ADVERTISEMENT

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായ 2018 ലെ പ്രളയം ഒരു ചലച്ചിത്രമായി തിയറ്ററിൽ എത്തിയപ്പോൾ, പ്രളയം ഒരിക്കൽക്കൂടി അനുഭവിച്ച പ്രതീതിയാണ് മലയാളികൾക്ക്. പ്രതിസന്ധിയിലായിരുന്ന തിയറ്ററുകളിൽ പ്രേക്ഷക തിരമാലയുമായിട്ടാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രമെത്തിയത്. ചിത്രത്തിൽ അഭിനയിച്ച എല്ലാവരും ഹീറോയാണ്. അതിൽ എടുത്തു പറയേണ്ടത് ഉണ്ടാപ്പി എന്ന, ഭിന്നശേഷിയുള്ള കുട്ടിയെപ്പറ്റിയാണ്. കുവൈത്തിൽ താമസിക്കുന്ന ആലുവ സ്വദേശികളായ ബിനു– അശ്വതി ദമ്പതികളുടെ മകനാണ് ഉണ്ടാപ്പി ആയി അഭിനയിച്ച പ്രണവ് ബിനു. ചെറുപ്പം മുതൽ കാണുന്നതെന്തും അഭിനയിച്ചു നോക്കുന്ന പ്രണവ് ടിക്ടോക് വിഡിയോകൾ ചെയ്യാറുണ്ടായിരുന്നു. 2018 ലെ ഓഡിഷന് വേണ്ടി പ്രണവിന്റെ അമ്മ അയച്ചുകൊടുത്ത റീൽസ് വിഡിയോകൾ കണ്ടിട്ടാണ് ജൂഡ് ഈ കൊച്ചു മിടുക്കനെ ഉണ്ടാപ്പിയാക്കുന്നത്. സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഒരു കുഞ്ഞു നൊമ്പരമായി അവശേഷിക്കുന്ന ഉണ്ടാപ്പി എന്ന കഥാപാത്രമായി പ്രണവ് എന്ന എട്ടാം ക്ലാസ്സുകാരൻ ജീവിക്കുകയായിരുന്നു. മിന്നൽ മുരളിയുടെ ആരാധകനായ പ്രണവ്, ടൊവിനോയെ നേരിട്ട് കാണാനും ഒപ്പം അഭിനയിക്കാനും കഴിഞ്ഞതിന്റെ ത്രില്ലിലാണ്. 2018 എന്ന ഹിറ്റ് ചിത്രം സമ്മാനിച്ച താരപരിവേഷവുമായി പ്രണവ് ബിനു മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

പ്രതീക്ഷിക്കാതെ വന്ന ഭാഗ്യം

ഞാൻ ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്. ജൂഡ് അങ്കിൾ ഈ സിനിമയിലേക്ക് ബാലതാരങ്ങൾ വേണമെന്ന് പരസ്യം ചെയ്തിരുന്നു അങ്ങനെയാണ് അമ്മ എന്റെ ഫോട്ടോയും പ്രൊഫൈലും അയക്കുന്നത്. കുഞ്ഞുന്നാൾ മുതൽ എനിക്ക് അഭിനയിക്കാൻ ഇഷ്ടമാണ്. പണ്ടുമുതൽ ഒരുപാട് ആക്ടിങ് വിഡിയോ ചെയ്യാറുണ്ട്. ടിക്ടോക് ഉള്ളപ്പോൾ ഞാൻ അതിൽ കുറച്ചു ഡബ്‌സ്മാഷും റോൾ പ്ലേയും സ്കിറ്റുമൊക്കെ ചെയ്യാറുണ്ടായിരുന്നു. പിന്നീട് റീൽസ് ചെയ്യുമായിരുന്നു. അമ്മ അതൊക്കെ ജൂഡ് അങ്കിളിന് അയച്ചുകൊടുത്തു. അപ്പോഴും വിളിക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നു. ഓഡിഷന് ചെന്നപ്പോൾ അങ്കിൾ പറഞ്ഞതൊക്കെ ചെയ്തു കാണിച്ചു. ഇത്രയും വലിയൊരു സിനിമയിൽ ആണ് ആദ്യമായി അഭിനയിച്ചത് എന്നറിയുമ്പോൾ സന്തോഷമുണ്ട്.

pranav-binu-child-actor-5

നീന്തൽ ഇഷ്ടമാണ്

‘താരേ സമീൻ പർ’ എന്ന സിനിമയിലെ കുട്ടിയെപ്പോലെ അഭിനയിക്കണം എന്നാണ് ജൂഡ് അങ്കിൾ പറഞ്ഞത്. ഉണ്ടാപ്പി എന്നാണു കഥാപാത്രത്തെ വിളിക്കുന്നത്. ഞാൻ അത്തരം കുട്ടികളെ ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ട് അതൊക്കെ വീണ്ടും കണ്ട് അവരൊക്കെ എങ്ങനെയാണു ചെയ്യുന്നത് എന്ന് നോക്കിയിരുന്നു. കാലിലും കയ്യിലും പ്ലാസ്റ്റർ ഇട്ടിട്ട് അഭിനയിക്കുന്ന സീനൊക്കെ ഉണ്ടായിരുന്നു കുറച്ചു ബുദ്ധിമുട്ടായിരുന്നു. വായിൽ പല്ല് ഒക്കെ എക്സ്ട്രാ വച്ചതാണ്. സിപിആർ തരുന്ന സീനിൽ കുറച്ചു ബുദ്ധിമുട്ടു തോന്നി, അത്രയും ശക്തിക്ക് ചെയ്യണ്ട അങ്കിളേ എന്ന് ഞാൻ ടൊവിനോ അങ്കിളിനോട് പറഞ്ഞു. സുധീഷ് അങ്കിളും ജിലു ആന്റിയും ഞാനും വെള്ളത്തിൽ കുറേനേരം കിടക്കുന്ന സീനുണ്ട് അത് ചെയ്യുമ്പോൾ കുറച്ചു പേടി ഉണ്ടായിരുന്നു. പിന്നെ ആ പല്ലി വീഴുന്നത് വിഎഫ്എക്സ് ചെയ്തിരിക്കുന്നതാണ്.

ജൂഡ് അങ്കിളും അണിയറപ്രവർത്തകരും നല്ല സപ്പോർട്ട് ആയിരുന്നു. അതുകൊണ്ട് എല്ലാം എളുപ്പമായി. എങ്ങനെ അഭിനയിച്ചു എന്ന് ചോദിച്ചാൽ ഇപ്പോൾ എനിക്ക് അറിയില്ല. ജൂഡ് അങ്കിൾ പറയുന്നതുപോലെ അങ്ങ് ചെയ്തു. ജൂഡ് അങ്കിൾ എല്ലാം നന്നായി പറഞ്ഞു പഠിപ്പിച്ചു തന്നിരുന്നു. എനിക്ക് അഭിനയിക്കാൻ ഭയങ്കര ഇഷ്ടമാണ്. എനിക്ക് നീന്താനൊക്കെ ഭയങ്കര ഇഷ്ടമാണ്. മുഴുവൻ സമയവും വെള്ളത്തിൽ ആയിരുന്നു ഷൂട്ടിങ്.

pranav-binu-child-actor-1

സിനിമയിൽ എന്നെക്കണ്ട് അമ്മ കരഞ്ഞു

ഞാൻ സിനിമയിൽ അഭിനയിക്കുമ്പോൾ ഇത്രയുമൊന്നും പ്രതീക്ഷിച്ചില്ല. സിനിമ റിലീസ് ആയി കാണുമ്പോഴാണ് ഇതൊക്കെ ഞാൻ തന്നെയാണോ ചെയ്തത് എന്ന് തോന്നുന്നത്. എന്റെ ബന്ധുക്കൾക്കും കൂട്ടുകാർക്കുമെല്ലാം സിനിമ കണ്ടിട്ട് അതിശയമായിരുന്നു. എന്റെ കൂട്ടുകാർ എല്ലാം സിനിമ കണ്ടിട്ട് അടിപൊളിയാണ് എന്ന് പറഞ്ഞു. എനിക്ക് ഒരുപാട് സന്തോഷമായി. ഒരുപാടു പേര് നല്ല പോസിറ്റീവ് റിവ്യൂസ് ഇടുന്നുണ്ട്. ബന്ധുക്കളൊക്കെ സിനിമ കണ്ടു കരഞ്ഞു. ഞാൻ നോക്കുമ്പോൾ എല്ലാവരുടെയും കയ്യിൽ ഓരോ ടിഷ്യൂഉണ്ട്. അതുവച്ചു കണ്ണ് തുടയ്ക്കുന്നു. അമ്മ ഭയങ്കര കരച്ചിലായിരുന്നു. സിനിമ കണ്ടിട്ട് ജൂഡ് അങ്കിൾ, തൻവി ചേച്ചി, അപർണ ചേച്ചി ഒക്കെ വിളിച്ച് അഭിനന്ദിച്ചു.

മിന്നൽ മുരളിയുടെ ഫാൻ

ടൊവിനോ അങ്കിളിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ അങ്കിളിന്റെ ഫാൻ ആണ്. അങ്കിളിന്റെ കുറെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. മിന്നൽ മുരളി എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അങ്കിളിനോടൊപ്പം അഭിനയിക്കുമ്പോൾ ഭയങ്കര രസമാണ്. അങ്കിളിനെ അടുത്ത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അങ്കിൾ നല്ല ഫ്രണ്ട്‌ലി ആയിരുന്നു. കുറേനേരം ഞങ്ങൾ സംസാരിച്ചിരുന്നു. ടൊവിനോ അങ്കിൾ, ഇന്ദ്രൻസ് അങ്കിൾ ഒക്കെ അഭിനയിക്കുന്നത് കണ്ടിട്ട് അതുപോലെ ഒക്കെ ചെയ്യണം എന്ന് തോന്നി. എന്ത് രസമായിട്ടാ അവരൊക്കെ അഭിനയിക്കുന്നത്.

പഠനത്തോടൊപ്പം അഭിനയവും

pranav-binu-child-actor-2

അച്ഛനും അമ്മയ്ക്കും ഒപ്പം കുവൈത്തിൽ ആണ് ഞാൻ താമസിക്കുന്നത്. അച്ഛന്റെ പേര് ബിനു. അമ്മയുടെ പേര് അശ്വതി. ആലുവയിൽ ദേശം ആണ് ഞങ്ങളുടെ നാട്. കുവൈത്തിൽ ഭവൻസ് സ്കൂളിൽ എട്ടാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. ബയോളജി ആണ് ഇഷ്ട വിഷയം. പഠിക്കുന്നതിനൊപ്പം അഭിനയം കൂടി മുന്നോട്ട് കൊണ്ടുപോകണം. ആളുകൾ എന്നെ തിരിച്ചറിയുമ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു.

പ്രണവിന്റെ അച്ഛൻ ബിനുവിന്റെ വാക്കുകൾ:

പ്രണവ് ഇത്രയും നന്നായി ചെയ്യുമെന്ന് കരുതിയില്ല. കൊറോണയ്ക്ക് മുൻപ് ആണ് ഈ സിനിമയിലേക്കു വിളിക്കുന്നത്. കൊറോണ വന്നപ്പോൾ ഷൂട്ടിങ് മുടങ്ങി. ഭാഗ്യത്തിന് അവനു സ്കൂൾ അവധി ഉള്ളപ്പോഴായിരുന്നു ഷൂട്ടിങ്. അതുകൊണ്ട് പഠനത്തിൽ തടസം വന്നില്ല. ഞങ്ങൾ ലീവ് എടുത്തു കൂടെ നിന്നു. പണ്ടു മുതൽ അവനു അഭിനയിക്കാൻ താൽപര്യമുണ്ട്. നന്നായി നിരീക്ഷിക്കുകയും അത് അഭിനയിച്ചു കാണിക്കുകയും ചെയ്യും. വെള്ളത്തിൽ ഷൂട്ട് ചെയ്യുമ്പോൾ അവനെ നന്നായി അവർ കെയർ ചെയ്തു. അവന് ഇടയ്ക്കിടെ ഉറങ്ങാനും വിശ്രമിക്കാനും ഒക്കെ സൗകര്യം ചെയ്തുകൊടുത്തു. അവനു നീന്താനും വെള്ളത്തിൽ കളിക്കാനുമൊക്കെ ഇഷ്ടമായിരുന്നു അതുകൊണ്ട് അവൻ അതൊക്കെ ആസ്വദിച്ചു. തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു അത്. ഒരു കാര്യത്തിനു വേണ്ടി ഒരുപാട് ആത്മാർഥതയോടെ ജോലി ചെയ്യുന്ന ഒരു കൂട്ടം ആൾക്കാരെ കാണുക എന്നത് ഞങ്ങൾക്കും പ്രചോദനമായി.

pranav-binu-child-actor

മകന്റെ അഭിനയം കണ്ടിട്ട് ഒരുപാടുപേര് വിളിച്ചു. ഞങ്ങളെ അറിയാത്തവരൊക്കെ വിചാരിക്കുന്നത് അവൻ ഭിന്നശേഷിയുള്ള കുട്ടിയാണ് എന്നാണ്. അവൻ നന്നായി അഭിനയിച്ചു എന്നുള്ളത് സന്തോഷം തരുന്നു. ഓഡിഷന് ചെന്നപ്പോൾ ജൂഡ് അവനോട് ഭിന്നശേഷിയുള്ള ഒരു കുട്ടിയായി അഭിനയിച്ചുകാണിക്കാൻ പറഞ്ഞു. കുറെ കുട്ടികൾ അന്ന് ഓഡിഷന് വന്നിരുന്നു. ജൂഡ്, സ്ക്രിപ്റ്റ് റൈറ്റർ അഖിൽ എന്നിവരാണ് ഓഡിഷൻ ചെയ്തത്. ചെയ്തു കാണിക്കാൻ പറഞ്ഞത് പ്രണവ് അതുപോലെ ചെയ്‌തുകൊണ്ടിരിക്കാൻ പറഞ്ഞു. ഏകദേശം പത്തുപതിനഞ്ച് മിനിറ്റ് അവൻ അതുപോലെ അവിടെ ഇരുന്നു. ജൂഡ് പറഞ്ഞപ്പോഴാണ് അവൻ അവിടെനിന്ന് എഴുന്നേറ്റത്. അതുവരെ അവിടെ വന്ന എല്ലാവരും വിചാരിച്ചത് ഭിന്നശേഷിയുള്ള കുട്ടിയാണ് അവൻ എന്നാണ്. അങ്ങനെയാണ് ജൂഡ് അവനെ തിരഞ്ഞെടുത്തത്. സിനിമ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. സ്വന്തം മകൻ അങ്ങനെയൊക്കെ ചെയ്യുന്നത് കാണുമ്പോൾ ഏതു മാതാപിതാക്കൾക്കും വിഷമം തോന്നുമല്ലോ. എങ്കിലും അവൻ അത് നന്നായി അഭിനയിച്ചതുകൊണ്ടാണല്ലോ എന്നോർക്കുമ്പോൾ സന്തോഷമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com