ADVERTISEMENT

അഭിനയം ജീവവായു ആക്കിയ അഭിനേത്രിയാണ് പൂജ മോഹൻരാജ്. പക്ഷേ എടുത്തുപറയത്തക്ക വേഷങ്ങൾ ഏറെയൊന്നും ഈ കലാകാരിയെ തേടിയെത്തിയിട്ടില്ല. ‘ഇരട്ട’യിലെ പൊലീസുകാരിയും ‘രോമാഞ്ച’ത്തിലെ മാല കളഞ്ഞുപോയ കഥാപാത്രവും ഈ താരത്തിന്റെ അഭിനയശേഷി വെളിപ്പെടുത്തുന്നു. ഇപ്പോൾ ‘‘നീലവെളിച്ച’ത്തിൽ റിമ കല്ലിങ്കൽ അവതരിപ്പിച്ച ഭാർഗവി എന്ന കഥാപാത്രത്തിന്റെ ഉറ്റതോഴിയായി മുഖ്യധാരയിലേക്ക് എത്തുകയാണ് പൂജ. തൃശൂർ ഡ്രാമ സ്കൂളിലും സിംഗപ്പൂർ ഇന്റർനാഷനൽ ആക്ടിങ് സ്കൂളിലും പഠിച്ച് അഭിനയത്തിൽ ഉപരിപഠനം വരെ നടത്തിയ പൂജ നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണ്. ‘നീലവെളിച്ച’ത്തിന്റെ വിശേഷങ്ങളുമായി പൂജാ മോഹൻരാജ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

ആദ്യമായി സിനിമയിൽ മേക്കപ്പ് ചെയ്തു

‘നീലവെളിച്ച’ത്തിലെ എന്റെ കഥാപാത്രത്തിന്റെ പേര് ലത എന്നാണ്. ഭാർഗവിയുടെ കൂട്ടുകാരി ആണ് ലത. ഭാർഗവിക്ക് സുമ, ലത എന്നീ രണ്ടു കൂട്ടുകാരികളാണ് ഉള്ളത്. സിനിമയിൽ എന്റെ ഭാഗം വളരെ കുറച്ചേ ഉള്ളൂവെങ്കിലും നല്ല കഥാപാത്രമാണ്. ‘നീലവെളിച്ച’ത്തിന്റെ ഷൂട്ടിങ് നല്ല രസമായിരുന്നു. നമ്മൾ ഒരിക്കലും ധരിക്കാത്ത വസ്ത്രങ്ങളും ആഭരണങ്ങളും കണ്ണെഴുതലും മുടി കെട്ടലും സംസാരരീതിയുമൊക്കെയാണ്. ചെറിയൊരു സീൻ ആണെങ്കിൽ പോലും നമ്മുടെ മേക്കോവർ നന്നായി ചെയ്തിട്ടുണ്ട്. ഇതുവരെ ചെയ്ത സിനിമകളിൽ മേക്കപ്പ് പോലും ഇട്ടിട്ടില്ല. ഇതിലാണ് ആദ്യമായി സിനിമയ്ക്ക് വേണ്ടി മേക്കപ്പ് ഇട്ടത്. ഞാൻ ആദ്യമായാണ് ദാവണി ധരിക്കുന്നത്. അത് നല്ല രസമുള്ള അനുഭവമായിരുന്നു. പിന്നെ ടൊവിനോയോടൊപ്പം കുറച്ച് കോംബിനേഷൻ സീനുകൾ ഉണ്ടായിരുന്നു. അപ്പോഴത്തെ ഗെറ്റപ്പ് വ്യത്യസ്തമായിരുന്നു.

pooja-mohanraj-332

മലയാളികളുടെ മനസ്സ് തൊട്ട ബഷീർ

ഭാർഗവീനിലയം എന്ന സിനിമ ഒരുപാടുപേർക്ക് സ്‌പെഷലാണ്. പൊട്ടാത്ത പൊന്നിൻ എന്ന ഗാനം എന്റെ അമ്മയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഗാനമാണ്. നമ്മുടെ കുട്ടിക്കാലം മുതൽ ആരെങ്കിലുമൊക്കെ പറഞ്ഞു മനസ്സിൽ പതിഞ്ഞ കഥയാണ് ഭാർഗവിയുടേത്. ഈ പടവുമായി ബന്ധപ്പെട്ട പലതും നമ്മുടെ അബോധമനസ്സിൽ അറിയാതെ കയറിക്കൂടിയിട്ടുണ്ട്. അത്തരമൊരു പടത്തിന്റെ ഭാഗമാവുക എന്നത് സുഖമുള്ള കാര്യമാണ്. പിന്നെ മലയാളികളുടെ പ്രിയ കഥാകാരനായ ബഷീറിന്റെ കഥാപാത്രമാവുക, ബഷീർ എഴുതിയ ഒരു വാക്കെങ്കിലും പറയാൻ കഴിയുക ഇതൊക്കെ എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. ഈ സിനിമയുടെ ഭാഗമായത് വലിയ സന്തോഷമാണ്.

pooja-mohanraj-11

സിനിമയെ അടുത്തറിയാൻ കഴിഞ്ഞു

തലശേരിയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. മഴ കാരണം ഞങ്ങൾ ഷൂട്ടിങ് സ്ഥലത്ത് കുറെ ദിവസം പെട്ടുപോയിരുന്നു. ഞാൻ എല്ലാ ദിവസവും വൈകുന്നേരം ലൊക്കേഷനിൽ പോയി ഇരിക്കും. സിനിമയുടെ എല്ലാ ഡിപ്പാർട്മെന്റും വളരെയധികം സമന്വയിപ്പിച്ച് വർക്ക് ചെയ്യുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. കാലാവസ്ഥ പ്രതികൂലമായാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാലും ഇവരൊക്കെക്കൂടിയുള്ള ഒരുമ ആ സിനിമയുടെ പൂർണതയ്ക്ക് സഹായകമായത് നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്. ഇതെല്ലാം അടുത്തറിഞ്ഞു കാണാനും പലതും ചോദിച്ചു മനസ്സിലാക്കാനും കഴിഞ്ഞു. ഫുൾ സെറ്റിട്ടൊരു വീട്, മതില്‍, വഴികൾ, ഇതൊക്കെ കാണാനും അനുഭവിച്ചറിയാനും രസമായിരുന്നു. സിനിമയുടെ ലൈറ്റിങ് മാജിക്കൽ ആയിരുന്നു.

റിമ ഒരുപാട് കഴിവുള്ള അഭിനേത്രി

റിമ നല്ല ഫ്ലെക്സിബിൾ ആയിട്ടുള്ള അഭിനേതാവാണ്. നൃത്തത്തിന്റെ കാര്യമല്ല ഞാൻ ഉദ്ദേശിച്ചത്. പലതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള, പല ഭാവങ്ങൾ പെട്ടെന്നു മുഖത്തു മിന്നിമറയുന്ന, വളരെ കഴിവുള്ള നടിയായിട്ടാണ് തോന്നിട്ടുള്ളത്. മോഡേൺ ആയാലും നാടൻ വേഷങ്ങളായാലും ചെയ്യാൻ കഴിയുന്ന താരം. പണ്ടും റിമ കിട്ടുന്ന വേഷങ്ങൾ വളരെ വൃത്തിയായി ചെയ്തിട്ടുണ്ട്. റിമ സ്വന്തം ശരീരവും സൗന്ദര്യവും ഭംഗിയായി പരിപാലിച്ച് കൊണ്ടുപോകുന്നത് കണ്ടുപഠിക്കേണ്ട കാര്യമാണ്. കഠിനാധ്വാനി ആയ വ്യക്തിയാണ് റിമ. ഒരു സഹോദരിയെപ്പോലെ ആണ് സെറ്റിൽ റിമ പെരുമാറിയത്. റിമയുടെ പുതിയ അഭിമുഖങ്ങൾ കണ്ടിട്ട്, ഒടുവിൽ റിമയെ പ്രേക്ഷകർക്ക് മനസ്സിലാക്കിക്കൊടുക്കാൻ കഴിഞ്ഞല്ലോ എന്ന് ഞാൻ റിമയോട് പറഞ്ഞിരുന്നു. നല്ലൊരു സുഹൃത്താണ് റിമ.

pooja-mohanraj-3

ആഷിഖ് കൂൾ

ഒരു സമ്മർദവും ഇല്ലാതെ അഭിനയിക്കാൻ കഴിയുന്ന സെറ്റാണ് ആഷിഖിന്റേത്. കഥാപാത്രത്തെ നമുക്ക് ഇഷ്ടമുള്ള രീതിയിൽ ചെയ്തു ഫലിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിൽ എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ മാത്രമേ ആഷിഖ് ഇടപെടുകയുള്ളൂ. ഇഷ്ടപ്പെട്ടാൽ ഒരു ചിരിയോടെ അത് അംഗീകരിക്കും. നമ്മുടെ പെർഫോമനൻസ് കണ്ട് ആസ്വദിക്കുന്ന ആളുകൂടിയാണ് ആഷിഖ് അബു. ഒരു ടെൻഷനും ഇല്ലാതെ അഭിനയിച്ച സിനിമയാണ് ‘നീലവെളിച്ചം’.

‘രോമാഞ്ച’ത്തിന്റെ വിജയത്തിൽ സന്തോഷം

ചില സിനിമകൾ ചെയ്യുമ്പോൾത്തന്നെ അത് നമുക്ക് സന്തോഷം തരും. ‘നീലവെളിച്ചം’ അങ്ങനെയാണ്. കുറച്ചേ ഉള്ളൂവെങ്കിലും ആ സിനിമയുടെ ഓർമകൾ സന്തോഷം കൊണ്ടുവരും. ‘രോമാഞ്ച’ത്തിന്റെ സെറ്റിൽ ഒറ്റ ദിവസമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഒരു സീൻ ചെയ്തു കഴിയുമ്പോൾ നമുക്ക് ഉണ്ടാകുന്ന സംതൃപ്തി, അത് ‘രോമാഞ്ചം’ ചെയ്തപ്പോൾ ഉണ്ടായിരുന്നു. ആ കഥാപാത്രം ഒരുപാടു പേർ ശ്രദ്ധിച്ചു. ജിത്തു വളരെ കഴിവുള്ള സംവിധായകനാണ്. ഒരു നവാഗതൻ ആണെന്ന് തോന്നുകയില്ല. വളരെ വ്യക്തതയോടെയാണ് ഓരോന്നും പറഞ്ഞു തരുന്നത്. ഛായാഗ്രാഹകൻ സനു താഹിർ, സൗബിൻ ഷാഹിർ എല്ലാവരും നല്ല പിന്തുണയായിരുന്നു. നമ്മുടെ പ്രകടനം അവർക്കൊക്കെ ഇഷ്ടപ്പെട്ടു എന്നതരത്തിലുള്ള പെരുമാറ്റം കാണുമ്പോൾ സംതൃപ്തി തോന്നാറുണ്ട്. ‘രോമാഞ്ച’ത്തിന്റെ വിജയം പ്രതീക്ഷിച്ചതു തന്നെയാണ്.

pooja-mohanraj-33

തിയറ്റർ ആണ്

കുട്ടിക്കാലത്ത് അധികം സോഷ്യൽ അല്ലാത്ത ഒരു കുട്ടി ആയിരുന്നു ഞാൻ. ഒന്ന് ആക്റ്റീവ് ആകാൻ വേണ്ടിയാണ് അമ്മ എന്നെ ഡ്രാമ ക്ലാസ്സിൽ ചേർത്തത്. അങ്ങനെ നാടകം എന്റെ ജീവിതത്തിന്റെ ഭാഗമായി. ഞാൻ ഡൽഹിയിലാണ് പഠിച്ചത്. ഇക്കണോമിക്‌സിൽ ബിരുദം എടുത്തു. ഡൽഹിയിൽ എത്തിയപ്പോൾ നാടകത്തിലേക്ക് കൂടുതൽ മുഴുകാൻ കഴിഞ്ഞു. ഒരു വ്യക്തി എന്ന നിലയിൽ എന്നെ രൂപപ്പെടുത്താൻ നാടകം ഒരുപാട് സഹായിച്ചു. അധികം സംസാരിക്കാത്ത ഒരു ആളായിരുന്നു ഞാൻ. ഇപ്പൊ ഒരു വർക്ക്‌ സ്‌പേസിൽ നിൽക്കുമ്പോൾ ആളുകളുമായി ഇടപഴകാൻ പറ്റുന്നത് നാടകത്തിൽനിന്നു കിട്ടിയ എക്സ്പോഷർ കൊണ്ടാണ്. തൃശൂർ ഡ്രാമ സ്കൂളിലാണ് പോസ്റ്റ്‌ ഗ്രാജുവേഷൻ ചെയ്തത്.

pooja-mohanraj-1


സിംഗപ്പൂരിലെ ഇന്റർനാഷനൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് വർഷത്തെ പ്യുവർ ആക്ടിങ് പ്രോഗ്രാം പഠിച്ചു. അവിടെ തിയറിയില്ല ഫുൾ പ്രാക്ടീസ്. ട്രഡീഷനൽ, കണ്ടെംപററി, വെസ്റ്റേൺ ടെക്‌നിക്കുകൾ പഠിച്ചു. മൂന്നുവർഷം മുഴുവൻ ഒരു ഗുരുകുലത്തിൽ പോയി അഭിനയം മാത്രം പഠിച്ചത് പോലെയുള്ള അവസ്ഥയായിരുന്നു. അതുകഴിഞ്ഞ് തിരിച്ചു വന്നപ്പോഴേക്കും കൊറോണ വ്യാപനമായി. തിയറ്റർ സംബന്ധമായി ഒന്നും സംഭവിക്കുന്നില്ല. ആ സമയത്താണ് സിനിമയിലേക്ക് ചുവട് വച്ചത്. പഠിപ്പിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് ആക്ടിങ് വർക്ക് ഷോപ്പ് ഒക്കെ ചെയ്യാറുണ്ട്. അഭിനയത്തിൽ ഗവേഷണം ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. ഇപ്പൊ സിനിമകൾ വരുന്നതുകൊണ്ട് ഇങ്ങനെ തന്നെ തുടരാനാണ് തീരുമാനം. ഭാവിയിൽ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് അറിയില്ല. ഞാൻ ചെയ്തിട്ടുള്ള ഓരോ വേഷങ്ങൾ കണ്ടിട്ടാണ് അടുത്ത സിനിമയിലേക്ക് വിളി വരുന്നത്. നല്ല സിനിമകളിൽ നല്ല ക്രൂവുമായി വർക്ക്‌ ചെയ്യാൻ കഴിഞ്ഞു എന്നത് വലിയ കാര്യം.

നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു

വൺ, കോൾഡ് കേസ്, ഫ്രീഡം ഫൈറ്റ്, രോമാഞ്ചം, ഇരട്ട, പുരുഷ പ്രേതം, നീലവെളിച്ചം തുടങ്ങി നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. ഫ്രീഡം ഫൈറ്റ് ആണ് എന്നെ ആളുകൾ കൂടുതൽ ശ്രദ്ധിച്ച സിനിമ. അത് കണ്ടിട്ടാണ് പല സിനിമകളിലേക്കും വിളിച്ചത്. സിനിമയിൽ ഉടനീളം ഉള്ള വർക്ക്‌ അധികം കിട്ടിയിട്ടില്ല. കോൾഡ് കേസിലും ഇരട്ടയിലും സിനിമയിൽ ഒരുപാടിടത്ത് വരുന്ന പൊലീസുകാരി ആണ്. ഇനി ഇറങ്ങാനുള്ളത് കാതൽ ആണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലും ഒരു കുഞ്ഞു വേഷം ചെയ്തിട്ടുണ്ട്. മറ്റൊരു പടം വരുന്നുണ്ട്. ഫഹദ് ഫാസിൽ ആണ് നായകൻ. പടം പ്രഖ്യാപിച്ചിട്ടില്ല അതുകൊണ്ട് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. രണ്ട് വെബ് സരീസ് ചെയ്യുന്നുണ്ട്. കുറച്ചുകൂടി പെർഫോം ചെയ്യാൻ കഴിയുന്ന, കഴിവ് തെളിയിക്കാൻ കഴിയുന്ന വേഷങ്ങൾ ചെയ്യാൻ കഴിയണം എന്നാണ് ആഗ്രഹം. രാധിക ആപ്തെ, തിലോത്തമ ഷോമേ തുടങ്ങിയ താരങ്ങൾ ചെയ്യുന്ന വേഷങ്ങളൊക്കെ ഒരുപാട് ഇഷ്ടമാണ്. എന്ത് തരം കഥാപാത്രങ്ങൾ കിട്ടിയാലും ചെയ്തു ഫലിപ്പിക്കാൻ കഴിയും എന്ന് വിശ്വാസമുണ്ട്. ചെയ്ത പടങ്ങളെല്ലാം നല്ല സിനിമകൾ ആയിരുന്നു എന്നൊരു ഭാഗ്യമുണ്ട്. അതുകൊണ്ട് ഇപ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com