ADVERTISEMENT

വിഷു റിലീസ് ആയി ഏപ്രിൽ പതിനാലിന് തിയറ്ററിൽ എത്തിയ മദനോത്സവത്തിന് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മദനോത്സവം ഒരുത്സവമാക്കി മാറ്റിയ താരങ്ങൾക്കിടയിൽ സുരാജിന്റെ നായിക ആലീസായെത്തിയ പെൺകുട്ടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നാട്ടിൻപുറത്തുകാരി ഭാര്യയും ഒരു പെൺകുട്ടിയുടെ അമ്മയുമായി മദനോത്സവത്തിൽ നിറഞ്ഞു നിന്നത് ഭാമ അരുൺ എന്ന പുതുമുഖ താരമാണ്. ചെറുപ്പം മുതൽ അഭിനയം തന്നെ ഏറെ ആകർഷിച്ചിരുന്നുവെന്ന് ഭാമ പറയുന്നു ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഉപരിപഠനം നടത്തുന്ന ഭാമയ്ക്ക് അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു സിനിമയിൽ തുടരാനാണ് താൽപര്യം. സുരാജ് വെഞ്ഞാറമൂട് എന്ന അഭിനയപ്രതിഭയോടൊപ്പം തുടക്കം കുറിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണെന്ന് ഭാമ പറയുന്നു. മദനോത്സവത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ഭാമ അരുൺ മനോരമ ഓൺലൈനിൽ. 

 

മദനോത്സവത്തിലേക്ക്

bhama-arun-1

 

ഞാൻ മോഡലിങ് ചെയ്യാറുണ്ടായിരുന്നു. ഓഡിഷൻ വഴിയാണ് മദനോത്സവത്തിലേക്ക് വരുന്നത്. ഓഡിഷൻ കോൾ കണ്ടപ്പോൾ ഫോട്ടോ അയച്ചുകൊടുത്തു. അവരെ ചെന്ന് കാണാൻ പറഞ്ഞതനുസരിച്ച് ഞാൻ ചെന്നുകണ്ടു. പിന്നീട് ഒരു സീൻ തന്നിട്ട് വിഡിയോ ചെയ്ത് അയയ്ക്കാൻ പറഞ്ഞു ഞാൻ അയച്ചുകൊടുത്തു. അതിനു ശേഷം കാസർകോട്ടു വച്ച് ഒരു ഓഡിഷൻ ഉണ്ടായിരുന്നു. അന്ന് കുറച്ചു സീനുകൾ ചെയ്തു കാണിക്കാൻ തന്നിരുന്നു. അതൊക്കെ നന്നായി ചെയ്യാൻ കഴിഞ്ഞിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്നെ സിലക്ട് ചെയ്തു എന്നു വിളിച്ചുപറഞ്ഞു. സുരാജേട്ടന്റെ പടമാണ് എന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. 

bhama-arun-43

 

സുരാജിന്റെ പടം ആണെന്ന് അറിഞ്ഞപ്പോൾ 

bhama-arun-4

 

ഓഡിഷനു പോകുമ്പോഴും ആരാണ് അതിൽ അഭിനയിക്കുന്നത് എന്ന ധാരണയൊന്നും ഇല്ലായിരുന്നു. സിനിമയിലെ സീൻ ആണ് അഭിനയിച്ചു കാണിക്കാൻ തന്നിരുന്നത്. അവർ തമ്മിൽ ഇത് സുരാജിന്റെ ഡയലോഗാണ് എന്നൊക്കെ പറയുന്നത് കേട്ടിരുന്നു. അപ്പോൾ ഇത് സുരാജേട്ടന്റെ പടം ആണോ എന്നൊരു സംശയം ഉണ്ടായിരുന്നു. സിലക്ട് ചെയ്തതിനു ശേഷമാണ് സുരാജ് വെഞ്ഞാറമൂട് ആണ് നായകൻ എന്നു പറഞ്ഞത്. സുരാജേട്ടനെപ്പോലെ എക്സ്പീരിയൻസ് ഉള്ള താരങ്ങളുമായി വർക്ക് ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു. പക്ഷേ ആദ്യമായി അഭിനയിക്കുമ്പോ പേടി ആയിരുന്നു. എല്ലാവരും അഭിനയിച്ചു പരിചയമുള്ള ഉള്ള താരങ്ങൾ, ദേശീയ അവാർഡ് നേടിയവർ, ഞാൻ എന്തെങ്കിലും ചെയ്ത് അബദ്ധമാകുമോ എന്ന പേടി ആയിരുന്നു എനിക്ക്. പക്ഷെ എല്ലാവരും നല്ല സഹകരണം ആയിരുന്നു. വർക്ക് ഷോപ്പ് കഴിഞ്ഞപ്പോഴേക്കും എല്ലാവരുമായി നല്ല സൗഹൃദമായി. സുരാജേട്ടൻ ഫ്രണ്ട്‌ലി ആണ്. കൂടെയുള്ളവരെ നന്നായി സഹായിക്കുന്ന ആളാണ് അദ്ദേഹം. ഒരു തുടക്കക്കാരി ആയ എനിക്ക് സുരാജേട്ടൻ തന്ന സപ്പോർട്ട് വളരെ വലുതാണ്. 

bhama-arun-32

 

ആലീസിലേക്കുള്ള പകർന്നാട്ടം 

 

ആദ്യമായി വലിയൊരു പ്രോജക്ടിന്റെ ഭാഗമായതാണ്. എനിക്ക് ഒന്നുമറിയില്ലായിരുന്നു.  പക്ഷേ സംവിധായകൻ സുധീഷ് എല്ലാം പറഞ്ഞു തരുമായിരുന്നു. എന്താണ് ഉദ്ദേശിക്കുന്നതെന്നും നമ്മുടെ കയ്യിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും ആദ്യം തന്നെ സുധീഷ് സർ പറഞ്ഞു തന്നിട്ടുണ്ട്. കഥാപാത്രത്തെക്കുറിച്ച് ക്ലിയർ ആയി മനസ്സിലാക്കി തന്നിരുന്നു. എത്ര ടേക്ക് പോയാലും കുഴപ്പമില്ല, സമാധാനമായിനിന്ന് ചെയ്‌താൽ മതി എന്ന് പറഞ്ഞിരുന്നു. ആലീസ് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. പത്തുമുപ്പതു വയസ്സുള്ള സ്ത്രീയാണ്. ഞാൻ എന്റെ പ്രായത്തിൽ ചിന്തിക്കുന്ന പോലെയല്ല ആലീസിന്റെ ചിന്താഗതി. ശരീരഭാരം കൂട്ടുക, നിറം ഫെയ്ഡ് ചെയ്യിക്കുക, പുരികം ഷേപ്പ് ചെയ്യാതിരിക്കുക ഇതൊക്കെ ചെയ്തു, ഒരു മകളുള്ള സ്ത്രീയായി നമ്മുടെ മാനസിക നില തന്നെ മാറ്റി എടുക്കണം. ഷൂട്ടിങ് തീരുന്നതുവരെ ഞാൻ ഭാമയെ മനസ്സിൽനിന്ന് മാറ്റി നിർത്തി ആലീസ് ആയി മാറി. സിങ്ക് സൗണ്ട് റെക്കോർഡിങ് ആയിരുന്നു. ഞാൻ കണ്ണൂർ സ്വദേശിയായതുകൊണ്ട് കാസർകോട് ഭാഷ ഉപയോഗിക്കാൻ വലിയ ബുദ്ധിമുട്ട് തോന്നിയില്ല. ചിലതൊക്കെ പഠിച്ചെടുക്കേണ്ടി വന്നു. 

 

പ്രതികരണങ്ങളിൽ സന്തോഷം 

 

നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. സിനിമ കോമഡിയാണ്. എന്റെ കഥാപാത്രം നന്നായിട്ടുണ്ട് എന്നൊക്കെയാണ് അഭിപ്രായങ്ങൾ. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നല്ല അഭിപ്രായം പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ഒക്കെ ഒരുപാട് മെസ്സേജ് വരുന്നുണ്ട്. പലരും സിനിമ കാണാൻ പോയിട്ട് സെൽഫി എടുത്ത് അയയ്ക്കാറുണ്ട്, ഇതൊക്കെ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നുണ്ട്.

 

അഭിനയമാണ് എന്നെന്നും ഇഷ്ടം

 

ചെറുപ്പം മുതൽ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കുക എങ്ങനെയാണ് എന്നൊന്നും അറിയില്ല. പ്ലസ് ടൂ കഴിഞ്ഞപ്പോൾ എന്താണ് പഠിക്കേണ്ടത് എന്ന ആശയക്കുഴപ്പം ആയിരുന്നു. അഭിനയം ആയിരുന്നു അപ്പോഴും താൽപര്യം. ബിബിഎ ആണ് ചെയ്തത് ഇപ്പോൾ എംബിഎ ചെയ്യുന്നു. ക്യാംപസ് പ്ലേസ്‌മെന്റിൽ ജോലിയും കിട്ടി. പിന്നെ മോഡലിങ് ചെയ്തു തുടങ്ങി. ഗൃഹലക്ഷ്മി ഫെയ്സ് ഓഫ് കേരള മത്സരത്തിൽ പങ്കെടുത്തു. അതിനു ശേഷം ഓഡിഷന് പോയിത്തുടങ്ങി. അങ്ങനെയാണ് മദനോത്സവത്തിന്റെ ഓഡിഷന് പോയത്. മദനോത്സവത്തിനു നല്ല റിപ്പോർട്ട് ആണ് കിട്ടുന്നത്. സുരാജേട്ടൻ ബാബു ആന്റണി ചേട്ടൻ ഒക്കെ നല്ല അഭിപ്രായം പറഞ്ഞിരുന്നു.  ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്ത് സിനിമയിൽ തന്നെ തുടരണം എന്നാണ് ആഗ്രഹം.

 

കുടുംബം 

 

കണ്ണൂരാണ്‌ എന്റെ വീട്. പപ്പ, അമ്മ, ചേച്ചി എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം. പപ്പയ്ക്ക് സൗദിയിൽ ബിസിനസ് ആണ്. ചേച്ചി ഡെന്റിസ്റ്റാണ്. വീട്ടിൽ എല്ലാവരും എനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ നല്ല പിന്തുണ തരാറുണ്ട്. ഇഷ്ടമുള്ളത് ചെയ്യുക, ഇഷ്ടമില്ലാത്തത് കഷ്ടപ്പെട്ട് ചെയ്യരുത് എന്നാണ് മാതാപിതാക്കൾ പറയാറുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com