ADVERTISEMENT

‘കഥ തുടരുന്നു’വിലെ ഷാനു മലയാളികൾക്ക് ഇപ്പോഴും ഒരു നോവാണ്. നടൻ എന്ന നിലയിൽ ആസിഫ് അലി എത്ര വളർന്നിട്ടും ആ കഥാപാത്രത്തെ ഓർക്കുന്ന, സ്നേഹിക്കുന്ന പ്രേക്ഷകർ ഉണ്ട്. ഇപ്പോൾ, പതിമൂന്ന് വർഷങ്ങൾക്കു ശേഷം ആസിഫ് അലിയും മംമ്ത മോഹൻദാസും ‘മഹേഷും മാരുതിയും’ എന്ന സിനിമയ്ക്കു വേണ്ടി ഒന്നിക്കുമ്പോൾ ആ കഥ തുടരുകയാണ്... 

 

‘അനിഘ എന്റെ നായികയായി വരുന്ന കഥകൾ കേട്ടു തുടങ്ങി’

 

സിനിമയിൽ ഇവരുടെ മകളായി അഭിനയിച്ച അനിഘ സിനിമയിൽ നായികാ കഥാപാത്രങ്ങൾ ചെയ്യുകയാണ് ഇപ്പോൾ. ‘അനിഘയുടെ അടുത്ത് ഞാൻ തമാശയ്ക്കു പറയുമായിരുന്നു, വലുതാകുമ്പോൾ നീ എന്റെ നായികയായിട്ട് അഭിനയിക്കുമെന്ന്. ഇപ്പോൾ ഞാൻ കഥകൾ കേട്ടു തുടങ്ങി. കഥകൾ പറയുമ്പോൾ നമുക്ക് അനിഘയെ കാസ്റ്റ് ചെയ്താലോ എന്ന് എന്നോടു ചോദിച്ചു തുടങ്ങി.’ ആസിഫ് അലി പറയുന്നു. ‘കഥ തുടരുന്നു തിയറ്ററിൽ കണ്ട സമയത്ത്, എന്റെ ഫ്രണ്ട്സ് ഒക്കെ പറയുമായിരുന്നു, ആ കൊച്ചിനു മാങ്ങ ചോദിക്കാൻ കണ്ട സമയം എന്ന്...’ ഇല്ലായിരുന്നെങ്കിൽ ആ സിനിമയിൽ മുഴുവൻ ഞാൻ ഉണ്ടായേനേ...’ ഇപ്പോഴും ആ സിനിമയിലെ പാട്ട് ടിവിയിൽ വരുമ്പോൾ എന്റെ മോൾ എന്നോടു ചോദിക്കും, ‘ആരാ ആ കുട്ടി?’ എന്ന്. 

 

എന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്. ഇപ്പോഴും ഒരു സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ എനിക്കു ഫസ്റ്റ് ഡേ ഫിയർ ഉണ്ട്. അപ്പോൾ അന്നത്തെ കാര്യം പറയണ്ടല്ലോ.. എന്നെ ഏറ്റവും കംഫർട്ടബിൾ ആക്കിയത് മംമ്തയായിരുന്നു.

 

സിനിമ പൊളിറ്റിക്കലി കറക്ടാണോ എന്ന് എനിക്കറിയില്ല

 

‘എന്റെ സിനിമയും പേഴ്സനൽ ലൈഫും തമ്മിൽ ബന്ധമില്ല. ഇപ്പോള്‍ ചർച്ചകൾ നടക്കുന്നതുപോലെ സിനിമ പൊളിറ്റിക്കലി കറക്ടാണോ ഇൻകറക്ടാണോ എന്നൊന്നും എനിക്കറിയില്ല. അതുകൊണ്ടു തന്നെ ഉയരെയുടെ ഒരു പ്രൊമോഷനും ഞാൻ പോയിട്ടില്ല. ഗോവിന്ദ് എന്തുകൊണ്ട് പല്ലവിയോട് അതു ചെയ്തു എന്നതിന്റെ ഉത്തരം എന്റെ കയ്യിൽ ഉണ്ട്.  പക്ഷേ പബ്ലിക്കായി അതെനിക്കു പറയാൻ പറ്റില്ല. സിനിമയെ സിനിമയായി മാത്രമാണ് ഞാൻ കാണുന്നത്.’ ആസിഫ് പറയുന്നു.

 

അതുപോലെ സിനിമ കാണാൻ ആളുകൾ തിയറ്ററില്‍ വരാത്തതിൽ ഓഡിയൻസിനെ മാത്രം കുറ്റം പറയാൻ പറ്റില്ല. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ തന്നെ സ്ക്രീനിൽ കണ്ടാൽ ആളുകൾക്കു ബോറടിക്കും. ആ ഒരു സാച്ചുറേഷന്‍ പോയിന്റ് കഴിഞ്ഞു. ഇനി കുറച്ച് ‘ലാർജർ ദൻ ലൈഫ്’ സിനിമകൾ വരണം. പണ്ടൊക്കെ സിനിമയും റിയൽ ലൈഫും തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നു. ആർട്ടിന്റെ മിസ്റ്ററി തന്നെ അതായിരുന്നു. ഇപ്പോൾ അതില്ല. അത്തരം സിനിമകൾ വരണം...

 

ഫീമെയിൽ ആക്‌ഷൻ സിനിമകൾ വരും

 

‘സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായുള്ള ആക്‌ഷൻ സിനിമകൾക്ക് ഒരു സ്പേസ് വരുന്നുണ്ട്’ മംമ്ത പറയുന്നു. ‘പണ്ടൊക്കെ മലയാളത്തിൽ ആക്ഷന്‍ ചെയ്യുന്ന സ്ത്രീ–പൊലീസ് കഥാപാത്രങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതുപോലെ അല്ലാതെ പ്രോപ്പർ ആക്ഷൻ കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടണം. അത്തരം സിനിമകൾ ഉണ്ടാകുമ്പോൾ അതനുസരിച്ച് ബജറ്റും വേണം. ഈയടുത്ത് ഞാൻ കണ്ട സിനിമകളില്‍ വിഎഫ്എക്സിനൊക്കെ ഭയങ്കര പ്രശ്നങ്ങളുണ്ട്. നമ്മൾ മാത്രമല്ല കണ്ടന്റ് ഉണ്ടാക്കുന്നത്. വേൾഡ് സിനിമകളോട് നമ്മുടെ കോമ്പറ്റീഷൻ. ആളുകൾ വിവിധതരം സിനിമകൾ കണ്ട്, താരതമ്യം ചെയ്യുമ്പോൾ നമ്മുടെ സിനിമ ടോപ് ആയിരിക്കണം.’ മംമ്ത പറയുന്നു...

 

കണ്ണൂർന്നാണ് ലേ?

 

മംമ്ത ഒരു കണ്ണൂരുകാരി ആണെങ്കിലും പ്രോപ്പർ കണ്ണൂർ സ്ലാങ് ഉള്ളത് അമ്മയ്ക്കാണ്. ‘ശരിക്ക് കണ്ണൂരുനിന്നു ‍ഡാഡിയാണ്. ചെറുപ്പത്തിലേ കേരളം വിട്ടതുകൊണ്ട് ‍ഡാ‍ഡിക്ക് ആ സ്ലാങ് കിട്ടിയിട്ടില്ല. പക്ഷേ അമ്മ സംസാരിച്ച് തുടങ്ങിയാൽ, ആദ്യ സെന്റൻസിൽ തന്നെ ആളുകൾ ചോദിക്കും, ‘കണ്ണൂർന്നാണ് ലേ?’ അത്ര കൃത്യമാണ്. എനിക്കും കണ്ണൂരുകാരെ ഭയങ്കര ഇഷ്ടമാണ്. വളരെ നിഷ്കളങ്കമായ പെരുമാറ്റമാണ്. ഡാഡിയുടെ സിസ്റ്റേഴ്സൊക്കെ പരിഷ്കരിച്ചിട്ടേയില്ല എന്നു തോന്നും എനിക്ക്. തെക്കന്മാർക്കില്ലാത്ത ഒരു നിഷ്കളങ്കത കണ്ണൂരുകാർക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com