മലയാള സിനിമാ ചരിത്രത്തിൽ ഹൊറർ ചിത്രങ്ങൾക്കു മേൽവിലാസമുണ്ടാക്കിക്കൊടുത്ത സിനിമയായിരുന്നു 1964ൽ പുറത്തിറങ്ങിയ ഭാർഗവീനിലയം. ആറു പതിറ്റാണ്ടുകൾക്കിപ്പുറം ‘നീലവെളിച്ചം’ എന്ന പേരിൽ ഭാർഗവീനിലയത്തിന്റെ മറ്റൊരു പതിപ്പ് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസ്...
ഭാർഗവീനിലയത്തിൽ നിന്നു നീലവെളിച്ചത്തിലേക്കു വരുമ്പോൾ
അന്നു ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തി ഒരുക്കിയ ചിത്രമാണ് ഭാർഗവീനിലയം. ചിത്രത്തിന്റെ അതേപടിയുള്ള റീമേക്ക് അല്ല നീലവെളിച്ചം. ചിലതെല്ലാം ഒഴിവാക്കി, ഞങ്ങളുടേതായ കൂട്ടിച്ചേർക്കലുകൾ നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ മറ്റുചില രചനകളിൽ നിന്നുള്ള റഫറൻസുകൾ എടുത്ത്, ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമായ രീതിയിൽ ഒരുക്കിയ സിനിമയാണ് നീലവെളിച്ചം. ഭാർഗവീനിലയത്തിനുള്ള ഒരു ട്രിബ്യൂട്ട് ആയി നീലവെളിച്ചം മാറുമെന്നാണു പ്രതീക്ഷ.
ഒരു പരിധിവരെ മലയാളത്തിലെ ആദ്യ സമ്പൂർണ ഹൊറർ ചിത്രമായിരുന്നു ഭാർഗവീനിലയം. ഹൊറർ ചിത്രങ്ങളോട് ഇന്നത്തെ പ്രേക്ഷകരുടെ സമീപനം ആശങ്കപ്പെടുത്തുന്നുണ്ടോ?
ഹൊറർ എന്ന ജോണറിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ചിത്രമല്ല നീലവെളിച്ചം. പ്രണയവും പ്രതികാരവും ത്രില്ലർ എലമെന്റുകളും ഉൾച്ചേർന്ന കഥാതന്തുവാണു നീലവെളിച്ചത്തിന്റേത്. പിന്നെ പേടിപ്പിക്കുന്ന ഹൊറർ എന്നതിനെക്കാൾ പ്രേക്ഷകരെ ഭ്രമിപ്പിക്കുന്ന ഹൊറർ അനുഭവമായിരിക്കും ചിത്രം നൽകുക. ഹൊറർ നന്നായി കൈകാര്യം ചെയ്ത രോമാഞ്ചം പോലുള്ള ചിത്രങ്ങൾ തിയറ്ററിൽ വൻ വിജയമായിരുന്നല്ലോ. അതുകൊണ്ടുതന്നെ ഹൊറർ ചിത്രങ്ങളോടു പ്രേക്ഷകർ മുഖം തിരിക്കാൻ സാധ്യതയില്ല.
ഒരു റീമേക്ക് ചിത്രമെന്ന ലേബലിലാണു നീലവെളിച്ചം എത്തുന്നത്.
വ്യക്തിപരമായി റീമേക്ക് ചിത്രങ്ങളുടെ ഭാഗമാകാൻ താൽപര്യമില്ലാത്തയാളാണു ഞാൻ. നീലവെളിച്ചം ഒരിക്കലുമൊരു റീമേക്ക് ചിത്രമല്ല. ഭാർഗവീനലയവുമായി ഇതു താരതമ്യം ചെയ്യേണ്ട കാര്യമില്ല.
സിനിമയിൽ ഭൂരിഭാഗം സീനുകളിലും സ്ക്രീനിൽ നായകൻ ഒറ്റയ്ക്കാണ്, ഒരു വൺ ആക്ട് പ്ലേ പോലെ. എങ്ങനെയായിരുന്നു തയാറെടുപ്പുകൾ?
എനിക്കു തികച്ചും പുതിയൊരു അനുഭവമായിരുന്നു അത്. ഒരു ഡയലോഗ് ക്യൂ തരാനോ, എനർജി ഷെയർ ചെയ്യാനോ മറ്റൊരാൾ ഇല്ലാതെ ഒറ്റയ്ക്ക് അഭിനയിക്കേണ്ടിവരുന്നത് ആദ്യമായാണ്. ഇതിനുള്ള തയാറെടുപ്പെന്നോണം ഒരു ബീച്ച് റിസോർട്ടിൽ ഒറ്റയ്ക്കൊരു രാത്രി താമസിച്ചു. ചുറ്റുവട്ടത്ത് ഒരു 5–6 കിലോമീറ്റർ പരിധിയിൽ ആരുമില്ല.
നടൻ മധു അവതരിപ്പിച്ച കഥാപാത്രമാണ് ടൊവിനോ പുനരാവിഷ്കരിക്കുന്നത്
ആ കാലഘട്ടത്തിലെ സിനിമ ആവശ്യപ്പെടുന്നതിന്റെ അങ്ങേയറ്റം മികവോടെയാണ് മധു സാർ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും വർഷങ്ങൾക്കിപ്പുറം ആ കഥാപാത്രത്തെ വീണ്ടും പുനരാവിഷ്കരിക്കുമ്പോൾ അന്നത്തെ അതേ രീതി പിന്തുടരാൻ ശ്രമിച്ചാൽ പ്രേക്ഷകർ അംഗീകരിച്ചെന്നു വരില്ല. അതുകൊണ്ടുതന്നെ ഞാൻ മനസ്സിലാക്കിയ കഥാപാത്രത്തിന്റെ, എന്റേതായൊരു വേർഷനാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.
വ്യത്യസ്തമായ തിരക്കഥകളിലേക്ക് എത്തുന്നത്...
എനിക്ക് എന്നെത്തെന്നെ എപ്പോഴും ഒരേപോലെ കാണാൻ താൽപര്യമില്ല. ഓരോ ചിത്രം ചെയ്യുമ്പോഴും ഒരു മാറ്റം ഞാൻ ആഗ്രഹിക്കാറുണ്ട്. എന്റെ സിനിമകൾ പ്രഡിക്റ്റബിൾ ആകരുതെന്ന് ഒരു നിർബന്ധമുണ്ട്. എല്ലാ ചിത്രങ്ങൾക്കും എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ സാധിച്ചെന്നു വരില്ല. എങ്കിലും വ്യത്യസ്തങ്ങളായ ചിത്രങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.
സഹസംവിധായകനായാണു തുടക്കം. ടൊവിനോയ്ക്കുള്ളിലെ സംവിധാനമോഹം?
തൽക്കാലം അതൊരു മോഹമായിത്തന്നെ കിടക്കട്ടെ. അതിനുള്ള പക്വതയോ സിനിമാ പരിജ്ഞാനമോ എനിക്കായെന്നു വിശ്വസിക്കുന്നില്ല. അഭിനയം ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ സിനിമയിൽ പഠിക്കാൻ ഓരോ മേഖലയിലും ഒരായിരം കാര്യങ്ങളുണ്ട്. അതെല്ലാം പഠിക്കാൻ സാധിച്ചാൽ, എനിക്ക് എന്നോടുതന്നെ ഒരു വിശ്വാസം തോന്നിയാൽ ഒരു സംവിധാന സംരംഭം പ്രതീക്ഷിക്കാവുന്നതാണ്..
റിയലിസ്റ്റിക് ചിത്രങ്ങളോടു പ്രേക്ഷകർക്ക് മടുപ്പ് തോന്നിത്തുടങ്ങിയോ?
പ്രേക്ഷകരുടെ അഭിരുചി ഓരോ കാലത്തും മാറിക്കൊണ്ടിരിക്കും. മാസ് ചിത്രങ്ങൾ തിയറ്ററുകളിൽ തകർത്തോടിയ കാലമുണ്ടായിരുന്നു. പിന്നീട് ആളുകളുടെ താൽപര്യം റിയലിസ്റ്റിക് ചിത്രങ്ങളിലേക്കു മാറി. ഇപ്പോൾ വീണ്ടും തിയറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രങ്ങളോടാണ് ആളുകൾക്ക് താൽപര്യം. ഒരു സിനിമ ചെയ്യുമ്പോൾ അതു പ്രേക്ഷകർ സ്വീകരിക്കുമെന്ന വിശ്വാസത്തിന്റെയും ഊഹത്തിന്റെയും പുറത്താണ് അതിനുവേണ്ട തയാറെടുപ്പുകൾ നടത്തുന്നത്. ആത്യന്തികമായി സിനിമ കൈകാര്യം ചെയ്യുന്ന വിഷയവും കഥപറയുന്ന രീതിയും തന്നെയാണു സിനിമയുടെ വിധി നിർണയിക്കുന്നത്.
വരാനിരിക്കുന്ന ചിത്രങ്ങൾ
നീലവെളിച്ചത്തിനു തൊട്ടു പുറകെ 2018 തിയറ്ററിലെത്തും. അജയന്റെ രണ്ടാം മോഷണമാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. വഴക്ക്, അദൃശ്യ ജാലകങ്ങൾ തുടങ്ങിയ ചിത്രങ്ങളും വൈകാതെ പ്രദർശനത്തിനെത്തുമെന്നാണു പ്രതീക്ഷ.