ADVERTISEMENT

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’ എന്ന ചിത്രം ഏറെ ദുർഘടങ്ങൾ തരണം ചെയ്ത് തിയറ്ററുകളിൽ എത്തുകയാണ്. മട്ടാഞ്ചേരി മൊയ്‌തു എന്ന നെഗറ്റീവ് ഷെയ്ഡ് ഉള്ള നായക കഥാപാത്രത്തെയാണ് തുറമുഖത്തിൽ നിവിൻ അവതരിപ്പിക്കുന്നത്. ഏറെ ആത്മാർഥതയോടെ, നിർമാതാവിന്റെ പണം നഷ്ടപ്പെടരുത് എന്ന സദുദ്ദേശ്യത്തോടെ ചിത്രം പൂർത്തിയാക്കിയ രാജീവ് രവി എന്ന സംവിധായകന് അനീതിയാണു നേരിടേണ്ടി വന്നതെന്ന് നിവിൻ പോളി പറയുന്നു. തുറന്ന മനസ്സോടെ ചിത്രത്തെ സമീപിച്ച ലിസ്റ്റിൻ സ്റ്റീഫനാണ് ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിക്കുന്നത്. തുറമുഖം ഒരു ഇമോഷനൽ ഡ്രാമ ആയിരിക്കുമെന്നും നിവിൻ വ്യക്തമാക്കുന്നു. താരങ്ങളും അണിയറപ്രവർത്തകരും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരുന്ന തുറമുഖം തിയറ്ററിൽ എത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് നിവിൻ പോളി മനോരമ ഓൺലൈനിലെത്തുന്നു.

തുറമുഖം ഒരു ഇമോഷനൽ ഡ്രാമ

ഇത് ഒരു കാലഘട്ടത്തിന്റെ ചരിത്രം പറയുന്ന, മീഡിയം പേസിൽ പോകുന്ന, ക്ലാസിക് സ്വഭാവമുള്ള പടമാണ്. സിനിമയുടെ സ്വഭാവത്തിന് ആവശ്യമായ ആക്‌ഷനും സംഘട്ടനരംഗങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. വളരെ ഇമോഷനൽ ആയ ക്ലൈമാക്‌സ് ഉള്ള സിനിമയാണ് തുറമുഖം. രാജീവ് രവിയുടെ ക്ലാസിക് സിനിമ കാണാൻ പോകുന്നു എന്ന മനോഭാവത്തോടെ വേണം തിയറ്ററിൽ എത്താൻ. പ്രേക്ഷകർക്ക് നല്ലൊരു അനുഭവമാകും ഈ ചിത്രം സമ്മാനിക്കുക.

ഇങ്ങനെ ഒരു അനുഭവം ആദ്യം

ഒരുപാടുപേരുടെ കഷ്ടപ്പാടിന്റെയും പ്രയത്നത്തിന്റെയും ഫലമാണ് തുറമുഖം. ചിത്രം തിയറ്ററിൽ എത്താൻ കാലതാമസം നേരിട്ടു. ഇതുവരെ ഇങ്ങനെ ഒരു അവസ്ഥ നേരിട്ടിട്ടില്ല. ഈ സിനിമയിൽ അഭിനയിച്ചവരും അണിയറപ്രവർത്തകരും ചിത്രം റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയായിരുന്നു. ചിത്രം ഒടുവിൽ പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്, ഇനി പ്രേക്ഷകർ തീരുമാനിക്കട്ടെ.

nivin-44

ആത്മാർഥതയ്ക്കു കിട്ടേണ്ട പ്രതിഫലം ഇതല്ല

നിർമാതാവിന്റെ ഭാഗത്തുനിന്നു വന്ന പ്രശ്നങ്ങളാണ് റിലീസ് നീണ്ടുപോകാൻ കാരണം. സിനിമ തുടങ്ങുന്നതിനു മുൻപു തന്നെ രാജീവേട്ടൻ (രാജീവ് രവി) ബജറ്റ്‌ നോക്കാൻ ഒരാളെ വച്ചിരുന്നു. പടത്തിന് എത്ര ചെലവായി എന്നുള്ളത് അദ്ദേഹം എന്നെ മുൻപു തന്നെ കാണിച്ചിട്ടുണ്ട്. പടം റിലീസ് ആകുന്നതിനു മുൻപു തന്നെ സാറ്റലൈറ്റ് റൈറ്റും ഒടിടിയും വിറ്റു പോയതാണ്. ബജറ്റിന്റെ എഴുപതു ശതമാനത്തോളം അത് കവർ ചെയ്തു. ബാക്കി ഓവർസീസ് റൈറ്റ് കൂടി കിട്ടിക്കഴിഞ്ഞാൽ ടേബിൾ പ്രോഫിറ്റിൽ വരേണ്ട പടമാണ്. രാജീവേട്ടൻ വളരെ സെൻസിബിൾ ആയാണ് ഈ പടത്തെ സമീപിച്ചത്. സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ ഒരുപാട് പണം ചെലവാകേണ്ട സിനിമയാണ്. അദ്ദേഹം മികച്ച ഒരു ടെക്നിഷ്യൻ ആയതുകൊണ്ടും ഏറെ ഉൾക്കാഴ്‌ചയുള്ള സംവിധായകൻ ആയതുകൊണ്ടും എങ്ങനെ അനാവശ്യമായി വരുന്ന ചെലവു കുറയ്ക്കാം എന്ന് ശ്രദ്ധിച്ചാണ് ചെയ്തത്.

nivin-3

മാത്രമല്ല ഇതിൽ അഭിനയിച്ച താരങ്ങളെല്ലാം ഏറെ സഹകരിച്ചിരുന്നു. അത് രാജീവേട്ടനോടുള്ള സ്നേഹം കൊണ്ടാണ്, അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം കൊണ്ടു ചെയ്തതാണ്. ഈ സിനിമ ഒരു ടീം വർക്ക് ആയിരുന്നു. പക്ഷേ ആ ടീം വർക്കിനെ നിർമാതാവ് ബഹുമാനിച്ചില്ല. അത് എല്ലാവരും വളരെ വേദനയോടെയാണ് ഉൾക്കൊണ്ടത്. രാജീവേട്ടനും ഞാൻ ഉൾപ്പെടെയുള്ള താരങ്ങളും ടെക്നിഷ്യൻസും സിനിമ ഇറങ്ങട്ടെ, പ്രതിഫലമൊക്കെ പിന്നെ എന്നുള്ള രീതിയിലാണ് നിൽക്കുന്നത്. ആ ആത്മാർഥതയ്ക്കൊന്നും ഒരു വിലയുമില്ലാതെ പോയി. ഇത്തരം കാര്യങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്നു ചോദിച്ചാൽ മറുപടിയില്ല, ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു മാത്രമേ പറയാനുള്ളൂ.

ലിസ്റ്റിൻ സ്റ്റീഫന്റെ ആത്മാർഥമായ പരിശ്രമഫലം

പ്രശ്നത്തിൽ കിടക്കുന്ന ഒരു സിനിമ റിലീസ് ചെയ്യണം എന്ന ആഗ്രഹം കൊണ്ട് ലിസ്റ്റിൻ സ്റ്റീഫൻ എന്ന പ്രൊഡ്യൂസർ സിനിമ ഏറ്റെടുക്കാൻ തയാറായതാണ്. ലിസ്റ്റിന് ഇതെടുക്കേണ്ട ആവശ്യമില്ല. ലിസ്റ്റിൻ ചെയ്യുന്നതും അദ്ദേഹം ഫിനാൻസ് ചെയ്യുന്നതുമായ സിനിമകളുടെ തിരക്കുകൾ തന്നെ ആവശ്യത്തിലധികമുണ്ട്. അതിനിടയിലാണ് ഇത്തരം ഒരു സിനിമ മുടങ്ങിക്കിടക്കാൻ പാടില്ല എന്ന ആത്മാർഥമായ ചിന്ത കൊണ്ട് ഈ സിനിമ ഏറ്റെടുക്കാൻ വന്നത്. അങ്ങനെ മുന്നിട്ടിറങ്ങിയ ലിസ്റ്റിനെ കെണികളിൽനിന്ന് കെണികളിലേക്കു തള്ളി വിടുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ലിസ്റ്റിൻ അതെല്ലാം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഊരാക്കുടുക്കുകൾ അഴിച്ചെടുത്തുകൊണ്ട് ഈ സിനിമ ലിസ്റ്റിൻ തിയറ്ററിൽ എത്തിക്കുകയാണ്. ലിസ്റ്റിൻ പടം കണ്ടിരുന്നു. അദ്ദേഹത്തിന് ഇഷ്ടമായി. അതുമാത്രമല്ല, ഇത്തരത്തിൽ ഒരു സംഭവം ഇനി ഉണ്ടാകാൻ പാടില്ല. ഇനി ഇങ്ങനെ ഒരു സിനിമയോട് ചെയ്യാൻ ആർക്കും പ്രേരണ വരരുത് എന്നതുകൊണ്ടാണ് ഈ പടം ഏറ്റെടുക്കാൻ ലിസ്റ്റിൻ തീരുമാനിച്ചത്. ഞങ്ങൾ എല്ലാവരും ലിസ്റ്റിനോടൊപ്പം നിന്ന് പിന്തുണ നൽകുന്നുണ്ട്. പടം റിലീസ് ചെയ്യാൻ തീരുമാനിച്ചത് പെട്ടെന്നായതുകൊണ്ടു ആവശ്യത്തിന് പ്രമോഷൻ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല.

Without ‘Pulimurugan’ there wont be a ‘Thondimuthalum Driksakshiyum.’: Rajeev Ravi. Photo: Manorama
Without ‘Pulimurugan’ there wont be a ‘Thondimuthalum Driksakshiyum.’: Rajeev Ravi. Photo: Manorama

രാജീവ് രവി എന്ന മാസ്റ്റർ ഡയറക്ടർ

രാജീവേട്ടന്റെ സംവിധാനത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. അദ്ദേഹം നല്ല സ്വാതന്ത്ര്യം തരുന്ന സംവിധായകനാണ്. ഇന്ന രീതിയിൽ മാത്രമേ അഭിനയിക്കാവൂ എന്ന് അഭിനയേതാക്കളെ പ്രഷർ ചെയ്യില്ല. പക്ഷേ ഒറ്റ കണ്ടീഷനേ ഉള്ളൂ, നിങ്ങൾ കഥാപാത്രമായി വരണം. നിങ്ങൾ നിവിൻ പോളിയോ പൂർണിമയോ ഇന്ദ്രജിത്തോ ആയി വരരുത്, മൊയ്തുവായും ഉമ്മയായും വരണം. ആരും ഹോം വർക്ക് ചെയ്തിട്ട് വരണ്ട, പച്ചയായ മനുഷ്യരായി വരുക. ബാക്കി എല്ലാം ക്യാമറയ്ക്കു മുന്നിൽ തീരുമാനിക്കാം. ഇതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. അദ്ദേഹം മുന്നേ ചെയ്ത സിനിമകൾക്ക് ഒരു സ്വഭാവമുണ്ട്, അവയ്‌ക്കെല്ലാം ഒരു പേസ് ഉണ്ട്. അവയെല്ലാം മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമകളാണ്, അതേ രീതിയിൽ തന്നെയാണ് തുറമുഖവും എടുത്തിട്ടുള്ളത്. ഇത് തികച്ചും രാജീവ് രവി സിഗ്നേച്ചർ ഉള്ള സിനിമയാണ്. ഏറെ ആത്മാർഥതയോടെ ഒരു സിനിമ ചെയ്തിട്ട് അദ്ദേഹത്തോട് ഇത്തരത്തിൽ പെരുമാറരുതായിരുന്നു എന്നാണു ഞങ്ങളുടെ അഭിപ്രായം. അദ്ദേഹം ആരുടെയും പണം പറ്റിച്ചെടുക്കാനോ ഉപദ്രവിക്കാനോ നോക്കിയിട്ടില്ല, ഒരു രൂപ പോലും നിർമാതാവിന് നഷ്ടം വരാൻ പാടില്ല എന്നു ചിന്തിക്കുന്ന ആളാണ്, നിർമാതാവിനെ സേഫ് ആക്കാൻ അത്രയും പ്രയത്നിച്ചിട്ട് അദ്ദേഹത്തിനെ കബളിപ്പിക്കുകയാണ് ചെയ്തത് അദ്ദേഹം പരാതിയൊന്നും പറയുന്ന വ്യക്തിയല്ല, എല്ലാം ഉള്ളിൽ ഒതുക്കുന്ന ആളാണ്, പക്ഷേ ഇത് എന്റെ ഉള്ളിൽ ഒരു വേദനയായി കിടപ്പുണ്ട്.

മട്ടാഞ്ചേരി മൊയ്തു

മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രം ജീവിച്ചിരുന്നയാളാണ്. പക്ഷേ സിനിമയ്ക്കു വേണ്ടി കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളെയും സിനിമാറ്റിക് ആക്കാൻ വേണ്ടി മാറ്റിയിട്ടുണ്ട്. മൊയ്തു ഒരു രക്ഷകനല്ല, നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണ്. ഈ കഥയുടെ ചരിത്രം ഗോപൻ ചേട്ടൻ (ഗോപൻ ചിദംബരൻ) ഞങ്ങളോട് എപ്പോഴും പറഞ്ഞുതന്നുകൊണ്ടിരിക്കും. നാടകം ചെയ്തതുകൊണ്ട് അദ്ദേഹം ഇതിനെകുറിച്ച് റിസേർച്ച് ചെയ്‌തിരുന്നു. എല്ലാ കഥാപാത്രത്തിന്റെയും മാനറിസം ഞങ്ങൾക്ക് പറഞ്ഞു തരും. കഥാപാത്രത്തെക്കുറിച്ച് അറിയാമെങ്കിലും, അഭിനയിക്കുമ്പോൾ കൈ ഇങ്ങനെ വച്ച് നോക്കൂ അല്ലെങ്കിൽ ഇങ്ങനെ നടന്നു നോക്കൂ എന്ന തരത്തിൽ രാജീവേട്ടന്റെ ഇൻപുട്ട് ഉണ്ടാകും. അങ്ങനെയാണ് ഈ കഥാപാത്രം വളരെ നന്നായി ചെയ്യാൻ കഴിഞ്ഞത്. ഞാൻ ചെയ്ത പീരീഡ്‌ സിനിമകളുടെ അത്രയും പഴക്കമുള്ള കാലഘട്ടമല്ല തുറമുഖത്തിൽ കാണിക്കുന്നത്. അത്തരത്തിലുള്ള ഒരു പീരിഡ്‌ സിനിമ എന്ന് പറയാൻ പറ്റില്ല. അതുകൊണ്ടു തന്നെ വലിയ മുന്നൊരുക്കങ്ങൾ വേണ്ടി വന്നില്ല. അനീതി നേരിടുന്ന ഒരു ജനസമൂഹത്തിന്റെ കഥയാണ് പറയുന്നതെങ്കിലും മൊയ്തു അവരോട് ഇണങ്ങിനിൽക്കുന്ന ഒരു കഥാപാത്രമല്ല. പട്ടിണിയും ബുദ്ധിമുട്ടും കൊണ്ട് റൗഡി ആയി മാറുകയും അതിൽ പെട്ടുപോവുകയും ചെയ്യുന്ന ആളാണ്. അയാൾക്ക് വീട്ടുകാരോടെന്നല്ല ആരോടും സിംപതിയോ സ്നേഹമോ ഇല്ല. ആരോടും ഇമോഷനൽ അടുപ്പമില്ലാത്ത ഒരു കഥാപാത്രം. ഒരു പക്ഷേ സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർ എന്നെ വെറുത്തേക്കാം. അതിൽ കുഴപ്പമില്ല പ്രേക്ഷകർ എന്നെ വെറുത്താലേ, എന്റെ പ്രയത്നം ഫലം കാണൂ. എങ്കിലേ ആ കഥാപാത്രം വിജയിക്കൂ.

nivino3

പ്രേക്ഷകർ കണ്ടിട്ട് തീരുമാനിക്കട്ടെ

തിയറ്ററിൽ സിനിമകൾ വിജയിക്കുന്നതിനെക്കുറിച്ച് നമുക്ക് പ്രവചിക്കാൻ കഴിയാത്ത സമയമാണ്. നല്ല സിനിമകൾ ചെയ്യുക, പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുക എന്നതേ നമുക്ക് ചെയ്യാൻ കഴിയൂ. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ സ്വീകരിക്കും, ഇല്ലെങ്കിൽ തള്ളിക്കളയും. തുറമുഖം നല്ലൊരു സിനിമയാണ്. പടം കണ്ടു കഴിഞ്ഞാലും നമ്മെ ഹോണ്ട് ചെയ്യുന്ന സിനിമയായിരിക്കും. മനസ്സിൽനിന്ന് അത്രയെളുപ്പം സിനിമ ഇറങ്ങിപ്പോകില്ല. എവിടെയോ ഒരു വേദനയും ഇമോഷനുമൊക്കെ ആയിട്ടായിരിക്കും തിയറ്റർ വിടുക. ഞാൻ കണ്ടപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്. പ്രേക്ഷകർ പടം കാണണം അവരിലൂടെ മറ്റുള്ളവരിലേക്ക് എത്തണം. എല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. ഈ തുറമുഖം ഞങ്ങൾ പ്രേക്ഷകരുടെ മുന്നിലേക്ക് തുറന്നുകൊടുക്കുകയാണ്.

നിവിനിലെ റൊമാന്റിക് ഹീറോയെ മിസ് ചെയ്യുന്നു

പ്രേക്ഷകരുടെ മിസ്സിങ് മനസ്സിലാക്കി അത്തരത്തിലുള്ള കഥാപാത്രങ്ങളുമായി ഞാൻ വരുന്നുണ്ട്. ഇപ്പോൾ ദുബായിൽ ഹനീഫ് അദേനിയുടെ പടം ചെയ്തുകൊണ്ടിരിക്കുകയാണ്. അത് നല്ല രസമുള്ള പടമാണ്. ‘താരം’ എന്ന ചിത്രവും വരുന്നുണ്ട് അതും റൊമാന്റിക് കോമഡിയാണ്. ഇനി വരാൻ പോകുന്നതെല്ലാം നല്ല ചിത്രങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com