ADVERTISEMENT

പുത്തൻ റെയ്ബാൻ ഗ്ലാസും വച്ച് ചെകുത്താൻ വണ്ടിയുമായി മലയാളികളുടെ ഹൃദയത്തിലേക്ക് പാഞ്ഞുകയറിയ ആടുതോമ മാത്രമല്ല, ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു പറയുന്ന ചാക്കോ മാഷിനെയും മറക്കാൻ  മലയാളികൾക്കാവില്ല. എന്നാൽ ആ ഹിറ്റ് ഡയലോഗിനു പിന്നിൽ കായംകുളത്തുകാരനായ, മദ്രാസ് സർവക‌ലാശാല മുൻ മേധാവി പ്രഫ. രാജേന്ദ്ര ബാബു ആണെന്ന് എത്രപേർക്കറിയാം? ചിത്രത്തിലെ നായകൻ മോഹൻലാലിന്റെയും ചാക്കോ മാഷായി നിറഞ്ഞാടിയ തിലക‌ന്റെയും സംഭാഷണങ്ങൾ ഇന്നും നെഞ്ചിലെ തീപ്പൊരിയാണ്, വിങ്ങലാണ്. റിലീസ് ചെയ്ത് 28 വർഷങ്ങൾക്കിപ്പുറം ദൃശ്യ–സാങ്കേതിക മികവോടെ ‘സ്ഫടികം’ റീലോഞ്ച് ചെയ്തപ്പോൾ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ് സിനിമയിലെ സംഭാഷണങ്ങളും സീനുകളും. 

 

സ്ഫടികം ചിത്രീകരണം നടക്കുമ്പോൾ ഭദ്രനു ചില സീനുകൾ ഉദേശിച്ച ദൃശ്യ മികവോടെ എടുക്കാൻ സാധിച്ചിരുന്നില്ല. അന്നത്തെ കാലത്തു സാങ്കേതിക വിദ്യ അത്രയും വളർന്നിട്ടില്ലല്ലോ. ആ മോഹമാണ് ഇപ്പോൾ സാധ്യമാക്കിയിരിക്കുന്നത്. ചിത്രത്തിനായി ഏതാനും ചില ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം അന്ന് പ്ലാൻ ചെയ്ത് അന്നത്തെ ദൃശ്യ സാങ്കേതികത ഉപയോഗിച്ച് ചെയ്യാൻ സാധിക്കാതെ പോയവയാണ്. തീയറ്ററിൽ ഇരുന്നു സിനിമ കാണുമ്പോൾ ഭദ്രനുദ്ദേശിക്കുന്ന അതേ ഫീൽ കാഴ്ചക്കാരനും ഉണ്ടാവണമെന്നു നിർബന്ധമുണ്ടായിരുന്നു. അതു സാധ്യമാക്കാനാണ് 20 വർഷങ്ങൾക്കിപ്പുറമുള്ള ഈ റീ ലോഞ്ച്.

 

നാടക പശ്ചാത്തലമുള്ള രാജേന്ദ്ര ബാബുവിനെ ചിത്രത്തിന്റെ സംഭാഷണങ്ങൾ എഴുതാൻ ഭദ്രൻ ഏൽപ്പിക്കുമ്പോൾ തന്റെ ചിന്തകൾക്കനുസരിച്ച് രാജേന്ദ്ര ബാബുവിന്റെ സംഭാഷണങ്ങൾ സഞ്ചരിക്കുമെന്നു ഭദ്രന് ഉറപ്പായിരുന്നു. സ്ഥിരം കാണുന്ന അച്ഛൻ–മകൻ കലഹത്തിനപ്പുറം പുതിയൊരു ശൈലിയായിരുന്നു ഭദ്രനു വേണ്ടിയിരുന്നത്. അത് അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.‘ഭദ്രന്റെ വാക്കുകളിൽനിന്നുതന്നെയാണു സത്യത്തിൽ ഭൂഗോളത്തിന്റെ സ്പന്ദനം എന്നൊരു ആശയം പിറന്നത്. ഭദ്രൻ തന്നെയാണ് ഹിറ്റ് ഡയലോഗിലേക്കുള്ള വഴികാട്ടി’–രാജേന്ദ്ര ബാബു പറയുന്നു. ‘മണ്ണിന്റെ മണമുള്ള സംഭാഷണങ്ങളാകണമെന്ന് ഭദ്രൻ എപ്പോഴും പറയുമായിരുന്നു. ഒരു സിനിമ ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങണമെങ്കിൽ അതിന്റെ സീനുകൾ മാത്രം നന്നായാൽ പോരാ സംഭാഷണങ്ങളും മികച്ചതാകണം. നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതായിരിക്കണം. ആ ചിന്തയോടെയാണ് സ്ഫടികത്തിലെ സംഭാഷണങ്ങൾ തയാറാക്കിയത്. അതുകൊണ്ടാണ് ഭൂഗോളത്തിന്റെ സ്പന്ദനത്തിനും ഓട്ടക്കാലണ പ്രയോഗത്തിനും മറ്റും ഇത്രയേറെ ജനപ്രീതി ലഭിച്ചത്’.

spadikam-4

 

∙ തിരിച്ചു പോകണം തീയറ്ററിലേക്ക്

 

സിനിമയുടെ യഥാർഥ അനുഭവം കിട്ടുന്നത് തീയറ്ററുകളിൽ നിന്നാണ്. അവതാർ, ടൈറ്റാനിക് പോലുള്ള സിനിമകൾ ഒടിടി റിലീസായി ചെറിയ സ്ക്രീനിൽ ആസ്വാദിക്കാൻ കഴിയില്ല. തീയറ്റർ സംസ്കാരത്തിലേക്കു തിരിച്ചുപോകേണ്ടതുണ്ട്. ആളുകൾക്കു പുതിയ അനുഭവങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ഒന്നാണു സിനിമകൾ. പണ്ട് 365 ദിവസവും നാടകങ്ങൾ ഓടിക്കൊണ്ടിരുന്നു. ഇപ്പോൾ അത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതുപോലെത്തന്നെയാണ് ഓരോന്നിന്റെയും തുടക്കവും അവസാനവും. ഇപ്പോഴുള്ള സിനിമാ ശൈലി വീണ്ടും മാറും. കാലഘട്ടത്തിനൊപ്പം സിനിമ സഞ്ചരിക്കുകയാണ്. അതിനൊപ്പം നമ്മളും.

spadikam-review

 

∙ പൊളിറ്റിക്കലി കറക്ടാകണം

 

ഇപ്പോൾ നമ്മൾ ജീവിക്കുന്നത് പൊളിറ്റിക്കൽ കറക്ട്നസിന്റെ കാലത്താണ്. ഓരോ വാക്ക് പറയുമ്പോഴും കൂടുതൽ ജാഗ്രതയോടെ ആയിരിക്കണമെന്ന് ഓരോ വിവാദങ്ങളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

 

∙ സിനിമയുടെ സ്വഭാവം മാറി

 

എല്ലാ സിനിമകളും വ്യത്യസ്തമാണ്. പുതിയ കാലഘട്ടത്തിൽ സിനിമയുടെ സ്വഭാവം മാറിയിട്ടുണ്ട്. ഇപ്പോൾ പച്ചയായ ജീവിതത്തെ ലൈംലൈറ്റിലേക്ക് കൊണ്ടുവരുന്ന രീതിയാണ്. ഞാൻ സിനിമകൾ ചെയ്തിരുന്ന കാലത്തുനിന്ന് ഇന്ന് കാണുന്ന സിനിമകൾ വളരെ വ്യത്യസ്തമാണ്. പക്ഷേ, ഇത്തരത്തിലിള്ള വെല്ലുവിളികൾ ഏറ്റെടുക്കാനും തയാറാണ്. പൂർണമായിട്ടും മുഴുവൻ സമയ സിനിമാ പ്രവർത്തകനാകാൻ സാധിച്ചിട്ടില്ല. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ കുരുങ്ങിപ്പോയ ഒട്ടേറെ സിനിമാ മോഹങ്ങളുണ്ട്. സുരേഷ്ഗോപിയെ പ്രധാന കഥാപാത്രമാക്കിയുള്ള സിനിമയുടെ പ്രവർത്തനങ്ങൾക്കു പിന്നാലെയാണ് ഇപ്പോൾ. തീയറ്ററിൽ പോയി കാണേണ്ട സിനിമ തന്നെയാവും അത്.

 

∙ നാടകത്തിൽനിന്ന് സിനിമയിലേക്ക്

 

കെപിഎസിയുടെ സെക്രട്ടറിയായിരുന്നു അച്ഛൻ സി.ജി.ഗോപിനാഥ്. അതു കണ്ടു വളർന്നതിനാൽ നാടകവും സിനിമയും പ്രിയപ്പെട്ടതായി. കായംകുളത്ത് അച്ഛന്റെ നേതൃത്വത്തിൽ പീപ്പീൾസ് തിയറ്റർ എന്ന നാടക സമിതിയുണ്ടായിരുന്നു. രണ്ടുപേരും ചേർന്ന് ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു. അച്ഛന്റെ മരണശേഷം നാടകസമിതിയും നാടകവും ഏറ്റെടുത്തു. പത്തു പതിനഞ്ചു വർഷത്തോളം ഇതിന്റെ പുറകേയായിരുന്നു. പിന്നീടാണു ഗവേഷണത്തിലേക്കു തിരിഞ്ഞത്. അച്ഛന്റെ നാടകങ്ങളായ കുരുതിക്കളവും വിമോചന സമരവും പിന്നീട് സിനിമയായി.

 

സ്ഫടികത്തിനു പിന്നാലെ രാജീവ് അഞ്ചലിന്റെ ഗുരുവിനും തിരക്കഥ എഴുതാൻ സാധിച്ചു. രണ്ടും രണ്ടുതരത്തിലുള്ള സിനിമകളാണ്. രണ്ട് അനുഭവങ്ങൾ. മലയാളത്തിൽനിന്ന് ഓസ്കറിലേക്കുള്ള ആദ്യ എൻട്രിയായി ഗുരു മാറിയതും അതിന്റെ ഭാഗമാകാൻ പറ്റിയതും ഭാഗ്യമാണ്. ഭദ്രനോടൊപ്പം പിന്നീട് യുവതുർക്കി എന്ന സിനിമയ്ക്കായി സംഭാഷണങ്ങൾ എഴുതി. ശ്രദ്ധ, മാസ്മരം, എന്നിട്ടും, പാട്ടിന്റെ പാലാഴി എന്നിവയാണു പിന്നീട് ചെയ്ത സിനിമകൾ.

 

മലയാളനാടകങ്ങളെപ്പറ്റി ഗവേഷണം നടത്താനാണു രാജേന്ദ്രബാബു മദ്രാസ് സർവകലാശാലയിൽ ചേർന്നത്. പിഎച്ച്ഡിക്കു ശേഷം അവിടെത്തന്നെ അധ്യാപകനായി. സെൻസർബോർഡ് അംഗമായി കേരളത്തിലും തമിഴ്നാട്ടിലും സേവനമനുഷ്ഠിച്ചു. കായംകുളം ഓണാട്ടുകരയിലാണ് തറവാട്. അമ്മ പാറുക്കുട്ടിയമ്മയും സഹോദരൻ സി. ജി.സുരേഷ്ബാബുവും കായംകുളത്താണ് താമസം. രാജേന്ദ്ര ബാബു ഇപ്പോൾ കുടുംബസമേതം ചെന്നൈയിലാണ് താമസം. ഗീതയാണു ഭാര്യ. യുഎഇയിൽ പരസ്യചിത്ര നിർമാതാവായ മകൾ ഗായത്രി സിനിമയിലേക്ക് വരാനുള്ള തയാറെടുപ്പിലാണ്. മകൻ ഹർഷവർദ്ധൻ ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.

 

English Summary: Interview with Script Writer C.G.Rajendra Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com