ADVERTISEMENT

ഏറെ പ്രതിസന്ധികൾ നേരിട്ട് ആദ്യചിത്രം തിയറ്ററിലെത്തുമ്പോൾ, റിലീസിന്റെ തലേദിവസം സംവിധായകൻ നന്നായി ടെൻഷനടിക്കേണ്ടതാണ്. പക്ഷേ അഖിൽ സത്യന് അങ്ങനെ ടെൻഷനടിക്കേണ്ടി വന്നില്ല. അതിന്റെ കാരണം, അഖിലിന്റെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ‌ ഇങ്ങനെയാണ്– ‘‘അനാവശ്യമായി എളിമ കാണിച്ച് വെറുതെ പണി വാങ്ങിച്ചതുകൊണ്ട് സിനിമയുടെ റിലീസ് ഓർത്ത് ടെൻഷനടിക്കാൻ സമയം കിട്ടിയില്ല.’’ റിലീസിനു ശേഷവും അഖിലിന് ടെൻഷനടിക്കേണ്ടി വന്നില്ല. കാരണം ‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന സിനിമ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ആദ്യവാരം പിന്നിടുമ്പോൾ പലയിടങ്ങളിലും സിനിമ ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്. 2019 ജൂലൈയിൽ തുടങ്ങി 2023 ഏപ്രിലിൽ അവസാനിച്ച ആ വലിയ യാത്രയിലെ സന്തോഷങ്ങളും ആലോചനകളും ടെൻഷനുകളും സംവിധായകൻ അഖിൽ സത്യൻ മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ.

 

വർക്ക് ആയത് മൗത്ത് പബ്ലിസിറ്റി

M-414466

 

M-4144113

പാച്ചുവും അദ്ഭുതവിളക്കും 2019 ജൂലൈ 31ന് എഴുതി അടിവരയിട്ട സിനിമയാണ്. ആ വരച്ച വരയിൽനിന്ന് ഒരു വരി പോലും മാറ്റിയിട്ടില്ല. ഇനി ഈ സിനിമയിൽ എനിക്ക് യാതൊന്നും ചെയ്യാനില്ല എന്നു തോന്നുന്ന പോയിന്റിലാണ് ഞാൻ നിൽക്കുന്നത്. അതാണ് എന്റെ സന്തോഷം. ഞാൻ ഈ സിനിമ രണ്ടായിരം തവണ കണ്ടു കാണും. എഡിറ്റർ കൂടി ആയതിനാൽ അത്രയും തവണ കാണേണ്ടി വന്നിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴും മനസ്സൊന്നു വൃത്തിയാക്കി, വീണ്ടും ആദ്യമായി കാണുന്നതു പോലെയാണ് സിനിമ കണ്ടിരുന്നത്. അത്രയും ആറ്റിക്കുറുക്കി ഈ സിനിമയുടെ ഏറ്റവും ബെസ്റ്റ് വേർഷനാണ് പ്രേക്ഷകർക്കു മുമ്പിലെത്തിച്ചത്.  

 

M-414455

മൗത്ത് പബ്ലിസിറ്റി മാത്രമാണ് സിനിമയ്ക്കു ഗുണകരമായത്. ഫഹദിന് പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. വേറൊരു സിനിമയുടെ ലുക്കിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. അതു പുറത്തുവിടാൻ അദ്ദേഹത്തിനു കഴിയാത്തതുകൊണ്ടാണ് പ്രമോഷനു വരാൻ കഴിയാതിരുന്നത്. ഞാൻ സിനിമയുടെ എഡിറ്റർ കൂടി ആയതിനാൽ അവസാന നിമിഷം വരെ സിനിമയുടെ കണ്ടന്റിന്റെ പിന്നിലെ ആയിരുന്നു. ഡിജിറ്റൽ മീഡിയയിൽ എനിക്കും ഫഹദിനും പ്രമോഷന് എത്താൻ കഴിഞ്ഞില്ല. ഇപ്പോഴത്തെ അവസ്ഥയിൽ, പൊന്നിയൻ സെൽവൻ പോലെയുള്ള വലിയ പടങ്ങൾ ഒഴിച്ച് ബാക്കി പടങ്ങൾക്ക് ഇനീഷ്യൽ കലക്‌ഷൻ കുറവാണ്. ഒരു സിനിമ നല്ലതാണെന്ന് അറിഞ്ഞാൽ മാത്രമേ പ്രേക്ഷകർ അതു കാണാൻ തിയറ്ററിലേക്കു വരൂ. അതു പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയ്ക്ക് വർക്ക് ആയി. രണ്ടാമത്തെ ദിവസം മുതൽ സിനിമ കാണാൻ പ്രേക്ഷകർ തിയറ്ററിലേക്ക് എത്തുന്നുണ്ട്. കുടുംബത്തോടെയാണ് പലരും സിനിമ കാണാനെത്തുന്നത്. അവർക്ക് ഈ സിനിമയിൽ ഒരു ട്രസ്റ്റ് വന്നു കഴിഞ്ഞു. കുറച്ച് ആഴ്ചകളോളം ഇതു തുടരുമെന്നാണ് പ്രതീക്ഷ. 

M-4144115

 

M-414422

ഇനി ഫ്ലാഷ്ബാക്ക് പറയാം

 

M-4144112

സിനിമയുടെ റിലീസിന്റെ തലേ ദിവസം അനാവശ്യമായി എളിമ കാണിച്ച്, ബസിൽ പോയി പണി കിട്ടിയതാണ് സംഭവം. എന്റെ ഭാര്യയുടെ വീട് കായംകുളത്താണ്. ഏപ്രിൽ 26 ന് സിനിമയുടെ റിലീസിനു വേണ്ട എല്ലാ പണികളും തീർത്ത് പടം ഏൽപിച്ച്, ഭാര്യയുടെ വീട്ടിലേക്കു പോകാനിറങ്ങി. ടാക്സി വിളിക്കാമെന്നു നിർമാതാവ് പറഞ്ഞതായിരുന്നു. ഞാൻ വേണ്ടെന്നു പറഞ്ഞു. വൈറ്റിലയിൽനിന്ന് ബസ് കയറി പോകാനായിരുന്നു എന്റെ പ്ലാൻ. കഷ്ടകാലത്തിന് ആ സമയത്ത് ഉഗ്രനൊരു മഴ! പോരാത്തതിന് എനിക്കു പോകേണ്ടിയിരുന്ന ബസിന്റെ വൈപ്പർ കേടായി. അങ്ങനെ മൊത്തം മൂന്നു മണിക്കൂർ സ്റ്റാൻഡിൽ ഞാൻ പോസ്റ്റായി. എന്നിട്ടാണ് കായംകുളത്തെത്തിയത്. അടുത്ത ദിവസം കുടുംബത്തോടൊപ്പം ട്രെയിനിലാണ് തൃശൂരിലേക്കു പോരാൻ തീരുമാനിച്ചിരുന്നത്.

 

M-414499

പക്ഷേ ചാലക്കുടിയിൽ പാളം പണി കാരണം അങ്കമാലി ഭാഗത്ത് ട്രെയിൻ പിടിച്ചിട്ടു. മകനും കൂടി ഉണ്ടായിരുന്നതിനാൽ ഞങ്ങൾ അവിടെയിറങ്ങി. ഭാഗ്യത്തിന് ഒരു ഓട്ടോക്കാരൻ ഞങ്ങളെ ഹൈവേയിൽ വിട്ടു. ബസ് കാത്തു നിൽക്കുമ്പോൾ അവിടെ അതാ ഒരു റോഡപകടം! വീണ്ടും ഒരു മണിക്കൂർ പോസ്റ്റ്. അങ്ങനെ എല്ലാം കഴിഞ്ഞ്, ക്ഷീണിച്ച് ഓട്ടോയിൽ അന്തിക്കാട്ട് എത്തിയപ്പോൾ സമയം രാത്രി 10.30. അപ്പോഴാണ് അച്ഛന്റെ ചോദ്യം, ‘‘നാളെ പടത്തിന്റെ റിലീസ് ആയിട്ട്, നീ ഇങ്ങനെയാണോ വരുന്നത്?’’ ഒരു ഡ്രൈവറെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്ന ചെറിയൊരു ചിന്തയാണ് ഇത്രയും വലിയൊരു പണി എനിക്കു തന്നത്. പക്ഷേ, സിനിമയുടെ റിലീസിന്റെ ടെൻഷൻ അതിൽ മുങ്ങിപ്പോയി. 

 

ഓരോ സ്ഥലത്തും ഞാൻ പോസ്റ്റ് ആയി നിൽക്കുമ്പോഴും അവിടെയൊക്കെ എന്റെ സിനിമയുടെ പോസ്റ്റർ കാണുന്നുണ്ടായിരുന്നു. പക്ഷേ എന്നെ ആരും അങ്ങനെ തിരിച്ചറിയില്ലല്ലോ. റിലീസിനു ശേഷം ആകെ ഒരു തവണ മാത്രമാണ് എന്നെ ഒരാൾ തിരിച്ചറിഞ്ഞത്. കംഫർട്ട് സോൺ പൊളിഞ്ഞല്ലോ എന്ന തിരിച്ചറിവ് അപ്പോൾ എനിക്കുണ്ടായി. സത്യത്തിൽ പ്രൈവസി എനിക്കു വലിയ ഇഷ്ടമാണ്. എന്തായാലും സിനിമയുടെ ചർച്ചകൾ കഴിയുന്നതോടെ ആളുകൾ എന്നെ മറക്കുമായിരിക്കും. അതിലാണ് എന്റെ പ്രതീക്ഷ. 

 

M-4144111

പ്രോജക്ട് നടക്കില്ലെന്നു തോന്നി

 

M-414410

ഈ സിനിമ ഉപേക്ഷിക്കേണ്ടി വരുമോ, നിർത്തി വയ്ക്കേണ്ടി വരുമോ എന്നൊക്കെ പല ഘട്ടങ്ങളിലും തോന്നിയിട്ടുണ്ട്. അത്തരം വെല്ലുവിളികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. പക്ഷേ തിയറ്ററിൽ ഈ സിനിമ വർക്ക് ആകും എന്ന വലിയൊരു ആത്മവിശ്വാസം എനിക്കെങ്ങനെയോ ഉണ്ടായി. അതിനെ അനാവശ്യ ധൈര്യമെന്നു വേണമെങ്കിൽ വിളിക്കാം. പക്ഷേ അങ്ങനെയൊരു വ്യക്തത എനിക്ക് ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ യാഥാർഥ്യമായത്. എനിക്ക് ഇഷ്ടമുള്ള സിനിമകളാണ് ഞാൻ ചെയ്യുന്നത്. കാണാൻ കൊതിക്കുന്ന സിനിമകൾ. ട്രെൻഡ് അനുസരിച്ച് സിനിമ ചെയ്യൽ ശരിക്കും ആശയക്കുഴപ്പമുണ്ടാക്കും. പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയുടെ ത്രെഡ് കിട്ടിയപ്പോൾത്തന്നെ അതു വലിയ സ്ക്രീനിൽ കാണണമെന്നു വലിയ കൊതിയുണ്ടായിരുന്നു. അതിന്റെ ബെസ്റ്റ് വേർഷനിലേക്ക് എത്തിക്കാനായി പിന്നീടുള്ള ശ്രമം. ഏറ്റവും പെർഫെക്‌ഷനോടെ, ഏറ്റവും മികച്ച ടെക്നീഷ്യൻസിനെ ഉപയോഗപ്പെടുത്തിയാണ് സിനിമ ചെയ്തത്. അതിന്റെ ഫൈനൽ ഔട്ട് കണ്ടപ്പോഴാണ് ശരിക്കും സന്തോഷമായത്.

 

M-414411

പ്രേക്ഷകർ ആവർത്തിച്ചു കാണുന്ന സിനിമകൾ

 

M-414488

പ്രേക്ഷകർ വീണ്ടും വീണ്ടും കാണുന്ന സിനിമകളാണ് അച്ഛൻ സംവിധാനം ചെയ്തിട്ടുള്ളത്. അത്തരം സിനിമകളുടെ ഫോർമാറ്റ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതിന്റെ ടെക്നിക്കുകൾ നമ്മൾ പോലും അറിയാതെ മനസ്സിലേക്കു കയറും. ഈ സിനിമ എഴുതുന്ന സമയത്ത് ഞാൻ കിലുക്കം എന്ന സിനിമ പലയാവർത്തി കണ്ടിരുന്നു. അതൊക്കെ നൽകിയ എനർജിയാണ് പാച്ചുവിലും പ്രേക്ഷകർ അനുഭവിക്കുന്നത്. ഈ സിനിമയുടെ ബിസിനസ് സംസാരിക്കുമ്പോൾ പോലും ഞാൻ ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നത്, തീർച്ചയായും ഈ സിനിമ ആവർത്തിച്ചു കാണാൻ തോന്നും എന്നാണ്. 80 ശതമാനം മലയാളികളും ആസ്വദിക്കുന്ന സിനിമയെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ മനസ്സും അതിനു ട്യൂൺ‍ഡ് ആണ്. ബാക്കി 20 ശതമാനം ആളുകൾ കാണുന്ന സിനിമ എടുക്കാൻ അറിയാഞ്ഞിട്ടല്ല. എനിക്ക് അത്തരം സിനിമകൾ വലിയ ഇഷ്ടമാണ്. ഫീൽ ഗുഡ് സിനിമകൾ എന്നു പറയുമ്പോൾ പലർക്കും പുച്ഛമാണ്. ആത്യന്തികമായി കണ്ടന്റ് നല്ലതാണെങ്കിലേ പ്രേക്ഷകർ സിനിമ കാണൂ.

 

M-414433

തിയറ്ററിൽ വർക്കൗട്ട് ആയ രണ്ട് രംഗങ്ങൾ

 

M-414477

പ്രേക്ഷകർ സിനിമ കണ്ട് എടുത്ത പറയുന്ന രണ്ടു രംഗങ്ങൾ, ഒന്ന് ഉമ്മച്ചിയും വിനീതേട്ടനും തമ്മിലുള്ള ഒരു സംഭാഷണവും മറ്റൊന്ന് ഫഹദും അഞ്ജനയും തമ്മിലുള്ള ഒരു വർ‍ത്തമാനവുമാണ്. രസമെന്തെന്നു വച്ചാൽ, ഈ രണ്ടു രംഗങ്ങളും ഞാൻ ഒരു ദിവസമാണ് എഴുതിയത്. ഹംസധ്വനിക്ക് (അഞ്ജന) ഒരു ഭൂതകാലം വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ആ സീൻ എഴുതിയത്. അതു ഞാൻ കൃത്യമായി പ്ലാൻ ചെയ്ത് എഴുതിയതാണ്. പക്ഷേ, ആ ഒഴുക്കിൽത്തന്നെ വിനീതും ഉമ്മച്ചിയും തമ്മിലുള്ള സീനും എഴുതി. ചീത്ത പറയാൻ വരുന്ന മകനെ സ്നേഹം കൊണ്ട് ഉമ്മച്ചി കീഴ്പ്പെടുത്തിയാൽ വർക്ക് ആകുമല്ലോ എന്നൊരു ചിന്ത വന്നു. വർത്തമാനത്തിലൂടെ ഉമ്മച്ചി മകന്റെ ദേഷ്യത്തിന്റെ അടരുകൾ ഒന്നൊന്നായി പൊളിച്ചെടുക്കുകയാണ്. ഈ രണ്ടു സീനും എഴുതിക്കഴിഞ്ഞപ്പോൾ ഞാൻ വല്ലാതെയായിപ്പോയി. ആ മൂഡ് മാറാൻ ഞാൻ ഷൂസ് എടുത്തിട്ട് ഓടാൻ പോയി. തിരിച്ചു വരുമ്പോൾ കാണുന്നത്, ഭാര്യ ആ രംഗങ്ങൾ വായിച്ച് കണ്ണൊക്കെ നിറഞ്ഞിരിക്കുന്നതാണ്. അപ്പോൾ എനിക്കു മനസ്സിലായി, ഈ രണ്ടു സീനുകളും തിയറ്ററിൽ വർക്കൗട്ട് ആകും. 

 

ഉമ്മച്ചിക്ക് മലയാളം ട്യൂഷൻ

 

ഉമ്മച്ചിയുടെ കഥാപാത്രം ചെയ്യാൻ കഴിയുന്ന, ആ പ്രായത്തിലുള്ള ഒരു ആക്ടർ ലോകത്തിലില്ല. ഞാൻ കുറെ തപ്പിയതാണ്. അതായത്, 71 വയസ്സുള്ള, ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കുന്ന, കുലീനത്വം തോന്നിപ്പിക്കുന്ന, മുസ്‌‍ലിം ലുക്ക് ഉള്ള, ആരോഗ്യമുള്ള, നഫീസ അലിയെപ്പോലെ ഒരു ആക്ടർ! അങ്ങനെയൊരു ആക്ടറില്ല. അതുകൊണ്ട് റിയൽ ലൈഫ് ഓപ്ഷൻസ് മാത്രമേ മുമ്പിലുണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് മാക്സ് ഫൗണ്ടേഷന്റെ ഏഷ്യ റീജിയൻ ഹെഡും മലയാളിയുമായ വിജി വെങ്കിടേഷ് ഈ സിനിമയിലെത്തുന്നത്. ഇപ്പോൾ പ്രേക്ഷകർ ഏറ്റവും അധികം അഭിനന്ദിക്കുന്ന ആ രംഗം ഷൂട്ട് ചെയ്തത് 2020 ജനുവരിയിലാണ്. അവർക്കു മലയാളം അത്ര നന്നായി അറിയില്ല. സിനിമ സിങ്ക് സൗണ്ട് ആയതുകൊണ്ട്, അവർ മലയാളം ഡയലോഗ് പറഞ്ഞേ തീരൂ എന്ന അവസ്ഥ വന്നു. അവർക്കായി ഒരു മലയാളം ടീച്ചറെ വച്ചിരുന്നു. ഹിന്ദി പറയുന്ന താളത്തിലാണ് അവർ മലയാളം പറഞ്ഞിരുന്നത്. അതു സിനിമയിൽ ശരിയാകില്ല. അതുകൊണ്ട് ഞാൻ ഉമ്മച്ചിയുടെ മുഴുവൻ ഡയലോഗുകളും എന്റെ ശബ്ദത്തിൽ റിക്കോർഡ് ചെയ്തു കൊടുത്തു. അതു കേട്ടാണ് ഉമ്മച്ചി ഡയലോഗ് പഠിച്ചത്.

 

രക്ഷയ്ക്കെത്തിയ സത്യൻ അന്തിക്കാട് ടെക്നിക്

 

ഉമ്മച്ചിയും വിനീതുമായുള്ള രംഗം ശരിക്കും വെല്ലുവിളിയായിരുന്നു. കാരണം, ഉമ്മച്ചിക്ക് ഒരുപാട് ഡയലോഗുകൾ ഉണ്ട്. വിജി മാഡത്തിന് അഭിനയം വരുമ്പോൾ ഡയലോഗ് വരില്ല. ഡയലോഗ് ശരിയാകുമ്പോൾ അഭിനയം പോകും. ഷൂട്ട് ചെയ്ത സമയത്ത് ഞാനേറെ ബുദ്ധിമുട്ടി. എങ്കിലും എന്റെ മനസ്സിൽ ഒരു എ‍ഡിറ്റർ ഉള്ളതുകൊണ്ട്, ആവശ്യമുള്ളതു മാത്രമേ ഷൂട്ട് ചെയ്തുള്ളൂ. അവരെ അധികം ബുദ്ധിമുട്ടിക്കാതെ ഡയലോഗുകൾ മുറിച്ചു മുറിച്ചാണ് എടുത്തത്. കാരണം, എഡിറ്റ് ചെയ്തു വരുമ്പോൾ അവർ സംസാരിക്കുന്നതിനിടയിൽ വിനീതേട്ടന്റെ റിയാക്‌ഷൻ ഷോട്ടുകൾ എവിടെയൊക്കെ വരുമെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. അതൊരു ടെക്നിക് ആണ്. അത് എനിക്കു കിട്ടിയത് അച്ഛനിൽ നിന്നാണ്. 

 

പണ്ട് സ്നേഹവീട് എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോൾ അച്ഛൻ ചെയ്തൊരു രീതിയുണ്ടായിരുന്നു. മോഹൻലാലും ബിജു മേനോനും അഭിനയിക്കുന്ന സീൻ. അതെടുക്കേണ്ട ദിവസം ലാൽ സർ ഇല്ല. അടുത്ത ദിവസം ബിജു ചേട്ടന് അമേരിക്കയിൽ പോകണം. പക്ഷേ, ആ സീൻ അച്ഛൻ എടുത്തത് ഞാൻ കണ്ടതാണ്. അവർ രണ്ടു പേരും ഒരുമിച്ചില്ലാതെയാണ് അച്ഛൻ ആ രംഗം എടുത്തത്. സിനിമയിൽ എഡിറ്റ് ചെയ്തു വരുമ്പോൾ ഇത് അറിയുകയേ ഇല്ല. ഡയലോഗുകളും അതിന്റെ മറുപടികളും എല്ലാമുണ്ട്. പക്ഷേ, അത് ഒരുമിച്ച് എടുത്തതല്ല എന്നു മാത്രം. അനുഭവപരിചയം കൊണ്ട് അച്ഛനു സാധിക്കുന്ന ഒരു കാര്യമാണിത്. അതാണ് സിനിമയുടെ മാജിക്. അങ്ങനെയൊരു ടെക്നിക് ആണ് ഉമ്മച്ചിയുടെ രംഗത്തിലും ഞാൻ പ്രയോഗിച്ചത്. 

 

ഡയലോഗുകൾ ചെറിയ ഭാഗങ്ങളാക്കി കട്ട് ചെയ്താണ് പറയിപ്പിച്ചത്. എങ്കിലും ചില സമയത്ത് എന്റെ കയ്യിൽനിന്നു പോകും. ഡയലോഗ് തെറ്റുമ്പോൾ, അങ്ങനെ ഒരു സംഭവം മലയാളത്തിൽ ഇല്ലെന്നൊക്കെ അൽപം കടുപ്പിച്ചു പറയേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ഒരു കാര്യമുണ്ട്. ഡയലോഗ് പറയുമ്പോൾ അവർ അത് ഫീൽ ചെയ്താണ് പറയുന്നത്. അത് ഒരുപാട് സഹായിച്ചു. തെറ്റിയ ചില ഡയലോഗുകൾ, പിന്നീട് ഡബ് ചെയ്ത് കറക്ട് ചെയ്തു. ഷൂട്ട് ചെയ്തപ്പോൾ അത് ഇത്രയും നന്നായി വരുമെന്നു കരുതിയില്ല. ആ രംഗം എടുത്തതിനു ശേഷം ഉമ്മച്ചി വാഷ് റൂമിൽ പോയി കരഞ്ഞെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്. ആ സീനിന്റെ ഇമോഷൻ അവർക്കു രണ്ടു പേർക്കും കിട്ടിയിരുന്നു. അതാണ് അവിടെ വർക്ക് ആയത്.  

 

അഞ്ജന സ്കോർ ചെയ്തത് ആ സീനിൽ

 

ഉമ്മച്ചിയെ കിട്ടിയതിനു ശേഷം കഷ്ടപ്പെട്ടത് ഹംസധ്വനിയെ കണ്ടെത്താനായിരുന്നു. ആ കഥാപാത്രത്തിന് ഓഡിഷൻ ചെയ്തു. മുപ്പതോളം പെൺകുട്ടികളിൽ നിന്നാണ് അഞ്ജനയെ കണ്ടെത്തിയത്. സത്യത്തിൽ അഞ്ജന മാത്രമാണ് ഹംസധ്വനിയുടെ കടമ്പ ചാടിക്കടന്നത് എന്നു പറയാം. കാണാൻ ഭംഗിയുള്ള ഏറെപ്പേരുണ്ടായിരുന്നെങ്കിലും ഇമോഷണൽ സീക്വൻസ് വരുമ്പോൾ അവർക്കത് പുൾ ഓഫ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ഏറെ വേദനയുള്ള ഒരു കാര്യം ചിരിച്ചുകൊണ്ടു പറയാൻ പറ്റുന്ന ഒരു മുഖം വേണമെന്നായിരുന്നു എന്റെ മനസ്സിൽ. അതായിരുന്നു അഞ്ജനയുടെ ഓഡിഷനിൽ ഞാൻ കണ്ടത്. ഞാൻ എഴുതിയത് എങ്ങനെയാണോ അങ്ങനെയാണ് അഞ്‍ജന അത് ചെയ്തത്. പിന്നെ ഒന്നും നോക്കിയില്ല. പറയുമ്പോൾ കാഴ്ചയിൽ ഫഹദും അഞ്ജനയും തമ്മിൽ ചേർച്ചക്കുറവുണ്ട്. എന്റെ മനസ്സിൽ പീകു എന്ന ഹിന്ദി സിനിമയിലെ ദീപിക–ഇർഫാൻ ഖാൻ ജോഡി ആയിരുന്നു. കാഴ്ചയിലെ ചേർച്ചയേക്കാൾ അവർ തമ്മിലുള്ള കെമിസ്ട്രിയാണ് സ്ക്രീനിൽ മാജിക് കൊണ്ടു വരുന്നത്. അതുപോലെ ഫഹദും അഞ്ജനയും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്കു കണ്ക്ട് ആയിട്ടുണ്ട്. 

 

അത് റിയൽ ലൈഫ് സംഭവം

 

റിയൽ ലൈഫ് സംഭവം ആയതുകൊണ്ടാണ് അൽത്താഫ് സലിം ഉൾപ്പെട്ട ആ ഹൗസ്മെയ്ഡ് സീൻ അങ്ങനെ തന്നെ വച്ചത്. ജീവിതത്തിൽ അൽത്താഫ് ശരിക്കും ഞാനാണ്. മുംബൈയിലെ എന്റെ കസിന്റെ വീട്ടിൽ പോയപ്പോൾ സംഭവിച്ചതാണ് ആ രംഗം. രാവിലെ ഡോർ ബെൽ അടിക്കുന്നതു കേട്ട് ഞാൻ വാതിൽ തുറന്നു നോക്കിയപ്പോൾ കരീന കപൂറിനെ പോലെയൊരു പെൺകുട്ടി! ഞാൻ ഞെട്ടിപ്പോയി. അത്രയും സുന്ദരിയായൊരു സ്ത്രീ വേസ്റ്റ് എടുക്കാൻ വന്നിരിക്കുന്നു! മറാത്തി ശൈലിയിൽ സാരിയുടുത്ത് ഒരു സ്ത്രീ. കാവിലെ ഭഗവതി നേരിൽ പ്രത്യക്ഷപ്പെട്ടതാണോ എന്നു തോന്നിപ്പോകുന്ന ഫീലില്ലേ. കാര്യം ക്രിഞ്ച് (cringe) ആണ്. പക്ഷേ, റിയൽ ലൈഫ് സംഭവം ആയതുകൊണ്ട് അങ്ങനെ തന്നെ വച്ചു. എന്റെ ടൈപ്പ് സംഭവമല്ല. പക്ഷേ, അതു കളയാൻ തോന്നിയില്ല. ഞാൻ അത്രയ്ക്ക് വായ നോക്കിയിട്ടൊന്നുമില്ല. എന്നാലും ആ സീൻ തിയറ്ററിൽ ചിരി പൊട്ടിച്ചിട്ടുണ്ട്. 

സംവിധായകന്റെ അതിഥി വേഷം

ഫഹദും അൽത്താഫും രാത്രി ബസിൽ യാത്ര ചെയ്യുന്ന രംഗത്തിൽ ജൂനിയർ ആർടിസ്റ്റായി എന്നെയും സ്ക്രീനിൽ കാണാം. അത് അങ്ങനെ സംഭവിച്ചു പോയതാണ്. സിനിമ സിങ്ക് സൗണ്ടിലാണല്ലോ ചെയ്തത്. ക്യാമറ വച്ചിരുന്നത് ഡ്രൈവർ സീറ്റിന്റെ അടുത്തായിട്ടാണ്. പക്ഷേ, എൻജിന്റെ ശബ്ദം കാരണം എനിക്ക് അവർ പറയുന്ന ഡയലോഗ് ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്, ഡയലോഗ് കേൾക്കാൻ വേണ്ടി ഞാൻ അവരുടെ പുറകെ പോയി ഇരുന്നതാണ്. ഷോട്ട് ഓകെ പറയണമെങ്കിൽ ഞാൻ ഡയലോഗ് കേൾക്കണമല്ലോ! എന്റെ മടിയിൽ മോണിറ്റർ ഉണ്ടായിരുന്നു. അതു ഒളിപ്പിച്ചു വച്ചാണ് അവിടെ ഇരുന്നത്. ഒരു സംവിധായകൻ ഷോട്ട് ഓകെ ആണോന്ന് അറിയാൻ തൊട്ടടുത്ത് ഇരിക്കുന്നതാണ് നിങ്ങൾ സ്ക്രീനിൽ കണ്ടത്.

സംവിധായകൻ എഡിറ്ററാകുമ്പോൾ

 

പാച്ചു എന്ന സിനിമ എഴുതിയപ്പോൾപോലും അതിന്റെ എഡിറ്റിങ് രീതി എന്റെ മനസ്സിലുണ്ട്. വേറെ ഒരു എഡിറ്ററെ പറഞ്ഞു മനസ്സിലാക്കി ചെയ്യിപ്പിച്ചെടുത്താൽ ഞാൻ മനസ്സിൽ കണ്ട സിനിമയാകില്ല ഉണ്ടാവുക. പിന്നെ ഫഹദിന്റെ ഡേറ്റ് കുറവായിരുന്നു. അതുകൊണ്ട് ആവശ്യമുള്ളതു മാത്രമാണ് ഷൂട്ട് ചെയ്തത്. വേറെ ഒരു കോമഡി ഉണ്ട്. സിനിമയിൽ വിനീതേട്ടനും ഫഹദും ഫോണിൽ സംസാരിക്കുന്ന രംഗമുണ്ട്. അതിൽ വിനീതേട്ടൻ സംസാരിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത് 2020 ലും ഫഹദിന്റെ മറുപടി എടുത്തത് 2022 ലുമാണ്. 100 ദിവസം ഷൂട്ട് ചെയ്യേണ്ട സിനിമ 73 ദിവസം കൊണ്ടാണ് ഞങ്ങൾ തീർത്തത്. എഡ‍ിറ്റ് മനസ്സിലുള്ളതുകൊണ്ടാണ് അത് സംഭവിക്കുന്നത്. ചിത്രീകരിച്ചതിൽനിന്ന് ആകെ ഒരു മിനിറ്റ് മാത്രമാണ് സിനിമയിൽ ഇല്ലാത്തത്.

 

അടുത്തത് ഒരു നാടൻ ഷെർലക് ഹോംസ്

 

എനിക്ക് എന്തെങ്കിലുമൊന്ന് ഇഷ്ടമാകാൻ അൽപം ബുദ്ധിമുട്ടാണ്. ഞാൻ ഉണ്ടാക്കുന്നതാണെങ്കിൽ പിന്നെ പറയുകയും വേണ്ട. അതാണ് ഒരു സിനിമയെടുക്കാൻ ഇത്ര കാലമെടുത്തത്. എന്റെ അപ്രൂവൽ തന്നെയാണ് ഏറ്റവും പ്രധാനം. പാച്ചു ഇങ്ങനെ തുടങ്ങുന്നു–നിൽക്കുന്നു അവസ്ഥയിൽ ആയപ്പോൾ ഒന്നു ഫ്രഷ് ആകാൻ ഞാൻ മറ്റൊരു കഥ ആലോചിച്ചിരുന്നു. ആ സമയത്താണ് തമിഴ്നാട്ടിൽനിന്ന് സായിറാം എന്ന സുഹൃത്ത് വിളിക്കുന്നത്. സായിറാം എഴുതിയ സിനിമയ്ക്കാണ് കഴിഞ്ഞ വർഷത്തെ മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കിട്ടിയത്. അദ്ദേഹം പറഞ്ഞ കഥയിൽ എനിക്കൊരു നാടൻ ഷെർലക് ഹോംസിനെ ഫീൽ ചെയ്തു.

 

അതാകും അടുത്ത സിനിമ. ഞാനും അനൂപും എന്തു ചെയ്താലും എല്ലാവരും അത് അച്ഛന്റെ പടങ്ങളായി താരതമ്യം ചെയ്യും. അത് ബ്രേക്ക് ചെയ്യാൻ അടുത്ത സിനിമ സഹായിക്കും എന്നാണ് എന്റെ പ്രതീക്ഷ. ഒരു ഫീമെയിൽ ഷെർലോക് ഹോംസ് ആയിരിക്കും. പിന്നെ, അതിലെ വില്ലനും അടിപൊളി ആയിരിക്കും. അത്ര ഡാർക്ക് അല്ലാത്ത, ആക്‌ഷനൊക്കെയുള്ള പടമായിരിക്കും. ഞാനും അൽത്താഫ് സലിമും സായിറാമും ചേർന്നാണ് എഴുതുന്നത്. വൈകാതെ ആ സിനിമ തുടങ്ങും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT