മേക്കപ്പ് ഗംഭീരം, റോണക്സിന് സ്വർണമോതിരം സമ്മാനിച്ച വിജയരാഘവൻ: അഭിമുഖം

ronex-xavide
റോണക്സ് സേവ്യർ (വലത്), ‘പൂക്കാലം’ സെറ്റിൽ വിജയരാഘവൻ (ഇടത്)
SHARE

ഗണേശ് രാജ് സംവിധാനം ചെയ്ത ‘പൂക്കാലം’ സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾത്തന്നെ പ്രേക്ഷകരുടെ കണ്ണുടക്കിയത് നൂറു വയസ്സുകാരനായുള്ള വിജയരാഘവന്റെ ഗെറ്റപ്പിലാണ്. സ്ക്രീനിൽ കാണുമ്പോൾത്തന്നെ പ്രത്യേക ഇഷ്ടം പിടിച്ചു പറ്റുന്ന ആ ലുക്ക് ഏറെ ശ്രദ്ധ നേടി. 'നമ്മുടെ വിജയരാഘവന് ശരിക്കും പ്രായമായോ?', 'വിജയരാഘവൻ ഹെവി ആയിട്ടുണ്ട്. പക്ക എൻ.എൻ. പിള്ള സ്റ്റൈൽ' എന്നിങ്ങനെ ആയിരക്കണക്കിന് കമന്റുകളാണ് ആ ലുക്കിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. പ്രേക്ഷകരെ അമ്പരപ്പിച്ച ആ ലുക്കിനു പിന്നിൽ നാലു നാലര മണിക്കൂർ നേരത്തെ അധ്വാനം വേണ്ടി വന്നെന്നു പറയുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവ്യർ. അങ്ങനെ ഒന്നും രണ്ടു ദിവസമല്ല, 25 ദിവസങ്ങൾ! ഒട്ടും കൃത്രിമത്വം തോന്നിപ്പിക്കാതെ ചെയ്തെടുത്ത ആ മേക്കോവറിനെക്കുറിച്ചുള്ള വിശേഷങ്ങളുമായി റോണക്സ് സേവ്യർ മനോരമ ഓൺലൈനിൽ.

ആവശ്യപ്പെട്ടത് ക്യൂട്ട്നെസ്

സംവിധായകൻ ഗണേഷ് എന്നോട് ആവശ്യപ്പെട്ടത് ഒന്നു മാത്രമാണ്. എന്തൊക്കെ ടെക്നിക് ഉപയോഗിച്ചാലും കുട്ടേട്ടനെ ഇച്ചായി ആയി കാണുമ്പോൾ ആർക്കും ഇഷ്ടം തോന്നണം. ഒരു ക്യൂട്ട്നെസ് വേണം. എങ്കിലേ ആ കഥാപാത്രം വിജയിക്കൂ എന്ന്. അതായിരുന്നു എന്റെ വെല്ലുവിളി. ഈ പ്രോജക്ടിനു വേണ്ടി എന്നെ സമീപിച്ചത് ഏറ്റവും അവസാനമാണ്. അതിനാൽ ഒരുങ്ങുന്നതിന് അധികം സമയം കിട്ടിയില്ല. എങ്കിലും ലഭിച്ച സമയം ക്രിയാത്മകമായി ഉപയോഗിച്ചാണ് മേക്കപ്പിന്റെ പാറ്റേൺ ഉറപ്പിച്ചത്. സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് പൂർണമായും പ്രോസ്തറ്റിക് മേക്കപ്പ് എന്നു പറയാൻ കഴിയില്ല. അതു കുറച്ചു കൃത്രിമത്വം തോന്നിപ്പിക്കും. കൂടാതെ ആർട്ടിസ്റ്റിന്റെ ഭാവങ്ങൾ മുഖത്ത് വരില്ലെന്ന പരിമിതിയുമുണ്ട്. അതുകൊണ്ട് ചുളിവുകൾ പ്രോസ്തറ്റിക് വഴിയല്ലാതെ ചെയ്തെടുക്കുകയായിരുന്നു. ഷൂട്ട്‌ തുടങ്ങുന്നതിനു മുമ്പ് മേക്കപ്പ് ചെയ്തൊരു ലുക്ക്‌ ടെസ്റ്റ്‌ ഉണ്ടായിരുന്നു. അതിൽ ചില തിരുത്തലുകൾ പറഞ്ഞിരുന്നു. അതും ഉൾപ്പെടുത്തി, ഷൂട്ട്‌ തുടങ്ങുന്നതിന്റെ തലേദിവസം വീണ്ടും ചെയ്തു നോക്കി. എന്നിട്ടാണ് ഫൈനൽ ലുക്ക്‌ സെറ്റ് ചെയ്തത്. ഷൂട്ട് തീരുന്നതു വരെ ഈ ലുക്ക്‌ കൃത്യമായി ആവർത്തിക്കണമല്ലോ. അതുകൊണ്ട്, എല്ലാം പ്രത്യേകം ശ്രദ്ധിച്ചാണ് ചെയ്തത്.

കുട്ടേട്ടനാണ് ബുദ്ധിമുട്ടിയത്

സ്വാഭാവികത പരമാവധി നിലനിർത്തിയായിരുന്നു മേക്കപ്പ്. അതിൽ കുട്ടേട്ടൻ (വിജയരാഘവൻ) കുറെ സഹായിച്ചു. അദ്ദേഹം പ്രത്യേകം ഡയറ്റിൽ ആയിരുന്നു. അതുമൂലം ശരീരഭാരം കുറഞ്ഞു. സ്കിൻ കുറച്ച് അയഞ്ഞു. കുട്ടേട്ടന്റെ മുഖഭാവങ്ങൾ കൃത്യമായി പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിൽ മേക്കപ്പ് ചെയ്യാൻ കഴിഞ്ഞു. കുട്ടേട്ടന്റെ മുഖത്തിന്റെ ആകൃതി അനുസരിച്ച് ആദ്യം ഷെയ്ഡിങ് ചെയ്തു. അതിൽ സ്വാഭാവികമായി എവിടെയൊക്കെയാണ് ചുളിവുകൾ വരുന്നത് എന്നു നോക്കി. എന്നിട്ട് അവിടെ മാത്രം ചുളിവുകൾ ഉണ്ടാക്കി. ചുരുങ്ങിയത് നാലു മണിക്കൂർ എങ്കിലും കുട്ടേട്ടന് മേക്കപ്പ് ചെയ്യാൻ വേണമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ സീനുകൾ ആദ്യം വരുന്ന രീതിയിൽ ചാർട്ട് ചെയ്തില്ല. 10 മണിക്കാണ് കുട്ടേട്ടന്റെ സീൻ വരുന്നതെങ്കിൽ 7 മണിക്കെങ്കിലും സെറ്റിൽ എത്തി മേക്കപ്പ് ചെയ്തു തുടങ്ങും. മേക്കപ്പ് ഇട്ടു കഴിഞ്ഞാൽ കുട്ടേട്ടന് ഭക്ഷണം കഴിക്കാൻ പറ്റില്ല. ജൂസോ കരിക്കിൻ വെള്ളമോ മാത്രം കഴിച്ചാണ് സെറ്റിൽ നിൽക്കുക. കൂടാതെ അധികം മിണ്ടാനും പറ്റില്ല. കുട്ടേട്ടൻ ശരിക്കും ബുദ്ധിമുട്ടി. മേക്കപ്പ് അഴിച്ചു റൂമിൽ പോയിട്ടാണ് എന്തെങ്കിലും കഴിക്കുക. ഏപ്രിൽ, മേയ് മാസങ്ങളിൽ നല്ല ചൂടിൽ ആയിരുന്നു ഷൂട്ട്‌. വിയർത്താൽ മേക്കപ്പ് അടർന്നു പോകും. അധികം നേരം ഇരിക്കില്ല. അതും ഒരു വെല്ലുവിളി ആയിരുന്നു.

pookkalam

ആ സമ്മാനം മറക്കില്ല

ഇച്ചായിയുടെ ഗെറ്റപ്പ് കുട്ടേട്ടന് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് പ്രത്യേകം സമ്മാനം ഒക്കെ തന്നു. അദ്ദേഹത്തിന്റെ പേര് എഴുതിയ ഒരു മോതിരം! ഷൂട്ട് തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ കുട്ടേട്ടൻ എന്നെ വിളിച്ചു പറഞ്ഞു, വൈകിട്ട് ഒന്നു കാണണം എന്ന്. അങ്ങനെ ചെന്നപ്പോഴാണ് എനിക്കു സ്വർണ മോതിരം സമ്മാനിച്ചത്. ‘എന്റെ കരിയറിലെ ഏറെ സ്‌പെഷൽ ആയ കഥാപാത്രമാണ്. അത് റോണക്സ് ഗംഭീരമായി ചെയ്തു’ എന്നു പറഞ്ഞാണ് എനിക്ക് മോതിരം സമ്മാനിച്ചത്. ഇത്രകാലം സിനിമയിൽ ജോലി ചെയ്തിട്ട്, ഇങ്ങനെ ഒരു സമ്മാനം ഒരു ആർട്ടിസ്റ്റിൽനിന്നു ലഭിക്കുന്നത് ആദ്യമായിട്ടാണ്.

'Pookkaalam' makeover
The makeup along with Vijayaraghavan's expressions brought life to Ittoop's character in 'Pookkaalam'. Video stills | YouTube

ഇത് കൂട്ടായ്മയുടെ വിജയം

കെപിഎസി ലീലയ്ക്കും കുട്ടേട്ടന്റെ അത്രയും സമയമെടുത്താണ് മേക്കപ്പ് ചെയ്തത്. അവരുടെ സ്കിൻ കുറച്ചുകൂടി ചെയ്യാൻ എളുപ്പമായിരുന്നു. കാരണം അവർക്കു മുഖത്തു കുറച്ചു ചുളിവുകൾ ഉണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. ഒരേ സമയം ഇവർക്ക് രണ്ടു പേർക്കും ചെയ്യണമല്ലോ. അതുകൊണ്ട് രണ്ടു മൂന്നു ടീം ആയാണ് ഞങ്ങൾ വർക്ക് ചെയ്തത്. ടീമിലെ അംഗങ്ങൾക്കെല്ലാവർക്കും കൃത്യമായ പരിശീലനം നൽകിയിരുന്നു. ഇവരെക്കൂടാതെ മറ്റ് ആർട്ടിസ്റ്റുകളും ഉണ്ടായിരുന്നല്ലോ. അതിനാൽ വലിയൊരു ടീമാണ് മേക്കപ്പിൽ പ്രവർത്തിച്ചത്. പൂക്കാലം ശരിക്കും മികച്ചൊരു അനുഭവമായിരുന്നു. കത്തനാർ, മലൈക്കോട്ടൈ വാലിബൻ എന്നീ ചിത്രങ്ങളിലാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്. തീർച്ചയായും പ്രേക്ഷകർക്കായി ചില സസ്പെൻസുകൾ ഈ ചിത്രങ്ങളിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS