ADVERTISEMENT

പൂക്കാലം സിനിമയുടെ ഡബിങ് നടക്കുന്ന സമയം. പ്രധാന കഥാപാത്രമായ ഇച്ചാപ്പയെ അവതരിപ്പിക്കുന്ന വിജയരാഘവൻ, ചിത്രത്തിൽ തന്റെ ഇളയ മകളായ എൽസമ്മയെ അവതരിപ്പിച്ച ഗംഗ മീരയുടെ പ്രകടനം കണ്ട് അവരെ ഫോണിൽ വിളിച്ചു പറഞ്ഞു, "ഗംഗേ... സ്ക്രീനിൽ അമ്പിളി മാമനെപ്പോലെ നീ തെളിഞ്ഞു നിൽക്കുന്നു" എന്ന്!  സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസിലും ഗംഗ മീരയുടെ എൽസമ്മ എന്ന കഥാപാത്രം തെളിഞ്ഞങ്ങനെ നിൽപ്പുണ്ട്. ജാൻ–എ–മൻ സിനിമയിൽ അർജുൻ അശോകന്റെ കഥാപാത്രത്തോട് 'കിസ്സടിച്ചാ' എന്നു ചോദിക്കുന്ന കുസൃതിക്കാരിയായ അമ്മയിൽ നിന്ന് ഏറെ വൈകാരിക കയറ്റിറക്കങ്ങൾ ആവശ്യപ്പെടുന്ന എൽസമ്മയിലേക്കുള്ള ആ മാറ്റം അത്ര എളുപ്പമായിരുന്നില്ലെന്ന് ഗംഗ മീര പറയുന്നു. ഇച്ചാപ്പ എൽസമ്മയെ സ്നേഹിക്കുന്നതു പോലെ പ്രേക്ഷകരും ആ കഥാപാത്രത്തെ സ്നേഹിച്ചു പോകും. പൂക്കാലം സിനിമയുടെ അനുഭവങ്ങൾ പങ്കിട്ട് ഗംഗ മീര മനോരമ ഓൺലൈനിൽ.  

 

വഴി തുറന്നത് ജാൻ എ മൻ

ganga-meera-3

 

ജാൻ എ മൻ കണ്ടിട്ട് സംവിധായകൻ ഗണേശ് രാജ് ആണ് എന്നെ പൂക്കാലത്തിന്റെ റോളിലേക്ക് വിളിക്കുന്നത്. പിന്നീട് സ്ക്രിപ്റ്റ് റീഡിങ് സെഷന് വിളിച്ചു. വളരെ ഇമോഷനൽ ആയ രംഗങ്ങൾ ചിത്രത്തിലെ എൽസമ്മയ്ക്ക് ചെയ്യാനുണ്ട്. ഞാനിതു വരെ അത്തരം രംഗങ്ങൾ ചെയ്തിട്ടില്ല. കുറച്ചു പ്രായമുള്ള കഥാപാത്രമായതിനാൽ ടൈപ്പ്കാസ്റ്റ് ആയിപ്പോകുമോ എന്ന ഫീൽ എനിക്കുണ്ടോ എന്ന് ഗണേശ് ചോദിച്ചു. അങ്ങനെയൊരു പേടി എനിക്കില്ലായിരുന്നു. ആദ്യം കാസ്റ്റ് ചെയ്യപ്പെടണമല്ലോ... അതു കഴിഞ്ഞല്ലേ ടൈപ്പ്കാസ്റ്റ്! ഞാൻ ഉടനെ ആ കഥാപാത്രം ചെയ്യാൻ സമ്മതിച്ചു. ‘ആനന്ദം’ ടീം വീണ്ടുമൊന്നിക്കുന്ന സിനിമയിൽ ഒരു കഥാപാത്രം ചെയ്യുക എന്നത് തീർച്ചയായും എനിക്ക് ആവേശമുള്ള കാര്യവുമായിരുന്നു. 

 

ganga-meera-32

ടെൻഷനടിച്ച ആ രംഗം

 

എൽസമ്മ എന്ന കഥാപാത്രം എനിക്ക് ചാലഞ്ചിങ് ആയിരുന്നു. ഇമോഷനൽ രംഗങ്ങളിലേക്ക് കടന്നു കിട്ടാൻ എനിക്കൽപം ബുദ്ധിമുട്ടായിരുന്നു. ഏകദേശം സീൻ ഓർഡറിൽ തന്നെ ഷൂട്ട് നടന്നതുകൊണ്ട് കഥാപാത്രത്തിന്റെ ഇമോഷണൽ ജേർണി ഉൾക്കൊള്ളാൻ എളുപ്പമായി. ഗണേശ് അതിമനോഹരമായാണ് അഭിനേതാക്കളോട് സംവദിക്കുന്നത്. എനിക്ക് ടെൻഷനുള്ള ഒന്നു രണ്ടു സീക്വൻസുകൾ സിനിമയിലുണ്ടായിരുന്നു. അത്യാവശ്യം ഇമോഷനൽ ആകേണ്ട രംഗങ്ങളാണ് അവ. എനിക്ക് അതു ചെയ്യാൻ ടെൻഷനുണ്ടെന്ന് ഞാൻ ഗണേശിനോട് പറഞ്ഞിരുന്നു. എപ്പോഴും ഗണേശിനെ കാണുമ്പോൾ എന്റെ ചോദ്യം ആ രംഗം എന്നാണ് ഷൂട്ട് ചെയ്യുന്നത് എന്നായിരിക്കും. അപ്പോൾ അദ്ദേഹം എന്നെ കൂളാക്കും. അതു നമുക്ക് ചെയ്തെടുക്കാവുന്നതേയുള്ളൂ എന്ന് പറഞ്ഞു ധൈര്യപ്പെടുത്തും. 

 

എല്ലാവരും നന്നായിട്ടുണ്ടെന്ന് എടുത്തു പറഞ്ഞ ക്ലൈമാക്സ് സീക്വൻസിലെ എന്റെ രംഗം ഷൂട്ടിന്റെ അവസാന ദിവസമാണ് എടുത്തത്. അന്നത്തെ ഷൂട്ട് പുലർച്ചെ അഞ്ച്–ആറു മണി വരെയൊക്കെ പോയിട്ടുണ്ട്. ഞാനും അന്ന് വളരെ ക്ഷീണിച്ചു. അതോടെ എനിക്ക് ആ രംഗം നന്നായി ചെയ്യാനാകുമോ എന്നായി ടെൻഷൻ. എന്റെ ആത്മവിശ്വാസമൊക്കെ നഷ്ടപ്പെട്ട പോലെയൊരു ഫീലായിരുന്നു. അവിടെ ഗണേശ് കൃത്യമായി ഇടപെട്ടു. എന്നെ വിളിച്ചു കൊണ്ടു പോയി ആ കഥാപാത്രത്തിന്റെ ജീവിതയാത്ര മൊത്തം വിശദമായി വീണ്ടും പറഞ്ഞു തന്ന് ആ സീനിലെ ഇമോഷനിലേക്ക് എന്നെ എത്തിച്ചു. എന്നിട്ടു ചോദിച്ചു, നീ ഇപ്പോൾ റെഡി അല്ലേ? ഞാൻ പറഞ്ഞു, യെസ്! എന്നിട്ടാണ് ടേക്ക് പോയത്. അതു ഭംഗിയായി തന്നെ സിനിമയിൽ വന്നു. 

 

കുടുംബം പോലെ സെറ്റ് 

 

ഈരാട്ടുപേട്ടയിലെ ഒരു വീടായിരുന്നു പ്രധാന ലൊക്കേഷൻ. ഭൂരിഭാഗം രംഗങ്ങളിലും ഒരു വിധം എല്ലാ അഭിനേതാക്കളുമുണ്ട്. ഒരുമിച്ച് ഹോട്ടലിൽ നിന്ന് ഇറങ്ങുന്നു. ലൊക്കേഷനിൽ വരുന്നു. ഷൂട്ടിനു ശേഷം ഒരുമിച്ചു തിരിച്ചു പോരുന്നു. ഇങ്ങനെ തുടർച്ചയായി 25 ദിവസം നടക്കുമ്പോൾ അഭിനേതാക്കൾ തമ്മിൽ ഊഷ്മളമായ ബന്ധം ഉടലെടുക്കും. ഗിന്നസ് എന്ന കഥാപാത്രം ചെയ്ത കുട്ടിയുടെ പേര് അരുൺ എന്നാണ്. പക്ഷേ, ഞങ്ങൾ അവനെ ഗിന്നു എന്നാണ് വിളിച്ചിരുന്നത്. കുട്ടേട്ടനെയും (വിജയരാഘവൻ) കെപിഎസി ലീലേച്ചിയേയും ഇച്ചാപ്പൻ, ഇച്ചാമ്മ എന്നു തന്നെയായിരുന്നു എല്ലാവരും വിളിച്ചുകൊണ്ടിരുന്നത്. 

 

ഇച്ചാപ്പന്റെ എൽസമ്മ

 

സിനിമയിൽ ഇച്ചാപ്പന് ഏറ്റവും അടുപ്പമുള്ള മകളാണ് ഞാൻ അവതരിപ്പിക്കുന്ന എൽസമ്മ. കുട്ടേട്ടന്റെ കൂടെയുള്ള ആദ്യ കോംബിനേഷനിൽ ഒരു ചെറിയ പേടിയുണ്ടായിരുന്നു. അതു മാറ്റിയത് സംവിധായകൻ ഗണേശാണ്. ഷോട്ട് റെഡി എന്നു പറയുന്ന നിമിഷത്തിൽ കുട്ടേട്ടൻ നൂറു വയസുള്ള ഇച്ചാപ്പനാകും. വോയ്സ് മോഡുലേഷനും ശരീരഭാഷയും ഞൊടിയിടയിൽ മാറുന്നത് അദ്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, അതങ്ങനെ പറഞ്ഞു തരാൻ കഴിയുന്നതല്ല എന്നാണ്. കാരണം, അത് അവർക്ക് ഒരു മസിൽ മെമ്മറി പോലെ ആയിക്കഴിഞ്ഞു. അനുഭവപരിചയത്തിലൂടെ ഏതൊരു ആർടിസ്റ്റിനും നേടിയെടുക്കാൻ കഴിയുന്ന ഒന്നാണ് അതെന്നും കുട്ടേട്ടൻ പറഞ്ഞു തന്നു. അതെല്ലാം എനിക്ക് പുതിയ പഠനങ്ങളായിരുന്നു. അദ്ദേഹം വളരെ സൂക്ഷ്മമായി നമ്മുടെ അഭിനയത്തെ നിരീക്ഷിക്കുകയും വിശദമായി അഭിപ്രായങ്ങൾ പറയുകയും ചെയ്യും. ഡബിങ് ചെയ്യുന്നതിനിടയ്ക്ക് കുട്ടേട്ടൻ എന്നെ വിളിച്ചിരുന്നു. 'അമ്പിളി അമ്മാമനെപ്പോലെ നീ സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്നു' എന്നാണ് സിനിമയിൽ എന്നെ കണ്ടിട്ട് അദ്ദേഹം പറഞ്ഞത്. ചില സീനുകളിൽ കൊടുത്ത എക്സ്പ്രഷൻ വരെ കൃത്യമായി ഓർത്തെടുത്ത് അഭിനന്ദിക്കും. അദ്ദേഹം പറയുന്നതു കേൾക്കുമ്പോൾ മനസിലാകും വളരെ ആത്മാർഥതയോടെയാണ് അദ്ദേഹം അതു പറയുന്നതെന്ന്! അദ്ദേഹത്തിൽ നിന്ന് അങ്ങനെ നല്ല വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തോന്നിയിരുന്നു. 

 

അബൂക്ക എന്തൊരു സ്വീറ്റാ!

 

കോസ്റ്റ്യൂം ട്രയൽസിനു ചെന്നപ്പോഴാണ് ഞാൻ അബൂക്കയെ (അബു സലിം) ആദ്യമായി കാണുന്നത്. അഞ്ചു മണിക്കായിരുന്നു ട്രെയൽസിനു ചെല്ലാൻ പറഞ്ഞിരുന്നത്. ഞാൻ അപ്പോൾ തിരുവല്ലയിലായിരുന്നു. പക്ഷേ, അന്നു രണ്ടു മണി ആയപ്പോൾ തന്നെ പ്രൊഡക്ഷനിൽ നിന്നു വിളിച്ചിട്ടു ചോദിച്ചു, കുറച്ചു നേരത്തെ എത്താൻ പറ്റുമോ, അബൂക്ക ഇവിടെ വന്നിട്ടുണ്ട് എന്ന്. ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ എടുത്താലോ എന്നൊരു ചിന്ത അവർക്ക് പെട്ടെന്ന് വന്നപ്പോൾ എന്നെ വിളിച്ചതാണ്. പക്ഷേ, ഞാൻ തിരുവല്ലയിലല്ലേ. എങ്ങനെ പോയാലും രണ്ടു മണിക്കൂർ എടുക്കുമല്ലോ. അങ്ങനെ ഞാൻ വരുന്നതു വരെ അബൂക്ക പോസ്റ്റായി. ഞാനാകെ ടെൻഷനിലായി. ഈ ടെൻഷനുമായി അവിടെ ചെന്നു കയറിയപ്പോൾ തന്നെ കാണുന്നത് സിനിമയിലെ കഥാപാത്രത്തിന്റെ വേഷത്തിൽ നിൽക്കുന്ന അബൂക്കയെയാണ്. സിനിമയിലെ വേണുച്ചനെപ്പോലെ അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. 'നാട്ടിൽ നിന്നാണല്ലേ വരുന്നത്. ടെൻഷനാവണ്ട,' എന്ന്. അതോടെ ഞങ്ങൾ തമ്മിലുണ്ടായിരുന്ന പരിചയക്കുറവെല്ലാം ഇല്ലാതായി. ശരിക്കും ഈ മനുഷ്യൻ ഇങ്ങനെയാണല്ലേ എന്നൊരു മധുരമായ തിരിച്ചറിവുണ്ടായി.  

 

ഒരു വർഷത്തെ യാത്ര   

 

ഈ സിനിമ നൽകുന്ന ഓർമകൾ എന്താണെന്നു ചോദിച്ചാൽ, ഇതിലെ മനുഷ്യരാണെന്ന് ഞാൻ പറയും. സംവിധായകൻ ഗണേശ്, ക്യാമറമാൻ ആനന്ദ്, അഭിനേതാക്കൾ മുതൽ ഇതിലെ സംവിധാന സഹായികൾ വരെ എല്ലാവരും അടിപൊളിയായിരുന്നു. ഞങ്ങളുടെ ഒരു വർഷത്തെ യാത്രയാണ് ഈ സിനിമ. അതിനിടയിൽ ഒരുപാട് കയറ്റങ്ങളും ഇറക്കങ്ങളും സംഭവിച്ചു. ഈ സമയത്തൊക്കെ ഇവരെല്ലാവരും കട്ടയ്ക്ക് കൂടെ നിന്നു. പ്രത്യേകിച്ചും കുട്ടേട്ടൻ! ഷൂട്ട് കഴിഞ്ഞിട്ടും എല്ലാവരെയും കുട്ടേട്ടൻ പ്രത്യേകം വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ഇതിനെയെല്ലാം അനുഗ്രഹം എന്നു വിളിക്കാനാണ് എനിക്കിഷ്ടം. ഇവരുടെയൊക്കെ പ്രൊഫഷണലിസം, വിനയം, കഠിനാധ്വാനം, സൗഹൃദം അങ്ങനെ ഒരുപാടു കാര്യങ്ങൾ ഈ സിനിമയിൽ നിന്നു പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. പൂക്കാലത്തിനു മുമ്പ് ചെയ്തു കഴിഞ്ഞ കുറച്ചു ചിത്രങ്ങൾ ഇനി റിലീസ് ചെയ്യാനുണ്ട്. വിനയ് ഫോർട്ട് നായകനാകുന്ന സോമന്റെ കൃതാവ്, നൈല ഉഷ, ഇന്ദ്രജിത്ത് എന്നിവരൊന്നിക്കുന്ന കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ‌, അജു വർഗീസിന്റെ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com