ADVERTISEMENT

വെട്ടേറ്റു വീണു കിടക്കുന്ന മൊയ്തുവിന്റെ മുമ്പിൽ ഉമ്പൂച്ച പ്രത്യക്ഷപ്പെടുന്ന ഒരു രംഗമുണ്ട്, തുറമുഖം സിനിമയിൽ. തീപ്പെട്ടി ഉരച്ചുണ്ടാകുന്ന മഞ്ഞവെളിച്ചത്തിൽ ചുവന്ന ഷർട്ടിട്ട് ക്ലോസപ്പിൽ ഉമ്പൂച്ച തെളിഞ്ഞു വരുമ്പോൾ തിയറ്ററിൽ ഉയരുന്ന കയ്യടികൾ മണികണ്ഠൻ ആചാരി എന്ന നടനുള്ള അംഗീകാരമാണ്. രാജീവ് രവിയുടെ കണ്ടെത്തൽ എന്നു പറയാവുന്ന മണികണ്ഠന്റെ ഉമ്പൂച്ച രണ്ടു കാലഘട്ടങ്ങളിൽ, രണ്ടു ശരീരഭാഷയിലാണ് തുറമുഖത്തിൽ എത്തുന്നത്. രണ്ടിലേക്കും അനായാസം പരുവപ്പെടുന്ന മണികണ്ഠനെ സ്ക്രീനിൽ കണ്ടിരിക്കുന്നതു തന്നെ രസകരമാണ്. വേറൊരു ജീവിതം ജീവിക്കാനുള്ള അവസരമാണ് ഓരോ രാജീവ് രവി സിനിമയും സമ്മാനിക്കുന്നതെന്ന് മണികണ്ഠൻ പറയുന്നു. ഉമ്പൂച്ച എന്ന കഥാപാത്രത്തെക്കുറിച്ചും തുറമുഖം എന്ന സിനിമ നൽകിയ അനുഭവത്തെക്കുറിച്ചും തുറന്നു സംസാരിച്ച് മണികണ്ഠൻ ആചാരി മനോരമ ഓൺലൈനിൽ.

തിരശീലയിൽ രാജീവ് രവി മാജിക്

രണ്ടു കാലഘട്ടങ്ങളിൽ ഉമ്പൂച്ച എന്ന കഥാപാത്രം സിനിമയിൽ വരുന്നുണ്ട്. ആദ്യം കാണുന്ന ഉമ്പൂച്ചയിൽനിന്ന് സിനിമയുടെ അടുത്ത പകുതിയിലേക്ക് എത്തുമ്പോൾ‌ ആ കഥാപാത്രത്തിനു സംഭവിക്കുന്ന ഒരു വളർച്ചയുണ്ട്. ആ രംഗത്തെ ഉൾക്കൊള്ളുമ്പോൾ ആ വളർച്ച ശരീരത്തിൽ പ്രതിഫലിക്കും. മൈമുവിന്റെ (ജോജു) ഒപ്പം നടക്കുന്ന ഉമ്പൂച്ചയുടെ ശരീരഭാഷയല്ല മൊയ്തുവിനെ (നിവിൻ) കണ്ടെത്തുമ്പോഴുള്ള ഉമ്പൂച്ചയ്ക്കുള്ളത്. രാജീവ് രവിയുടെ ഫ്രെയിമുകളിലൂടെ അതു കാണുമ്പോൾ എന്റെ ചെറിയ ശരീരത്തിൽ പോലും വലിയ മാറ്റം പ്രേക്ഷകർക്ക് തോന്നും. ‘കമ്മട്ടിപ്പാട’ത്തിലെ ബാലൻ എന്ന കഥാപാത്രം എന്നേക്കാൾ സീനിയറായ വിനായകൻ ചേട്ടനെയും ദുൽഖറിനെയും ഒക്കെ അടക്കി നിർത്തുന്ന ഒരാളാണ്. സിനിമയിൽ ആദ്യമായി അഭിനയിക്കുന്ന ഒരാൾ ആണ് ഇത്തരം വലിയ രംഗങ്ങൾ ചെയ്യേണ്ടത്. ആ സമയത്ത് ആ പേടിയെ, സംശയങ്ങളെ തരണം ചെയ്യാൻ ഒറ്റ കാര്യമേ ചെയ്യാനുള്ളൂ; ആ കഥാപാത്രമാണ് ഞാൻ എന്ന് സ്വയം വിശ്വസിക്കുക. ആ സമയത്ത് ഞാൻ മണികണ്ഠനല്ല, ആ കഥാപാത്രമാണ്. അതു തന്നെയാണ് ‘തുറമുഖ’ത്തിലും ചെയ്തിട്ടുള്ളത്.

'മോനേ, ഒരു ക്യാരക്ടറുണ്ട്'

രാജീവേട്ടൻ എന്നോട് അങ്ങനെ കഥ പറയലൊന്നുമില്ല. ‘‘മോനേ, ഒരു ക്യാരക്ടറുണ്ട്’’ എന്നു പറയലേ ഉള്ളൂ. ഞാൻ രാജീവേട്ടന്റെ, കടവന്ത്രയിലുള്ള കലക്ടീവ് ഫേസ് വൺ സ്റ്റുഡിയോയിൽ ഷൂട്ടില്ലാത്ത സമയത്തൊക്കെ പോകാറുണ്ട്. രാജീവേട്ടൻ നാട്ടിലുണ്ടെങ്കിൽ വിളിക്കും. തുറമുഖം നാടകം നടക്കുമ്പോൾ അതിന്റെ ക്യാംപിൽ ഉണ്ടായിരുന്നു. തുറമുഖം നാടകത്തിൽ ഉമ്പൂച്ച എന്ന കഥാപാത്രമില്ല. സിനിമയ്ക്കു വേണ്ടി എഴുതിച്ചേർത്തതാണ്. നാടകം കണ്ടപ്പോൾ അതിൽ എന്തെങ്കിലും ക്യാരക്ടർ ഉണ്ടാവുമോ എന്ന് ഗോപൻ മാഷിനോട് ചോദിച്ചിരുന്നു. ‘‘നോക്കട്ടെടോ... എന്തെങ്കിലും ഉണ്ടാകും’’ എന്നായിരുന്നു മാഷിന്റെ പ്രതികരണം.

nivin-mani

സെറ്റിൽ എല്ലാവരും കഥാപാത്രങ്ങൾ

തുറമുഖത്തിന്റെ സെറ്റിൽ ആ സിനിമയേയും കഥാപാത്രങ്ങളെയും ആസ്വദിച്ചു നടക്കുകയായിരുന്നു എല്ലാവരും. നിവിൻ ഒരു സീനിൽ അഭിനയിക്കുമ്പോൾ അയാളുടേതായ എന്തെങ്കിലും ശരീരഭാഷ വന്നെങ്കിൽ മാത്രമേ നമുക്ക് അസ്വസ്ഥത തോന്നുകയുള്ളൂ. അതുപോലെയാണ് ജോജു ചേട്ടനും. ഈ രണ്ടു പേരുടേയും കൂടെ കോംബിനേഷൻ ചെയ്യുമ്പോൾ അവിടെ മൊയ്തുവിനെയും മൈമുക്കയേയും മാത്രമേ ഫീൽ ചെയ്തിട്ടുള്ളൂ. യഥാർഥത്തിലുള്ള അവരെ ഒരിക്കലും ആ കഥാപാത്രത്തിൽ കാണാൻ കഴിഞ്ഞിരുന്നില്ല. എല്ലാ അഭിനേതാക്കളെയും പോലെ എനിക്കും കഥാപാത്രത്തിനു വേണ്ടി ചില അന്വേഷണങ്ങളും പഠനങ്ങളും നടത്തേണ്ടി വന്നിരുന്നു.

അദ്ദേഹം കഥ പറയാറില്ല

സംവിധായകൻ രാജീവ് രവി, അതല്ലാത്ത രാജീവ് രവി എന്നിങ്ങനെ ഒരു വേർതിരിവില്ല. രാജീവേട്ടൻ എപ്പോഴും ശാന്തനാണ്. അമിതമായ ആഘോഷങ്ങളില്ല, അമിതമായ നിരാശയില്ല. അങ്ങനെ ശാന്തമായൊഴുകുന്ന മനുഷ്യനാണ് അദ്ദേഹം. വളരെ ലളിതമായി കാര്യങ്ങൾ പറയും രാജീവേട്ടൻ. എന്നോട് എങ്ങനെയാണ് സംവദിക്കേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. എന്നോട് ഒരു കഥയുടേയോ കഥാപാത്രത്തിന്റെയോ സബ്ടെക്സ്റ്റുകളോ പൂർണമായ തിരക്കഥയോ പറഞ്ഞല്ല ഇൻപുട്ട് തരുന്നത്. എങ്ങനെയാണ് ആ സീനിൽ പെരുമാറേണ്ടത് എന്നു പറയും. ഒപ്പം ആക്ടിന്റെ മൊത്തത്തിലുള്ള അവസ്ഥയും പങ്കുവയ്ക്കും. അത് എന്റേതായ രീതിയിൽ ഞാൻ അവതരിപ്പിക്കുകയാണ് ചെയ്യുക. തിരുത്തലുകൾ വേണമെങ്കിൽ അപ്പോൾത്തന്നെ രാജീവേട്ടൻ പറയും.

joju-manikandan

ഉമ്പൂച്ചയെ കണ്ടെത്തിയത്

കമ്മട്ടിപ്പാടത്തിലെ കഥാപാത്രത്തെക്കുറിച്ച് രാജീവേട്ടൻ ചില കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. അനിയന്മാരുടെ ഹീറോ ആണ് ബാലൻ. മൊത്തത്തിൽ പുള്ളിക്കാരൻ ഒരു റബർ പന്തു പോലെ അടിച്ചടിച്ച് നിൽക്കും. മരിക്കുന്നതിനു തൊട്ടു മുമ്പു വരെ തുള്ളിക്കൊണ്ടു നിന്നിരുന്ന ആളാണ് എന്നൊക്കെ. ഈയൊരു പോയിന്റിൽ നിന്നാണ് ഞാൻ ബാലൻ എന്ന കഥാപാത്രത്തെ പിടിക്കുന്നത്. ഉമ്പൂച്ച എന്നയാൾ ഒരു സാക്ഷിയാണ്. ജീവിതത്തോടു മല്ലിടുന്ന സംഘത്തിൽ ഒരാളായി യാത്ര ചെയ്യുന്നു, പരാജയപ്പെടുന്നു. നേതാവിനെപ്പോലെയും കൂടപ്പിറപ്പിനെപ്പോലെയും കരുതുന്ന വ്യക്തി കൺമുമ്പിൽ മരിക്കുന്നു. അയാൾക്കു വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല. അവിടെനിന്ന് എങ്ങോട്ടോ പലായനം ചെയ്യേണ്ടി വരുന്നു. മനസ്സിൽ വാശിയും വൈരാഗ്യവും മാത്രമേയുള്ളൂ. പക്ഷേ, ബുദ്ധിയും ആരോഗ്യവും ഇല്ലാത്തതുകൊണ്ട് ഒരു ഭ്രാന്തനെപ്പോലെ തെറി വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്ത് സമൂഹത്തിന്റെ അരികിലേക്ക് ഒതുങ്ങിപ്പോയ കഥാപാത്രമാണ് ഉമ്പൂച്ച. മൈമുവിന്റെ കുടുംബത്തെ കാണാതെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഉമ്പൂച്ച.

rajeev-maniknadan

ഇത് രാജീവ് രവി സെറ്റിൽ മാത്രം സംഭവിക്കുന്നത്

രാജീവേട്ടന്റെ സെറ്റിൽ നിൽക്കുമ്പോൾ, ഇപ്പോൾ നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിൽനിന്ന് ചെറിയൊരു ഇടവേളയെടുത്ത് ഒരു പാർക്കിലോ ബീച്ചിലോ പോയി ഇരിക്കുന്ന ഫീലാണ്. വേറെ ഒരു ജീവിതത്തിലേക്ക് കൊണ്ടുപോയി ഇടുന്ന അനുഭവം. അതു കഴിയുമ്പോൾ നമ്മൾ പഴയ ജീവിതത്തിലേക്കു തിരിച്ചു വരും. ആക്‌ഷനും കട്ടിനും ഇടയിൽ മാത്രമല്ല, അല്ലാതെതന്നെ ആ കഥയ്ക്കു ചേരുന്ന സ്വഭാവത്തിലാണ് സെറ്റിൽ ചായ കൊണ്ടു വരുന്നവർ പോലും പെരുമാറുക. മറ്റു സിനിമകളിൽ കാണുന്ന പോലെയുള്ള ജൂനിയർ ആർടിസ്റ്റുകളെ രാജീവേട്ടന്റെ സെറ്റിൽ‌ കാണാൻ പറ്റില്ല. അവിടെയുള്ള ആളുകൾ, രാജീവേട്ടന്റെ പരിചയത്തിലുള്ള ആളുകൾ അങ്ങനെയൊക്കെയാണ് സെറ്റിൽ ചെറിയ വേഷങ്ങൾ ചെയ്യാനുള്ള ആർടിസ്റ്റുകൾ എത്തുക. നമ്മുടെ തന്നെ ആളുകളായി അവ്‍ അനുഭവപ്പെടും. ഓരോ ഫ്രെയിമിലും അതിന്റെ ഒരു സത്യസന്ധത കാണാൻ‍ കഴിയും. മുദ്രാവാക്യം വിളിയൊക്കെ ബാറ്റയ്ക്കു വേണ്ടിയുള്ള വിളികളായിരുന്നില്ല. ചങ്കിൽനിന്നു വരുന്ന വിളികളാണ്. അതു സിനിമ കണ്ടാൽ മനസ്സിലാകും.

nivin-manikandan

നാക്കിനു വഴങ്ങുന്ന ഡയലോഗുകൾ

എഴുതി വച്ച തിരക്കഥയിൽ ബലം പിടിക്കുന്ന എഴുത്തുകാരനല്ല ഗോപൻ മാഷ്. കഥാപാത്രത്തിന്റെ സ്വഭാവത്തിൽനിന്നു മാറിപ്പോകാതെയും ആ കാലഘട്ടത്തിനു ചേരുന്നതും ആ കഥാപാത്രത്തിന്റെ മാനസികനിലയിൽ നിന്നു പറയാവുന്നതും നടന്റെ നാക്കിനു വഴങ്ങുന്ന രീതിയിലുള്ളതുമായ സംഭാഷണങ്ങളിലേക്കു മാറ്റാൻ തയാറായ എഴുത്തുകാരനാണ് അദ്ദേഹം. അതുകൊണ്ട് അഭിനേതാക്കളെ സംബന്ധിച്ച് ഒരു സ്ഥലത്തും ബ്രേക്ക് ചെയ്യേണ്ട അവസ്ഥ വരില്ല. ഞാൻ പറഞ്ഞില്ലേ, നമ്മെ നമ്മുടെ റിയൽ ജീവിതത്തിൽനിന്ന് എടുത്തു മാറ്റി വേറെ ജീവിതത്തിലേക്ക് കൊണ്ടു പോയിടും. അവിടെ പിന്നെ നമ്മൾ ജീവിക്കുകയാണ്.

manikandan-thuramukham

വെള്ളപ്പൊക്കത്തിൽ സെറ്റ് ഒലിച്ചു പോയി

ഒരു സിനിമാപ്രവർത്തകൻ എന്ന നിലയിൽ ഗംഭീര അനുഭവമാണ് തുറമുഖം നൽകിയത്. ഒരുപാട് കഷ്ടകാലങ്ങൾ നേരിടേണ്ടി വന്ന സിനിമയാണ്. ഷൂട്ട് തുടങ്ങിയതിനു ശേഷം വെള്ളപ്പൊക്കം വന്നു. അതിൽ സെറ്റ് ഒലിച്ചു പോയി. ഒരു കപ്പൽ ഉണ്ടാക്കിയിരുന്നു. അതു മുങ്ങിപ്പോയി. പിന്നെ, കോവിഡ് വന്നു. ഓരോ പ്രശ്നം വന്നു ഷൂട്ട് മുടങ്ങുമ്പോഴും ഭീമമായ സാമ്പത്തിക നഷ്ടമാണ് നിർമാതാവിനു നേരിടേണ്ടി വരുന്നത്. അതു നടനെ ബാധിക്കുന്നതല്ലെങ്കിൽ പോലും രാജീവേട്ടന്റെ സിനിമയിൽ ഇതു സംഭവിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഒരാൾ എന്ന നിലയിൽ അതുണ്ടാക്കുന്ന വെല്ലുവിളികൾ അടുത്തറിയാൻ കഴിയും. ഷെഡ്യൂളുകൾ മാറുമ്പോൾ അതനുസരിച്ച് അഭിനേതാക്കളുടെ ഡേറ്റ് കിട്ടുക എന്നതും വലിയ വെല്ലുവിളിയായിരുന്നു. അവർക്കൊപ്പം സാങ്കേതിക പ്രവർത്തകരെ കിട്ടണം. കണ്ടിന്യൂവിറ്റി നോക്കേണ്ട സാധാരണക്കാർ പോലുമുണ്ട്. അവരുടെ ജോലി ബാധിക്കാത്ത തരത്തിൽ ഷെഡ്യൂൾ ചാർട്ട് ചെയ്യണം. അങ്ങനെ ഒട്ടേറെ കാര്യങ്ങൾ നേരിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അതുകൊണ്ട് തുറമുഖം തിയറ്ററിലെത്തുമ്പോൾ അതു നൽകുന്ന സന്തോഷം വലുതാണ്.

പുതിയ സിനിമകൾ

എനിക്കിതു വരെ സിനിമ തിയറ്ററിൽ കാണാൻ കഴിഞ്ഞിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് രാജസ്ഥാനിലാണ്. ചാൾസ് എന്റർപ്രൈസസ്, മാഹി വി രാഘവ് എന്ന സംവിധായകന്റെ ഒരു തെലുങ്കു ചിത്രം, ഒരു തമിഴ് ചിത്രം എന്നിങ്ങനെയാണ് ഇനി വരാനുള്ള സിനിമകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com