ADVERTISEMENT

തിങ്കളാഴ്ച നിശ്ചയത്തിലെ കുവെെറ്റ് വിജയനായി ആടിത്തകത്ത് മലയാളികളെ വിസ്മയിപ്പിച്ച താരമാണ് മനോജ് കെ.യു. അമച്വർ പ്രഫഷനൽ നാടക രംഗത്ത് നിന്നും ഡോക്യുമെന്ററികളിലും പിന്നീട് സിനിമകളിൽ ചെറിയ വേഷങ്ങളിലും എത്തിയ താരത്തിന് തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം എന്ന സിനിമയിൽ രാജീവൻ എന്ന കഥാപാത്രമായി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് മനോജ്. ഒരുവശത്ത് കർക്കശക്കാരനായ ഭർത്താവും അച്ഛനുമാകുമ്പോൾ മറുവശത്ത് പ്രണയിനിയുടെ മുന്നിൽ വിനീത വിധേയനായി നിൽക്കുന്ന മനോ,ജ് ഹാസ്യവും കൈകാര്യം ചെയ്യാൻ തനിക്ക് കഴിയും എന്ന് തെളിയിക്കുകയാണ്. മമ്മൂട്ടി നായകനായെത്തുന്ന കണ്ണൂർ സ്ക്വാഡ് ഉൾപ്പടെ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ അനിഷേധ്യ സാന്നിധ്യമാവുകയാണ് മനോജ് കെ.യു. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി മനോജ് കെ.യു. മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു...  

 

കുവൈറ്റ് വിജയൻ രാജീവൻ ആയ കഥ 

ku-manoj-arjun

 

‘ഇരട്ട’ എന്ന സിനിമയിൽ ഞാനഭിനയിച്ചിട്ടുണ്ട്. അതിൽ ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് ഷെഡ്യൂൾ ബ്രേക്ക് വന്നു വീട്ടിൽ പോയി. അപ്പോൾ ‘ഇരട്ട’യുടെ നിർമാതാവ് മാർട്ടിൻ പ്രക്കാർട്ട് എന്നെ വിളിച്ചിട്ട് തിരിച്ചു വരുമ്പോൾ ഒരു ദിവസം നേരത്തെ വരാൻ പറ്റുമോ ഒരു കഥ പറയാനുണ്ട് എന്ന് പറഞ്ഞു.  അങ്ങനെ ഞാൻ എറണാകുളത്ത് എത്തി നിഖിലിനെ കണ്ടു. നിഖിലും ജ്യോതിഷും ക്യാമറാമാൻ ഷിനോസും നിർമാതാവ് രഞ്ജിത്തേട്ടനും കഥ പറയുമ്പോൾ ഉണ്ടായിരുന്നു. പ്രണയവിലാസത്തിന്റെ കഥയാണ് അവർ പറഞ്ഞത്. ഇന്റർവൽ വരെ പറഞ്ഞപ്പോഴേക്കും ഞാൻ എഴുന്നേറ്റ് കൈ കൊടുത്തു. കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ പറഞ്ഞു ബാക്കി കേൾക്കണം എന്നുപോലും ഇല്ല നമുക്കിത് ചെയ്യാമെന്ന്.  അങ്ങനെയാണ് പ്രണയവിലാസത്തിലെ രാജീവൻ ആകുന്നത്.

 

സ്വന്തം നാടും ഭാഷയും 

ku-manoj-family

 

എന്റെ സ്വന്തം നാട്ടിൽ ഷൂട്ട് ചെയ്ത് സ്വന്തം ഭാഷാ ശൈലിയിൽ സംസാരിച്ച് അഭിനയിക്കുന്നത് സന്തോഷം തന്നെയാണ്. എന്നാലും അഭിനയിക്കുമ്പോൾ അതൊന്നുമല്ല സംവിധായകൻ എങ്ങനെ ഒരു കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി തരുന്നു എന്നുള്ളതാണ് പ്രധാനം. സ്ലാങ് ഏതായാലും പറയാൻ ബുദ്ധിമുട്ടില്ല. പകലും പാതിരാവും എന്ന ചിത്രത്തിൽ ഇടുക്കി സ്ലാങ് ആണ് പറയുന്നത്. സ്വന്തം സ്ലാങ് ആകുമ്പോൾ ഡയലോഗ് പറയാൻ എളുപ്പമാണ്, മറ്റു സ്ഥലങ്ങളിലേത് പഠിച്ചെടുക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാകും.  ആദ്യം മുതൽ ഞാൻ ചെയ്ത സിനിമകളൊക്കെ എന്റെ നാട്ടിൽ തന്നെയാണ് ലൊക്കേഷൻ. പയ്യന്നൂർ ആണ് എന്റെ സ്ഥലം, പ്രണയവിലാസം എന്റെ വീടിനു കുറച്ച് അടുത്താണ്.  സ്വന്തം നാട്ടിൽ വച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്. നീലേശ്വരം ആയിരുന്നു പ്രധാന ലൊക്കേഷൻ, കണ്ണൂരുള്ള പല കോളജുകളിലും ഷൂട്ടിങ് ഉണ്ടായിരുന്നു. ഇന്റർവെൽ കഴിഞ്ഞ് വയനാടേക്ക് ഒരു യാത്രയാണ്. ആ യാത്രയൊക്കെ ഒരുപാട് ആസ്വദിച്ചാണ് ചെയ്തത്.  

mammootty-ku-manoj

 

ഗൃഹാതുരത ഉണർത്തുന്ന പ്രണയങ്ങൾ 

 

പല കാലഘട്ടത്തിലെ പ്രണയങ്ങളാണ് സിനിമയിൽ കാണിക്കുന്നത്.  കൗമാരകാലത്തെ പ്രണയം, നഷ്ടപ്രണയം , ക്യാംപസ് പ്രണയം, വർഷങ്ങൾ കഴിഞ്ഞു കാണുമ്പോൾ പൊടി തട്ടിയെടുക്കുന്ന പ്രണയം, മനസ്സിൽ അടക്കിപ്പിടിച്ച് ഉരുകി തീരുന്ന പ്രണയം അങ്ങനെ ഒരുപാട് പ്രണയങ്ങൾ. ഒരു പ്രണയം ഒക്കെ ഉണ്ടാകാത്തവരായി ആരുമുണ്ടാകില്ല.  കൗമാരകാലത്ത് എനിക്കും പ്രണയമുണ്ടായിട്ടുണ്ട്. പക്ഷേ അത് ഈ സിനിമയിൽ കാണിക്കുന്നതുപോലെ അഗാധമായ ദുഃഖം ഒന്നും ഉണ്ടാക്കിയിട്ടില്ല. അതൊക്കെ ആ ഒരു പ്രായത്തിന്റെ പ്രത്യേകതയാണ്. അത് അതിന്റെ വഴിക്ക് പോയി പിന്നീട് ജീവിതത്തിൽ അതോർത്ത് ദുഃഖിച്ചിട്ടൊന്നും ഇല്ല.  പക്ഷേ ഈ സിനിമയിലെ പ്രണയങ്ങൾ മനോഹരമാണ്.  സിനിമ കാണുമ്പോൾ ഇതുപോലെ ഒക്കെ പ്രണയിക്കാൻ കഴിഞ്ഞെങ്കിൽ എന്നൊക്കെ തോന്നിപ്പോയാൽ അദ്ഭുതപ്പെടാനില്ല.

 

നിഖിൽ ഒരു നല്ല സംവിധായകൻ 

 

ഈ സിനിമയിൽ ഇത്രത്തോളം ഹ്യൂമർ ഉണ്ടാകുമെന്നു അഭിനയിക്കുമ്പോൾ എനിക്ക് തോന്നിയിട്ടില്ല.അഭിനയിക്കുമ്പോൾ നിഖിൽ പറയുന്ന ഓരോ കാര്യങ്ങൾ അതുപോലെ ചെയ്യുകയാണ്ഞാൻ ചെയ്തത്. ‘‘ഞാനിപ്പോ ഇങ്ങനെ ക്ലോസ് വയ്ക്കാം, അപ്പൊ ചേട്ടൻ ഇങ്ങനെ നോക്കണം, ഇങ്ങനെ ഇരിക്കണം. നടക്കണം’’ ഇത്തരത്തിൽ ഒക്കെ നിഖിൽ പറയും. പക്ഷേ ആ ചെറിയ ചലനങ്ങളൊക്കെ ഹ്യൂമറിന് വേണ്ടിയാണെന്ന് ഞാൻ കരുതിയാതെ ഇല്ല. സിനിമ റിലീസ് ചെയ്തപ്പോൾ ഒരു പ്രേക്ഷകനായി ഞാൻ പോയിരുന്നു കണ്ടു. അപ്പോഴാണ് നിഖിൽ എന്നെക്കൊണ്ട് ചെയ്യിച്ചത് ഹ്യൂമർ കൂടി വർക്ക് ആകാൻ വേണ്ടിയാണെന്ന് മനസ്സിലായത്. ഈ കഥാപാത്രം എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് കഥ പറയുമ്പോൾ ഞാൻ നിഖിലിനോട് ചോദിച്ചിരുന്നു.  പ്രണയം ഒക്കെ അഭിനയിച്ചു ഫലിപ്പിക്കാൻ എനിക്ക് പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു. നിഖിൽ പറഞ്ഞത് ചേട്ടനെക്കൊണ്ട് കഴിയും ടെൻഷൻ അടിക്കേണ്ട. രാജീവിന്റെ മാനറിസം, ശരീരഭാഷ എല്ലാം നിഖിൽ പറഞ്ഞു തന്നു. ഷൂട്ട് തുടങ്ങി എന്റെ കോസ്റ്റ്യൂം, മേക്കപ്പ്, മുടിയുടെ സ്റ്റൈൽ ഒക്കെ ചെയ്തിട്ട് കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ അതിശയിച്ചു പോയി, നിഖിൽ പറഞ്ഞ അതേ രാജീവനെയാണ് ഞാൻ അവിടെ കണ്ടത്. എന്റെ കഥാപാത്രം മാത്രമല്ല ആ സിനിമയുടെ മൊത്തത്തിലുള്ള ഫീൽ വളരെ ഭംഗിയായിട്ടുണ്ട് ഒരു മികച്ച സംവിധായകന് മാത്രമേ ഇത്തരത്തിൽ ഒരു സിനിമ ചെയ്തെടുക്കാൻ കഴിയൂ. നിഖിൽ ഒരു ബ്രില്യന്റ് സംവിധായകൻ ആണ്. അതുപോലെ തന്നെ സിനിമയിൽ അഭിനയിച്ച മിയ, ശ്രീധന്യ, അർജുൻ, അനശ്വര, മമിത, ശരത് സഭ, ഹക്കിം തുടങ്ങി ഓരോരുത്തരും അവരവരുടെ ഭാഗം മികച്ചതാക്കി.  

 

തിങ്കളാഴ്ച നിശ്ചയത്തിൽ നിന്ന് ഏറെ മുന്നോട്ട് 

 

തിങ്കളാഴ്ച നിശ്ചയം കഴിഞ്ഞെടുത്ത ഇന്റർവ്യൂവിൽ ചോദിച്ചത് എനിക്ക് ഓർമയുണ്ട്, ഇനി സിനിമകൾ കിട്ടുമെന്ന് പ്രതീക്ഷയുണ്ടോ എന്ന്, ഞാൻ പറഞ്ഞ ഉത്തരം "പ്രതീക്ഷയുണ്ട് പക്ഷേ ഇതുവരെ ആരും വിളിച്ചില്ല, വിളിക്കുമായിരിക്കും" എന്നാണ്.  അവിടെ നിന്നിങ്ങോട്ട് ഞാൻ പോലും പ്രതീക്ഷിക്കാത്ത ഒരു നിലയിലാണ് ഇപ്പോൾ നിൽക്കുന്നത്.  ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ ആണ് എനിക്ക് കിട്ടിയത്. ഒരുപാട് വ്യത്യസ്തമായ റോളുകളും സിനിമകളും കിട്ടുന്നുണ്ട്. ചെയ്യുന്നതെല്ലാം ഒരേ തരം കഥാപാത്രങ്ങൾ ആയി പോകാതിരിക്കണം എന്നുണ്ട്.  കുവൈറ്റ് വിജയന്റെ സാമ്യം മറ്റൊന്നിലും വരരുത് അതുപോലെ ചെയ്യുന്ന ഓരോ കഥാപാത്രവും വ്യത്യസ്തമാകണം. നല്ല നല്ല സിനിമകൾ കിട്ടുന്നുണ്ട്, വലിയ സന്തോഷമാണ്, ഇങ്ങനെ തുടർന്ന് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

 

കൈനിറയെ ചിത്രങ്ങൾ 

 

പകലും പാതിരാവും, വേധ, ഉരു, ടിനു പാപ്പച്ചന്റെ ചാവേർ, എൽഎൽബി, പ്രാവ്, അന്ത്രു ദ് മാൻ എന്നിങ്ങനെ കുറെ ചിത്രങ്ങൾ റിലീസ് ആകാറുണ്ട്. പല സിനിമകളും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. മമ്മൂക്കയുടെ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മറ്റു ചില ചിത്രങ്ങളുടെ ചർച്ചയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com