ADVERTISEMENT

ഒരു വലിയ സ്വപ്ന സാക്ഷാൽക്കാരത്തിനു മുന്നിൽ ആണ് ജൂഡ് ആന്തണി എന്ന സംവിധായകൻ. സ്വപ്നം മാത്രമല്ല കേരളം ജനതയോടുള്ള ഉത്തരവാദിത്തം കൂടിയാണ് ജൂഡിന് അത്. 2018 ഓഗസ്റ്റിൽ കേരളത്തെയൊന്നാകെ വിഴുങ്ങാൻ പാകത്തിനെത്തിയ പ്രളയം മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ദുരന്തമാണ് വിതച്ചത്. പ്രളയബാധിതരല്ലാത്ത മനുഷ്യർ കേരളത്തിൽ കുറവാണ്. സംവിധായകൻ ജൂഡ് ആന്തണി ജോസഫിനും കണ്ണിൽ നേരിട്ട് കണ്ട പ്രളയവും പിന്നീടുണ്ടായ പ്രളയ ഭീതിയും ഒരു നടുക്കമായി മനസ്സിൽ കുരുങ്ങി കിടക്കുന്നു. ദുരന്തത്തിന്റെ കഥകൾ കേട്ടുകേട്ട് ഏതോ ഘട്ടത്തിൽ ജൂഡിന്റെ മനസ്സിലെ സംവിധായകനുണർന്നു. കേരളം അതിജീവിച്ച മഹാദുരന്തത്തെ അഭ്രപാളിയിലാക്കണം എന്നതായിരുന്നു ജൂഡ് പിന്നീട് കണ്ട സ്വപ്നം.  2018 ലെ പ്രളയം സിനിമയായി പിറക്കാൻ പിന്നെയും അനവധി ദുരന്തങ്ങൾ അതിജീവിക്കേണ്ടി വന്നെന്ന് ജൂഡ് പറയുന്നു. ഒടുവിൽ, ചാർട്ട് ചെയ്തതിലും മുൻപേ പാക്കപ്പ്  ചെയ്ത ചിത്രം തിയറ്ററിൽ എത്തുമ്പോൾ നന്ദി പറയാൻ ഒരു ജനാവലി തന്നെ ജൂഡിനു മുന്നിലുണ്ട്. മൂന്നര വർഷത്തോളം ഒരു സ്വപ്നത്തിനു പിന്നാലെ ഊർജവും സമയവും ചെലവഴിച്ച് ഒടുവിൽ സ്വപ്നസാക്ഷാത്കാരത്തിന്റെ അന്ത്യത്തിലെത്തി നിൽക്കുമ്പോൾ ജൂഡ് എന്ന സംവിധായകന് ഒന്നേ പറയാനുള്ളു. “ആളുകൾ നിങ്ങളോട് എന്ത് പറഞ്ഞാലും, എങ്ങനെയായാലും, നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക, ഈ പ്രപഞ്ചം മുഴുവൻ അത് സാധ്യമാക്കാൻ നിങ്ങളുടെ കുടെയുണ്ടാകും’’. ജൂഡ് സംസാരിക്കുന്നു.

 

പ്രേക്ഷകരുടെ പിന്തുണയാണ് ഇനി വേണ്ടത് 

 

2018 ഒക്ടോബർ 16 നു ആണ് ഞാൻ ഈ സിനിമ അനൗൺൻസ് ചെയ്യുന്നത്. അതിനു ശേഷം ഒരുപാടു കടമ്പകളിൽ കൂടി കടന്നുപോയി ഒരുപാടു പ്രാവശ്യം സിനിമ വേണ്ടെന്നു വച്ചു, കോവിഡ് വന്നു, ആർടിസ്റ്റുകളുടെ തീയതി മാറി. എന്നിട്ടും ആന്റോ ചേട്ടനും വേണു സാറും ഇതിൽ വരികയും എന്നെയും എന്റെ ടീമിനെയും  വിശ്വസിച്ച് സിനിമ ചെയ്യാൻ തയാറാവുകയും ചെയ്തു. 2018 ൽ ഞാൻ കണ്ട സ്വപ്നം നാളെ സാക്ഷാൽക്കരിക്കുകയാണ്. വർക്ക് എല്ലാം കഴിഞ്ഞു, കഠിനാധ്വാനത്തിന്റെ ഫലം സ്‌ക്രീനിൽ കാണാനുണ്ട്.  ഒരു വലിയ യാത്രയുടെ അവസാന ലാപ്പിൽ നിൽക്കുകയാണ്. ഫിനിഷിങ് പോയിന്റ് കാണുന്നതിന്റെ സന്തോഷമുണ്ട്.  അത് വല്ലാത്തൊരു ഫീൽ ആണ്. കേരളം മുഴുവൻ അനുഭവിച്ച ഒരു ദുരന്തം വീണ്ടും നിങ്ങളുടെ മുന്നിൽ തിരശീലയിൽ എത്തുമ്പോൾ നിങ്ങൾ ഓരോരുത്തർക്കും അനുഭവപ്പെടുന്നത് എന്താണെന്ന് എനിക്ക് ഇപ്പോൾ ഊഹിക്കാൻ കഴിയുന്നില്ല.  ഒരുപാടു പേർക്ക് റിലേറ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു. പ്രിയപ്പെട്ട പ്രേക്ഷകരെകൊല്ലം സിനിമ കാണണം അഭിപ്രായങ്ങൾ അറിയിക്കണം.

 

കേരള ചരിത്രത്തെ രണ്ടായി പകുത്ത ദുരന്തം

 

jude-2018-movie

എനിക്ക് എന്റെ ജീവിതത്തെപ്പറ്റി, 2018 നു മുൻപും പിൻപും എന്നു പറയാൻ പറ്റും. എനിക്ക് തോന്നുന്നത് കേരളത്തിലെ മിക്ക ആളുകൾക്കും അങ്ങനെ പറയാൻ പറ്റുമെന്നാണ്. 2018നു മുൻപ് നമുക്ക് ജീവിതത്തിൽ ചെറിയ പരാതികൾ മാത്രമേ ഉള്ളൂ. രാഷ്ട്രീയമായ ചേരിതിരിവോ റോഡിലെ കുഴിയോ ടാറിടാത്തതോ അങ്ങനെ വളരെ നോർമൽ ആയ പ്രശ്നങ്ങൾ മാത്രം. മഴ ഉണ്ടെങ്കിലും പുഴ കര കവിഞ്ഞ അതിനടുത്തു താമസിക്കുന്നവർക്ക് മാത്രം ബുദ്ധിമുട്ട് വരുന്നതായി കണ്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ അപ്പാടെ വിഴുങ്ങാൻ പാകത്തിനൊരു പ്രളയമൊന്നും നമ്മുടെ വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നതല്ല. ആ സമയത്ത് ഞാൻ ഒരു പാനലിൽ ഡാൻസ് റിയാലിറ്റി ഷോയിലെ ജഡ്ജ് ആണ്. റൂമിൽ എത്തിയപ്പോൾ ടിവിയിൽ വെള്ളപ്പൊക്കത്തിന്റെ വാർത്തകൾ കണ്ടു തുടങ്ങി. മരം കടപുഴകി വീഴുന്നു. വെള്ളം കുത്തിയൊഴുകുന്നു, ഇടുക്കി ഡാം തുറക്കുമെന്നുള്ള വാർത്തകൾ വരുന്നു. കഷ്ടമായിപ്പോയല്ലോ എന്നു തോന്നി.

പുതിയ സിനിമയുടെ ലൊക്കേഷനിൽ ജൂഡും മറ്റ് അണിയറ പ്രവർത്തകരും
പുതിയ സിനിമയുടെ ലൊക്കേഷനിൽ ജൂഡും മറ്റ് അണിയറ പ്രവർത്തകരും

 

ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലെത്തി. പെങ്ങളുടെ പുതിയ കാറ് ഡെലിവറി എടുത്ത് അവളുടെ വീട്ടിൽ കൊണ്ടിട്ടിട്ടു വന്നു. കുറച്ചു കഴിഞ്ഞപ്പോൾ വീടിനു പിന്നിൽ വെള്ളം വന്നേക്കുമെന്നു കേൾക്കുന്നു. എന്നാൽ പോലും ചെറുതായി വെള്ളം അതുവഴി പോകും എന്ന കരുതിയുള്ളൂ. പക്ഷേ പിന്നീടങ്ങോട്ട് മൂന്നുനാലു ദിവസം ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത, ഓർക്കുമ്പോൾ ഞെട്ടി വിറയ്ക്കുന്ന ദുരന്തത്തിനാണ് സാക്ഷ്യംവഹിക്കാൻ പോകുന്നതെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല .  നമ്മുടെ വേണ്ടപ്പെട്ടവരെ എന്നാ സ്ഥിതിയെന്ന് വിളിച്ചു ചോദിക്കാനുള്ള ഗ്യാപ്പ് പോലും കിട്ടിയില്ല. എങ്ങനെയെങ്കിലും കയ്യിൽ കിട്ടിയതുമായി രക്ഷപ്പെട്ടു പോകണം എന്നുമാത്രമായിരുന്നു ചിന്ത. ആ സമയത്ത് ടിവി, പത്രം ഒന്നും നോക്കാൻ പറ്റുന്നില്ല, എങ്ങനെയെങ്കിലും വീട്ടുകാരെ രക്ഷപ്പെടുത്തണം എന്നു മാത്രമേ മനസ്സിലുള്ളൂ. പിന്നീടുണ്ടായതെല്ലാം ഞാൻ വിസ്തരിച്ചു പറയേണ്ട കാര്യമില്ലല്ലോ. കേരളത്തിലെ ജനങ്ങൾ മുഴുവൻ ഒരു ദുരന്തത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു.

2018-movie1

 

പ്രളയം സിനിമയാകുന്നു

 

എല്ലാം കഴിഞ്ഞു കുറെ നാൾ കഴിഞ്ഞപ്പോൾ ബോധിനി എന്ന സംഘടന എന്നെ സമീപിച്ചു. സെക്‌ഷ്വൽ ഹരാസ്‌മെന്റിന് എതിരെ ഞാൻ അവർക്കു വേണ്ടി നിവിൻ പോളിയെ വച്ച് ഒരു വിഡിയോ ചെയ്തിട്ടുണ്ടായിരുന്നു. അവർ ചോദിച്ചു വെള്ളപ്പൊക്കത്തിന്റെ കഥ പറഞ്ഞുകൊണ്ട് ഒരു ചെറിയ ഇൻസ്പിരേഷൻ വിഡിയോ ചെയ്യാമോ എന്ന്. നോക്കാമെന്നു ഞാനും പറഞ്ഞു. അങ്ങനെ പത്രങ്ങൾ തപ്പിയെടുത്ത് വായിച്ചു തുടങ്ങി. അപ്പോഴാണ് ഒരു ചെറിയ വിഡിയോയിലല്ല, ഒരു സിനിമയിൽ പോലും കാണിച്ചാൽ തീരാത്തത്ര നന്മയുടെ കഥ കൂടി അതിനു പറയാനുണ്ട് എന്ന് മനസ്സിലായത്. ഇത് സിനിമയാക്കണം എന്നായി പിന്നീട് ചിന്ത, കഥ കേട്ട പലരും നെറ്റി ചുളിച്ചു. ഒരുപാട് പേരോട് അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പിഷാരടി എന്നോട് പറഞ്ഞു, മമ്മൂക്കയും പിഷാരടിയും ഒരുപാട് ദുരിതാശ്വാസ ക്യാംപുകളിൽ സന്ദർശിച്ച് അവിടെയുള്ളവർക്ക് വേണ്ടത് ചെയ്തുകൊടുത്തിട്ടുണ്ട് എന്ന്. അങ്ങനെ എല്ലാവരും ജാതിയും മതവും പ്രായവും ഒന്നും നോക്കാതെ അന്യോന്യം സഹായിച്ച നാളുകളായിരുന്നു അത്. 

jude-anthany-latest

 

ആലോചിച്ചു വന്നപ്പോൾ ഇതെങ്ങനെ ഒരു സിനിമയാക്കി മാറ്റും എന്ന് തോന്നി. ഞാൻ ഈ വിഷയവുമായി ഒരുപാടുപേരെ സമീപിച്ചു. ഒരുപാടു പേരോട് ചർച്ചകൾ നടത്തി. ആന്‍റോ ചേട്ടന്‍ എന്ന വലിയ മനുഷ്യന്‍ കൂടെ കട്ടയ്ക്കു നിന്നു. ഈ കഥ ആരോടൊക്കെ പറഞ്ഞിട്ടുണ്ടോ അവരെല്ലാം, ഇവനെന്താ ഈ പറയുന്നത് ഇതൊക്കെ നടക്കുമോ എന്ന പ്രതികരണം ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഇവൻ ഇത് വിട്ടുകാണും എന്നാണ് എല്ലാവരും ധരിച്ചത്. പക്ഷേ കുഞ്ഞിലേ മുതൽ, ആരെങ്കിലും ചെയ്യരുത് എന്ന് പറഞ്ഞാൽ അതു ചെയ്തു നോക്കുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. ഒടുവിൽ ആർട്ട് ഡയറക്ടർ മോഹൻദാസ് ചേട്ടനും ഞാനും മാത്രമായി. പുള്ളി എന്നോടു പറഞ്ഞു: ‘‘ചെയ്യുവാനെങ്കിൽ വൃത്തിയായി ചെയ്യണം. ഇല്ലെങ്കിൽ ഇതിന് ഇറങ്ങിത്തിരിക്കരുത്, ഇത് മോശമായാൽ പിന്നെ നിനക്ക് ഒരു പടം പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയാകും’’. അതിനിടെ കഷ്ടകാലം പോലെ കോവിഡ് വന്നു. അതോടെ ഈ സിനിമ ചെയ്യാനേ പറ്റില്ല എന്ന സ്ഥിതിയായി. ഒരുപാട് ആളുകൾ അണിനിരക്കേണ്ട പടമാണ്. അപ്പോഴാണ് വീടിനു വെളിയിൽ പോലും ഇറങ്ങാൻ പറ്റില്ല എന്ന സ്ഥിതി വന്നത്. 

 

jude-chakochan

ഈ സിനിമ ഒരിക്കലും നടക്കില്ല എന്ന് എനിക്കു തോന്നി. ആന്റോ ചേട്ടൻ എന്നോട് പറഞ്ഞു, ‘‘എടാ ഇതിനു പകരം അഞ്ചു സിനിമകൾ നമുക്ക് ചെയ്യാം. നീ കഥകൾ കൊണ്ടുവാ’’.  ഞാൻ പറഞ്ഞു, ‘‘ചേട്ടാ എനിക്കിത് മറക്കാൻ പറ്റുന്നില്ല. നമുക്ക് ഇത് തന്നെ ചെയ്യണം.’’ അപ്പോഴേക്കും ഈ സിനിമയ്ക്ക് വേണ്ടി ഞാൻ ഒരുപാട് എഫർട്ട് എടുത്തു കഴിഞ്ഞിരുന്നു. പ്രീപ്രൊഡക്‌ഷനു വേണ്ടിത്തന്നെ ഒരു മൂന്നുകൊല്ലം പോയിരുന്നു.  അതങ്ങനെ വിട്ടുകളയാൻ എനിക്ക് മനസ്സില്ല. അങ്ങനെയിരിക്കുമ്പോൾ വേണു കുന്നപ്പള്ളി ചേട്ടൻ വരുന്നു, കഥ കേൾക്കുന്നു. അദ്ദേഹം പറഞ്ഞു: ‘‘ഇതെങ്ങനെ സാധ്യമാക്കുമെന്ന് എനിക്കറിയില്ല. എന്നാലും നിന്റെ ആത്മവിശ്വാസത്തോടൊപ്പം ഞാൻ നിൽക്കാം.’’ എന്നാലും ഈ സിനിമ ചെയ്യുക പ്രാക്ടിക്കലി ഭയങ്കര പാടായിരുന്നു. സിനിമ ചെയ്തു തീർത്തു തിരിഞ്ഞു നോക്കുമ്പോൾ ഇതെങ്ങനെ ചെയ്‌തെന്ന് എനിക്ക് അതിശയമാണ്. ഒരു ശക്തി എന്റെ കൂടെ നിന്ന് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചു എന്നാണു തോന്നുന്നത്.  

 

2018-movie4
നിർമാതാവ് വേണു കുന്നപ്പള്ളിക്കൊപ്പം ജൂഡ് ആന്തണി

ആന്റോ ജോസഫ് എന്ന വ്യക്തിയുടെ പ്രേരണയിലാണ് ഈ സിനിമയിൽ സഹകരിക്കാൻ എല്ലാവരും വന്നത്. എന്നോടുള്ള വിശ്വാസം കൊണ്ടൊന്നുമല്ല. ആന്റോ ചേട്ടൻ പറഞ്ഞവരോടെല്ലാം ഞാൻ പോയി കഥ പറഞ്ഞു. 2018 ലെ വെള്ളപ്പൊക്കമാണെന്നു പറഞ്ഞപ്പോൾത്തന്നെ അവർക്കെല്ലാം ചെയ്യാൻ താല്പര്യമായിരുന്നു. ഇതൊരു മൾട്ടിസ്റ്റാർ പടമാക്കണം എന്ന ആഗ്രഹം കൊണ്ട് ചെയ്യുന്നതല്ല. സിനിമയിൽ തന്നെ 125 ഓളം കഥാപാത്രങ്ങളുണ്ട് അവർക്കെല്ലാം തുല്യമായ സ്ഥാനമാണ്. പടം തുടങ്ങുന്നത് ചാക്കോച്ചനെ വച്ചിട്ടാണ്. അദ്ദേഹത്തിന്റെ കഥാപാത്രം പിന്നീട് വരുന്നത് സീൻ 34 ലാണ്. അതായത് 25 മിനിറ്റ് കഴിഞ്ഞ് പിന്നെ അദ്ദേഹം വരുന്നത് ഇന്റർവലിനടുത്താണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും അറിയുന്ന സ്റ്റാറുകളെ വച്ച് ചെയ്തില്ലെങ്കിൽ ഈ ആളുകളൊക്കെ ആരെന്നു പ്രേക്ഷകർക്ക് മനസ്സിലാകില്ല. കാരണം ഒരുപാടു കഥാപാത്രങ്ങളുണ്ട്. അത് ഒന്നോരണ്ടോ കുടുംബത്തിന്റെ കഥയാക്കി മാറ്റാൻ പറ്റില്ല. അങ്ങനെയായാൽ അത് കേരളത്തിന്റെ പടമാകില്ല. അതുകൊണ്ടു വലിയ സ്കെയിലിൽത്തന്നെ പിടിക്കാമെന്നായിരുന്നു പ്ലാൻ. എന്തുകൊണ്ടോ ആർട്ടിസ്റ്റുകൾക്കെല്ലാം ഈ പടം ചെയ്യാൻ ഒരു പ്രത്യേക ഊർജമായിരുന്നു. ഒരു പ്രശ്നം വരുമ്പോൾ എല്ലാവരും ഒരുമിച്ചു നിൽക്കുന്ന സ്വഭാവം മലയാളികൾക്കുണ്ട്, അത് ഞാൻ ഇവിടെയും കണ്ടു.

 

എല്ലാം യഥാർഥ ജീവിതങ്ങൾ 

 

ഞാൻ ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ച് പലരുമായും സംസാരിച്ചു. ആദ്യം പോയത് കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ അടുത്താണ്. അവരുടെ അനുഭവങ്ങൾ, അവർക്ക് എന്തുകൊണ്ടാണ് സന്നധപ്രവർത്തനത്തിന് ഇറങ്ങാൻ തോന്നിയത് എല്ലാം ചോദിച്ചു. അവർ ആദ്യം പോയത് ചെങ്ങന്നൂർ ഭാഗത്തുള്ള ഒരു സ്ഥലത്താണ്. അവിടെ ഒരു സ്കൂളിൽ ഒരു ബോട്ട് സ്മാരകമായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും അനുഭവങ്ങൾ പങ്കുവയ്ക്കണം എന്നൊരു പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ പതിനായിരത്തിൽ കൂടുതൽ മെസേജുകൾ എനിക്ക് വന്നു. അതെല്ലാം വായിച്ച് അതിൽ നിന്ന് ഇമോഷനൽ ആയ കഥകൾ എടുത്ത് ഫിക്‌ഷനാക്കി. കഥ ഉണ്ടാക്കേണ്ടി വന്നില്ല, എല്ലാം യഥാർഥ കഥകളെ സിനിമാറ്റിക് ആക്കിയതാണ്.

 

പ്രതിസന്ധികൾ തീരുന്നില്ല 

 

ചിത്രീകരണം നടക്കുമ്പോൾ ഒരുപാട് പ്രതിബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറെ വിഷമിച്ച ഒരു കാര്യം രാവിലെ ഷൂട്ടിങ് കഴിഞ്ഞു ബ്രേക്ഫാസ്റ്റ് കഴിഞ്ഞിരിക്കുമ്പോൾ ഒരാളെ എടുത്തുകൊണ്ടു കുറേപേർ ഓടുന്നത് കണ്ടു. വിവരം തിരക്കിയപ്പോൾ അതുവരെ അഭിനയിച്ചുകൊണ്ടിരുന്ന ഒരാൾ ഒന്ന് കുഴഞ്ഞു വീണതാണ്. അയാളെ ആശുപ്രതിയിൽ കൊണ്ടുപോയതാണ്. പക്ഷേ അഞ്ചു മിനിറ്റ് കഴിഞ്ഞു കിട്ടിയ വാർത്ത അദ്ദേഹം മരിച്ചു എന്നാണ്. അത് വലിയ ഞെട്ടലുണ്ടാക്കി. നമ്മുടെ മുന്നിൽ അഭിനയിച്ചുകൊണ്ടു നിന്ന ആൾ പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ ഇല്ല എന്നത് വല്ലാത്ത ഷോക്ക് ആയിരുന്നു. അദ്ദേഹത്തിന് ബാക്കി സീനുകൾ ചെയ്യാൻ ഉണ്ടായിരുന്നു. വേണമെങ്കിൽ ആ സീനുകൾ കളഞ്ഞു വേറെ ആളെക്കൊണ്ട് ചെയ്യിക്കാമായിരുന്നു പക്ഷേ അദ്ദേഹം അവസാനമായി അഭിനയിച്ചത് കളയാൻ തോന്നിയില്ല. അത് അങ്ങനെ തന്നെ നിലനിർത്തികൊണ്ട് കഥ മാറ്റി.

 

സിനിമയ്ക്കായി ഉണ്ടാക്കിയ ടാങ്ക് പൊട്ടി ഒരുപാട് വെള്ളം ഒലിച്ചു പോയ സംഭവമുണ്ടായി. അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ആസിഫ് സിനിമയിൽ ജോയിൻ ചെയ്ത ദിവസം തന്നെ അവനു ന്യൂമോണിയ ബാധിച്ചു. അങ്ങനെ ബ്രേക്ക് എടുക്കേണ്ടി വന്നു. പലർക്കും കോവിഡ് ബാധിച്ചു. ഉച്ചത്തിൽ സംസാരിച്ച് എന്റെ ശബ്ദം ഒരാഴ്ചയോളം ഇല്ലാതെയായി ബ്രേക് എടുക്കേണ്ടി വന്നു. അങ്ങനെ മൊത്തത്തിൽ സംഭവബഹുലമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഇപ്പോൾ ഓർക്കുമ്പോൾ സിംപിൾ ആയി തോന്നുമെങ്കിലും അന്ന് അങ്ങനെ അല്ലായിരുന്നു. ഇത്രയും പ്രതിബന്ധങ്ങൾ തരണം ചെയ്ത് പ്ലാൻ ചെയ്ത ദിവസങ്ങൾക്ക് മുൻപ് ചിത്രം തീർത്തത് ഇപ്പോഴും എനിക്ക് അദ്ഭുതമാണ്. എത്ര ദിവസമായി എന്ന് ഞാൻ ഇടയ്ക്കിടെ ചോദിക്കും, അപ്പോൾ എഡി (അസോഷ്യേറ്റ്) പറയും ചേട്ടാ ഇത്ര ദിവസമായി. നൂറ്റിരണ്ടു ദിവസം കൊണ്ട് ചിത്രം തീർത്തതെങ്ങനെ എന്ന് ഇപ്പോഴും എനിക്ക് അറിയില്ല.

 

കേരളമാകെ സഞ്ചരിച്ച പടം

 

മെയിൻ ലൊക്കേഷൻ വൈക്കത്ത് മറവന്തുരുത്തിൽ പന്ത്രണ്ട് ഏക്കർ ലീസിനെടുത്ത് സെറ്റിട്ടതാണ്. അതുകൂടാതെ കോട്ടയം, തൊടുപുഴ, പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, ആലുവ, തൃശൂർ അങ്ങനെ കേരളത്തിലെ പല സ്ഥലത്തും ഷൂട്ട് ചെയ്തു.  

 

താരങ്ങളോട് നന്ദി പറയാതെ വയ്യ 

 

2018 എന്ന ചിത്രത്തിന് വേണ്ടി എന്നോടൊപ്പം പ്രവർത്തിച്ച ആർട്ടിസ്റ്റുകളോട് നന്ദി പറയാതിരിക്കാൻ കഴിയില്ല. എടുത്തു പറയേണ്ടത് സീനിയർ ആയ ചില താരങ്ങളെപ്പറ്റിയാണ്. സിദ്ദീഖഅ സർ, ലാൽ സർ, ബിന്ദു പണിക്കർ, ഇന്ദ്രൻസ് ഏട്ടൻ, ജാഫർ ഇടുക്കി, സാലു കൂറ്റനാട്ഡ്, തട്ടിം മുട്ടിമിലെ ജയകുമാറേട്ടൻ, ശ്രീകുമാർ എന്നുവേണ്ട എനിക്ക് പ്രിയപ്പെട്ട ഒരുപാടുപേര് ഈ സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. പേരെടുത്തു പറയാനാണെങ്കിൽ തീരില്ല. ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ ഒരു സീനിൽ 53 ആർട്ടിസ്റ്റുകൾ അവിടെ ഉണ്ടായിരുന്നു. അന്ന് ശരിക്കും എന്റെ കിളി പോയി. ഈ 53 പേർക്കും സീൻ പറഞ്ഞു കൊടുക്കണം. പലരെയും ആദ്യമായി കാണുകയാണ്. ഞാൻ അവരോടു പോയി ‘ചേട്ടാ നമസ്കാരം ഞാൻ ആണ് ജൂഡ്’ എന്ന് പറയും അവർ പറയും, ആ അറിയാം അറിയാം. അത് കഴിഞ്ഞ് അടുത്ത ആളിനോട് പറയുന്നു, മിക്കവാറും സീനിയർ ആയ ആളുകൾ. ഒരാൾക്ക് പറഞ്ഞു കൊടുത്തിട്ട് അടുത്ത ആളെ വിട്ടാൽ ഇവൻ എന്നോട് പറഞ്ഞില്ലല്ലോ എന്ന് തോന്നിയാലോ. അങ്ങനെ അന്ന് വല്ലാതെ ബുദ്ധിമുട്ടി. ആർട്ടിസ്റ്റുകൾ എല്ലാം നല്ല സഹകരണമായിരുന്നു. പ്രൊപ്പെല്ലറിന്റെ കാറ്റൊക്കെ അടിച്ച് പലർക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒരാൾ എന്നോട് ചോദിച്ചത് ഇതൊരു അമ്മ മീറ്റിങ്ങിനുള്ള താരങ്ങൾ ഉണ്ടല്ലോ എന്നാണ്. എനിക്ക് പേര് അറിയാവുന്ന 125 ഓളം താരങ്ങൾ ഉണ്ടായിരുന്നു. ജാഫർ ഇടുക്കി പോലെ ഒരു താരമൊക്കെ അധികം സീനുകൾ ഇല്ലെങ്കിലും കഥാപാത്രം ഇഷ്ടപ്പെട്ടതുകൊണ്ടു വന്നു ചെയ്തതാണ്. ആരും ഒരു പരാതിയും പറഞ്ഞിട്ടില്ല. എല്ലാവർക്കും തുല്യസ്ഥാനം കിട്ടി എന്നതാണ് പറയേണ്ടത്.

 

ശക്തിയും ധൈര്യവും നിർമാതാക്കൾ 

 

ഇങ്ങനെയൊരു പടം ചെയ്തതെങ്ങനെ എന്ന് ആരും വിശ്വസിക്കില്ല. ഞാൻ ആ സമയത്ത് അന്വേഷിച്ചപ്പോൾ പ്രളയത്തിന്റെ കഥ പറയുന്ന ലോക സിനിമകളുടെ ബജറ്റ്‌ 600 കോടി ഒക്കെയാണ്. അത്രയും പണി ഉണ്ട്. അത്രയ്ക്ക് പണം മുടക്കി ഒരു മലയാള സിനിമ ചെയ്യുക നടപ്പല്ല. നമ്മുടെ കയ്യിലൊതുങ്ങുന്ന ഒരു മലയാള സിനിമ ചെയ്യുന്നതെങ്ങനെ എന്നൊരു പ്ലാൻ ഉണ്ടാക്കുകയും അതിനെ വിശ്വസിച്ച് ഒരാൾ വരുകയും ചെയ്യുക എന്നത് വലിയ കാര്യമാണ്. പടം ചെയ്തു നോക്കാമെന്നേ ഉള്ളൂ വിജയിക്കുക എന്നത് ഞാണിന്മേൽ കളി ആണ്. ഒരു ടാങ്ക് ഉണ്ടാക്കി, നിസാര ടാങ്കല്ല, ഒന്നരയേക്കറിൽ നിറഞ്ഞു നിൽക്കുന്ന ടാങ്ക്. അതിൽ വെള്ളം നിറച്ച് അത് പൊട്ടുമോ എന്ന പേടിയിൽ ആണ് ഓരോ നിമിഷവും നിൽക്കുന്നത്. രാത്രി ആണ് മിക്കപ്പോഴും ഷൂട്ട്. പാമ്പുള്ള സ്ഥലമാണ്, ചില സമയത്ത് നമ്മുടെ കാലിനടിയിൽ കൂടി പാമ്പ് ഇഴഞ്ഞു പോകും എന്നിട്ടും ആരും പേടിക്കാതെ നിൽക്കുക , ആർക്കും അപകടമൊന്നും ഉണ്ടാകാതെ ചിത്രം തീർക്കുക എന്നൊക്കെ പറഞ്ഞാൽ ദൈവാനുഗ്രഹം എന്നേ പറയാൻ പറ്റൂ. ഞങ്ങൾ ചാർട്ട് ചെയ്തതിനേക്കാൾ വേഗത്തിൽ ഷൂട്ടിങ് പൂർത്തിയാക്കാൻ കഴിഞ്ഞത് എല്ലാവരും ഉത്സാഹിച്ചു പണിയെടുത്തതുകൊണ്ടാണ്. ഇനിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com