ADVERTISEMENT

മാഹിം കടലിടുക്കിനു കുറുകെ കേബിളിൽ തൂങ്ങിനിൽക്കുന്ന ബാന്ദ്ര– വേർളി സീ ലിങ്ക് ബ്രിജ് അതിമനോഹര കാഴ്ചയാണ്. പടിഞ്ഞാറൻ മുംബൈയെ വർളിയുമായി ബന്ധിപ്പിക്കുന്ന ഈ അഞ്ചര കിലോമീറ്റർ– എട്ടു ലെയിൻ പാലത്തിലെ ഇടതടവില്ലാത്ത വാഹനപ്രവാഹം പിന്നിട്ടാൽ മുംബൈയുടെ നഗരഹൃദയത്തിലേക്ക്. ലോവർ പരേലിലെ സെന്റ് റെജിസ് ഹോട്ടലിൽ ഇന്ത്യയുടെ ‘ആഗോളതാരം’ പ്രിയങ്ക ചോപ്രയെ കാണുമ്പോൾ ഒരു കാര്യം മനസ്സിലായി, മുംബൈയ്ക്കും പ്രിയങ്കയ്ക്കും ‘ഒരേ വൈബ്’ ആണ്. വിശ്രമില്ലാത്ത തിരക്കിലും പ്രസന്നതയും ഊർജസ്വലതയും പ്രസരിപ്പിക്കുന്ന സാന്നിധ്യം.

 

പ്രിയങ്ക ചോപ്ര ലോകസുന്ദരിപ്പട്ടം നേടിയത് 23 വർഷം മുൻപാണെന്ന് ആരും മറന്നുപോകും അവർ മുന്നിലെത്തുമ്പോൾ. ഓറഞ്ച് ഗൗണിൽ, ബ്ലാക്ക് പോയിന്റഡ് ഹീൽസിന്റെ കൃത്യതയുള്ള ചുവടുകളിൽ, നിറഞ്ഞ ചിരിയോടെ പ്രിയങ്ക വന്നിരുന്നു. സംസാരത്തിലെ ഉറപ്പ്, ഓരോ മറുപടിയിലും ചേർത്തുവയ്ക്കുന്ന വീക്ഷണങ്ങൾ, മനസ്സു തുറക്കുമ്പോഴും തിരഞ്ഞെടുക്കുന്ന വാക്കുകൾ, പ്രചോദനാത്മക കാഴ്ചപ്പാടുകൾ – വർഷങ്ങളെത്ര പിന്നിട്ടെങ്കിലും ആ ലോകകിരീടം അദൃശ്യമായി ഇപ്പോഴും ധരിക്കുന്നുണ്ട് ‘പീസി’.

 

രാജ്യാന്തര പ്രേക്ഷകർക്കു മുന്നിലേക്ക് വമ്പൻ ഹോളിവുഡ് പ്രോജക്ടുകൾ തോളിലേറ്റിയാണ് പ്രിയങ്കയുടെ ഈ വരവ്. ‘സിറ്റഡെൽ’ എന്ന സയൻസ് ഫിക്ഷൻ ത്രില്ലർ വെബ് സീരിസിൽ ‘നാദിയ’ എന്ന ചാരവനിതയായി പ്രിയങ്കയെത്തുന്നു. സിനിമയെക്കുറിച്ച്, പുതിയ പദ്ധതികളെക്കുറിച്ച്, ലോകവേദിയിൽ ഇന്ത്യയും ദക്ഷിണേഷ്യയും നേടുന്ന പ്രാധാന്യത്തെക്കുറിച്ച്, പെൺകുട്ടികളെക്കുറിച്ച്, വ്യക്തിപരമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്നു പറഞ്ഞപ്പോഴും മകളെക്കുറിച്ചും താരം ഹൃദയം തുറന്നു സംസാരിച്ചു,

priyanka-chopra-3

 

∙ 22 വർഷം നീണ്ട അഭിനയ ജീവിതം. ഇനിയും അടുത്ത 10 വർഷത്തേക്കുള്ള സ്വപ്നപദ്ധതികളുമുണ്ട്. നായികമാർക്ക് ചുരുങ്ങിയ ‘ജീവിതകാല’മുള്ള സിനിമാമേഖലയിൽ ഇപ്പോഴും പ്രിയങ്കരിയായി തുടരുന്നതെങ്ങനെയാണ് ?

priyanka-chopra-43

 

ശരിയാണ്, വളരെ നീണ്ട കരിയറാണ്. ചെറിയ പ്രായത്തിലാണ് എന്റെ കരിയർ തുടങ്ങുന്നത്. 17–ാം വയസ്സിൽ. ഇപ്പോൾ കണ്ടാലും ആ പ്രായത്തിൽ കൂടുതൽ തോന്നില്ലെങ്കിലും (ചിരിക്കുന്നു). ഒരുപാട് ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്, ജീവിതത്തിലും കരിയറിലും. പക്ഷേ ഇവിടെ നിന്നു തുടങ്ങിയതും പഠിച്ചതുമായ കാര്യങ്ങളാണ് ഹോളിവുഡിൽ ചെന്ന് ‘എനിക്കെന്റെ ജോലി അറിയാം, അവസരം തരൂ എന്നു ചോദിക്കാൻ’ എന്നെ പ്രാപ്തയാക്കിയത്. ബോളിവുഡിൽ ഒരുപാട് നല്ല സിനിമകൾ ചെയ്തു, ഒരുപിടി മികച്ച സംവിധായകരുടെ കീഴിൽ ചെറുതും വലതുമായ പല തരത്തിലുള്ള കഥാപാത്രങ്ങൾ എനിക്കിവിടെയുണ്ട്. പക്ഷേ ഹോളിവുഡിൽ ഞാൻ തുടങ്ങിയിട്ടേയുള്ളൂ. ക്വാന്റികോ, ബേവാച്ച്, മാട്രിക്സ് റിസറക്‌ഷൻ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടെങ്കിലും വ്യത്യസ്തമായ പല റേഞ്ചിലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. അടുത്ത 10 വർഷത്തിൽ അതു സാധ്യമാകുമെന്നാണ് എന്റെ പ്രതീക്ഷ.

 

priyanka-nick

∙ നായികയായി ഒട്ടേറെ സിനിമകൾ ചെയ്ത ഹിന്ദി സിനിമാരംഗം ഉപേക്ഷിച്ച് പെട്ടെന്നൊരുനാൾ ഹോളിവുഡിൽ എത്തിയപ്പോൾ നേരിട്ട വെല്ലുവിളികൾ എന്തായിരുന്നു ?

 

ruso-priyanka

ബോളിവുഡിൽ നീണ്ടകാലം നായികയായിരുന്നെങ്കിലും അമേരിക്കയിൽ എത്തിയപ്പോൾ തുടക്കക്കാരിയായി ഓഡിഷൻ നടത്തിയാണ് എനിക്ക് ആദ്യത്തെ ജോലി ലഭിച്ചത്. തീർച്ചയായും ഓഡിഷൻ മോശം കാര്യമല്ല. കഴിവുള്ളവർക്ക് അവസരം ലഭിക്കാൻ അതു നല്ലതാണ്. സീസണിലെ ഫ്ലേവർ ആണ്, നായകന്റെയോ മറ്റാരുടെയെങ്കിലോ അടുപ്പക്കാരാണ് എന്ന പേരി‍ൽ ഒരാളെ കാസ്റ്റ് ചെയ്യുന്നതിനേക്കാൾ മികവിന്റെ അടിസ്ഥാനത്തിൽ ജോലി നേടാൻ ഓഡിഷൻ സഹായിക്കും. എനിക്ക് ഈ ജോലിയറിയാം, ഞാനതിൽ ബെസ്റ്റ് ആണ്, ഒരു ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെടാതെയിരിക്കില്ല, ഞാൻ ആത്മവിശ്വാസക്കുറവുള്ളയാളുമല്ല. പക്ഷേ, ഞാൻ ഹോളിവുഡിൽ ജോലി ചെയ്തു തുടങ്ങിയിട്ട് 10 വർഷമായി. ഇപ്പോഴാണ് സിറ്റഡെൽ പോലൊരു ആഗോള പ്രോജക്ട് എനിക്കു ചുമലിലേറ്റാൻ കഴിഞ്ഞത്, പോസ്റ്ററുകളിൽ തുല്യപ്രാധാന്യത്തോടെ എന്റെ മുഖം വരുന്നത്. ഇത്രയും കാലത്തെ പരിശ്രമവും അധ്വാനം വേണ്ടിവന്നു എനിക്കിതു നേടാൻ.

 

∙ ഒടിടി പോലെ പുതുമാധ്യമങ്ങളുടെ വരവോടെ സിനിമാമേഖല ഒരുപാടു മാറി, ഉള്ളടക്കമാണ് താരം. ഈ മാറ്റം നടിമാരുടെ വളർച്ചയിൽ എത്രത്തോളം നിർണായകമായി ?

 

ഞാൻ ഹിന്ദിസിനിമയിൽ തുടങ്ങുന്ന കാലത്ത് നായികമാർ രണ്ടാംതരക്കാരായിരുന്നു. നാലോ അഞ്ചോ പാട്ടുകൾ, അഞ്ചോ ആറോ സീനുകൾ അത്രയും ലഭിച്ചാൽ തന്നെ വലിയകാര്യമെന്നു സന്തോഷപ്പെടേണ്ടിയിരുന്നു. പക്ഷേ കരിയറിന്റെ വളർച്ചയിൽ ഞാൻ കണ്ടത് എന്റെ തലമുറയിലെ നടിമാർ തങ്ങൾക്കു കൂടുതൽ പ്രാധാന്യം വേണമെന്ന് ആവശ്യപ്പെടുന്നതാണ്. ഞങ്ങൾക്കു മുൻപേ സിനിമയിൽ വന്നവർ, മാധുരിയും ശ്രീദേവിയും പോലുള്ളവർ, അക്കാലത്ത് അവരുടേതായ പ്രാധാന്യം നേടിയെടുത്തിരുന്നു. അതുകൊണ്ടാണ് അർഹിക്കുന്നതു വേണമെന്ന് ഞങ്ങൾക്ക് ആവശ്യപ്പെടാൻ സാധിച്ചത്.

 

എന്റെ തലമുറയിലുള്ളവർ ഒറ്റയ്ക്കൊരു സിനിമ വിജയിപ്പിക്കാൻ കഴിവുള്ളവരാണ്. അവരതു ചെയ്തിട്ടുണ്ട്. അവർ നിർമാതാക്കളായി, തിരക്കഥയെഴുതുന്നവരായി. അർഹതയുള്ള ജോലി നിങ്ങൾ തരില്ലെങ്കിൽ ഞങ്ങൾ അതു സ്വന്തമായി സൃഷ്ടിക്കും എന്നു പറയാനും ചെയ്യാനും കഴിവുള്ളവരാണ്. ചർച്ചകളും സംഭാഷങ്ങളും തുടർച്ചയായി ഉണ്ടാകുമ്പോഴാണ് മാറ്റം സാധ്യമാകുന്നത്. എല്ലാരംഗത്തും സ്ത്രീകൾക്ക് തുല്യപ്രാധാന്യമുള്ള കൂടുതൽ അവസരങ്ങളുണ്ടാകണം. ഞാൻ സിനിമാരംഗത്തേക്കുറിച്ചു പറയുന്നത് എന്റെ ജോലി ഇതായതിനാലാണ്. എന്റെ തലമുറയിലെ നടിമാർ ദീപിക, അനുഷ്ക, വിദ്യ, ആലിയ എല്ലാവരും തന്നെ ഞങ്ങൾ കൂടുതൽ അർഹിക്കുന്നു എന്ന് മുന്നോട്ടുവന്നു പറഞ്ഞിട്ടുള്ളവരാണ്. എനിക്ക് അതേക്കുറിച്ച് അഭിമാനമുണ്ട്. ‍ഞങ്ങൾക്കു പിന്നാലെ വരുന്നവർക്ക് ഈ യുദ്ധം ചെയ്യേണ്ടിവരില്ല.

 

∙ ‘സിറ്റഡെൽ’ സീരീസ് ആക്​ഷൻ പ്രാധാന്യമുള്ളതാണല്ലോ. പ്രിയങ്ക മുൻപും ആക്‌ഷൻ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ കുടുംബം, മകൾ എന്നിങ്ങനെയുള്ള മാറ്റങ്ങൾ ഇത്തരം രംഗങ്ങൾ ചെയ്യുന്നതിൽ ആശങ്കയുണ്ടാക്കിയോ ?

 

‘സിറ്റഡെൽ’ സ്റ്റണ്ട് ടീം റൂസോ ബ്രദേഴ്സിന്റെയാണ്. അറിയാമല്ലോ, ‘അവഞ്ചേഴ്സ്’ ചെയ്തിട്ടുള്ളവരാണ്, ഈ രംഗത്തെ ബെസ്റ്റാണ് അവർ. ഞാൻ അവരിൽനിന്ന് ഒരുപാട് പഠിച്ചു. സിറ്റഡെലിൽ ഏതാണ്ട് 80 ശതമാനം ആക്ഷനും ഞാൻ തന്നെയാണ് ചെയ്തിട്ടുള്ളത്. എനിക്ക് എന്റെ ശരീരത്തിലും പ്രതികരണശേഷിയിലും ആത്മവിശ്വാസമുണ്ട്. പക്ഷേ ഞാൻ ഉത്തരവാദിത്തമില്ലാത്തയാളല്ല. റിസ്കുള്ള ഭാഗങ്ങൾ ഞാൻ വിദഗ്ധർക്കു വിട്ടുകൊടുക്കും. സ്റ്റഡ് ഡബിൾസും മാസ്റ്റേഴ്സും ഉണ്ടല്ലോ, അതവരുടെ വൈദഗ്ധ്യമാണ്. ഞാനൊരു അഭിനേതാവ് മാത്രം. ആവശ്യമില്ലാതെ പരുക്കേൽക്കാനോ പാവം നിർമാതാവിനെ ബുദ്ധിമുട്ടിക്കാനോ ഞാൻ തയാറല്ല. കുടുംബവും കുഞ്ഞും ആകുന്നതിനു മുമ്പേ തന്നെ എന്റെ നിലപാട് അതാണ്. യാഥാർഥ്യബോധമില്ലാതെ ത്രില്ലുകൾക്കു പുറകേ പോകാറില്ല ഞാൻ. പക്ഷേ തുടക്കകാലത്ത് ചില്ലറ റിസ്കുള്ള ജോലികളൊക്കെ ചെയ്തിട്ടുണ്ട്, ഹെലികോപ്റ്ററിനു പുറത്തുതൂങ്ങിക്കിടക്കൽ പോലെ. പക്ഷേ പ്രായം കൂടുന്തോറും തിരിച്ചറിവ് ഉണ്ടാകുമല്ലോ. ഇപ്പോഴങ്ങനെ ചെയ്യാറില്ല.

 

∙ ആർആർആർ പോലൊരു ഇന്ത്യൻ പ്രാദേശിക ഭാഷാ സിനിമ ഇക്കുറി ഓസ്കർ വേദിയിൽ നേട്ടമുണ്ടാക്കി. ഇന്ത്യൻ സിനിമയോടുള്ള പാശ്ചാത്യ ലോകത്തിന്റെ കാഴ്ചപ്പാട് മാറിയിട്ടുണ്ടോ, കൂടുതൽ സാധ്യതകൾ നമുക്ക് അവിടെയുണ്ടോ ?

 

തീർച്ചയായും. ഇന്ത്യൻ സിനിമ പല കടമ്പകൾ പിന്നിട്ട് ആഗോളരംഗത്തേക്ക് എത്തിയിരിക്കുകയാണിപ്പോൾ. നമ്മുടെ സിനിമയും സംവിധായകരും ടെക്‌നീഷ്യൻമാരും രാജ്യാന്തര മികവോടെ പ്രവർത്തിക്കുന്നവരാണ്. ഹോളിവുഡ് അതു തിരിച്ചറി‍ഞ്ഞിട്ടുണ്ട്. വെബ് സ്ട്രീമിങ് അതിനൊരു പ്രധാന കാരണമാണെന്ന് എനിക്കു തോന്നുന്നു. ഞാൻ ഹോളിവുഡിൽ ജോലി തുടങ്ങുമ്പോൾ ഇന്ത്യൻ അല്ലെങ്കിൽ ദക്ഷിണേഷ്യൻ എന്നു പറയാവുന്നവരായി നാലോ അഞ്ചോ പേരെ അവിടെയുണ്ടായിരുന്നുള്ളൂ. നിങ്ങൾക്കറിയാമോ, ഇത്തവണ ഞാൻ പ്രീ– ഓസ്കർ പാർട്ടിയൊരുക്കിയിരുന്നു. എനിക്കെന്തു സന്തോഷമുണ്ടായി എന്നു പറയാനാകില്ല, എന്റെ കണ്ണുകൾ നിറഞ്ഞു, ആ മുറിയിലെത്തിയത് 300– 400 പേരാണ് – ഓസ്കർ നോമിനേഷൻ ലഭിച്ച ദക്ഷിണേഷ്യൻ കലാകാരന്മാർ. ഞങ്ങൾ ഇവിടെയുണ്ട് എന്ന് ലോകത്തോടു വിളിച്ചു പറയുന്ന നിമിഷങ്ങളായിരുന്നു അത്.

 

എനിക്കു കൂടുതൽ ഉത്തരവാദിത്തമുണ്ട്. എനിക്കു പിന്നാലെ വരുന്നവർക്കു കൂടുതൽ അവസരമൊരുക്കേണ്ടത് എന്റെ ചുമതലയാണെന്നു കരുതുന്നു. പുതിയ പ്രതിഭകൾ, കൂടുതൽ സ്ത്രീകൾ, എഴുത്തുകാർ, അഭിനേതാക്കൾ, ക്യാമറയ്ക്കും മുന്നിലും പിന്നിലുമുള്ളവർ. എനിക്ക് സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് ഉണ്ട്, ആമസോണുമായി ഇപ്പോൾ ഫസ്റ്റ് ലുക്ക് കരാറുണ്ട്. അതുവഴി കൂടുതൽ ദക്ഷിണേഷ്യൻ കഥകളും പ്രതിഭകളും ആഗോളതലത്തിൽ എത്തിക്കണമെന്ന ലക്ഷ്യമാണ്. അതിനായുള്ള പദ്ധതികളുണ്ട്. തീർച്ചയായും സമയമെടുക്കും, പക്ഷേ അതു സാധ്യമാകും എന്നു തന്നെയാണ് പ്രതീക്ഷ.

 

∙സിറ്റഡെൽ വെബ് സീരിസിലാണ് ആദ്യമായി നായകനു തുല്യമായ വേതനം ലഭിച്ചതെന്നു അടുത്തിടെ വെളിപ്പെടുത്തിയിരുന്നല്ലോ. പക്ഷേ 2023ലും സ്ത്രീകൾ കൂടുതൽ വരുമാനം നേടുമ്പോൾ പുരുഷന്മാർ കൂടുതൽ അസ്വസ്ഥരാകുന്നില്ലേ ?

 

സത്യമാണത്. എന്റെ ജീവിതത്തിൽ ഏതാനും മികച്ച പുരുഷന്മാരുണ്ട്, എന്റെ വിജയങ്ങളിൽ ഒരിക്കലും അരക്ഷിതർ ആകാത്തവർ. അങ്ങനെയല്ലാത്തവരെയും ഞാൻ കണ്ടിട്ടുണ്ട്. കുടുംബം പുലർത്തുന്നയാൾ, വരുമാനം നേടുന്നയാൾ എന്നൊക്കെ അഭിമാനം കൊണ്ടിരുന്നവരാണ് പുരുഷന്മാർ. അതു സ്ത്രീകൾ ചെയ്യുമ്പോൾ തന്റെ അധികാരത്തിനു നേരെയുള്ള ഭീഷണിയായി അവർക്കു തോന്നാം. പക്ഷേ നമുക്കവരെ പഠിപ്പിക്കാനാകും. നമ്മുടെ ആൺമക്കളോട് പറയണം, കരയുന്നതിൽ നാണക്കേടില്ല, സഹോദരിയുമായോ അമ്മയുമായോ ഗേൾഫ്രണ്ടുമായോ ഭാര്യയുമായോ അവസരങ്ങൾ പങ്കുവയ്ക്കുന്നതിൽ, അവസരം അവർക്കു നൽകുന്നതിൽ നാണക്കേടില്ല! അതു ഞാൻ കുടുംബത്തിൽ കണ്ടിട്ടുള്ളതാണ്. എന്റെ അച്ഛൻ ഡോക്ടറായിരുന്നു. അദ്ദേഹം മിലിറ്ററി പ്രാക്ടീസിൽ തുടർന്നപ്പോൾ അമ്മ സ്വകാര്യ പ്രാക്ടീസ് തുടങ്ങി. കൂടുതൽ വരുമാനം നേടിയിരുന്നത് അമ്മയാണ്. അച്ഛന് അതിൽ പ്രശ്നമുണ്ടായിരുന്നില്ല. ഇന്ന് ഞാനും നിക്കും റെഡ് കാർപറ്റിൽ എത്തുമ്പോൾ അദ്ദേഹം മാറിനിന്ന് ആ വേദി മുഴുവനായി എനിക്കു വിട്ടുതരുന്നു. എന്റെ ചുറ്റുമുള്ളവർ, ഭർത്താവ്, മാതാപിതാക്കൾ, ഇൻലോസ്, സുഹൃത്തുക്കൾ അങ്ങനെ ചുറ്റിലുമുള്ളവർ പിന്തുണ നൽകുമ്പോൾ എനിക്ക് അഭിമാനമുണ്ട്. സ്ത്രീകളെ പിന്തുണയ്ക്കുന്ന ഒരു പുതിയ വംശത്തെ നാം തയാറാക്കേണ്ടതുണ്ട്.

 

∙ തമിഴ് സിനിമയിൽ തുടങ്ങി ഹോളിവുഡിലെത്തി നിൽക്കുമ്പോൾ മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ ഇനി അവസരമുണ്ടായാൽ അഭിനയിക്കാൻ തയാറാകുമോ ?

 

തീർച്ചയായും. ദക്ഷിണേന്ത്യൻ ഭാഷാ സിനിമയെ ഏറെ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്. ആർആർആർ പോലെ പ്രാദേശിക ഭാഷസിനിമയിൽ ആഗോള പ്രേക്ഷകർക്കു രസിക്കാവുന്ന ലോകമൊരുക്കിയിട്ടുണ്ട് രാജമൗലി സാർ. എനിക്ക് തമിഴിലും തെലുങ്കിലും മലയാളത്തിലും സുഹൃത്തുക്കളുണ്ട്. ആകർഷമായ പ്രോജ്ക്ട് വന്നാൽ ഏറ്റെടുക്കാൻ തയാറാണ്. ഭാഷയുടെ കാര്യത്തിൽ അൽപം സഹായം വേണ്ടിവരും. പക്ഷേ എനിക്കു നന്നായി അനുകരിക്കാനാകും. സിറ്റഡെലിൽ ഞാൻ ഒൻപതു ഭാഷ സംസാരിക്കുന്നുണ്ട്. സത്യത്തിൽ ഹിന്ദിയും ഇംഗ്ലിഷും അല്ലാതെയുള്ള ഭാഷകൾ എനിക്കറിയില്ല.

 

∙ പഠനകാലത്ത് നിറത്തിന്റെ പേരിലും പിന്നീട് സിനിമാരംഗത്തും ബുള്ളിയിങ് നേരിട്ടല്ലോ. ബോളിവുഡിൽ നിന്ന് പുറത്തുപോകേണ്ടി വന്നതിനെക്കുറിച്ചു ഈയിടെ തുറന്നു സംസാരിക്കുകയും ചെയ്തു. പ്രിയങ്കയെ റോൾമോഡൽ ആയി കരുതുന്ന പെൺകുട്ടികളോട് എന്താണു പറയാനുള്ളത് ?

 

ബോളിവുഡ് വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഒരു പോഡ്കാസ്റ്റിൽ സംസാരിച്ചിരുന്നു. അതുവരെയുള്ള ജീവിതത്തിലെ ഓരോ ഘട്ടത്തെക്കുറിച്ചും പറഞ്ഞുവന്നപ്പോൾ സ്വാഭാവികമായി മനസ്സു തുറന്നതാണ്. കഴിഞ്ഞ അഞ്ചു വർഷമായി കരിയറിലും ജീവിതത്തിലും നല്ലഘട്ടത്തിലാണ് ഞാൻ. പഴയതെല്ലാം ഞാൻ ക്ഷമിച്ചു, മറന്നു, ഞാനതിൽനിന്ന് മുന്നോട്ടുപോയി. ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകും, താഴെ വീണു കിടക്കുന്നവരെ ചവിട്ടാനാണ് ആളുണ്ടാകുക. സ്വയം എഴുന്നേൽക്കണം. സ്വയം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോഴാണത് സാധ്യമാകുക. ഈ പാഠം വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ എനിക്കു പകർന്നു തന്നതാണ്. വീണാലും തട്ടിക്കുടഞ്ഞ് എഴുന്നേൽക്കണം, ജീവിതത്തെ മതിക്കണം എന്നുള്ളത്.

 

പല മാതാപിതാക്കളും പെൺമക്കളുടെ ചിറകുകൾ ക്ലിപ്പിട്ടുവയ്ക്കുകയാണ്. പക്ഷേ ചില മിടുക്കികളുണ്ട്, എനിക്ക് ഇതു കൂടി പഠിക്കണം, ഒരു കോഴ്സ് ചെയ്യണം, അതു കഴിഞ്ഞാൽ വിവാഹം ചെയ്യാം എന്നു പറഞ്ഞു ലക്ഷ്യത്തോടെ മുന്നോട്ടുനീങ്ങുന്നവർ. സ്ത്രീകൾക്ക് അതു പറ്റും. മൾട്ടിടാസ്കിങ് ചെയ്യാൻ കഴിവുള്ളവരാണവർ. അവർക്കു കൂടുതൽ അവസരങ്ങൾ ലഭ്യമാക്കണം. അപ്പോഴാണ് സമൂഹമെന്ന നിലയിൽ നമുക്കു യഥാർഥ വികസനം സാധ്യമാകുക.

 

∙ ഇത്തവണ നാട്ടിലെത്തിയത് മകളെ കൂട്ടിയാണല്ലോ ?

 

കോവിഡ് ലോക്‌ഡൗൺ മൂലമുണ്ടായ വലിയൊരു ഇടവേളയ്ക്കു ശേഷം ഇപ്പോഴാണ് നാട്ടിലെത്തിയത്. മോളുണ്ടായശേഷം ജോലിയിൽ നിന്ന് ഒരു വർഷം മാറിനിന്നു ഞാൻ, കുടുംബമെന്ന നിലയിലുള്ള വളർച്ചയ്ക്ക് അത് ആവശ്യമായിരുന്നു. മാലതി ഇപ്പോൾ യാത്ര ചെയ്യാവുന്ന പ്രായത്തിലാണ്. അവളുടെയും നാടാണല്ലോ ഇത്, അതുകൊണ്ട് അവളെക്കൂട്ടിയാണ് വന്നത്. ഇപ്പോഴെന്റെ അമ്മയുടെ വീട്ടിലാണ് അവൾ, രണ്ടു കയ്യിലും പിടിച്ചു പനീർ കഴിച്ചുകൊണ്ടിരിക്കുന്നു. മാലതി മേരി എന്നാണ് അവൾക്കു പേരുവച്ചത്. എന്റെ അമ്മയുടെ മിഡിൽ നെയിം ആണ് മാലതി, അതിനൊപ്പം നിക്കിന്റെ അമ്മയുടെ പേരിന്റെ ഭാഗവും ചേരുന്നതാണ് മോളുടെ പേര്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com