ADVERTISEMENT

സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകസ്വീകാര്യത നേടിയ ആര്യ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് നിധിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന 90 മിനിറ്റ്സ്. അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് സിനിമയിൽ അത്രകണ്ട് സജീവമാകാതിരുന്നതെന്നും ഹാസ്യ വേഷങ്ങള്‍ മാത്രം ചെയ്ത തനിക്കു നായികയാകാനുള്ള അവസരം ലഭിച്ചപ്പോൾ വലിയ എക്സൈറ്റ്മെന്റ് ആണ് തോന്നിയതെന്നു ആര്യ പറയുന്നു. ആദ്യ നായികാ ചിത്രമെന്ന നിലയിൽ 90 മിനിറ്റ്സ് ആര്യയ്ക്കു നൽകുന്ന പ്രതീക്ഷകള്‍ ഏറെയാണ്. പുതിയ സിനിമാ വിശേഷങ്ങളുമായി ആര്യ ബാബു മനോരമ ഓൺലൈനിനൊപ്പം. 

 

എന്താണ് 90 മിനിറ്റ്സ്? 

 

ഇതൊരു അതിജീവനത്തിന്റെ കഥയാണ്. കാലികപ്രസക്തിയുള്ള ഒരുപാട് വിഷയങ്ങൾ ചിത്രത്തിൽ ചർച്ചയാകുന്നുണ്ട്. അരുണും ഞാനും ആണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. ആര്യയ്ക്കു ചെയ്യാൻ പറ്റുമെന്ന് ഉറപ്പു പറഞ്ഞ ശേഷമാണ് നിധിൻ എന്നോടു കഥാപാത്രത്തെക്കുറിച്ചു വിവരിക്കുന്നത്. ഒരു സംവിധായകൻ അങ്ങനെ പറയുന്നതു കേട്ടപ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നി. കാരണം, ഹാസ്യ വേഷങ്ങളിൽ മാത്രം അഭിനയിച്ച എനിക്ക് ഇത്തരമൊരു കഥാപാത്രം നൽകിയ എക്സൈറ്റ്മെന്റ് വലുതായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞുവരുന്ന സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. എന്നിട്ടും ഒരുപാട് പ്രയാസങ്ങൾ േനരിട്ടു. പ്രതികൂല സാഹചര്യങ്ങളുണ്ടായി. പക്ഷേ ഞങ്ങള്‍ അത് വിജയകരമായി പൂർത്തിയാക്കി. 

 

അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചെങ്കിലും അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലല്ലോ? 

arya-babu

 

ആരും വിളിക്കാറില്ല എന്നതാണ് സത്യം. എനിക്ക് അധികം സിനിമാ അവസരങ്ങൾ കിട്ടിയിട്ടില്ല. സൗഹൃദ വലയങ്ങളാണ് മലയാള സിനിമയെ കണക്ട് ചെയ്യുന്നതെന്നു തോന്നിയിട്ടുണ്ട്. അപ്പോൾ ആ കൂട്ടുകെട്ടിൽ ആയിരിക്കും സിനിമകളൊരുങ്ങുക. അതുപക്ഷേ ഒരു പ്രശ്നമായി ചൂണ്ടിക്കാണിക്കാനാകില്ല. ഓരോരുത്തരും അവർക്കു കംഫർട്ടബിൾ ആയിട്ടുള്ള ആളുകളെയായിരിക്കുമല്ലോ അഭിനയിക്കാൻ ക്ഷണിക്കുക. ഞാൻ ഒരു സൗഹൃദവലയത്തിന്റെയും ഭാഗമല്ല. ചിലപ്പോൾ അതുകൊണ്ടായിരിക്കാം അവസരങ്ങൾ കുറഞ്ഞത്. എനിക്ക് നായികയായി അഭിനയിക്കണമെന്നൊന്നുമില്ല. കു‍ഞ്ഞിരാമായാണത്തിലെ മല്ലിക എന്ന എന്റെ കഥാപാത്രം ഇന്നും ആളുകൾ ഓർത്തിരിക്കുന്നതാണ്. അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എപ്പോഴും ഇഷ്ടമാണ്. 

 

മകളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അറിയാറുണ്ട്. സിംഗിൾ പാരന്റിങ് ബുദ്ധിമുട്ടാണോ?

 

ഒരിക്കലുമല്ല. ഞാൻ ഔദ്യോഗികമായി ഒരു സിംഗിൾ മദർ ആണെങ്കിലും മകളെ ഒറ്റയ്ക്കാണു വളർത്തിയതെന്ന അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. കാരണം, അവളുടെ എല്ലാ കാര്യത്തിലും അവളുടെ അച്ഛൻ രോഹിത്തും കൂടെയുണ്ട്. ഞങ്ങൾ ഒരുമിച്ചു തന്നെയാണ് റോയയെ വളർത്തുന്നത്. രോഹിത്ത് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് റോയ അവിടെ പോയി നിൽക്കും. പിന്നെ എന്നും അവർ വിഡിയോ കോൾ വഴി സംസാരിക്കും. അവൾക്ക് അച്ഛനെ മിസ് ചെയ്യേണ്ട ഒരു സാഹചര്യമേ ഉണ്ടാകുന്നില്ല. കാരണം, കാണണം എന്നു തോന്നുമ്പോഴൊക്കെ അവർ തമ്മിൽ കാണാറുണ്ട്.

 

അമ്മയെന്ന നിലയിൽ എത്രത്തോളം സംതൃപ്തയാണ്? 

 

അമ്മയെന്ന നിലയിലാണ് ഏറ്റവും സംതൃപ്ത. അതിന്റെ ക്രെഡിറ്റ് എനിക്കല്ല, എന്റെ മകൾക്കാണ്. എന്റെ ജോലിയുടെ സ്വഭാവം വച്ചു നോക്കുമ്പോൾ എനിക്കെപ്പോഴും മകളെ കൂടെ കൊണ്ടു നടക്കാൻ പറ്റില്ല. അവളെ എന്നേക്കാളേറെ നോക്കുന്നത് എന്റെ അമ്മയാണ്. മകൾക്കറിയാം, അവളുടെ അമ്മ ജോലിത്തിരക്കിലാണ്. പക്ഷേ എപ്പോൾ വിളിച്ചാലും അമ്മയോടു സംസാരിക്കാം, അമ്മ കൂടെത്തന്നെയുണ്ട് എന്നൊക്കെ. അവള്‍ക്കിപ്പോൾ 11 വയസ്സാണ് പ്രായം. വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ അവളെ വീട്ടിലാക്കി ഞാൻ ജോലിക്കു പോകുന്നുണ്ടായിരുന്നു. ആ പ്രായം മുതൽ മകൾ എന്റെ ജോലിത്തിരക്കുകളെ മനസ്സിലാക്കിയിരുന്നു. അവൾക്കു പ്രായത്തിൽക്കവിഞ്ഞ പക്വതയുണ്ടെന്നു മറ്റുള്ളവർ പറയുന്നതു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. 

 

അച്ഛന്റെ വേർപാട് അപ്രതീക്ഷിതമായിരുന്നു അല്ലേ? 

 

അതെ. അച്ഛൻ വളരെ ആരോഗ്യവാനായിരുന്നു. പെട്ടെന്നാണ് രോഗാവസ്ഥയിലേക്കെത്തുന്നത്. പിന്നെ മാസങ്ങളോളം ആശുപത്രിയിലും വീട്ടിലുമായി മാറി മാറി കഴിഞ്ഞു. പിന്നെ മരണപ്പെട്ടു. അച്ഛൻ ഇപ്പോഴും എന്റെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. ഞാൻ എന്തു കാര്യം ചെയ്താലും അച്ഛനായിരുന്നെങ്കിൽ അതെങ്ങനെ ചെയ്യുമായിരുന്നു എന്നാണ് ആദ്യം ചിന്തിക്കുക. അങ്ങനെ ആലോചിച്ചിട്ടാണ് ഇപ്പോഴും  എന്തു കാര്യവും ചെയ്യാറുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com