‘പുതപ്പിക്കും ഞാൻ’: അർജുനെ കാണുമ്പോഴേ ചിരി വരും: രോമാഞ്ചത്തിലെ ‘നിരൂപ്’ അഭിമുഖം
Mail This Article
യാത്രക്കാരെ വിസ്മയത്തിന്റെ മായികലോകത്തേക്ക് കൊണ്ടുപോകുന്ന ‘ചുരുളി’യിലെ ജീപ്പ് ഡ്രൈവറെ പ്രേക്ഷകർ മറന്നുകാണാൻ ഇടയില്ല. ആദ്യ ചിത്രം തന്നെ വമ്പൻ ഹിറ്റ് ആയത് സജിൻ ഗോപു എന്ന സിനിമാസ്നേഹിയായ ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ‘ജാനേ മൻ’ എന്ന ചിത്രത്തിലെ സജിയേട്ടനെയും ഇപ്പോൾ രോമാഞ്ചത്തിലെ നിരൂപിനെയും അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയാണ് സജിൻ ഗോപു. ഒരു പുതുമുഖത്തിനു ലഭിച്ച മികച്ച തുടക്കമായിരുന്നു ഹിറ്റായ മൂന്ന് ചിത്രങ്ങളിൽ അവസരം ലഭിച്ചതെന്നും രോമാഞ്ചത്തിന് ടിക്കറ്റ് കിട്ടുന്നില്ല എന്ന് സുഹൃത്തുക്കൾ പറയുമ്പോൾ സന്തോഷമാണ് തോന്നുന്നതെന്നും സജിൻ ഗോപു പറയുന്നു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രമായ ചാവേറിലാണ് സജിൻ ഇപ്പോൾ അഭിനയിക്കുന്നത്. പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച സിനിമയുടെ വിശേഷങ്ങളുമായി സജിൻ ഗോപു മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.
എല്ലാം ഒരു ചുരുളി പോലെ
പണ്ടുമുതൽ സിനിമ കാണുന്നത് ഇഷ്ടമാണ്. ടിവിയിൽ വരുന്നതെല്ലാം കാണും. തിയറ്ററിൽ പോയി കാണാൻ പ്രായമായപ്പോൾ പോയി കണ്ടു തുടങ്ങി. ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ സിനിമയിൽ അഭിനയിക്കാൻ താൽപര്യം തോന്നി ഓഡിഷനുകളിൽ പങ്കെടുത്തു. കുറച്ചു നാൾ എ.പി. അനിൽകുമാർ സാറിനൊപ്പം ചേർന്ന് നാടകങ്ങൾ ചെയ്തു. അതിനു ശേഷം ഒന്നുരണ്ടു സിനിമകളിൽ ചെറിയ വേഷം ചെയ്തു. അതൊന്നും വലുതായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട്, ഞാൻ പോകുന്ന റൂട്ട് ശരിയല്ല എന്ന് തോന്നി. സുഹൃത്ത് സഞ്ജുവുമായി ചേർന്ന് തിരക്കഥ എഴുതി തുടങ്ങി. ആ സിനിമ ചെയ്ത് അതിലൂടെ നല്ല കഥാപാത്രങ്ങൾ ചെയ്യാം എന്നായിരുന്നു പ്ലാൻ. ആ സമയത്ത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്നു സഞ്ജു. ലിജോ ചുരുളി ചെയ്തപ്പോൾ ലിജോ ചേട്ടനെ കാണാൻ ഒരു അവസരമുണ്ടാക്കിത്തന്നു. ചുരുളിയിൽ എനിക്ക് പറ്റിയ ഒരു കഥാപാത്രമുണ്ടെന്നു തോന്നിയപ്പോൾ അദ്ദേഹം എന്നെ കാസ്റ്റ് ചെയ്തു. അങ്ങനെയാണ് ചുരുളിയിലെ ജീപ്പ് ഡ്രൈവർ ആകുന്നത്. എന്നെ സുഹൃത്തുക്കൾ ചുരുളിയിലെ കഥാപാത്രമായ തങ്കു എന്നാണു വിളിക്കുന്നത്. ഇപ്പോൾ രോമാഞ്ചം ഇറങ്ങിയപ്പോൾ എന്നെ മറ്റൊരു പേര് വിളിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നതിൽ സന്തോഷമേയുള്ളൂ.
ചുരുളിയുടെ ട്രെയിലർ ഇറങ്ങുന്ന സമയത്താണ് ജാനേ മന്നിൽ കാസ്റ്റ് ആകുന്നത്. രണ്ടും ഒരേ ദിവസം തന്നെ റിലീസ് ആയി. ചുരുളിയിലെ വേഷം നന്നായി ശ്രദ്ധിക്കപ്പെട്ടു. ഒടിടി റിലീസ് ആയതുകൊണ്ടു തന്നെ എല്ലാവരും ആ സിനിമ കണ്ടു. അത് ഒരുപാട് ചർച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നല്ലോ. ഇത് എന്താണെന്ന് അറിയാൻ വേണ്ടി എങ്കിലും എല്ലാവരും കണ്ടു എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പട്ടു. ജാനേ മനും ഹിറ്റ് ആയിരുന്നു. അതിനു ശേഷമാണു രോമാഞ്ചം ചെയ്തത്. ചെയ്ത മൂന്നു ചിത്രങ്ങളും ഹിറ്റായി എന്നത് തുടക്കക്കാരനായ എന്റെ ഭാഗ്യം തന്നെയാണ്.
ജോൺ പോൾ വിളിച്ചു തന്ന രോമാഞ്ചം
ജോണ്‍ പോൾ ചേട്ടനാണ് എന്നെ വിളിച്ചിട്ട്, ‘‘ഒരു സിനിമയുണ്ട്, വേറെ വല്ല കമ്മിറ്റ്മെന്റ് ഉണ്ടോ’’ എന്ന് ചോദിച്ചത്. ഞാൻ പറഞ്ഞു ‘ഒന്നുമില്ല’. അദ്ദേഹം പറഞ്ഞു, ‘‘ഞങ്ങൾ ഒരു സിനിമ ചെയ്യുന്നുണ്ട് സംവിധായകൻ ജിത്തു വിളിച്ച് കഥ പറയും. ഷൂട്ട് ചെന്നൈയിലും ബെംഗളൂരുവിലും ആണ് ഓകെ ആണെങ്കിൽ കയറിപ്പോരൂ’’. കഥ കേട്ടപ്പോൾത്തന്നെ ഇഷ്ടമായി. എല്ലാവർക്കും തുല്യ പ്രാധാന്യമുള്ള സിനിമയാണ്. ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രം. സൗബിൻ ഇക്ക, അർജുൻ അശോകൻ തുടങ്ങിയവരുമായി സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റും, ജോണ്‍ പോൾ ജോർജ്, സുഷിന് ശ്യാം, ഗിരീഷ് ഗംഗാധരൻ തുടങ്ങിയവരുടെ ബാനർ ഇതൊക്കെ ആയിരുന്നു ആ സിനിമയുടെ ആകർഷണം.
ഓജോ ബോർഡ് കളിച്ചിട്ടില്ല
ഞാൻ ഇതുവരെ ഓജോ ബോർഡ് കളിച്ചിട്ടില്ല. ഷൂട്ടിന് മുൻപ് ഞങ്ങളെല്ലാവരും കൂടി കളിച്ചു നോക്കി. പക്ഷേ ഫലമുണ്ടായില്ല. ഞങ്ങൾ ഒരു രസത്തിനു വേണ്ടി ചെയ്തതാണ്. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും അനങ്ങിയൊക്കെ നോക്കി, പ്രേതവും വന്നില്ല ആത്മാവും വന്നില്ല. കളിച്ച പലരും പല അനുഭവങ്ങളും പറഞ്ഞിട്ടുണ്ട്, അപ്പോ ഒരു വിശ്വാസം തോന്നും. ജിത്തുവിന്റെ കഥയാണല്ലോ, സൗബിൻ ഇക്ക ചെറുപ്പത്തിൽ കളിച്ചു നോക്കിയിട്ടുണ്ട് എന്ന് പറഞ്ഞു.
ഹോസ്റ്റൽ എക്സ്പീരിയൻസ് മിസ് ആയത് രോമാഞ്ചം നികത്തി
എന്റെ വീട് ആലുവയിലാണ്. ഞാൻ ഇതുവരെ ഹോസ്റ്റലിൽനിന്ന് പഠിച്ചിട്ടില്ല. കോളജ് തൊട്ടടുത്ത് ആയിരുന്നു. വല്ലപ്പോഴും ഫ്രണ്ട്സ് താമസിക്കുന്ന ഹോസ്റ്റലിൽ വാർഡനെ വെട്ടിച്ച് പോയി താമസിച്ചിട്ടുണ്ട്. അതൊക്കെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്നത് രസമായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. ഷൂട്ടിങ്ങിനു പോയപ്പോൾ ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് താമസിച്ചു. സിനിമയിൽ കാണുന്നതുപോലെ ഒരു വൈബ് ഞങ്ങൾ തമ്മിൽ ഉണ്ടായി വന്നു. ഷൂട്ട് നടക്കുന്നതിനടുത്തുള്ള ഒരു ഹോസ്റ്റലിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. രാവിലെ നടന്നു ലൊക്കേഷനിൽ പോകും. തിരിച്ച് നടന്നു ഹോട്ടലിൽ എത്തും. സൗബിക്കയും അർജുനും നല്ല സൗഹൃദപൂർവമായിരുന്നു പെരുമാറിയത്.
അർജുനോടൊപ്പം ജാനേ മനിൽ അഭിനയിച്ചിട്ടുണ്ട്. ടിനു പാപ്പച്ചന്റെ പടത്തിലും അർജുനും ഞാനുമുണ്ട്, ഞങ്ങൾ നേരത്തെ സുഹൃത്തുക്കളാണ്. അർജുൻ അശോകന്റെ കഥാപാത്രത്തെ കാണുമ്പോൾ തന്നെ ചിരി വരും, പക്ഷേ ചിരിച്ചാൽ പോയില്ലേ? എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമാണ് സിനു. അർജുൻ ഇതുവരെ ചെയ്യാത്ത വ്യത്യസ്തതയുള്ള കഥാപാത്രമാണ് ഇത്. സൗബിക്ക ഒരുപാട് സീനിയർ ആർടിസ്റ്റാണല്ലോ എല്ലാവർക്കും അദ്ദേഹത്തോടു ചെന്ന് സംസാരിക്കാൻ മടി ആയിരുന്നു. പക്ഷേ സൗബിക്ക പറഞ്ഞു, നിങ്ങൾ ഇങ്ങനെ നിന്നാൽ ശരിയാകില്ല. അദ്ദേഹം ഞങ്ങളെ പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിത്തരും, കറങ്ങാൻ പോകും, ഹോട്ടലിൽ ഒരുമിച്ചിരുന്നു സംസാരിക്കും അങ്ങനെ അദ്ദേഹവുമായി വലിയൊരു സുഹൃദ്ബന്ധം ഉണ്ടാക്കിയെടുത്തു അത് സിനിമയിൽ അഭിനയിക്കുമ്പോഴും സഹായിച്ചു.
പ്രേതഭവനത്തിലെ ബോസ്
എന്റെ കഥാപാത്രം നിരൂപ് ആണ് രോമാഞ്ചത്തിലെ കൂട്ടുകാർ താമസിക്കുന്ന വീട്ടിലെ ബോസ്. എല്ലാവരെയും നിലയ്ക്കു നിർത്തി ഭരിച്ച്, വിറപ്പിച്ച് നിർത്തുന്ന ആളാണ് നിരൂപ്. ഞാൻ യഥാർഥത്തിൽ ഒട്ടും സ്ട്രിക്ട് അല്ല വളരെ ഫ്ലെക്സിബിൾ ആണ്. ഈ സിനിമയിലെ കഥാപാത്രത്തെപോലെ അല്ല. മുൻപ് ചെയ്ത കഥാപാത്രങ്ങളേക്കാൾ വളരെ വ്യത്യസ്തമായിരിക്കണം രോമാഞ്ചത്തിലെ കഥാപാത്രം എന്ന് കരുതിയിരുന്നു. ജിത്തു ഒരുപാട് ഇൻപുട്ട് തന്നിട്ടുണ്ട്. യഥാർഥ ജീവിതത്തിൽ ജിത്തുവിന്റെ കൂട്ടുകാരനാണ് നിരൂപ്, അവൻ എങ്ങനെയാണു ഓരോന്നും ചെയ്യുക, അവന്റെ നടത്തം ഇരിപ്പ്, നോട്ടം ബാക്കി സ്വഭാവങ്ങൾ എല്ലാം ജിത്തു ഒരു ഐഡിയ തന്നിരുന്നു. ജിത്തു പറഞ്ഞതുപോലെയാണ് ഞാൻ ചെയ്തത്. കഥാപാത്രം നന്നായി ചെയ്തു എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്.
ചുരുളി എന്റെ ഭാഗ്യം
ഒരു പുതുമുഖമായ എനിക്ക് ലിജോ ചേട്ടന്റെ സിനിമയിൽ അവസരം ലഭിച്ചതു തന്നെ ലോട്ടറിയാണ്. കഥാപാത്രങ്ങൾക്ക് ആവശ്യമുള്ള ആളുകളെ തിരഞ്ഞെടുക്കുന്ന സംവിധായകനാണ് ലിജോ ചേട്ടൻ. വെറുതെ സുഹൃദ് ബന്ധത്തിന്റെ പേരിൽ എടുക്കില്ല. ഇനി ലിജോ ചേട്ടന്റെ സിനിമ കിട്ടുമോ എന്നുപോലും അറിയില്ല. അദ്ദേഹത്തിന് ആവശ്യമുണ്ടെങ്കിലേ വിളിക്കൂ. അദ്ദേഹത്തിന്റെ സിനിമയിൽ അവസരം കിട്ടാൻ കാത്തിരിക്കുന്ന ആളുകളുണ്ട്. ലിജോ ചേട്ടന്റെ പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. ചുരുളിയിലെ ജീപ്പ് ഡ്രൈവറെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇടുക്കി കുളമാവ് ആയിരുന്നു ആ ജീപ്പ് പോകുന്ന കാട്. കാട്ടിൽ ജീപ്പ് ഓടിക്കുക വലിയൊരു ടാസ്ക് ആയിരുന്നു. ഞാൻ വണ്ടി അത്യാവശ്യം നന്നായി ഓടിക്കും അതൊരു പ്ലസ് പോയിന്റായി. സ്ക്രിപ്റ്റിൽ വായിച്ചതൊന്നുമല്ല അവിടെ ഷൂട്ട് ചെയ്തത്. സ്ക്രിപ്റ്റ് വായിച്ചതുപോലെ ചെയ്യാം എന്നുപറഞ്ഞു സെറ്റിൽ പോയാൽ വെറുതെ ആകും. അവിടെ ചെല്ലുമ്പോൾ അതല്ല, ലിജോ ചേട്ടൻ അപ്പോൾ പറയുന്നതുപോലെ ആണ് ചെയ്യേണ്ടത്. വളരെ നല്ല അനുഭവമായിരുന്നു.
ടിക്കറ്റ് കിട്ടുന്നില്ല എന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ട്
ഇതുവരെ ചെയ്ത സിനിമകൾ ഇറങ്ങിയപ്പോഴത്തതിനെക്കാൾ ഭയങ്കര റെസ്പോൺസ് ആണ് കിട്ടുന്നത്. എല്ലാവരും വിളിക്കുന്നുൈ കഥാപാത്രത്തെപ്പറ്റി പറയുന്നു. സിനിമ എല്ലാവരിലേക്കും എത്തുന്നുണ്ട്. പലരും വിളിച്ച് ടിക്കറ്റ് കിട്ടുന്നില്ല എന്ന് പറയുന്നുണ്ട് അത് കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ സന്തോഷമാണ്. നിങ്ങൾക്ക് കുറച്ചു ദിവസം കൂടി ടിക്കറ്റ് കിട്ടാതിരിക്കട്ടെ എന്ന് ഞാൻ അവരോടു പറയും. എല്ലാ തിയറ്ററിലും സ്‌പെഷൽ ഷോകൾ ആഡ് ചെയ്യേണ്ടി വന്നു. എല്ലാ തഹയറ്ററും ഹൗസ്ഫുൾ ആയിരുന്നു. വലിയ സന്തോഷമാണ്. കോവിഡ് കഴിഞ്ഞ് പലരുടെയും കയ്യിൽ പണമില്ല. ജോലി ഒക്കെ കഴിഞ്ഞു വരുന്നവരോ പഠിക്കുന്ന കുട്ടികളോ ഒക്കെ പണമുണ്ടാക്കി സിനിമ കാണാൻ കയറുന്നത് എന്റർടെയ്ൻമെന്റിനാണ്. അവർക്ക് ഇഷ്ടം തമാശപ്പടങ്ങൾ ആയിരിക്കും. എല്ലാവരെയും തൃപ്തിപ്പെടുത്താൻ രോമാഞ്ചത്തിന് കഴിഞ്ഞു എന്നാണ് കിട്ടുന്ന പ്രതികരണങ്ങൾ.
സിനിമയ്ക്ക് പിന്നാലെ പോയപ്പോൾ വീട്ടിൽ ടെൻഷൻ ആയിരുന്നു
അച്ഛനും അമ്മയും അനുജനുമാണ് വീട്ടിലുള്ളത്. ഞാൻ സിനിമ എന്ന് പറഞ്ഞു നടക്കുമ്പോൾ അവർക്ക് ടെൻഷൻ ഉണ്ടായിരുന്നു. അങ്ങനെയാണ് ജോലിക്ക് പോകാൻ തീരുമാനിച്ചത്. ഞാൻ ഒരു ലോജിസ്റ്റിക്സ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. സിനിമയായിരുന്നു സ്വപ്നം, ജോലിയും സിനിമയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയപ്പോൾ ജോലി ഉപേക്ഷിച്ചു. ചുരുളി ഇറങ്ങിയപ്പോൾ ഞാൻ സീരിയസായി സിനിമ ചെയ്യുന്നുണ്ട് എന്ന് അവർക്ക് മനസ്സിലായി. ചെയ്ത മൂന്നു സിനിമയും ഹിറ്റ് ആകുമ്പോൾ അവർക്ക് സന്തോഷമുണ്ട്.
രോമാഞ്ചം തന്ന സുഷിന്‍ ശ്യാം
തിയറ്റർ എക്സ്പീരിയൻസ് മിസ് ചെയ്യരുത് എന്നുപറയുന്നതിന്റെ പ്രധാന കാരണം സംഗീതമാണ്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളുമാണ് സിനിമയുടെ ഹൈലൈറ്റ്. തയറ്ററിൽ കിട്ടുന്ന സുഖം ഒടിടിയിൽ കിട്ടി എന്ന് വരില്ല. സംഗീതമാണ് സിനിമയുടെ ജീവൻ. സംഗീതം കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരും. ആദരാഞ്ജലി നേരട്ടെ എന്ന പാട്ട് വൻ ഹിറ്റ് ആയിരുന്നു. മറ്റ് പാട്ടുകളും ഇപ്പോൾ ഹിറ്റ് ആകുന്നുണ്ട്.
ചുരുളി മുതൽ ചാവേർ വരെ
ചുരുളിയിലാണ് ആദ്യമായി ഞാൻ അഭിനയിക്കുന്നത്. അതിനുശേഷം ജാനേ മൻ എന്ന സിനിമയിൽ സജിയേട്ടൻ എന്ന കഥാപാത്രവും ചെയ്തു. ചുരുളിയിൽ ജീപ്പ് ഡ്രൈവർ ആയിട്ടാണ് അഭിനയിച്ചത്. അതിന് ശേഷം വന്ന ചിത്രമാണ് രോമാഞ്ചം. ഇനി ടിനു പാപ്പച്ചന്റെ ചാവേർ എന്ന ചിത്രമാണ് ഇറങ്ങാനുള്ളത്. കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്റണി വർഗീസും ഒക്കെയാണ് അതിലെ താരങ്ങൾ. അതിൽ നല്ലൊരു കഥാപാത്രമാണ് ചെയ്തത്, നാല് നായകന്മാരിൽ ഒരാളാണ്. അത് വിഷു റിലീസ് ആയിരിക്കുമെന്ന് തോന്നുന്നു. മറ്റൊരു പടത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കുകയാണ്.