ADVERTISEMENT

ആരാണ് തെസ്‌നി ഖാൻ? ഒറ്റവാക്കിൽ പറയാവുന്നതല്ല ഈ ചോദ്യത്തിന്റെ ഉത്തരം. അലിഖാൻ എന്ന ജാലവിദ്യക്കാരന്റെ മകൾ എന്നതായിരുന്നു ആദ്യത്തെ ലേബൽ. ഉമ്മയും വാപ്പയും സഹോദരങ്ങളും തെസ്‌നിയും വേദികളിൽ ജാലവിദ്യ അവതരിപ്പിക്കുമായിരുന്നു. പിന്നീടു കലാഭവനിൽ നൃത്തം പഠിക്കാൻ ചേർന്നു. അവിടെനിന്നാണ്, കലയാണു ജീവിതമെന്ന തിരിച്ചറിവ് തെസ്‌നിക്കുണ്ടാകുന്നത്. 1988 ൽ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഡെയ്‌സി’യിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. തെസ്‌നിയുടെ ഭാഷയിൽ പറഞ്ഞാൽ ‘കണ്ണിൽ പെടാത്ത കൂട്ടുകാരി വേഷം’ പിന്നെയും സിനിമകൾ ചെയ്തു. ഒരുപാടു വേദികൾ കയ്യടക്കി. താൻ നേടിയതെല്ലാം കലയിലൂടെ മാത്രമാണെന്ന് ഓരോ നിമിഷവും വിനയപ്പെട്ടു തെസ്നി യാത്ര തുടരുകയാണ്. മനോരമ ഓൺലൈനിന്റെ ‘മെമ്മറി കാർഡ്’ എന്ന പരിപാടിയിൽ തെസ്‌നി ഖാൻ സംസാരിക്കുന്നു.

തെസ്‌നി ഖാൻ എന്ന നടി @ 33

33 വർഷം എന്നത് എനിക്കുതന്നെ അദ്ഭുതമാണ്. സിനിമ മാത്രമല്ല. യൂട്യൂബും സ്റ്റേജും ടെലിവിഷനും എല്ലാം ചേർന്നതുകൊണ്ടാണ് ഇത്രകാലം കലയിൽ തുടരാനായത്. സിനിമ മാത്രമായിരുന്നെങ്കിൽ ഔട്ടായി പോയിരുന്നേനെ.

സിനിമയിലേക്കുള്ള വഴി

സിനിമാനടിയാകാൻ ഇഷ്ടമായിരുന്നു. എങ്ങനെയെന്ന് അറിയില്ല. കസിൻസ് ആരും സമ്മതിക്കില്ലെന്ന് അറിയാം. പ്രത്യേകിച്ച് മുസ്‌ലിം പശ്ചാത്തലത്തിൽ ആയതുകൊണ്ട് ഒരിക്കലും സമ്മതിക്കില്ല. എന്റെ വാപ്പയും ഉമ്മയും കലാകാരന്മാരായതുകൊണ്ട് അവർക്ക് എന്നെ കലാകാരിയാക്കാനായിരുന്നു ആഗ്രഹം. ഉമ്മ നല്ല ഡാൻസർ ആയിരുന്നു. പക്ഷേ വീട്ടുകാർ സമ്മതിക്കില്ലായിരുന്നു, അപ്പോൾ ഉമ്മയ്ക്ക് കുടുംബിനിയായി കഴിയേണ്ടി വന്നു. പക്ഷേ എന്നിൽനിന്ന് ഉമ്മ ഒരുപാടു പ്രതീക്ഷിച്ചു. കൊച്ചുന്നാളിൽ എം.ടി സാറിനെ കുടുംബപരമായിത്തന്നെ പരിചയമുണ്ടായിരുന്നു. അഭിനയമോഹം സൂചിപ്പിക്കുമ്പോൾ ‘കുട്ടി പഠിക്കട്ടെ’ എന്നു പറയും. കലയോടുള്ള ഇഷ്ടം കൊണ്ടാണ് കലാഭവനിൽ ചേരുന്നത്.

എന്റെ ഒരു നൃത്തപരിപാടി കാണാൻ ഡെയ്‌സി സിനിമയുടെ അണിയറപ്രവർത്തകരിൽ ഒരാളുണ്ടായിരുന്നു. സെയ്ഫുദ്ദീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഡാൻസ് കണ്ടു കഴിഞ്ഞ് പപ്പയോടും മമ്മിയോടും അദ്ദേഹം സംസാരിച്ചു. ‘‘ഡെയ്‌സി എന്നൊരു സിനിമ എടുക്കുന്നുണ്ട്, കച്ചേരിപ്പടിയാണ് ഓഫിസ്. തോംസൺ ഫിലിംസാണ്, പുതിയ പിള്ളേരെ വച്ചു മാത്രമെടുക്കുന്നതാണ്. തെസ്‌നിക്ക് സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമുണ്ടെങ്കിൽ ഒന്നുവന്ന് ട്രൈ ചെയ്തൂടേ’’ എന്നു ചോദിച്ചു. ‍ഞങ്ങൾ പോയി തോംസൺ ബാബു സാറിനെ കണ്ടു. അപ്പൊത്തന്നെ സിലക്റ്റായി. സിനിമയിൽ അഞ്ചു ഫ്രണ്ട്സുണ്ട്, അതിൽ ഒരാളാണ് എന്നു പറഞ്ഞു. ഒന്നു മുഖം കാണിക്കണം, അത്രേയുള്ളൂ എനിക്ക്. പ്രഫഷനായി മുന്നോട്ടു കൊണ്ടുപോകുമെന്നൊന്നും അറിയാത്ത സമയമാണ്.

ഡെയ്‌സിയുടെ സെറ്റിൽ എം.ടി സാർ വന്നു കണ്ടു. അടുത്ത സിനിമ നമുക്കു നോക്കാം എന്നു പറഞ്ഞു. അങ്ങനെ ആരണ്യകത്തിലേക്കു പാർവതിയുടെ അനിയത്തിയായി ബുക്ക് ചെയ്തു. പിന്നീട് എന്തോ കാരണവശാൽ പാർവതിയുടെ അനിയത്തി തന്നെയാണ് അതിൽ അഭിനയിച്ചത്. അതിനുശേഷം എം ടി സർ ഓർത്തുവച്ചു വിളിച്ചതാണ് വൈശാലിയിലേക്ക്. അന്നൊക്കെ പ്രൊഡക്‌ഷൻ കൺട്രോളർമാരാണ് ചെറിയ വേഷത്തിലേക്കൊക്കെ വിളിക്കുന്നത്. കുറേപ്പേർ‍ക്ക് ഫോൺ നമ്പരൊക്കെ കൊടുക്കും. അങ്ങനെ കുറെ കുഞ്ഞു കുഞ്ഞു സിനിമകൾ കിട്ടി. ടൈപ്പ് കാസ്റ്റായിപ്പോകും എന്നൊന്നും അന്ന് അറിയില്ലല്ലോ. പിന്നീട് സത്യൻ അന്തിക്കാടിന്റെ സിനിമകളിലാണ് നല്ല റോളുകൾ കിട്ടുന്നത്. ‘എന്നും നന്മകൾ’, ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ.’ അതിനു ശേഷമാണ് സീരിയസായി സിനിമയെ കാണുന്നത്.

ലോഹിതദാസിന്റെ വാക്ക്

ഒരിക്കൽ ലോഹിസാർ പറഞ്ഞു, നന്നായി വരുന്നുണ്ടല്ലോ, ഇനിയും ശ്രമിക്കണം. ശ്രമിച്ചാൽ ഉയരങ്ങളിലെത്താമെന്ന്. പക്ഷേ അദ്ദേഹത്തിന്റെ സിനിമകൾ കുറെ ചെയ്യാൻ ഭാഗ്യമുണ്ടായില്ല. അതിനൊക്കെ ശേഷവും നല്ല റോളുകളൊന്നും തേടി വന്നില്ല. അതിനുള്ള പിആറൊന്നും അന്നും ഇന്നും അറിയില്ല.

thesni

നിറയെ ഡയലോഗുകൾ പറയണം

അതു മാത്രമായിരുന്നു ആഗ്രഹം. ആ ഒരു സന്തോഷത്തിനാണ് പണ്ടു കുറെ സീരിയലുകൾ ചെയ്തത്. പിന്നീട് തോന്നി സിനിമയിൽത്തന്നെ നിൽക്കാമെന്ന്. എഡിറ്റിങ്ങിൽ വെട്ടിപ്പോകാത്ത കഥാപാത്രം ചെയ്യണമെന്നായി ആഗ്രഹം. ചെറുതാണെങ്കിലും നല്ല വേഷങ്ങൾ കിട്ടിത്തുടങ്ങി. ഒറ്റ സീനാണെങ്കിലും പോയി അഭിനയിക്കും. പിന്നെ, അന്നൊന്നും നല്ല വേഷങ്ങൾ തരാനുള്ള ഗെറ്റപ്പ് എനിക്ക് ഉണ്ടായിരുന്നില്ല. സിനിമക്കാർക്കു വേണ്ട നിറമോ രൂപമോ ഒന്നുമില്ലായിരുന്നു. ഇന്നു ഭംഗിയല്ല അഭിനയമാണു നോക്കുന്നത്. കാലം മാറിയല്ലോ. കഴിവ് മാത്രമല്ല ഭാഗ്യം കൂടി വേണം. ബിഗ് സ്ക്രീനിൽ ഒരു സ്പേസ് കിട്ടുക, നമ്മളെ പത്ത് പേർ അറിയുക എന്നതിന് കുറച്ച് ഭാഗ്യം വേണം. ഒരു സിനിമാ നടിയായി ചൂണ്ടിക്കാട്ടാൻ കേരളത്തിൽത്തന്നെ ഒരുപാട് പേര് ഉണ്ടാകും. പക്ഷേ നല്ല നടിയാകണമെങ്കിൽ കഠിനാധ്വാനം ചെയ്യണം.

പുതിയ സിനിമയും അവസരങ്ങളും

ഓരോ സിനിമാസെറ്റിലും പിആർഒ വരും. അവർ ഫോട്ടോസും ഇന്റർവ്യൂകളുമൊക്കെ എടുക്കും. അത് അടുത്ത നാനയിലോ വെള്ളിനക്ഷത്രത്തിലോ വരും. ഫോൺ നമ്പർ കൂടി കൊടുക്കും. നമ്പർ കൺട്രോളർമാരുടെ കൈയിൽ കിട്ടി, സിനിമാ ചർച്ചകളൊക്കെ നടക്കുമ്പോൾ ഒരു ആർട്ടിസ്റ്റ് ഉണ്ടെന്ന് ഓർക്കും. ചിലർ വിളിക്കില്ല, ചിലർ വിളിക്കും.

ആ റോൾ നഷ്ടപ്പെട്ടു. ഒരുപാടു കരഞ്ഞു

പത്മരാജന്റെ മൂന്നാംപക്കം എന്ന സിനിമയിൽ തിലകൻ ചേട്ടന്റെ വീട്ടിൽ പുള്ളി വളർത്തുന്ന മോൾ എന്ന കഥാപാത്രം. വളരെ ത്രില്ലായിരുന്നു ആ ക്യാരക്ടർ ചെയ്യാൻ. തിരുവനന്തപുരത്തായിരുന്നു ഷൂട്ട്. ജയറാമേട്ടൻ, റഹ്മാൻ, അശോകൻ ഇവർ മൂന്നുപേരുമായിരുന്നു നായകന്മാർ. പാവാടയും ബ്ലൗസും ഒക്കെ തയ്പ്പിച്ചു. പടത്തിന്റെ പൂജയ്ക്കും പോയിരുന്നു. അന്ന് സെറ്റിൽ ചെന്നു. രണ്ടു ദിവസം കഴിഞ്ഞു, മൂന്ന് ദിവസം കഴിഞ്ഞു ഷൂട്ട് ആകുന്നില്ല. അന്ന് ഷൂട്ടിങ്ങിന് പോയാൽ കുറേ നാൾ അവിടെ ചെലവഴിക്കണം; ഒരു സീനാണെങ്കിലും രണ്ടു സീനാണെങ്കിലും. നാഗർകോവിലാണ് ഷൂട്ട്. മൂന്നു ദിവസം കഴിഞ്ഞപ്പോൾ മമ്മി പറഞ്ഞു പത്മരാജൻ സാറിനോട് ഒന്നു ചോദിക്കാൻ. അപ്പോൾ റോളിന് ചേയ്ഞ്ച് ഉണ്ടെന്നു പറഞ്ഞു. ആ റോൾ വെറെയൊരു കുട്ടിയാണ് ചെയ്യുക. മോൾക്ക് ഒരു ഫ്രണ്ടിന്റെ റോളാണ് ഉള്ളത് എന്ന് പറഞ്ഞു. ആ ക്യാരക്ടർ റോൾ ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ തലേലെഴുത്തിന് മാറ്റം വന്നേനെ. അന്ന് ആ റോളിൽ അഭിനയിച്ചത് വൈശാലിയിൽ ഒപ്പം ഉണ്ടായിരുന്ന ഗ്ലാമർ ഉള്ളൊരു കുട്ടിയാണ്. ഭരതൻ സർ റെക്കമെന്റ് ചെയ്ത് വന്നതായിരുന്നു. മിനി എന്ന, ചെന്നൈയിലുള്ള കുട്ടിയാണ്. ഞങ്ങൾ തമ്മിൽ നല്ല വ്യത്യാസമുണ്ടായായിരുന്നു താനും. അത് നല്ല മിടുക്കിക്കുട്ടി.

ഇപ്പോൾ ആലോചിക്കുമ്പോൾ സർ എടുത്ത തീരുമാനം കറക്ട് ആണെന്നു തോന്നുന്നു. ആ ക്യാരക്ടറിൽ കാണാൻ എടുപ്പുള്ള ഒരു കുട്ടിയായിരുന്നു അത്. മൂന്നു ദിവസത്തെ വർക്ക് കഴിഞ്ഞ് ഇങ്ങോട്ട് പോന്നു. അന്ന് ഒരുപാട് കരഞ്ഞു. പ്രതീക്ഷിക്കാത്തതും പരിചയമില്ലാത്തതുമായ ആളുകളാണ് നല്ല റോളുകൾ തന്നിട്ടുള്ളത്. കുറെ കാലം കഴിഞ്ഞു ‘കാര്യസ്ഥൻ’ എന്ന സിനിമയിൽ നല്ല റോൾ കിട്ടി. അതു ക്ലിക്കായി. രണ്ടായിരത്തിന് ശേഷമാണ് സിനിമ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു നല്ല റോളുകൾ കിട്ടിത്തുടങ്ങിയത്. ഇനി എനിക്ക് 60 വയസ്സാകണം. അന്നേക്കാണു ഞാൻ ഗംഭീര റോളുകൾ കിട്ടുമെന്നു പ്രതീക്ഷിക്കുന്നത്. അതെന്റെ പ്രതീക്ഷയാണ്.

കലാഭവനും ആബേലച്ചനും

എന്നോട് അദ്ദേഹത്തിനു വലിയ വാത്സല്യമായിരുന്നു. അന്നു കലാഭവനിൽനിന്നു വളർന്ന ജയറാമേട്ടന്റെ സിനിമാപോസ്റ്ററുകളൊക്കെ കലാഭവന്റെ മുൻപിലെ മതിലിൽ ഒട്ടിക്കുമായിരുന്നു. അച്ചൻ താമസിക്കുന്നിടത്തേക്ക് നടന്നാണ് പോകുന്നത്. അപ്പോൾ അതു കാണുമായിരുന്നു. ഒരു ദിവസം എന്നെ ഓഫിസ് റൂമിലേക്കു വിളിപ്പിച്ചു. ‘‘പോസ്റ്റർ ഒക്കെ കണ്ടോ? നിന്റെ പോസ്റ്റർ എപ്പോഴാ ഇങ്ങനെ വലുതായി കാണുക’’ എന്ന് ആബേലച്ചൻ ചോദിച്ചു. നമ്മുടെ പ്രായത്തിൽ ഉള്ളവർ നല്ല റോളുകൾ ചെയ്യുമ്പോൾ ദുഃഖിച്ചിട്ടും കാര്യമില്ല. അവരുടെ സമയമാകുമ്പോൾ രക്ഷപ്പെടുന്നു.

എന്റെ ഉമ്മയും ഞാനും

സ്നേഹം കൂടുമ്പോൾ മമ്മിയെന്നാ വിളിക്കാറ്. മമ്മി ഹാപ്പിയാണ്. വർക്കില്ലാതെ വീട്ടിലിരുന്നാലും, തിരക്കാണെങ്കിലും മമ്മി ഒരുപോലെയാണ്. വിഷമിച്ചാലും എന്നെ കൂളാക്കും. എന്റെ അമ്മ തളർന്നാൽ നമ്മൾ പോയി. മമ്മി തളരില്ല. ‘‘'റേഷൻ കാർഡില്ലേ അരി വാങ്ങാല്ലോ, സ്വന്തമായി വീടുണ്ടല്ലോ, നിനക്കുള്ളത് നിനക്കു വരും’’ എന്നൊക്കെ പറയും. മമ്മിയെക്കാൾ മുൻപു മരിക്കണമെന്നാണ് എന്റെ ആഗ്രഹം. മമ്മി പോയാൽ എന്തു ചെയ്യും. അത്ര ശക്തിയാണ് മമ്മി .

വിവാഹം, കുടുംബം, കുട്ടികൾ

അങ്ങനെ ഒന്നിനോട് താൽപര്യമില്ല. ബാധ്യതകൾ എടുത്തുവയ്ക്കാൻ തയാറല്ല. മമ്മിയെ മരണം വരെ നോക്കണം. അതുകൊണ്ട് ഇങ്ങനെ പോയാ മതി. ഭർത്താവില്ല, ബോയ് ഫ്രണ്ടില്ല. ബാധ്യതകൾ ഒന്നുമില്ല. നമ്മുടെ പൈസ കൊണ്ട് ജീവിക്കുന്നു. ആവശ്യങ്ങൾ നിറവേറ്റുന്നു. സുഖം സ്വസ്ഥം. പഠിക്കുന്ന കാലത്ത് എല്ലാവരും പറയും ആദ്യം കല്യാണം കഴിക്കുന്നതു ഞാനാകുമെന്ന്. പണ്ട് എനിക്കും ഭയങ്കര ആഗ്രഹമായിരുന്നു. ദുബായിൽ ഭർത്താവിന്റെ കൂടെ കുട്ടികളുമൊക്കെയായി ജീവിക്കാൻ. അവിടെ വിദേശ ഷോകൾക്കായി പോകുമ്പോൾ ആഗ്രഹിക്കും, പടച്ചോനേ എനിക്കിതുപോലെ ഭർത്താവും കുട്ടികളുമൊക്കെയായി ഇങ്ങനെ പരിപാടികളൊക്കെ കാണാനൊക്കെ നടക്കാൻ പറ്റണേ എന്നൊക്കെ. കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു. പക്ഷേ ഉപ്പയെ സഹായിക്കാൻ എനിക്കൊരു ജോലി വേണമായിരുന്നു. ഞാൻ കല്യാണം കഴിച്ചു പോയാൽ കുടുംബം അനാഥമായിപ്പോകും. ഉപ്പയുടെ മാജിക്കു കൊണ്ട് ഒന്നും നേടാൻ പറ്റില്ല. അന്നു ഞാൻ സപ്പോർട്ട് ചെയ്തതു കൊണ്ട് അങ്ങനെ പോയി. അതുകൊണ്ട് ഞങ്ങളുടെ കുടുംബം രക്ഷപ്പെട്ടു. അതല്ലേ വിജയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com