം വരികയാണ്. അങ്കമാലിയിൽ നിന്ന് ഒരു നാലഞ്ചുപേർ എന്നെക്കാണാൻ വന്നു. അവരുടെ ആവശ്യം സിംപിളാണ്. സ്ഫടികം തിയറ്ററിൽ കാണണം. അവിടെയുള്ള ഏതോ ഒരു തിയറ്ററിൽ പടത്തിന്റെ പകുതി ഇരിപ്പുണ്ട്. സാറ് പറഞ്ഞാൽ തിയറ്ററുകാർ അത് തരും. അവർക്ക് പകുതി കണ്ടാലും മതിയെന്ന്. ആ ചന്തയിലെ ലാലേട്ടന്റെ സ്റ്റണ്ട്, പൂക്കോയി... എന്ന വിളി... അത് മാത്രം മതി. വീണ്ടും തിയറ്ററിൽ കാണാനുള്ള ആവേശത്തിലാണവർ. ഞാൻ അന്തം വിട്ടുപോയി!! ഇതുപോലെ എത്രയെത്ര ആളുകൾ. അവരുടെ നിരന്തരമായ അവശ്യങ്ങളും ആഗ്രഹങ്ങളും. അത് ഞാനെന്റെ മനസ്സിലിട്ട് ഊതിക്കാച്ചിയെടുത്തത്, അതാണ് ഈ ആഴ്ച തിയറ്ററിലെത്തുന്ന ‘സ്ഫടികം റിലോഡഡ്’ എന്ന സിനിമ.’’ 

 

മുട്ടനാടിന്റെ ചങ്കിലെ ചോരയും കുടിച്ച് പുത്തൻ റെയ്ബാൻഗ്ലാസും വച്ച് മലയാളിയുടെ നെഞ്ചിലേക്ക് ലോറിയോടിച്ച് കയറിയെ ആടുതോമയും ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് അടിച്ച്പഠിപ്പിച്ച ചാക്കോമാഷും മധുരക്കള്ള് കുടിച്ച് ആടിപ്പാടിയ തുളസി ടീച്ചറും മണിമല വക്കച്ചനും കുറ്റിക്കാടനും കുഞ്ഞുമേരിയുമെല്ലാം വീണ്ടും ബിഗ് സ്ക്രീനിൽ അവതരിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോൾ സ്ഫടികത്തിന്റെ തലതൊട്ടപ്പൻ ഭദ്രൻ സംസാരിക്കുന്നു, ചെത്തിമിനുക്കിയ സ്ഫടികത്തിളക്കത്തെക്കുറിച്ച്....

 

∙ എന്തുകൊണ്ട് സ്ഫടികം റിലോഡഡ്, വൈ നോട്ട് സ്ഫടികം 2

 

mohanlal-poster

സ്ഫടികം എഴുതുന്ന സമയത്തും അതിനുശേഷവും സ്ഫടികം 2 എന്നത് ചിന്തയിൽ‌ പോലും വരാൻ പാടില്ലാത്തതാണ് എന്നെനിക്ക് ബോധ്യമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ അത് പ്രകൃതിക്ക് വിരുദ്ധമാകും. കാരണം തന്റെ മകനെ ചെകുത്താനെന്ന് വിളിച്ച് അവന്റെ തിരുനെറ്റിയിൽ അത് എഴുതിവച്ച് ‘നീ അപ്പന്റെ കൈ വെട്ടിയ ചെകുത്താനാ’ എന്ന് അട്ടഹസിച്ച ഒരപ്പൻ പിന്നീട് തിരിച്ചറിയുകയാണ് തന്റെ മകൻ ചെകുത്താനായിരുന്നില്ല, ഞാനാണ് അവനെ ചെകുത്താനാക്കിയത് എന്ന്. അവൻ സ്ഫടികമായിരുന്നു. ഓരോ ചെത്ത് കൂടുമ്പോഴും തിളക്കം കൂടുന്ന സ്ഫടികം എന്ന്. അങ്ങനൊരു തിരിച്ചറിവുണ്ടായ അപ്പനെ കെട്ടിപ്പിടിച്ച് ഒരിക്കൽ സ്ഫടികമായിരുന്ന മകൻ പറയുകയാണ്, എനിക്കിനി ഒന്നും വേണ്ട. ഇത് മാത്രം മതിയെന്ന്. ആ മകൻ ഇനി തുണിപറിച്ചടിക്കാൻ പോകുമോ? ആ മകൻ പിന്നെയും മുട്ടനാടിന്റെ ചങ്കിന്റെ ചോര കുടിക്കാൻ പോകുമോ ? അപ്പൻ മകനെ തിരിച്ചറിയുന്നിടത്ത്, ചെകുത്താൻ സ്ഫടികമായി മാറിയിടത്ത് ഇനിയൊരു രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന് അന്നേ തീരുമാനിച്ചതാണ്. ഇതിനുശേഷം നിർമാതാവ് തന്നെ ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഇമോഷനുകൾ ഇല്ലാതെ ഒരു രണ്ടാംഭാഗം ഉണ്ടാവില്ലെന്ന് ഉറപ്പാണ്. 

 

spadikam-poster

∙ സ്ഫടികം കാണാത്ത മലയാളിയുണ്ടാവില്ല. തിയേറ്ററിലും ടിവിയിലും ഹോം തിയറ്ററിലും മൊബൈലിലുമൊക്കെയായി പലതവണ ആവർത്തിച്ച് ആടുതോമയെ കണ്ടവർ. അവർ വീണ്ടും തീയറ്ററിലെത്തുമോ ?

 

നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട, ഹൃദയത്തിൽ തൊട്ട ഒരു പാട്ട് നമ്മൾ ഒന്നല്ല ഒരായിരം വട്ടം ആവർത്തിച്ച് കേൾക്കില്ലേ!! എത്ര തവണ കേട്ടാലും അത് നമുക്ക് ബോറടിക്കുകയേ ഇല്ല. അതുപോലെ തന്നെയാണ് സ്ഫടികവും മലയാളിക്ക് എന്നാണ് എന്റെ വിശ്വാസം. ഈ സിനിമയുടെ വികാരത്തെ ഉൾക്കൊള്ളാൻ ടിവിക്കോ ലാപ്ടോപ് സ്ക്രീനിനോ ഫോണിനോ സാധിക്കില്ല. സ്ഫടികത്തിന്റെ ആ വലിയ കാൻവാസിനെ തിയറ്ററിൽ കണ്ടാൽമാത്രമേ പൂർണമായും അനുഭവിക്കാനാവൂ. അതുപോലെ തന്നെ ഈ സിനിമയുടെ പ്രമേയം. അത് എന്നും വലിയ പ്രസക്തി ഉള്ളതാണ്. ഒരച്ഛൻ എങ്ങനെയാവരുത് എന്നും പാരന്റിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം ഉൾപ്പെടെ കാലത്തിന്റെ ഒരു പാഠപുസ്തകമാണ് സ്ഫടികം ഇന്നും.

 

∙ ഒരിക്കൽ കണ്ട സ്ഫടികം, വീണ്ടുമെത്തുമ്പോൾ തിളക്കം കൂടുന്നതെങ്ങനെയാണ് ?

 

നിങ്ങൾ അന്ന് തിയറ്ററിൽ കണ്ട സ്ഫടികമല്ല ഇനി കാണാൻ‌ പോകുന്നത്. പഴയ സ്ക്രീൻ റേഷ്യോ തന്നെ മാറ്റി വലിയ മികവുള്ള ഫ്രെയ്മുകളാണ് തിയറ്ററിലെത്തുക. പഴയ മോണോ സൗണ്ട് ട്രാക്കുകൾ പുതിയ അറ്റ്മോസ് ടെക്നോളജിയിലേക്ക് മാറ്റി റീറെക്കോർഡ് & റീമിക്സ് ചെയ്തു. പഴയ നെഗറ്റീവ് ഫിലിമിൽ നിന്ന് കിട്ടിയ സംഭാഷണങ്ങൾ മാത്രം നിലനിർത്തി പാട്ടുകളടക്കം പുതുതായി റെക്കോർഡ് ചെയ്തു. മോഹൻലാൽ അടക്കം വീണ്ടും പാട്ടുകൾ പാടി. ചെന്നൈയിലെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിലെ രാജാക‍ൃഷ്ണൻ എന്ന എൻജിനീയറായിരുന്നു 4കെ ടെക്നോളജിയിലേക്ക് മാറ്റത്തിന്റെ മേൽനോട്ടം.

 

∙ നീളം കൂട്ടി മിനുക്കിയ സ്ഫടികം

spadikam-4k-poster

 

ഡോൾബി സാങ്കേതിക വിദ്യയിൽ കൂടുതൽ മിഴിവേകാൻ കൂടുതൽ ഷോട്ടുകൾ സ്ഫടികത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. നിങ്ങൾ പണ്ട് കണ്ടതിലും ഏകദേശം എട്ടരമിനിറ്റോളം ദൈർഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാൻ പോകുന്നത്. അതിനായി 8 ദിവസത്തോളം ആർട്ടിസ്റ്റുകൾ ഉൾപ്പെടാത്ത ഷൂട്ടിങ് എന്റെ മേൽനോട്ടത്തിൽ നടത്തി. പല ഇൻസേർട്ട് ഷോട്ടുകളും കൂട്ടിച്ചേർത്തു. പഴയ എഡിറ്റിങ് ടെക്നോളജിയുടെ പരിമിതിമൂലം ഇടയ്ക്ക് വരുന്ന ബ്ലാങ്ക് ഫ്രെയ്മുകളെയും മറ്റും ഒഴിവാക്കി കൂടുതൽ ക്രിസ്പ് ആക്കി. അതുപോലെ തന്നെ ചിത്രത്തിന്റെ ടൈറ്റിലുകളും പുതിയ രീതിയിൽ സിനിമയുടെ ആത്മാവ് ഉൾക്കൊള്ളുന്ന ആനിമേഷനോടൊപ്പം വീണ്ടും ചേർത്തു. പണ്ട് മണ്ണിൽ എഴുതിവരുന്ന ‘സ്ഫടികം’ എന്ന മാസ്റ്റർ ടൈറ്റിലിനെയും ഒരു വോൾക്കാനിക് ഫീൽ കൊണ്ടുവന്ന് വിഎഫ്എക്സിൽ   മാറ്റിച്ചേർത്തിട്ടുണ്ട്. 

 

∙ 40 ആടുകൾ 500 ആടുകളായി

 

പഴയ സ്ഫടികത്തിൽ തോമയുടെ ഇൻട്രോ ആട്ടിൻകൂട്ടത്തിൽ നിന്ന് ഒരു ആട്ടിൻകുട്ടിയെപ്പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഷൂട്ടിന് ഉപയോഗിച്ചത്. ഇന്നത് 500 ആടുകളെവച്ച് റീഷൂട്ട് ചെയ്തു. ഇപ്പോൾ വലിയൊരു ആട്ടിൻകൂട്ടത്തിന്റെ നടുക്കുനിന്ന് നായകന്റെ മാസ് ഇൻട്രോ സ്ഫടികം റീലോഡഡിൽ കാണാം. കോവിഡിന് മുന്നേ തുടങ്ങിയതാണ് ഞങ്ങൾ‌ റീമാസ്റ്ററിങ്. 

 

പ്രൊഡ്യുസർ ആർ.മോഹൻ സാറിന്റെ കയ്യിലുള്ള നെഗറ്റീവാണ് ഡിജിറ്റലിലേക്ക് മാറ്റിയത്. പ്രൊസസ് ആരംഭിച്ച് കുറച്ചുകഴിഞ്ഞപാടെ കോവിഡ് വന്നു. മൂന്നര വർഷത്തോളമെടുത്തു ഇത് പൂർത്തിയാവാൻ. ശരിക്കും പുതിയൊരു സിനിമ ചെയ്തപോലെതന്നെയായിരുന്നു എനിക്ക് ആ പ്രോസസ്. ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ജിയോമെട്രിക്സ് എന്ന കമ്പനിവഴി എകദേശം രണ്ടുകോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയേറ്ററിലെത്തിക്കുന്നത്. 

 

∙ തിയറ്ററിൽ മാത്രം

 

സ്ഫടികം റിലോഡഡ് എല്ലാവരും അതിന്റെ പൂർണ തികവോടെ തിയറ്ററിൽ തന്നെ കാണണം. അതുപോലെ തന്നെ മിനിമം 3 വർഷത്തേക്ക് ഈ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. അതുപോലെ തന്നെ മലയാള സിനിമയിലെ തിളക്കമുള്ള ‘സാമൂതിരി’മാരായ താരങ്ങളെയെല്ലാം ഒന്നിച്ച് തിയറ്ററിൽ കാണാനുള്ള പ്രേക്ഷകന്റെ അവസാന അവസരവുമാണ് സ്ഫടികം റിലോഡഡ്. 

 

∙ എന്റെ പ്രിയപ്പെട്ട സ്ഫടികം

 

സ്ഫടികം എനിക്ക് ഇത്രയേറെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ചിത്രമായതിന്റെ കാരണം അതെന്റെ ജീവിതത്തോട് ഒരുപാട് ചേർന്നു നിൽക്കുന്ന സിനിമയായതിനാലാണ്. എന്റെ ജീവിതം, എന്റെ പാല, എന്റെ ഗുരുക്കൻമാര്‍, എന്റെ മാതാപിതാക്കള്‍, എന്റെ നാടിന്റെ ശീലുകള്‍ എല്ലാം അതിലുണ്ട്. ഞാൻ പഠിക്കുമ്പോൾ കണക്ക് എനിക്ക് വളരെ പ്രയാസമായിരുന്നു. നമ്പറുകൾ, ആളുകളുടെ പേരുകൾ എനിക്ക് ഓർമയിൽ നിക്കില്ല. എന്റെ സ്വന്തം മൊബൈൽ നമ്പർ, കാറിന്റെ നമ്പർ ഇതൊന്നും എനിക്ക് കാണാതെയറിയില്ല. കേൾക്കുമ്പോൾ ആളുകൾക്ക് അതിശയമാണ്. കാണാപ്പാഠം പഠിക്കാൻ എനിക്ക് പറ്റിയിട്ടില്ല. എനിക്ക് ഡയലോഗുകൾ കാണാപ്പാഠം ഓർക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്നേ വലിയ നടനായേനെ!! എന്നാൽ എന്റെ മിടുക്ക് മറ്റ് പലകാര്യങ്ങളിലുമായിരുന്നു. ഇതൊക്കെയായിരുന്നു സ്ഫടികത്തിലേക്കുള്ള ചിന്ത തുടങ്ങിയ പോയിന്റുകൾ. 

 

ആ സിനിമ എഴുതുമ്പോഴും വളരെ ഓർഗാനിക്കായിട്ടാണ് ഓരോ കാര്യങ്ങളും സംഭവിച്ചത്. ഇതിലങ്ങനെ എഴുത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടൊന്നുമില്ല. സംഭാഷണങ്ങളെഴുതാൻ എന്റെ കൂടെയുണ്ടായിരുന്ന രാജേന്ദ്രബാബു, എപ്പോഴും എന്റെ കൂടെയുണ്ടാകും. ഞാനിങ്ങനെ ഓരോന്ന് പറയുമ്പോൾതന്നെ ആശാനെ അതുകൊള്ളാം എന്ന് പറഞ്ഞ് പേപ്പറിലേക്കാക്കും.

 

പൊളിറ്റിക്കൽ കറക്ട്നെസ് കാലത്തെ സ്ഫടികം

 

കറതീർന്ന തിളക്കമുള്ള എല്ലാവരുടെയും മനസ്സിൽ കുത്തിക്കയറിയ ഒരു സിനിമയാണിത്. അതിന്റെ കാരണം എന്നത് ഒരിക്കലും ആടുതോമ തുണിപറിച്ച് അടിച്ചെന്നോ മുട്ടനാടിന്റെ ചോര കുടിച്ചെന്നോ, പാറമടയിൽ തിരുമ്മാൻ കിടന്നതോ തെറിവിളിയോ ഒന്നുമല്ല, അതൊക്കെ ആ കഥാപാത്രത്തിന്റെ രൂപീകരണത്തിന്റെ ഒരു മോൾഡ് ആണ്. പക്ഷേ, അതിൽനിന്ന് പുറകിലേക്കുള്ള സഞ്ചാരമാണ് കഥ. ഇയാൾക്ക് ഇങ്ങനൊരു ഭൂതകാലമുണ്ടായിരുന്നോ! അതിന്റെ കാരണങ്ങളിലേക്കും ബന്ധങ്ങളുടെ കൂട്ടിച്ചേർക്കലിലേക്കുമുള്ള മനോഹര സഞ്ചാരമാണ് സ്ഫടികം. അത് വീണ്ടും സ്ക്രൂട്ടനിക്ക് വിധേയമാക്കും എന്നൊരു പേടിയോ ചിന്തകളോ എനിക്ക് ഇല്ല.  

 

∙ സ്ഫടികം റിലോഡഡ് ആകുന്നു; ഭദ്രൻ എന്ന ഡയറക്ടർ റീലോഡഡ് ആകുന്നതെന്നാണ്?

 

ഉറപ്പായും എത്രയും പെട്ടെന്ന് അതുണ്ടാവും. വലിയ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ് ഞാനിപ്പോൾ‌. ഒന്ന് ജൂതൻ എന്ന മികച്ചൊരു സ്ക്രിപ്റ്റ് റെഡിയാണ്. മറ്റൊന്ന് മോഹൻ‌ലാൽ കേന്ദ്രകഥാപാത്രമാകുന്ന ഒരു സിനിമയും ഉടൻ സംഭവിക്കും. ജിം കെനി എന്നാണ് അതിൽ മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. ശക്തമായ കഥാപാത്രങ്ങളുള്ള ഒരു റോഡ് മൂവിയായാണത് ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com