ADVERTISEMENT

ഒതളങ്ങ തുരുത്ത് എന്ന ഹിറ്റ് വെബ് സീരീസിൽ ‘നത്ത്’ എന്ന കഥാപാത്രമായി എത്തി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് അബിൻ ബിനോ. ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ചം’ എന്ന ചിത്രത്തിൽ ഷിജപ്പൻ എന്ന കഥാപാത്രമായാണ് അബിൻ കയ്യടി നേടിയത്. സൗബിൻ ഷാഹിർ, അർജുൻ അശോകൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട വേഷമാണ് അബിന്റേത്. സൗബിനും അർജുനും മറ്റു പുതുമുഖ താരങ്ങളും സിനിമയിൽ കാണുന്നതുപോലെ തന്നെ ലൊക്കേഷനിലും വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നുവെന്ന് അബിൻ പറയുന്നു. സൗബിന് തന്നോടാണ് ഏറ്റവും അടുപ്പമുണ്ടായിരുന്നത്. സിനിമയുടെ പ്രമോഷൻ വിഡിയോയിൽ സൗബിൻ തന്നെ ബോഡി ഷെയ്മിങ് ചെയ്തു എന്ന പരാമർശം തീത്തും അടിസ്ഥാന രഹിതമാണെന്നും അബിൻ പറയുന്നു. തന്നോട് അടുപ്പവും സ്വാതന്ത്ര്യവുമുള്ളതുകൊണ്ടാണ് സൗബിൻ അങ്ങനെ സംസാരിച്ചത്. അതിൽ തനിക്കും ഒരു പ്രയാസവും തോന്നിയില്ലെന്നും ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് പ്രേക്ഷകരോട് അഭ്യർഥിക്കുകയാണെന്നും അബിൻ ബിനോ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

രോമാഞ്ചത്തിലേക്ക് എത്തിയത്

സംവിധായകൻ ജിത്തു മാധവൻ ഒതളങ്ങ തുരുത്ത് കണ്ടിട്ടാണ് എന്നെ വിളിച്ചത്. രോമാഞ്ചത്തിന്റെ കഥ കേട്ടപ്പോൾത്തന്നെ ഇതിൽ അഭിനയിക്കണം എന്ന് ആഗ്രഹമായി. അങ്ങനെയാണ് ഈ സിനിമയിൽ അഭിനയിക്കുവാനുള്ള സാഹചര്യം ഒത്തുവന്നത്. പടം കണ്ടവരെല്ലാം നല്ല അഭിപ്രായമാണു പറയുന്നത്. സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്നൊന്നും കരുതിയിട്ടില്ല. ആ എനിക്ക് വലിയ സ്വീകാര്യതയാണ് ഒതളങ്ങ തുരുത്ത് ഉണ്ടാക്കിത്തന്നത്. രോമാഞ്ചം ഇറങ്ങിയപ്പോൾ ഇരട്ടി സ്വീകാര്യതയാണ് കിട്ടുന്നത്. വലിയ സന്തോഷമുണ്ട്.

ആദ്യമായി ഒതളങ്ങ തുരുത്തിൽ

ആദ്യമായി അഭിനയിച്ചത് ഒതളങ്ങ തുരുത്തിൽ ആയിരുന്നു. വളരെ യാദൃച്ഛികമായി കിട്ടിയ ഭാഗ്യമാണ് അത്. ഒതളങ്ങയുടെ സംവിധായകൻ എന്റെ വീടിനടുത്ത് ഒരു ഷോർട് ഫിലിമിന്റെ ലൊക്കേഷൻ നോക്കാൻ വന്നതായിരുന്നു. അന്ന് ഞാൻ നാട്ടിൽ ചെറിയ റീൽസ് വിഡിയോ ഒക്കെ ചെയ്തു നിൽക്കുന്ന സമയമാണ്. അവിടെയുള്ള ഒരു സുഹൃത്ത് അംബുജി ചേട്ടനോട് പറഞ്ഞു, ഇവന് അഭിനയിക്കാനൊക്കെ കഴിവുണ്ട് ഇവനും കൂടി അഭിനയിക്കാൻ അവസരം കൊടുക്കണമെന്ന്. എന്നെ വഴിയിൽ വച്ച് കണ്ടപ്പോഴേ അംബുജി ചേട്ടന് ഇഷ്ടമായി. ‘എന്റെ ഷോർട് ഫിലിമിൽ ഒരു കഥാപാത്രമുണ്ട് നീ ചെയ്യണം’ എന്നുപറഞ്ഞു. അത് 2015 ൽ ആണ്. പക്ഷേ അദ്ദേഹം പോയി രണ്ടു വർഷത്തേക്ക് വിളിയൊന്നും വന്നില്ല. ഞാൻ കരുതി അദ്ദേഹം എന്നെ മറന്നിട്ടുണ്ടാകുമെന്ന്. രണ്ടുവർഷം കഴിഞ്ഞ് അംബുജി ചേട്ടൻ വിളിച്ചിട്ട്, കരിക്ക് പോലെ ഒരു വെബ് സീരീസ് ചെയ്യുന്നുണ്ട് കൂടെ നിൽക്കാമോ എന്നുചോദിച്ചു. എനിക്ക് വലിയ സന്തോഷമായി ഞാൻ അപ്പോൾത്തന്നെ സമ്മതിച്ചു. അങ്ങനെയാണ് ഒതളങ്ങ തുരുത്തിൽ അഭിനയിച്ചത്. ഒതളങ്ങ തുരുത്ത് കൊണ്ടുവന്ന ഭാഗ്യമാണ് ഇപ്പോൾ രോമാഞ്ചം വരെ എത്തിയത്.

abin-bino-2

സ്വന്തം നാട് ഒരു തുരുത്തിൽ

എന്റെ വീട് കൊല്ലം കരുനാഗപ്പള്ളിയിൽ ആലപ്പാട് പഞ്ചായത്തിൽ വെള്ളനാതുരുത്ത് എന്ന സ്ഥലത്താണ്. അത് കടലിനും കായലിനും ഇടയ്ക്ക് നിൽക്കുന്ന സ്ഥലമാണ്. ഒതളങ്ങ തുരുത്ത് ഷൂട്ട് ചെയ്തിരിക്കുന്നത് കൂടുതലും അവിടെയാണ്. ഞാൻ ഡിഗ്രിക്ക് പോയെങ്കിലും പൂർത്തിയാക്കാതെ വീട്ടിൽ നിൽക്കുകയായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പിഎസ്‌സി കോച്ചിങ്ങിനൊക്കെ പോകുമ്പോഴാണ് അഭിനയമോഹം തോന്നിയത്. കാറ്ററിങ്, കടലിൽ മീൻ പിടിക്കാൻ പോവുക ഒക്കെ ചെയ്യുമായിരുന്നു. ഇതിനിടയിൽ നാട്ടിലുണ്ടാകുന്ന വിഷയങ്ങൾ ഹാസ്യ രൂപത്തിൽ വിഡിയോ ആക്കും. സിനിമയിലെത്തണം എന്നാഗ്രഹമുണ്ടെങ്കിലും ആരും സപ്പോർട്ട് ചെയ്യാനില്ലാത്തതുകൊണ്ട് ആ മോഹം ഉള്ളിലൊതുക്കി. നാട്ടിൽ എല്ലാവരും വലിയ പിന്തുണയാണ് തരുന്നത്. ഒളങ്ങ തുരുത്ത് ഹിറ്റ് ആയപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. ഇപ്പോൾ രോമാഞ്ചത്തിന്റെ വൻ വിജയത്തിൽ നാട്ടിലെല്ലാവർക്കും രോമാഞ്ചമാണ്.

abin-bino-3

സെറ്റിലുണ്ടാക്കിയ സൗഹൃദം സിനിമയെ സഹായിച്ചു

രോമാഞ്ചത്തിൽ എത്തിയപ്പോൾ എനിക്കു നേരിട്ട് അറിയാവുന്നത് ജഗദീഷിനെയും ജോമോനെയുമായിരുന്നു. ഞങ്ങൾ ഒതളങ്ങ തുരുത്തിൽ ഒരുമിച്ചുണ്ടായിരുന്നു. സിജു, അനന്തരാമൻ, സജിൻ ഗോപു തുടങ്ങിയവരെ നേരിട്ട് പരിചയമില്ല. ചെന്നൈയിലേക്ക് പോകുമ്പോൾ ട്രെയിനിൽ വച്ച് അവരെയെല്ലാം പരിചയപ്പെട്ടു. പെട്ടെന്നുതന്നെ നല്ലൊരു വൈബ് ആയി. ബെംഗളൂരു എത്തിയപ്പോഴേക്കും ഞങ്ങൾ എല്ലാവരും അടുത്ത കൂട്ടുകാരായി. ആ ഒരു സുഹൃദ് ബന്ധം സിനിമയിൽ നന്നായി പ്രവർത്തിച്ചു. ജിത്തുവേട്ടൻ ഞങ്ങൾക്ക് ഒരു നിയന്ത്രണവും തന്നില്ല. സിറ്റുവേഷൻ പറഞ്ഞു തന്നിട്ട് ഞങ്ങളെ സ്വതന്ത്രമായി അഭിനയിക്കാൻ വിട്ടു. ആ സ്വാതന്ത്ര്യത്തിലാണ് കോമഡികൾ ഇത്രയും വർക്ക് ഔട്ട് ആയത്. സൗബിൻ ഇക്കയും അർജുൻ അശോകനും ഞങ്ങളെ നന്നായി പിന്തുണച്ചു. പുതുമുഖങ്ങളായ ഞങ്ങൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അവർ വരുമ്പോൾ ഞങ്ങൾ മാറി നിൽക്കുമായിരുന്നു. പക്ഷേ അവർ ഞങ്ങളോടൊപ്പം കൂടി എന്നാണു പറയേണ്ടത്. ഞങ്ങൾക്ക് ഭക്ഷണം വാങ്ങിത്തരുകയും ഷൂട്ട് ഇല്ലാത്തപ്പോൾ റൂമിൽ ഒരുമിച്ച് ഇരുന്ന് സംസാരിക്കുകയും ചെയ്യുമായിരുന്നു.

ഷൂട്ടിങ്ങിനു മുൻപ് ഓജോ ബോർഡ് കളിച്ചു

കുട്ടിക്കാലത്ത് ഓജോ ബോർഡ് കളിച്ചിട്ടുണ്ട്. പക്ഷേ കാര്യമായിട്ടൊന്നും സംഭവിച്ചില്ല. രോമാഞ്ചത്തിന്റെ സെറ്റിൽ ഞങ്ങൾ സിനിമ തുടങ്ങുന്നതിനു മുൻപ് രാത്രിയിൽ ഓജോ ബോർഡ് കളിച്ചു നോക്കി. പക്ഷേ അപ്പോഴും അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ല.

സാറാസ് ആദ്യ ചിത്രം

jude-abin

ആദ്യമായി അഭിനയിച്ചത് സാറാസിൽ ആണ്. പാപ്പനിൽ ഒരു ചെറിയ വേഷം ചെയ്തു. ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതി വിജയ് ജോസ് സംവിധാനം ചെയ്ത ആപ്പ് കൈസേ ഹോ, പുള്ളി, ജോജു ചേട്ടനോടൊപ്പം 'പുലിമട', ജയരാജ് സാറിന്റെ ചിത്രം തുടങ്ങി കുറച്ചു സിനിമകൾ ചെയ്തു. രോമാഞ്ചം എന്റെ ഒൻപതാമത്തെ ചിത്രമാണ്. ആദ്യമായിട്ടാണ് ഒരു സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്യുന്നത്. ബിനു സദാനന്ദൻ സംവിധാനം ചെയ്യുന്ന പ്രഹരം ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം.

രോമാഞ്ചത്തിന്റെ വിജയത്തിനിടെ വിവാദങ്ങൾ അടിസ്ഥാനരഹിതം

കുറച്ചുനാൾ മുൻപ് എടുത്ത അഭിമുഖമാണത്. കഴിഞ്ഞ ദിവസമാണ് ഇങ്ങനെ ഒരു വിഡിയോ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. സിനിമയുടെ സെറ്റിൽ ഞങ്ങൾ എല്ലാവരും നല്ല സൗഹൃദത്തോടെയാണ് കഴിഞ്ഞത്. സൗബിൻ ഇക്കയ്ക്ക് എന്നോടായിരുന്നു കൂടുതൽ അടുപ്പം. സിനിമ കണ്ടവർക്ക് അറിയാം ഞാനും സൗബിൻ ഇക്കയും തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട്, അത് ജീവിതത്തിലും ഉണ്ട്. എന്നെ ഇക്കയുടെ റൂമിൽ വിളിച്ച് ഒരുപാടുനേരം ഇരുന്നു വർത്തമാനം പറയും, ലൊക്കേഷനിലെ ഊഞ്ഞാലിൽ ഇരുത്തി ആട്ടും. അങ്ങനെ ഞങ്ങൾ തമ്മിൽ നല്ലൊരു അടുപ്പമുണ്ട്. ആ അടുപ്പത്തിന്റെ പേരിലാണ് ഇന്റർവ്യൂവിൽ സൗബിൻ ഇക്ക അങ്ങനെ പറഞ്ഞത്. ഞങ്ങൾ എല്ലാരും തമ്മിൽ തമ്മിൽ പ്രേതം എന്ന് വിളിക്കാറുണ്ട്. ആ വിഡിയോയിൽ, ഇതിൽ ലുക്ക് വച്ചിട്ട് സിനിമയിൽ ആരായിരിക്കും പ്രേതം എന്ന് ഇക്ക ചോദിക്കുമ്പോൾ, ഞാൻ ചിരിച്ചു. ആ ചിരിയിലാണ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ഞാൻ ആണ് പ്രേതം എന്ന് പറഞ്ഞത്. അതിനെ ബോഡി ഷെയ്‌മിങ്ങോ ആക്ഷേപമോ ആയി കാണാൻ പറ്റില്ല.

സൗബിനിക്ക പറഞ്ഞത് നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യമൊന്നുമല്ല, വെറുതെ എന്നെ തമാശയ്ക്ക് കളിയാക്കിയതാണ്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. സിനിമയിൽ ഒരു തുടക്കക്കാരനായ എനിക്ക് വലിയ പ്രോത്സാഹനവും പിന്തുണയും അദ്ദേഹം തന്നിട്ടുണ്ട്. എനിക്ക് അദ്ദേഹത്തോടും ആ സ്വാതന്ത്ര്യം ഉണ്ട്. അദ്ദേഹം എനിക്ക് സഹോദരനെപ്പോലെ ആണ്. അവിടെ ഞാൻ വിഷമിച്ച് ഇരിക്കുകയൊന്നും അല്ലായിരുന്നു. അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല. അദ്ദേഹം അങ്ങനെയൊന്നും ചിന്തിച്ചിട്ടുകൂടി ഇല്ല. തമാശയ്ക്ക് പറഞ്ഞ ഒരു കാര്യം എടുത്ത് വെറുതെ വിവാദമുണ്ടാക്കരുത് എന്നാണ് എന്റെ അഭ്യർഥന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com