നാലുവർഷത്തിനു ശേഷം വീൽചെയറിലിരുന്ന് ക്യാമറ തൊട്ട നിമിഷം അലന്റെ ഞരമ്പുകളിൽ കുതിച്ചൊഴുകിയത് കടന്നുപോന്ന വേദനകളുടെ ഓർമകളും കുറേയേറെ സ്വപ്നങ്ങളും കൂടിയാണ്. ഒരുമിച്ചൊരു യാത്രയ്ക്കിറങ്ങി ഇടയ്ക്കുവച്ച് മരണത്തിന്റെ കാണാഫ്രെയിമിൽ ചേർക്കപ്പെട്ട കൂട്ടുകാരൻ നിതിനുമൊന്നിച്ച് അന്നു പറഞ്ഞും കണ്ടും ഉള്ളിലുറപ്പിച്ച സിനിമാ സ്വപ്നങ്ങളും ഫോട്ടോഷൂട്ടുകളും മനസിന്റെ ഫോക്കസിൽ മായാതെ നിൽക്കുന്നു. വീണുപോയിടത്തു നിന്ന് എഴുന്നേറ്റു കുതിക്കാനുള്ള ആ തിടുക്കവും ആത്മവിശ്വാസവുമാണ് ഷൂട്ടിങ് പൂർത്തിയായ അലന്റെ പുതിയ ചിത്രം ഗ്ലൂറ. കണ്ണവം വനത്തിലും വാഗമണ്ണിലും ഇരിട്ടിയിലും ഒക്കെയായി തീർത്ത ആ ഷൂട്ടിലുടനീളം അലനുമുണ്ടായിരുന്നു. വീൽചെയർ എത്താത്തിടത്ത് കൂട്ടുകാർ തോളിലേറ്റി അലനെ എത്തിച്ചു. അങ്ങനെ അലൻ, വീൽ ചെയറിലിരുന്ന് സിനിമാ സംവിധാനവും ഛായാഗ്രഹണവും ചെയ്യുന്ന ആദ്യ വ്യക്തിയായി. കൈവിട്ട കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ ആനന്ദത്തോടെ 4 വർഷത്തിനു ശേഷം ക്യാമറ കയ്യിലെടുത്തപ്പോൾ സ്വന്തം പേരിൽ അറിയപ്പെടാൻ സാധിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഗ്ലൂറയുടെ പിറവി. ഒരേ സമയം 7 ഭാഷകളിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ മലയാളം ഇതുവരെ കാണാത്ത ഗ്രാഫിക്സും സാങ്കേതിക വിദ്യയും ഉണ്ടാകുമെന്ന് പറയുന്നു അലൻ.
അലൻ സെബാസ്റ്റ്യൻ അഥവാ അലൻ വിക്രാന്ത്
കണ്ണൂർ ജില്ലയിലെ തൊണ്ടിയിൽ തോണിക്കുഴിയിൽ സെബാസ്റ്റ്യന്റെയും മേരിയുടെയും മകൻ. വെളിമാനം ഹയർസെക്കൻഡറി സ്കൂളിലെ പഠനകാലത്തു തന്നെ ഫൊട്ടോഗ്രഫിയോട് ഏറെ താൽപര്യമുണ്ടായിരുന്നു. പ്ലസ് ടു പൂർത്തിയാക്കി ഇറങ്ങുമ്പോഴേക്ക് സ്വന്തം വഴി സിനിമയെന്ന തിരിച്ചറിവിൽ കൊച്ചിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാട്ടോഗ്രഫി ക്ലാസ്സിൽ ചേർന്നു. അവിടെ ബെസ്റ്റ് ഡയറക്ടർക്കുള്ള സ്വർണമെഡലോടെ കോഴ്സ് പൂർത്തിയാക്കി. ചെറിയ ഷൂട്ടുകളും മറ്റുമായി കുറച്ചുകാലം. 2018ൽ കോട്ടയം അതിരമ്പുഴയിൽ സുഹൃത്ത് നിതിൻ ആൻഡ്രൂസുമായി ചേർന്ന് ഒരു സ്റ്റുഡിയോ തുടങ്ങി. ഇടയ്ക്ക് ഒരു തമിഴ് സിനിമയിലും ചെറിയ വേഷം ചെയ്യാൻ അവസരം ലഭിച്ചു. അന്നാണ് അലൻ വിക്രാന്ത് എന്നു പേരുമാറ്റുന്നത്.

വിഡിയോ എഡിറ്റിങ്ങും ഷൂട്ടുകളുമായി തിരക്കുകളിലേക്കു പോകുന്നതിനിടെയായിരുന്നു അലന്റെ 4 വർഷങ്ങളെടുത്ത അപകടം. 2018 സെപ്റ്റംബർ 9ന് രാത്രി സ്റ്റുഡിയോ പൂട്ടി നിതിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഏറ്റുമാനൂരിനും അതിരമ്പുഴയ്ക്കുമിടയിൽ ബൈക്കിൽ കാറിടിച്ചു. നിതിൻ മരണപ്പെട്ടു, തെറിച്ചുവീണ അലന് നട്ടെല്ലിനു പരുക്കേറ്റു. ആഴ്ചകൾക്കു ശേഷമാണ് അരയ്ക്കു താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട വിവരം അറിയുന്നത്. അപ്പോഴും പിന്നീട് ഒരു ആറുമാസം കൊണ്ട് എഴുന്നേറ്റു നടക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ചികിത്സ. ആറുമാസത്തിനു ശേഷം വീൽചെയറിൽ വീട്ടിലേക്ക് മടക്കം.
കോട്ടയത്ത് ഒരു പ്രണയകാലത്ത്
ആക്സിഡന്റിനുമുൻപ് നിതിനെ പ്രാധാന കഥാപാത്രമാക്കി ഒരു ഹ്രസ്വചിത്രം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അലനും കൂട്ടുകാരും. ലോക്കേഷൻ നോക്കാനും മറ്റുമായുള്ള യാത്രകളിൽ കയ്യിലുള്ള ക്യാമറയിൽ ഒരു ട്രയൽ ഷൂട്ട് നടത്തുകയും ചെയ്തിരുന്നു അന്ന്. ഷൂട്ടിങ് ആരംഭിക്കും മുൻപ് 2018 സെപ്റ്റംബറിലായിരുന്നു അപകടം. ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷം വീട്ടിൽ തിരികെ എത്തിയതോടെ ആ ചിത്രം എങ്ങനെ എങ്കിലും ഇറക്കുക എന്നത് അലന്റെ ലക്ഷ്യമായി. ‘ആ ചിത്രത്തിൽ അഭിനയിക്കാൻ അവൻ ഏറെ ആഗ്രഹിച്ചിരുന്നു. അവനു പകരം പുതിയൊരാളെ അഭിനയിപ്പിച്ച് ചിത്രം പൂർത്തിയാക്കുന്നത് ശരിയല്ലെന്നു തോന്നി. അവന് ഒരു പാട് കൂട്ടുകാരുണ്ടായിരുന്നു. ഫോട്ടോ കാണുന്നതുപോലെയല്ലല്ലോ. ഇതാകുമ്പോൾ അവനെ എന്നും അവർക്കെല്ലാം കാണാമല്ലോ’– അങ്ങനെ വീൽചെയറിലിരുന്ന് ‘ ട്രയൽ ഷൂട്ട് ’ നടത്തിയ രംഗങ്ങൾ ചേർത്ത് എഡിറ്റിങ്ങും വർക്കുകളുമെല്ലാം പൂർത്തിയാക്കി ‘കോട്ടയത്ത് ഒരു പ്രണയകാലത്ത് ’ എന്ന ഹ്രസ്വചിത്രം ഒരു വർഷം മുൻപ് പുറത്തിറക്കി.

സ്വപ്നമല്ല ഗ്ലൂറ, സ്വപ്നത്തിലേക്കുള്ള വഴി
സത്യത്തിൽ ഗ്ലൂറ ഒരു സ്വപ്നമല്ല, സ്വപ്നത്തിലേക്കുള്ള വഴിയാണ് അലന്. വീൽചെയറിലിരുന്ന നാലുവർഷക്കാലം ഒരു മുഴുനീള മലയാളം കൊമേഴ്സ്യൽ സിനിമ ചെയ്യണമെന്നുള്ള തിടുക്കത്തിലായിരുന്നു മനസ്. എന്നാൽ ഒരു തുടക്കക്കാരനു മുൻപിൽ, ഇത്തരമൊരു ശാരീരികാവസ്ഥയിൽ എന്തൊക്കെ തടസ്സങ്ങളുണ്ടെന്നു മനസിലായതോടെ പരിമിതികളില്ലാത്ത, മറ്റുള്ളവർക്കു മുൻപിൽ സ്വയം തെളിയിക്കാൻ കഴിയുന്ന ഒരു സിനിമ ആദ്യം ചെയ്യണമെന്നു തോന്നി. സ്വന്തം സ്വപ്നം യാഥാർഥ്യമാക്കാൻ സൂപ്പർ താരങ്ങളെ സമീപിക്കണമെങ്കിൽ കയ്യിൽ ഒരു നല്ല പ്രോജക്ട് വേണം എന്ന ചിന്തയിലാണ് ഗ്ലൂറ എഴുതിത്തുടങ്ങുന്നത്. കഥ, തിരക്കഥ, സംവിധാനം, ക്യാമറ എല്ലാം കൈകാര്യം ചെയ്തത് അലൻ തന്നെയാണ്. ഷൂട്ട് നടക്കുന്ന എല്ലാ സ്ഥലത്തും എത്തിപ്പെടുക എന്നത് തന്നെ വലിയ ‘റിസ്ക്’ ആയിരുന്നു.

ഒരു ദിവസം പോലും മുടങ്ങാതെ തുടർന്നുവന്ന ചികിത്സകൾ ഷൂട്ടിന് വേണ്ടി നിർത്തിവച്ചത് ഒന്നും രണ്ടും ദിവസമല്ല. 30 ദിവസം ഫിസിയോ തെറപ്പി പോലുമില്ലാതെ ചികിത്സയിൽ നിന്നു ബ്രേക്ക് എടുത്തു. വെളുപ്പിന് 4 മണിക്ക് മുൻപേ ഉണർന്ന് കണ്ണവത്തേക്ക് തിരിയ്ക്കും. ഷൂട്ടിങ് സമയമത്രയും വീൽചെയറിൽ തന്നെ. ആ സമയത്ത് മഴയുടെ പ്രശ്നങ്ങളുമുണ്ടായിരുന്നു. വീൽചെയർ പോവാത്ത കാട്ടുവഴികളിലും മലമുകളിലും നാലോ അഞ്ചോ ആളുകൾ ചേർന്ന് അലനെ താങ്ങിയെത്തിച്ചു. അവിടെ മരത്തിലൊക്കെ ചാരി ഇരുത്തി ക്യാമറ പിടിപ്പിച്ച് ഒക്കെയാണ് ഷൂട്ട് പൂർത്തിയാക്കിയത്. വേദന കടിച്ചുപിടിച്ചും കഴിയില്ലെന്നു തളരുമ്പോഴൊക്കെ ലക്ഷ്യം മനസിലുറപ്പിച്ചും ജോലി ചെയ്തു. ഓരോ ദിവസവും മല കയറുമ്പോൾ തൊട്ടടുത്ത ദിവസം ഷൂട്ട് നടക്കുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. പകൽ മുഴുവൻ ഒന്നു കിടക്കാൻ പോലുമാകാതെ ഒരേ ഇരിപ്പിരുന്ന് വേദന സഹിക്കാനാകാതെ ഉറക്കെകരഞ്ഞു വീട്ടിൽ വന്നു കയറിയ ദിവസങ്ങളുണ്ട്. എങ്കിലും രാവിലെ വീണ്ടും അതെല്ലാം മറന്ന് പുതിയ ആവേശത്തോടെ ഉണർന്നു മുന്നോട്ടുപോയി.

ടീം
എന്തിനും ഏതിനും നിഴൽ പോലെ നിന്ന കൂട്ടുകാർ തന്നെയായിരുന്നു ബലം. പക്ഷേ ആർക്കും സിനിമ സംബന്ധിച്ച യാതൊരു മുൻപരിചയമുണ്ടായിരുന്നില്ല. പരിചയ സമ്പന്നനായ ഒരു പ്രൊഡക്ഷൻ കൺട്രോളർ ഇല്ലാത്തുകൊണ്ട് അതും അലന്റെ ചുമലിലായി– വനത്തിൽ ഷൂട്ടിന് അനുമതി വാങ്ങുന്നത് മുതൽ മേക്കപ്മാനെ റെഡി ആക്കുന്നതു വരെ ജോലികൾ. മുൻ ധാരണകൾ ഇല്ലെങ്കിലും എല്ലാത്തിനും സഹായവുമായി കൂട്ടുകാർ ഒപ്പം നിന്നു. മിത്തും ഫാന്റസിയും എല്ലാം ചേരുന്ന ചിത്രത്തിൽ ‘ഗ്ലൂറ’ എന്ന പേരിനു പിന്നിലും ഒരു സസ്പെൻസ് ഒളിപ്പിച്ചിട്ടുണ്ട്. വലിയ താരനിര ഇല്ലെങ്കിലും രാജ്യാന്തര നിലവാരത്തിലുള്ള ഗ്രാഫിക്സും ഫൈറ്റും കഥയും രംഗങ്ങളുമെല്ലാമായി ഒരു മണിക്കൂർ 20 മിനിറ്റ് നീളുന്ന സിനിമ ഒരു വ്യത്യസ്ത അനുഭവമാകുമെന്ന് അലന്റെ ഉറപ്പ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരേ സമയം റിലീസിനൊരുങ്ങുന്നത്. പഞ്ചാബി, ബംഗാളി ഭാഷകളിലും ഇറക്കാൻ ആലോചിക്കുന്നു. ചിത്രത്തിനൊരു പ്രൊഡ്യൂസറെ തേടിയപ്പോൾ അലന്റെ ഒപ്പം നിന്നത് സ്വന്തം സഹോദരൻ ക്ലിന്റ് സെബാസ്റ്റ്യൻ. റെയിൻബോ യൂണിവേഴ്സൽ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം.

യഥാർഥ സ്വപ്നം
മലപ്പുറത്ത് എസ്‌പിഎസ് ക്ലിനിക്കിൽ ഡോ. ശ്രീരാജ് എസ്. പണിക്കരുടെ പരിചരണത്തിൽ ഫിസിയോ തെറപ്പിയിലാണിപ്പോൾ അലൻ. ചികിത്സ പൂർത്തിയാകുന്നതോടെ എഴുന്നേറ്റു നടക്കാൻ സാധിക്കുമെന്നാണ് ഡോക്ടറുടെയും അലന്റെ കുടുംബത്തിന്റെയും പ്രതീക്ഷ. അതിനുള്ള കാത്തിരിപ്പിലാണ്. രാവിലെ മുതൽ വൈകുന്നേരം വരെ തെറപ്പിക്കായി ചെലവഴിക്കുന്നു. സ്വപ്നചിത്രത്തിനുള്ള സ്ക്രിപ്റ്റ് പൂർത്തിയാക്കിയത് സീൽ ചെയ്ത് കയ്യിലുണ്ട്. പല സിനിമാ പ്രവർത്തകരെയും പരിചയത്തിലുണ്ട്. പക്ഷേ നിർമാതാക്കളെ കണ്ടെത്താനും പോയി കാണാനുമൊക്കെയുള്ള ശാരീരികത സ്ഥിതിയില്ലാത്തതാണ് പ്രധാന പ്രശ്നം. എങ്കിലും ഇന്നല്ലെങ്കിൽ നാളെ അതു സാധിക്കുമെന്ന് അലനുറപ്പുണ്ട്. കാരണം, വാക്കുകളേക്കാൾ അപ്പുറം ‘ഗ്ലൂറ’ സംസാരിക്കുമെന്ന പ്രതീക്ഷയിലാണ് അലൻ. അതെ, വീൽചെയറിലിരുന്ന് സംവിധാനം ചെയ്ത ആ സിനിമ റിലീസ് ആകുന്നതോടെ സിനിമയേക്കാൾ സുന്ദരമായൊരു ജീവിതമാകും കാലത്തിന്റെ തിരശീലയിൽ അലൻ വിക്രാന്ത് സെബാസ്റ്റ്യൻ പകർത്തിവയ്ക്കുക !!