ADVERTISEMENT

ഡോൺ പാലത്തറ സംവിധാനം ചെയ്ത് വിനയ് ഫോർട്ട് നായകനാകുന്ന ‘ഫാമിലി’ 14-ാമത് ബെംഗളുരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.  ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിൽ ലോക പ്രിമിയറിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ ഇന്ത്യൻ പ്രിമിയർ ആണിത്.  ചിത്രത്തിൽ സോണി എന്ന കഥാപാത്രമായാണ് വിനയ് ഫോർട്ട് എത്തുന്നത്. ഏറെ വ്യത്യസ്തവും സങ്കീർണവുമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് വിനയ്.  അതിസൂക്ഷ്മതയോടെയാണ് വിനയ് തന്റെ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് എന്നത് ‘പ്രേമം’, ‘മാലിക്ക്’, ‘ചുരുളി’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർ കണ്ടതാണ്.  ഇപ്പോൾ ഫാമിലിയിലെ സോണി എന്ന കഥാപാത്രത്തിലൂടെ അഭിനയത്തിന്റെ കാണാപ്പുറങ്ങൾ തേടുന്ന വിനയ് ചിത്രത്തിന് രാജ്യാന്തര അംഗീകാരങ്ങൾ ലഭിക്കുന്നതിൽ സന്തുഷ്ടനാണ്. ‘ഫാമിലി’യുടെ വിശേഷങ്ങളുമായി വിനയ് ഫോർട്ട് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

 

റോട്ടർഡാം ഫെസ്റ്റിവലിൽ പ്രിമിയർ

vinay
‘ഫാമിലി’ എന്ന ചിത്രത്തിൽ നിന്നും

 

ലോകം കണ്ട ഏറ്റവും വലിയ ഫിലിം ഫെസ്ടിവലുകളിൽ ഒന്നാണ് റോട്ടർഡാം ഫെസ്റ്റിവൽ.  റോട്ടർഡാമിൽ ‘ഫാമിലി’ എന്ന സിനിമയ്ക്ക് വേൾഡ് പ്രിമിയർ കിട്ടുക എന്നത് തന്നെ വലിയ നേട്ടമാണ്. ഈ  സിനിമ ചെയ്യുമ്പോൾ തന്നെ ഇത് മേളകളിൽ എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.  സിനിമയ്ക്ക് ഒരു പാൻ ഇന്ത്യൻ അംഗീകാരം വന്നത് ഒരു നടൻ എന്ന നിലയിൽ എനിക്കും നേട്ടം തന്നെയാണ്. വളരെ സന്തോഷമുള്ള കാര്യമാണ് അത്. ബെംഗളുരു ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവലിൽ സിനിമയുടെ ഇന്ത്യൻ പ്രിമിയർ നടക്കുകയാണ് ഇപ്പോൾ.  ഇനി ഐഎഫ്എഫ്കെ ഉൾപ്പടെ മറ്റു പല ഫെസ്റ്റിവലും വരുന്നുണ്ട്. ഇതിലൊക്കെ നമ്മുടെ സിനിമ തെരഞ്ഞെടുക്കപ്പെടുമെന്നും സിനിമ ഒരുപാടുപേര് കാണുമെന്നും ഞാൻ വിശ്വസിക്കുന്നു.  ഒടിടിയിൽ ഒരു ഒറിജിനൽ ആയ പ്രിമിയർ കൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കാരണം ഈ സിനിമ ചെയ്യുമ്പോൾ ഞങ്ങൾ അനുഭവിച്ച വെല്ലുവിളികൾക്ക് ഫലം ലഭിക്കുന്നത് സിനിമ കൂടുതൽ പ്രേക്ഷകനിലേക്ക് എത്തുമ്പോഴാണ്. അത്തരം പ്രതീക്ഷകളിലാണ് ഇപ്പോൾ.  

 

കമേഴ്സ്യൽ സിനിമകളോടൊപ്പം തന്നെ സമാന്തര സിനിമകളിലും അഭിനയിക്കുന്നുണ്ട്, സിനിമയോടുള്ള സമീപനം എങ്ങനെയാണ് ?

vinay-don
ഡോൺ പാലത്തറയ്‌ക്കൊപ്പം വിനയ് ഫോർട്ട്

 

എന്റെ കരിയറിന്റെ തുടക്കം മുതൽ എല്ലാത്തരം സിനിമകളും ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരാളാണ്.  ഒരേ തരം വേഷങ്ങൾ ചെയ്യാൻ എനിക്ക് മടുപ്പാണ്. ഒരു നടൻ എന്ന നിലയിൽ നമ്മെ വളർത്തുന്നത് കമേഴ്സ്യൽ സിനിമകളാണ്.  ഒരു വ്യക്തി എന്ന നിലയിലും നടൻ എന്ന നിലയിലും നമുക്ക് തൃപ്തി വരുന്ന സിനിമകളും വേഷങ്ങളും കൂടി തിരഞ്ഞെടുക്കണം എന്നാണ് എന്റെ കാഴ്ചപ്പാട്. ആ ഒരു ബാലൻസിൽ സിനിമ തെരഞ്ഞെടുക്കുന്നത് കൊണ്ട് തന്നെ നമ്മുടെ വളർച്ച എളുപ്പത്തിൽ ആയിരിക്കില്ല. ഞാൻ എപ്പോഴും വിശ്വസിക്കുന്നത് സത്യസന്ധമായ ഒറിജിനൽ എന്ന് തോന്നുന്ന സിനിമകളുടെ ഭാഗമാക്കുന്നതാണ് നല്ലത് എന്നാണ്. അതിന്റെ ഭാഗമായിട്ടാണ് 'ഫാമിലി' എന്ന സിനിമയിൽ എത്തിച്ചേരുന്നത്.  

 

don-vinay-forrt

ഡോൺ പാലത്തറ എന്ന സംവിധായകനെപ്പറ്റി

 

ഇന്നിപ്പോൾ ഇന്ത്യയിൽ അറിയപ്പെടുന്ന ഏറ്റവും മികച്ച സ്വതന്ത്ര സംവിധായകരിൽ ഒരാളാണ് ഡോൺ പാലത്തറ.  ഡോൺ എന്റെ സമകാലീനനാണ്, ഞങ്ങൾ ഒരുമിച്ച് സംസാരിച്ചിരിക്കുമ്പോൾ നല്ലൊരു വൈബ് കിട്ടാറുണ്ട്.  ഡോണിന്റെ സിനിമകൾ കാണുമ്പോൾ എനിക്ക് കണക്ട് ചെയ്യാൻപറ്റും.  ഒരു കമേഴ്സ്യൽ സിനിമയ്ക്കുള്ള യാതൊരു ആഡംബരവുമില്ലാതെ ഏറ്റവും സത്യസന്ധമായി കഥ പറയുന്ന സംവിധായകനാണ് ഡോൺ. സിനിമയുടെ സാങ്കേതികതയുടെ അപ്പുറത്തേക്ക് ഒരു തിരക്കഥയിലും കഥയിലും ഒരു പ്രദേശത്തെ അല്ലെങ്കിൽ ഒരു പ്രത്യേക സ്ഥലത്തെ സംസ്കാരത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു സിനിമ ചെയ്യുക എന്നതിൽ വിശ്വസിക്കുന്ന ആളാണ് ഡോൺ. ഫാമിലി എന്ന സിനിമ ഇടുക്കിയിൽ ഡോൺ ജനിച്ചു വളർന്ന ഒരു പ്രദേശത്തിന്റേയും ഡോണിന് അറിയാവുന്ന മനുഷ്യരുടെയും കഥയാണ്. ആ സ്ഥലത്തിന്റെ സംസ്കാരത്തെപ്പറ്റി ആഴത്തിലുള്ള അറിവ് ഡോണിനുണ്ട്. അദ്ദേഹത്തിന് നേരിട്ട് അറിയാവുന്ന ഒരാളാണ് എന്റെ കഥാപാത്രമായ സിനിമയിലെ നായകൻ സോണി. 

don-vinay

 

 

 

വളരെ ചാലഞ്ചിങ് ആയ കഥാപാത്രം.  ഒരു നടൻ എന്ന നിലയിൽ വളരെ തൃപ്തി തന്ന കഥാപാത്രവും സിനിമയുമാണ്. ഈ സിനിമയിലെ കഥാപാതങ്ങൾ എങ്ങനെയാണെന്നും അവർ എങ്ങനെ നടക്കുമെന്നും എങ്ങനെ പെരുമാറുമെന്നും അവരുടെ രൂപം എങ്ങനെയായിരിക്കും എന്നുള്ളതിനെക്കുറിച്ച് വളരെ വ്യക്തമായ ഒരു ധാരണയുള്ള ഒരു സംവിധായകനോടൊപ്പം വർക്ക് ചെയ്തത് വലിയൊരു അനുഗ്രഹമായിരുന്നു. പത്തുമുപ്പതു പേര് ചേർന്ന് ഇരുപതു ദിവസം കൊണ്ട് ചെയ്തു തീർത്ത സിനിമയാണ് ഫാമിലി. ഒരുപാട് പരിമിതികളെ അതിജീവിച്ച് ഏറ്റവും മനോഹരമായി ഒരു സിനിമ ചെയ്തു, അത് എന്നും മനസ്സിൽ എന്റെ പ്രിയപ്പെട്ട സിനിമ തന്നെയായിരിക്കും. ഇത് പൂർണമായും ഡോൺ പാലത്തറ എന്ന സംവിധായകന്റെ സിനിമയാണ് 

 

ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം 

vinay-family

 

മലയാളം സിനിമ അറിയപ്പെട്ടിരിക്കുന്നത് ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, തുടങ്ങിയ നമ്മുടെ മഹാരഥന്മാർ ചെയ്ത സിനിമകളുടെ പേരിൽ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.  മലയാളം കൊമേഴ്‌സ്യൽ സിനിമകൾക്ക് ഒരു പരിമിതിയുണ്ട്.  ഇപ്പോൾ ഒടിടി വന്നു കാര്യങ്ങൾ കുറച്ചു മാറിയിട്ടുണ്ട്.  അത് നമ്മെ ഒരു റീജിയണൽ ആക്ടർ എന്ന നിലയിൽ നിന്ന് ഒരു നടൻ എന്ന നിലയിൽ കൊണ്ടെത്തിച്ചിട്ടുണ്ട് . അതിനുമപ്പുറം ലോകനിലവാരത്തിൽ സിനിമ ചർച്ച ചെയ്യപ്പെടുമ്പോൾ എപ്പോഴും മലയാള പ്രതിഫലിക്കപ്പെടുന്നത് സമാന്തര സിനിമകളിലൂടെയാണ്. ഒരു നടൻ എന്ന നിലയിൽ നമ്മെ അടയാളപ്പെടുത്തണമെങ്കിൽ ഇത്തരം ശക്തമായ, ആത്മാവുള്ള സത്യസന്ധമായ സിനിമകൾ ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഡോണിനോടൊപ്പം അത്തരമൊരു സിനിമ ചെയ്യാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ട്. ഈ സിനിമ ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ല.  ഈ സിനിമയുടെ ഒരു സീൻ കൺസീവ് ചെയ്തിരിക്കുന്നത് ഒരു ഷോട്ടിലാണ്, ആ ഒരു ഷോട്ട് വച്ചിരിക്കുന്നത് ഒരാള് നമ്മളെ നോക്കികാണുന്നതുപോലെയാണ്.

 

കുറച്ച് വൈഡ് ആയിട്ടാണ് ആ ഷോട്ട് വച്ചിരിക്കുന്നത്. എല്ലാ സീനിനും ഒരു ഉദ്ദേശ്യമുണ്ടല്ലോ, ആ ഉദ്ദേശ്യം നടപ്പാക്കാൻ നമ്മൾ ക്ലോസ്, മിഡ് തുടങ്ങി ഒരുപാട് ഷോട്ടുകൾ ഉപയോഗിക്കും. അങ്ങനെ ഒരു സീനിൽ തന്നെ ഏഴെട്ട് ഷോട്ടുകൾ ഉണ്ടാകും. ഒരു നടൻ എന്ന നിലയിൽ ഇതിൽ വലിയ ചാലഞ്ചുണ്ട്.  ഇടുക്കിക്കാരനായി ഞാൻ അഭിനയിക്കുമ്പോൾ അവരുടെ നാട്ടുഭാഷ ഉച്ഛാരണം കൃത്യമായിരിക്കണം. അതിനുമപ്പുറം ഈ വൈഡ് ആയ ഷോട്ടിൽ ആ കഥാപാത്രം എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നത് ആശയവിനിമയം നടത്തണം. ഈ ഒരു ഷോട്ടിൽ എങ്ങനെയാണ് ഈ കഥാപാത്രം ആളുകളിലേക്ക് എത്തിക്കുക എന്നുള്ളത് എനിക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു. ഞാൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും പ്രയാസമുള്ള, ഒരുപാട് ലെയറുകൾ ഉള്ള പല ഷെയ്ഡുകളുള്ള കഥാപാത്രമാണ് സോണി. കോമഡി കഥാപാത്രങ്ങളിൽ നിന്ന് മാറി പല ഷെയ്ഡുകളുള്ള കഥാപാത്രം ചെയ്യാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഈ തിരക്കഥ എനിക്ക് കിട്ടുന്നത്.         

 

ഫാമിലി മാനിലേക്ക് ക്ഷണം കിട്ടിയിരുന്നു എന്ന് കേട്ടു, എന്താണ് വെബ് സീരീസിൽ കാണാത്തത്?

 

എനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് വലിയ സിനിമകളായ മാലിക്ക്, ചുരുളി, കനകം കാമിനി കലഹം തുടങ്ങിയവ. ഒടിടിയിൽ വന്നതിനു ശേഷം എപ്പോഴും വെബ് സീരിസിൽ അഭിനയിക്കാൻ ക്ഷണം വരാറുണ്ട്. നാഗേഷ് കൂകുണൂർ സംവിധാനം ചെയ്യുന്ന ഒരു വെബ്‌സീരീസിലേക്ക് ഈ മാസവും ക്ഷണം വന്നിരുന്നു. മലയാളിയായ ഒരു പൊലീസ് ഇൻസ്പെക്ടറിന്റെ വളരെ രസകരമായ ഒരു കഥാപാത്രമായിരുന്നു.  അത് ചെയ്യാൻ കഴിയാത്തത് ഒരു നഷ്ടമാണ്. പക്ഷേ നാലുമാസം ആ കഥാപാത്രത്തിന്റെ ലുക്ക് കാത്തുസൂക്ഷിക്കാൻ പറ്റാത്തതുകൊണ്ടും നാലുമാസം മാറിനിൽക്കാൻ പറ്റാത്തതുകൊണ്ടുമാണ് അത് ഒഴിവാക്കിയത്. മൂന്നു നാല് മാസം നീണ്ടുനിൽക്കുന്ന ഷൂട്ട് ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണ്. നാലഞ്ച് മാസം മലയാള സിനിമയിൽ നിന്ന് വിട്ടുനിന്നാൽ ഞാൻ പിന്നിലേക്ക് തള്ളപ്പെടും. 

 

ഇപ്പോൾ നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനിയുടെ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. ഈ സിനിമയിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല.  ഇതിനു ശേഷം ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന വിനയ് ഗോവിന്ദിന്റെ ‘താരം’ എന്ന ചിത്രത്തിൽ നിവിന്റെ കൂടെത്തന്നെ അഭിനയിക്കുന്നുണ്ട്. ഇതിൽ നിന്നൊക്കെ ബ്രേക്ക് എടുത്തിട്ട് വെബ് സീരിസ് ചെയ്യുക എന്നത് നടക്കില്ല.  മലയാള സിനിമയാണ് എന്റെ പ്രഥമ പരിഗണന, ഞാൻ ഒരു കേരളീയനാണ് ഞാൻ ചിന്തിക്കുന്ന, സ്വപ്നം കാണുന്ന ഭാഷ മലയാളമാണ്. മലയാളം സിനിമ കഴിഞ്ഞിട്ടേ എനിക്ക് എന്തുമുള്ളൂ. സമയവും സാഹചര്യവും ഒത്തുവരുമ്പോൾ വെബ് സീരിസ് ക്ഷണം ലഭിക്കുമെങ്കിൽ ചെയ്യാം എന്ന് കരുതുകയാണ്.       

 

ഒരുപാട് കോംപ്ലെക്സ് ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതായി തോന്നിയിട്ടുണ്ട് അത് എന്തുകൊണ്ടാണ് ?

 

നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങൾ എപ്പോഴും കോംപ്ലെക്സ് ആയ, ഒരുപാട് സംഘർഷങ്ങള്‍ അനുഭവിക്കുന്നതാകുമ്പോഴാണ് ഒരു നടനെ സംബന്ധിച്ച് ആസ്വദിച്ച് ചെയ്യാൻ കഴിയുന്നത്. കയറ്റിറക്കങ്ങളും പൊട്ടിത്തെറികളും, വികാരപരമായ അന്തഃക്ഷോഭങ്ങളും, നിശബ്ദതയും തകർന്നു വീഴ്ചകളും ഉള്ള കഥാപാത്രങ്ങൾ എന്നെ ആകർഷിക്കാറുണ്ട്.  അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ സ്വയം ചാലഞ്ച് ചെയ്യാനും നമ്മൾ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാനും കഴിയും. ഒരു നടൻ ആകുമ്പോൾ പല തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിയണം.  ഒരു സീനിൽ വെറുതെ ബിഹേവ് ചെയ്തു നിൽക്കുന്ന സാധാരണ കഥാപാത്രങ്ങൾ മുതൽ മാനസിക സമ്മർദം അനുഭവിക്കുന്ന കോംപ്ലക്സ് ആയ കഥാപാത്രങ്ങൾ വരെ. നമുക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളും സിനിമകളും എപ്പോഴും കിട്ടണമെന്നില്ല. നിലനിൽപ്പിനു വേണ്ടി എല്ലാ തരം കഥാപാത്രങ്ങളും സ്വീകരിച്ചേ മതിയാകൂ അല്ലെങ്കിൽ നമ്മൾ ഈ മേഖലയിൽ നിന്ന് തന്നെ എടുത്തെറിയപ്പെടും.  എന്റെ ലക്‌ഷ്യം എപ്പോഴും പല തരത്തിലുള്ള കോംപ്ലെക്സ് ആയ കഥാപാത്രങ്ങൾ ചെയ്യുകയാണ്.  

 

ഇനി വരാനിരിക്കുന്ന അഞ്ചാറ് ചിത്രങ്ങളിൽ വളരെ കോംപ്ലെക്സ് ആയ കഥാപാത്രങ്ങളാണ് ചെയ്തിരിക്കുന്നത്. ഒരു ഗ്യാങ്‌സ്റ്റർ, സീരിയൽ കില്ലർ, അങ്ങനെയൊക്കെയുള്ള കഥാപാത്രങ്ങൾ വരുമ്പോൾ എനിക്ക് ചിന്തിക്കാൻ പറ്റാത്ത രീതിയിലായിരിക്കും അവർ ചിന്തിക്കുക. അപ്പോൾ ആ വഴികളിലൂടെ വിനയ് ഫോർട്ട് എന്ന നടന് സഞ്ചരിക്കേണ്ടി വരും അത് രസകരമായ ഒരു യാത്രയാണ്. ഒരു കഥാപാത്രം തെരഞ്ഞെടുക്കുമ്പോൾ ഞാൻ ഇത്തരത്തിൽ ശ്രദ്ധിക്കാറുണ്ട്.  ചെയ്യുന്നത് ആസ്വദിച്ച് ചെയ്യാൻ കഴിയുക എന്നതാണ് പ്രധാനം.   

 

ഏതെങ്കിലും കഥാപാത്രത്തിൽ നിന്നും  ഇറങ്ങി വരാൻ കഴിയാത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടുണ്ടോ? 

 

കഥാപാത്രം ചെയ്തിട്ട്  അതിൽ നിന്ന് ഇറങ്ങി വരാൻ കഴിയാത്ത ഒരു കഥാപാത്രമോ തിരക്കഥയോ എനിക്ക് കിട്ടിയിട്ടില്ല എന്ന് തോന്നുന്നു. അങ്ങനെയൊരു കഥാപാത്രത്തിനായി ഞാൻ കാത്തിരിക്കുകയാണ്.  ജീവിതവും കലയും രണ്ടാണെന്ന് മനസിലാക്കി ജീവിക്കുന്ന ഒരാളായതുകൊണ്ട് എനിക്ക് ഇതുവരെ അത്തരത്തിൽ ബുദ്ധിമുട്ട് വന്നിട്ടില്ല.  വികാരങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ട് കഥാപാത്രത്തെ കൂടെകൂട്ടിയാൽ എന്നെപ്പോലെ ഒരാൾ അപകടാവസ്ഥയിലേക്ക്  പോകാൻ സാധ്യതയുണ്ട്.  അത്തരത്തിൽ ഒരു കഥാപാത്രത്തിൽ പെട്ടുപോയാൽ എന്നെപ്പോലെ ഒരാൾക്ക് അത് റിസ്ക് ആണ്. പക്ഷേ അത്തരത്തിൽ എന്നെ ഒരുപാട് സ്വാധീനിക്കുന്ന ഒരു കഥാപാത്രം ചെയ്യണം എന്ന് ആഗ്രഹമുണ്ട്. സംഗീത സംവിധായകനായ എന്റെ സുഹൃത്ത് ആനന്ദും ഞാനും ഒരു തിരക്കഥയിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അത് വളരെ സത്യസന്ധമായ ഒരു തിരക്കഥയാണ്. ആ ഒരു സിനിമ സംഭവിക്കുകയാണെങ്കിൽ ഞാൻ ഇതുവരെ ചെയ്തതിൽ നിന്ന് വിഭിന്നമായി എന്നെ ആകെ മാറ്റിമറിക്കുന്ന ഒരു കഥാപാത്രമായിരിക്കും അത്.      

 

ഗ്ലോബലി  വലിയ സ്വീകാര്യത ലഭിച്ച ചിത്രം കേരളത്തിൽ റിലീസ് ചെയ്യുമ്പോൾ എന്തൊക്കെയാണ് പ്രതീക്ഷകൾ ?

 

ഇപ്പോൾ തിയറ്ററിൽ ഒരു സിനിമ വിജയിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. കോവിഡിന് ശേഷം പ്രേക്ഷകരുടെ മാനസികാവസ്ഥയും മാറിയിട്ടുണ്ട്.  ഈ സിനിമ ഒടിടിയിൽ എത്തിയാൽ വിജയിക്കും എന്നാണ് എന്റെ അഭിപ്രായം.  എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, ഡോൺ എങ്ങനെയാണ് അതിനെ കാണുന്നത് എന്ന് അറിയില്ല. ഒരു ചെറിയ പ്രദേശത്തോ ഒരു രാജ്യത്തോ മാത്രം ഒതുങ്ങാതെ ആഗോളതലത്തിൽ ചർച്ചചെയ്യപ്പെടേണ്ട ഒരു വിഷയമാണ് ഈ സിനിമയിൽ ചർച്ച ചെയ്യുന്നത്.  നമുക്ക് ഒട്ടും പരിചയമില്ലത്ത ഒരു ലോകവും അവിടുത്തെ ആളുകളും സംസ്കാരവും കലാരൂപവും ഭക്ഷണ രീതിയും അവിടുത്തെ ചുറ്റുപാടുകളും കാണുന്നതിന്റെ ഒരു സുഖമുണ്ടല്ലോ അത് ഈ സിനിമയിൽ നിന്ന് കിട്ടും. രാജ്യാന്തര സ്വീകാര്യത കിട്ടേണ്ട ഒരു സിനിമയാണ് ഫാമിലി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു കോടിവരെ മുടക്കി പ്രമോഷൻ നടത്തി കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കാനുള്ള ഒരു തരത്തിലല്ല ഈ സിനിമയുടെ മേക്കിങ് എന്ന് എനിക്ക് തോന്നുന്നു.  ഇത് ഒരു ഒറിജിനൽ റിലീസ് ആയി ഒടിടിയിൽ എത്തി ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തണം എന്നാണ് എന്റെ ആഗ്രഹം. ലോകത്ത് എവിടെയുമുള്ള ആളുകൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു വിഷയവും ആഖ്യാന രീതിയുമാണ് ഈ സിനിമയുടേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com