ADVERTISEMENT

കർണാടകയിൽ മാത്രമല്ല മലയാളത്തിലും ബോളിവുഡ് അടക്കി വാണിരുന്ന ഉത്തരേന്ത്യയിലും ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച ചിത്രമാണ്  കാന്താര. എന്തു കൊണ്ട് ഈ ചിത്രം ഭാഷാ ഭേദമന്യേ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു പറ്റി എന്ന് അന്വേഷിക്കുമ്പോൾ കാന്താരയുടെ പെർഫെക്ഷന് പിന്നിൽ പ്രവർത്തിച്ച രണ്ടു മലയാളികളെക്കൂടി പരിചയപ്പെടേണ്ടതുണ്ട്.  കൊച്ചിയിൽ ലവകുശ എന്നപേരിൽ വിഷ്വൽ എഫക്ട്‌സ്‌ സ്റ്റുഡിയോ നടത്തുന്ന ലവൻ പ്രകാശൻ കുശൻ പ്രകാശൻ എന്നീ സഹോദരന്മാരാണ് കാന്താരയിലെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് പിന്നിൽ.  കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ വിവിധ ഭാഷകളിലായി നിവവധി ചിത്രങ്ങളാണ് ലവകുശ സഹോദരന്മാരുടെ സ്റ്റുഡിയോയിൽ പിറന്നത്.  മലയാളവും തെലുങ്കും തമിഴും കന്നഡയും ഹിന്ദിയുമെല്ലാം കടന്ന് ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച് ഏറ്റവും മികച്ച വി എഫ് എക്സ് ആർട്ടിസ്റ്റുകളുടെ നിരയിൽ ഇടം പിടിക്കുകയാണ് ഈ സഹോദരന്മാർ.  ലവകുശയുടെ വിശേഷങ്ങളുമായി സഹോദരന്മാരിൽ ഒരാളായ ലവന്‍ പ്രകാശന്‍ മനോരമ ഓൺലൈനിനോട് സംവദിക്കുന്നു.

 

ലോക ശ്രദ്ധ നേടിയ കാന്താരയിൽ വിഎഫ്എക്സ് ചെയ്ത മലയാളികൾ 

 

ഞങ്ങൾ കുറെ കാലമായിട്ട് റിഷഭ് ഷെട്ടിയുടെ സിനിമകളിൽ വർക്ക് ചെയ്യുന്നുണ്ട്.  കാന്താരയുടെ വർക്ക് വന്നപ്പോഴും അദ്ദേഹം വിളിച്ചു.  കാന്താര ചെയ്യുമ്പോൾ തന്നെ നല്ലൊരു പടം ആണെന്ന് തോന്നിയിരുന്നു .  പടം വിജയിക്കുമെന്ന് അറിയാമായിരുന്നു പക്ഷെ ഇത്രയും വലിയ പ്രേക്ഷക ശ്രദ്ധ നേടുക എന്നത് ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. പടം സൂപ്പർ ഹിറ്റായതിൽ സന്തോഷമുണ്ട്.  സൂപ്പർ ഹിറ്റായ കാന്താരയുടെ വി എഫ് എക്സ് ചെയ്തത് മലയാളികൾ ആണെന്ന് കേൾക്കുന്നത് അഭിമാനം ആണെന്ന് പലരും പറയാറുണ്ട്.  സാധാരണ മെട്രോ സിറ്റികളിൽ ആണ് ഇത്തരത്തിലുള്ള വി എഫ് എക്സ് വർക്കുകൾ ചെയ്യുന്നത്. നമ്മുടെ കൊച്ചു കേരളത്തിൽ കൊച്ചിയിൽ ഈ വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നത് വലിയ കാര്യമാണ്. കാന്താര എന്നത് കേരളത്തിലും വലിയ തരംഗം സൃഷ്ടിച്ച സിനിമയാണ്. കാന്താരയിലെ വി എഫ് എക്സ് ചെയ്തത് ഞങ്ങളാണെന്ന് അധികം ആർക്കും അറിയില്ല.  ഞങ്ങളുടെ സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയയിൽ ഞങ്ങളെ ഫോളോ ചെയ്യുന്നവർക്കും മാത്രമേ അറിയൂ.  

 

സിനിമയും വിഎഫ്എക്‌സും വേറിട്ട് നിൽക്കാതിരിക്കാൻ ശ്രദ്ധിച്ചു 

 

കാന്താരയിൽ കൂടുതലും തീയുടെ എഫക്ട് ആണ് ചെയ്തത്.  ടൈറ്റിൽ മുതൽ അത് ചെയ്തിട്ടുണ്ട്.  സിനിമയുടെ ആകർഷണീയത അതാണ്.  പിന്നെ അതിൽ കാണിക്കുന്ന മൃഗങ്ങൾ, ക്രോമ ഷോട്ടുകൾ തുടങ്ങി നിരവധി വർക്കുകൾ ചെയ്തിട്ടുണ്ട്.  പടവും വി എഫ് എക്‌സും വേറിട്ട് നിൽക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.  ജൽസ ചെയ്തപ്പോൾ അതിൽ കൂടുതൽ വെള്ളത്തിന്റെ എഫ്ഫക്റ്റ് ആണ് ചെയ്തത്.  ഓരോ സിനിമയ്ക്കും അനുസരിച്ച് സ്പെഷ്യൽ എഫ്ഫക്ട്സും മാറിക്കൊണ്ടിരിക്കും. ഒരു സിനിമയിൽ ഉള്ളത് അടുത്ത സിനിമയിൽ കാണാൻ പാടില്ല. പുതിയ പുതിയ കാര്യങ്ങൾ കൊണ്ടുവരണം അതാണ് സിനിമയിൽ വർക്ക് ചെയ്യുന്നതിന്റെ രസകരമായ വശം.  എപ്പോഴും കൂടുതൽ കാര്യങ്ങൾ പഠിക്കുകയും നമ്മെ അപ്ഡേറ്റ് ചെയ്യുകയും ചെയ്തുകൊണ്ടിരിക്കണം അത് ഞങ്ങൾ ചെയ്യാറുണ്ട്. 

 

ഒരുമിച്ച് കണ്ട സ്വപ്നം

 

ഞങ്ങൾക്ക് രണ്ടുപേർക്കും സിനിമയിൽ ആയിരുന്നു താല്പര്യം. ബോംബെയിൽ ഒരു അക്കാദമിയിൽ ആയിരുന്നു എന്റെ തുടക്കം. അവിടെ ചില സ്റ്റുഡിയോകളിൽ വർക്ക് ചെയ്തു. കുശനും ബോംബെയിൽ സ്റ്റുഡിയോയിൽ വർക്ക് ചെയ്‌തതിന്‌ ശേഷം ബാംഗ്ലൂർ പോയി സെറ്റിൽ ചെയ്തു. നമുക്ക് സ്വന്തമായി ഒരു കമ്പനി തുടങ്ങിയാലോ എന്ന ആശയം മുന്നോട്ട് വച്ചത് കുശൻ ആയിരുന്നു.  അതിനു ശേഷം നാട്ടിൽ വന്ന് ഞങ്ങൾ നാലുപേർ ചേർന്നാണ് കമ്പനി തുടങ്ങിയത്.  ഇപ്പോൾ പത്തുമുപ്പതു പേര് വർക്ക് ചെയ്യുന്ന ലവകുശ എന്ന വി എഫ് എക്സ് ഇൻസ്റ്റിറ്റ്യൂട്ട് ആയി മാറി.  സിനിമയോടുള്ള താല്പര്യമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.  എന്നും പുതിയ പുതിയ കാര്യങ്ങൾ ചെയ്ത് ഞങ്ങൾ അപ്ഡേറ്റ് ചെയ്തു മുന്നോട്ട് പോവുകയാണ്.  ലവകുശ ഇപ്പോൾ ട്രെയിനിങ് പ്രോഗ്രാമും ചെയ്യുന്നുണ്ട്.  വളരെ കുറച്ച്  കുട്ടികൾക്ക് പ്രൊഫഷണൽ ആയി ട്രെയിനിങ് പ്രോഗ്രാം നടത്തി ജോലി നേടിക്കൊടുക്കാൻ സഹായകമായ പ്രവർത്തനങ്ങൾ കമ്പനി ചെയ്യുന്നുണ്ട്.

 

മലയാളത്തിലും നിരവധി ചിത്രങ്ങൾ 

 

പുതിയ നിയമം, സൈഗാൾ പാടുകയാണ് ഈ രണ്ടു ചിത്രങ്ങളാണ് മലയാളത്തിൽ ആദ്യം ചെയ്തത്.  അവിടുന്നിങ്ങോട്ട് കമ്മട്ടിപ്പാടം, എസ്ര, പറവ, ആനന്ദം, വരത്തൻ, അയ്യപ്പനും കോശിയും, കള, ഫോറെൻസിക്ക്, റോഷാക്ക്, ഇനി ഉത്തരം, ഗോൾഡ്, മോൺസ്റ്റർ തുടങ്ങി നിരവധി ചിത്രങ്ങളിൽ വർക്ക് ചെയ്തു.  ഇപ്പോൾ റിലീസ് ആയ തുറമുഖത്തിലും വി എഫ് എക്സ് ചെയ്തിട്ടുണ്ട്.  കന്നഡ ഹിന്ദി തെലുങ്കു തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com