ADVERTISEMENT

പ്രണയം ചിലപ്പോൾ അങ്ങനെയാണ്, യാത്ര പോലും പറയാതെ ഇറങ്ങിപ്പോകും. എവിടെത്തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു എന്നറിയാത്ത പ്രണയങ്ങൾ. അത്തരത്തിൽ ഒരുപാട് പ്രണയങ്ങൾ കോർത്തിണക്കി, ക്യാംപസും ഗൃഹാതുരതയും ഒപ്പിയെടുത്ത സിനിമയാണ് നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്ത ‘പ്രണയ വിലാസം’. ഒരിടവേളയ്ക്കു ശേഷം മിയ ജോർജ് എന്ന താരം മീര എന്ന കഥാപാത്രമായി മലയാള സിനിമയിലേക്കു തിരിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സിനിമയുടെ കഥ ഒരുപാട് ഇഷ്ടപ്പെട്ടാണ് ഈ ചിത്രത്തിലേക്ക് എത്തിയതെന്ന് മിയ പറയുന്നു. ‘പ്രണയ വിലാസം’ ഒരുപാട് ഓർമകളിലേക്കു കൊണ്ടുപോയെന്നും പ്രേക്ഷകർക്കെല്ലാം സ്വന്തം ജീവിതവുമായി റിലേറ്റ് ചെയ്യാൻ കഴിയുന്ന ചിത്രമാണെന്നും മിയ പറഞ്ഞു. മീരയുടെ വിശേഷങ്ങളുമായി മിയ ജോർജ് മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.

പ്രണയ വിലാസത്തിലേക്ക്

പ്രണയവിലാസത്തിന്റെ നിർമാതാവ് സിബി ചാവറയെ എനിക്ക് ഒരുപാട് കാലമായി അറിയാം. അദ്ദേഹത്തിന്റെ സീരിയലിൽ ആണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. അദ്ദേഹം സിനിമ ചെയ്യാൻ തുടങ്ങിയിട്ട് ഒപ്പം വർക്ക് ചെയ്യാൻ ഇതുവരെ കഴിഞ്ഞില്ല. അർച്ചന 31 അദ്ദേഹം നിർമിച്ചതാണ്. ഈ പടത്തെക്കുറിച്ച് സിബിയാണ് എന്നോടു പറഞ്ഞത്. മീര എന്ന കഥാപാത്രം മാത്രമല്ല, ഈ സിനിമയുടെ കൺസെപ്റ്റ് തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഓരോരുത്തരുടെയും ജീവിതത്തിൽ നമ്മൾ ശ്രദ്ധിക്കാത്ത കുറെ കാര്യങ്ങളുണ്ട്. അപ്പനും മകനും മകൾക്കുമൊക്കെ പ്രേമം ഉണ്ടായാലും അമ്മയ്ക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്നു കേട്ടാൽ അത് അംഗീകരിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടാണ്. ഭർത്താവ് ചെറുപ്പകാലത്ത് എങ്ങനെ ജീവിച്ചാലും ഭാര്യയ്ക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്നറിയുമ്പോൾ ഒരു പാനിക് അറ്റാക്ക് വരും. ആ ഒരു കാര്യം സിനിമയിൽ ഇതുവരെ ചർച്ച ചെയ്തു കണ്ടിട്ടില്ല. ഈ സിനിമയിലെ ബന്ധങ്ങളുടെ ഭംഗി എനിക്കിഷ്ടമായി. അപ്പനും മകനുമായുള്ള യാത്രയും അവരുടെ സംസാരവും ഒക്കെ എനിക്ക് ഒരുപാടിഷ്ടമായി. എന്റെ സ്ക്രീൻ സ്പേസ് കുറവാണെങ്കിലും ആ കഥാപാത്രത്തെയും ഈ സിനിമയുടെ കഥയും ഇഷ്ടമായിട്ടാണ് ഞാൻ ഈ സിനിമ സ്വീകരിച്ചത്. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട് എല്ലാവരെയും ഓർത്തിരിക്കും. മീരയെക്കുറിച്ചുള്ളതെല്ലാം നിഗൂഢമാണ്, മീരയുമായുള്ള രാജീവന്റെ ബന്ധം എങ്ങനെയുള്ളതാണെന്നും അതെങ്ങനെ തകർന്നെന്നും മറ്റും പറയുന്നതേയില്ല. എല്ലാം പ്രേക്ഷകരുടെ ഭാവനയ്ക്കു വിടുകയാണ്.

പ്രണയ വിലാസത്തിലെ പ്രണയങ്ങൾ

പല കാലഘട്ടത്തിലെ പ്രണയങ്ങളാണ് സിനിമയിൽ കാണിക്കുന്നത്. അർജുൻ അശോകൻ പറയുന്നുണ്ട്, അവൾ എന്റെ സുഹൃത്തായിരുന്നു പിന്നെയാണ് കാമുകിയായി മാറിയത് എന്ന്. മീരയും രാജീവനും തമ്മിലുള്ള ബന്ധം എന്താണെന്ന് പറയുന്നില്ല. എങ്കിലും അതൊരു പക്വത വന്ന, ഒരു വിഷമഘട്ടത്തിൽ മാനസിക പിന്തുണ നൽകാൻ കഴിയുന്ന പ്രണയമാണ്. അനുവും വിനോദുമാണെങ്കിൽ ആദ്യകാഴ്ചയിൽത്തന്നെ അനുരക്തരാവുകയാണ്. എല്ലാവരെയും അവരുടെ പഴയ ടീനേജ് കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഗൃഹാതുരത ഉണർത്തുന്ന സിനിമ. പല കാലഘട്ടത്തിലെ പല തരം പ്രണയങ്ങൾ കോർത്തിണക്കിയ ഒരു സിനിമ. പ്രേക്ഷകരുടെ കണ്ണുതുറപ്പിക്കാൻ ഒരുപാട് കാര്യങ്ങൾ ഈ സിനിമ പകർന്നുകൊടുക്കുന്നുണ്ട്, ആരോടെങ്കിലും അനീതി കാട്ടുന്നുണ്ടോ, തെറ്റ് ചെയ്യുന്നുണ്ടോ എന്നൊക്കെ സ്വയം ചോദിക്കാനും തിരുത്താനും ഉള്ള ഒരു പ്രചോദനം നൽകുന്നുണ്ട്.

miya-pranaya-vilasam

ബന്ധങ്ങൾ ടോക്സിക് ആകാൻ പാടില്ല

ഒരിക്കൽ പ്രണയിച്ചിരുന്നവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ബന്ധങ്ങൾ ടോക്സിക് ആകാതെ സുഹൃത്തുക്കളായി തുടരുന്നതിൽ തെറ്റില്ല എന്നാണ് തോന്നുന്നത്. മറ്റാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ, പരസ്പരം ആശ്രയിക്കാൻ കഴിയുന്ന നല്ല സുഹൃത്തുക്കളായി ഇരിക്കാം. മനുഷ്യരുടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. പല കാരണങ്ങൾ കൊണ്ടു പിരിഞ്ഞു പോയവർ വീണ്ടും കണ്ടുമുട്ടുമ്പോൾ പണ്ടുണ്ടായിരുന്ന പ്രണയം മനസ്സിൽ ഉണർന്നു വന്നു എന്നുവരാം. സൗഹൃദം തുടർന്നാലും അതൊരിക്കലും മറ്റൊരാളുടെ ജീവിതം നശിപ്പിച്ചുകൊണ്ടാകാതിരുന്നാൽ നല്ലത്.

കോളജ് കാലത്തേക്ക് മടക്കിക്കൊണ്ടുപോയ സിനിമ

സിനിമ തിയറ്ററിൽ പോയി കണ്ടപ്പോൾ പഠിക്കുന്ന കാലത്തെ പല കാര്യങ്ങളും ഓർമ വന്നു. ബസിൽ യാത്ര ചെയ്യുമ്പോൾ പ്രണയം കൈമാറുന്നതിനും ക്ലാസ്സിൽ വന്നിട്ട് "ആ ബസിലെ ചേട്ടൻ അടിപൊളിയാണ്" എന്നുപറയുന്നതിനുമൊക്കെ സാക്ഷിയായിട്ടുണ്ട്. സഹപാഠികൾ പ്രണയിക്കുന്നതും കാണാൻ കഴിഞ്ഞിട്ടുണ്ട്. എനിക്കും പ്രണയാഭ്യർഥന ലഭിച്ചിട്ടുണ്ടെങ്കിലും പ്രണയം ഉണ്ടായിട്ടില്ല. പിന്നാലെ നടക്കുന്നവരും അടുക്കാൻ ശ്രമിച്ചവരും ഉണ്ടായിരുന്നു. പക്ഷേ താൽപര്യം തോന്നിയിട്ടില്ല. എങ്കിലും പ്രണയ വിലാസം എന്ന സിനിമ പഴയ സ്കൂൾ, കോളജ് കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി, ഇതുപോലെ ഒരുപാട് പേർക്ക് റിലേറ്റ് ചെയ്യാൻ പറ്റിയ സിനിമയിരിക്കും ഇത്. ഒരാൾ– അയാളുടെ അമ്മ അടുത്തിടെ മരിച്ചതാണ് – സിനിമ കണ്ടപ്പോൾ അമ്മയെ ഓർമ വന്നു എന്ന് പറഞ്ഞു. ഒരു സംഭവം എനിക്ക് തോന്നിയത്, അർജുൻ അശോകൻ എന്റെ ചെരുപ്പെവിടെ എന്ന് ചോദിക്കുമ്പോൾ അമ്മ കാലിൽ നിന്ന് ഊരി കൊടുക്കുന്ന രംഗമാണ്. അമ്മ മകന്റെ ചെരുപ്പെടുത്തിട്ട് മുറ്റം തൂക്കുകയായിരുന്നു, നമ്മുടെ വീട്ടിലും പുറത്തോട്ടിറങ്ങുമ്പോൾ കയ്യിൽ കിട്ടുന്ന ചെരുപ്പെടുത്തിട്ട് പോകാറുണ്ട്, അത്തരത്തിൽ സൂക്ഷ്മമായ കാര്യങ്ങൾ വരെ നിഖിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഈ സിനിമ ചെയ്യുമ്പോൾത്തന്നെ ഇതൊരു നല്ല സിനിമയായി വരും എന്ന് എനിക്ക് തോന്നിയിരുന്നു.

miya-george-3

മീരയുടെ ലുക്ക്

സിനിമയിൽ മീരയുടെ ലുക്കിനു നന്ദി പറയേണ്ടത് സമീറ സനീഷിനോടാണ്. സമീറ ചേച്ചിയാണ് കോസ്റ്റ്യൂം ചെയ്തത്. എല്ലാവരും മീരയുടെ ലുക്ക് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. മീരയുടെ ലുക്ക് മാത്രമല്ല അനശ്വരയുടെയും മമിതയുടെയും ശ്രീധന്യ ചേച്ചിയുടെയും എല്ലാം ലുക്ക് മനോഹരമായിരുന്നു. ഞങ്ങൾ ഒരുമിച്ചു കൂടിയപ്പോൾ അനശ്വര പറയുകയായിരുന്നു, ‘സിനിമയിൽ നമ്മളെയൊക്കെ കാണാൻ നല്ല ഭംഗിയുണ്ട് അല്ലേ’ എന്ന്. പാട്ടുകളും വിഷ്വലും എല്ലാം സൂപ്പറായ ഒരു സിനിമയാണ് പ്രണയ വിലാസം. ക്യാമറമാൻ ഷിനോസിനെ ഞാൻ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ചിത്രത്തിൽ അശ്വിന്റെ പടം ഉപയോഗിച്ചിട്ടുണ്ടല്ലോ, അശ്വിനു സിനിമയിലേക്ക് വരാൻ താൽപര്യമുണ്ടോ

miya-3

ഒരു ഫോട്ടോ വേണമെന്ന് നിഖിൽ പറഞ്ഞപ്പോൾ, എന്നാൽ പിന്നെ കെട്ട്യോന്റെ ഫോട്ടോ തന്നെ ആകട്ടെ എന്ന് തോന്നി. ഞാനും അശ്വിനും ഒരുമിച്ചിരുന്നാണ് പടം തപ്പി എടുത്ത് അയച്ചത്. എന്റെ ലുക്ക് മീരയുമായി മാച്ച് ചെയ്യുന്ന ഫോട്ടോ തപ്പി എടുത്താണ് അയച്ചത്. ഞാൻ അഭിനയിക്കുന്നത് ഇഷ്ടമാണെങ്കിലും അശ്വിന് അഭിനയിക്കാൻ താൽപര്യമുണ്ടെന്നൊന്നും പറഞ്ഞിട്ടില്ല.

കുടുംബം, ജോലി, ലൂക്ക

മകൻ ലൂക്കയ്ക്കു രണ്ടു വയസ്സാകാറായി. മുഴുവൻ സമയം ഓട്ടമാണ്. ഞാൻ ജോലിക്ക് പോകുമ്പോൾ എന്റെ അമ്മയോ അശ്വിന്റെ അമ്മയോ അവനെ നോക്കും, അവൻ കുഴപ്പമൊന്നും ഉണ്ടാക്കില്ല. അവൻ നടന്നു തുടങ്ങി, ഇപ്പൊ ഓട്ടവും പലയിടത്തും വലിഞ്ഞു കയറലുമാണ്, എപ്പോഴും കൂടെ ഒരാൾ ഉണ്ടെങ്കിലേ പറ്റൂ. മകൻ കുഞ്ഞായതുകൊണ്ട് ഇപ്പോൾ ഇതൊക്കെ നടക്കുന്നുണ്ട്, അവൻ സ്കൂളിൽ പോയി തുടങ്ങുമ്പോൾ എവിടെയെങ്കിലും ഒരിടത്ത് സെറ്റിൽ ആകേണ്ടി വരും.

സാധാരണ പ്രസവത്തെ കഴിഞ്ഞു സ്ത്രീകൾ തടിക്കാറുണ്ട്, മിയ അതുപോലെതന്നെ ഇരിക്കുന്നു എന്താണ് അതിന്റെ രഹസ്യം

എനിക്ക് തടി വച്ചില്ല എന്ന് പറയാൻ പറ്റില്ല, പ്രസവം കഴിഞ്ഞു പത്തുകിലോ ഭാരം കൂടിയിരുന്നു. അതിൽ എട്ടുകിലോ കുറച്ചു. ഡയറ്റും വർക്ക് ഔട്ടും ചെയ്താണ് കുറച്ചത്. എന്റെ ഗോൾ മീറ്റ് ചെയ്തപ്പോൾ ഞാൻ അതൊക്കെ നിർത്തി. ഇപ്പൊ ഡയറ്റും വർക്ക് ഔട്ടും ഇല്ല. ഫുഡ് കഴിച്ച് ആസ്വദിച്ച് നടക്കുകയാണ്. ലൂക്കയോടൊപ്പം ഓട്ടമായതുകൊണ്ടായിരിക്കും ഇപ്പൊ അധികം തടി വയ്ക്കുന്നില്ല.

വിവാഹത്തോടെ സിനിമയിൽനിന്നു മാറി നിൽക്കുകയായിരുന്നല്ലോ. വീണ്ടും സജീവമാവുകയാണോ?

ചിത്രത്തിന് കടപ്പാട് :  ഇൻസ്റ്റഗ്രാം
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

ഞാൻ സിനിമയിൽനിന്നു മാറി നിന്നു എന്ന് തോന്നുന്നത് പ്രേക്ഷകർക്കായിരിക്കും. ലൂക്ക ഉണ്ടായിക്കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അഭിനയിക്കാൻ തുടങ്ങിയിരുന്നു. തമിഴ് സിനിമ ചെയ്തു തുടങ്ങിയിട്ട് കുറേനാളായി. എന്റെ മനസ്സിൽ ഞാൻ മാറി നിന്നു എന്ന് തോന്നുന്നില്ല, അഭിനയിക്കുന്നുണ്ടായിരുന്നു. റിലീസ് വൈകുമ്പോൾ ഞാൻ മാറി നിന്നു എന്ന് പ്രേക്ഷകർക്ക് തോന്നുന്നതാണ്. പ്രണയ വിലാസം കഴിഞ്ഞ് ഒരു മലയാളം സിനിമയുടെ കൂടി ഷൂട്ടിങ് പൂർത്തിയായിട്ടുണ്ട് പ്രൈസ് ഓഫ് പൊലീസ് എന്നാണ് പേര്. തമിഴിൽ തൃഷയോടൊപ്പം ‘ദ് റോഡ്’ എന്ന ചിത്രവും പൂർത്തിയായി. ചിത്രങ്ങൾ റിലീസിന് തയാറെടുക്കുകയാണ്. സീ ടീവിയുടെ ഡ്രാമ ജൂനിയേർസ് എന്ന ഒരു ഷോ ചെയ്യുന്നുണ്ട്. എനിക്ക് അറിയുന്ന ജോലി അഭിനയമാണ്. ഇതൊക്കെ ചെയ്ത് ഇവിടെത്തന്നെ തുടരാനാണ് താൽപര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com