ADVERTISEMENT

കേരളത്തെ നടുക്കിയ വെള്ളപ്പൊക്കത്തിന്റെ കഥ പറയുന്ന 2018 മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോൾ ഇരട്ടി സന്തോഷത്തിലാണ് നടൻ നരേൻ. പ്രേക്ഷകർ ആഘോഷിക്കുന്ന ഒരു സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്യാൻ കഴിഞ്ഞതിന്റെ നിറവിലാണ് മലയാളികളുടെ പ്രിയതാരം. ജൂഡിന്റെ മനസ്സിലായിരുന്നു ഈ സിനിമയെന്നും കഥ പോലും കേൾക്കാതെ ഇതു ചെയ്യാൻ സമ്മതിച്ചത് ജൂഡിലുള്ള വിശ്വാസം കൊണ്ടു മാത്രമായിരുന്നുവെന്ന് താരം പറയുന്നു. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ സജീവമാകുന്ന നരേൻ 2018ന്റെ അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവച്ചപ്പോൾ.

ആന്റോ ജോസഫിലൂടെ 2018ലേക്ക്

ചെന്നൈയിൽ വച്ച് അപ്രതീക്ഷിതമായി നിർമാതാവ് ആന്റോ ജോസഫിനെ കണ്ടതാണ് എനിക്ക് 2018ലേക്ക് അവസരം തുറന്നത്. സംസാരത്തിനിടയിൽ, മലയാളത്തിൽ നല്ല പ്രോജക്ടുകൾ വരുമ്പോൾ അറിയിക്കണമെന്നൊരു സ്നേഹാഭ്യർഥന പങ്കുവച്ചിരുന്നു. അതു പറഞ്ഞു മിനിറ്റുകൾക്കുള്ളിൽ ജൂഡ് ആന്തണിയുടെ ഈ സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 2018ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് ഒരു സിനിമ ചെയ്യുന്നുണ്ടെന്നും അതിൽ ഒരു നല്ല വേഷമുണ്ടെന്നും അതിനായി ഒരു അഭിനേതാവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സെക്കൻഡിൽ‌ ആദ്ദേഹം പറഞ്ഞു, ആ കഥാപാത്രം നിങ്ങൾ ചെയ്താൽ നന്നാകും. ഞാനൊന്നു ജൂഡിനോടു സംസാരിക്കട്ടെ, എന്ന്. പിന്നീട് എല്ലാം പെട്ടെന്നു നടന്നു. ജൂഡ് എന്നെ വിളിച്ചു. അധികം വൈകാതെ ഞങ്ങൾ നേരിൽ കണ്ടു. ജൂഡ് ഈ സിനിമയുടെ കഥ വിവരിച്ചു.

കഥ കേൾക്കാതെ സമ്മതിച്ചു

വളരെ അപൂർവം സിനിമകളാണ് കഥ കേൾക്കാതെ തന്നെ ചെയ്യാമെന്നു സമ്മതിക്കുന്നത്. 2018 അങ്ങനെ ഒരു സിനിമ ആയിരുന്നു. മത്സ്യത്തൊഴിലാളിയുടെ വേഷമാണെന്ന ഒറ്റക്കാര്യത്തിൽ ഞാൻ ഓകെ പറഞ്ഞു. ചെയ്യുന്ന കഥാപാത്രത്തോടു തന്നെ ആദരവ് തോന്നുന്ന വേഷം എന്നൊക്കെ പറയില്ലേ? അങ്ങനെ ഒരു ഫീലായിരുന്നു എനിക്ക്. കാരണം, എന്റെ കഥാപാത്രം പ്രതിനിധീകരിക്കുന്നത് ഒരു വലിയ കമ്യൂണിറ്റിയെക്കൂടിയാണ്. പിന്നെ, ഞാൻ ജൂഡിൽ വിശ്വസിച്ചു. അതാണു സത്യം.

2018-narain

വെല്ലുവിളിയായ കടൽ രംഗം

കടലിലെ രംഗം ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. തോണിയിൽ നിന്നാണ് അതു മുഴുവൻ ചെയ്യേണ്ടത്. തിരകളുള്ള വെള്ളത്തിലാണ് തോണിയുള്ളത്. അത് എപ്പോഴും ആടിക്കൊണ്ടിരിക്കും. മുകളിൽ നിന്നു തിര വന്ന് അടിക്കുന്ന രീതിയിലാണ് ആർട്ട് ഡയറക്ടർ സെറ്റ് ചെയ്തു വച്ചിരുന്നത്. വെള്ളം ശരീരത്തിലേക്കു ശക്തിയായി തെറിച്ചു വീഴും. ഓരോ തവണ ഇങ്ങനെ വെള്ളം വന്നു ശരീരത്തിൽ വീഴുമ്പോഴും ഞാനും തെറിച്ചു വീഴും. വെള്ളമല്ലേ, എങ്ങനെ വന്നു പതിക്കുമെന്ന് പറയാൻ പറ്റില്ലല്ലോ. ബാലൻസ് ചെയ്തു തോണിയിൽ നിൽക്കാൻ നന്നേ പ്രയാസപ്പെട്ടു. പല തവണ ഞാൻ വീണു പോയി. എന്റെ വിരലിനു പരുക്കു പറ്റി. കാസ്റ്റ് ഇട്ടാണ് പിന്നീട് അഭിനയിച്ചത്. ക്ലോസ് അപ് ഷോട്സ് വരുമ്പോൾ കാസ്റ്റ് ഊരി വയ്ക്കും. എന്റെ കയ്യുടെ നിറത്തിൽ അതു പെയിന്റ് ചെയ്തിരുന്നു. ലോങ് ഷോട്ടിൽ അത് ഉപയോഗിച്ചിരുന്നു.

സെറ്റിലെ എനർജി

രാത്രി ഷൂട്ട്, കൃത്രിമ മഴ, ഒറിജിനൽ മഴ, പ്രൊപ്പല്ലർ, കാറ്റ്... അങ്ങനെ ഒട്ടും എളുപ്പമായിരുന്നില്ല ഷൂട്ടിങ് ദിനങ്ങൾ. ശരിക്കും ക്ഷീണിച്ചു പോകുമായിരുന്ന സാഹചര്യങ്ങളായിരുന്നു. പക്ഷേ, നോക്കുമ്പോൾ സംവിധായകൻ വെള്ളത്തിൽ നിൽക്കുന്നു. ക്യാമറമാനും മറ്റു ടെക്നീഷ്യൻസും വെള്ളത്തിലറങ്ങിയാണ് നിൽക്കുന്നത്. അവരങ്ങനെ പണി എടുക്കുമ്പോൾ അഭിനേതാക്കളും ഊർജസ്വലരായിത്തീരും. പിന്നെ, 2018 എന്നത് വെറും ഒരു സിനിമയല്ലല്ലോ. ചരിത്രത്തിന്റെ തന്നെ ഭാഗമാകാൻ പോകുന്ന സിനിമയല്ലേ. ഈ ചിന്തയിൽ അറിയാതെ തന്നെ ഊർജം വരും. അതുകൊണ്ട്, മറ്റൊന്നും ഒരു പ്രശ്നമായി അനുഭവപ്പെട്ടില്ല. എന്റെ കഥാപാത്രം ഉറപ്പായും പ്രേക്ഷകരുടെ മനസ്സിൽ എക്കാലവും നിലനിൽക്കും.

അദ്ഭുതപ്പെടുത്തിയത് ജൂഡ്

ഈ സിനിമ എടുത്തതിനും എന്നെ അതിന്റെ ഭാഗമാക്കിയതിനും ജൂഡിന് പ്രത്യേക നന്ദി. അദ്ദേഹത്തിന്റെ വിഷനാണ് ഈ സിനിമ. ജൂഡിന്റെ സ്വപ്നസിനിമ. അദ്ദേഹത്തിന്റെ മനസ്സിലാണ് ആദ്യം ഈ സിനിമ ഉണ്ടായത്. സെറ്റിലെ ഒരു അനുഭവം പറയാം. ജോയ് മാത്യു സർ അവതരിപ്പിച്ച കഥാപാത്രത്തെ രക്ഷപ്പെടുത്താൻ പോകുന്ന ഒരു രംഗമുണ്ട്. ആ സീക്വൻസ് ഞാൻ വായിച്ചപ്പോൾ കരുതി, അതു ഷൂട്ട് ചെയ്യാൻ കുറഞ്ഞത് ഒരു നാലഞ്ച് മണിക്കൂറുകൾ വേണ്ടി വരുമെന്ന്. അതും മഴയത്ത് ഷൂട്ട് ചെയ്യണമല്ലോ! അങ്ങനെ ഞാൻ വിചാരിച്ച സീക്വൻസ് ജൂഡ് എടുത്തു തീർത്തത് വെറും അരമണിക്കൂർ കൊണ്ടാണ്! ഷോട്സുകളെ കുറിച്ച് ജൂഡിന് അത്രയും ക്ലാരിറ്റി ഉണ്ടായിരുന്നു. കുറെ ഷൂട്ട് ചെയ്തെടുത്തിട്ട്, പിന്നീട് എഡിറ്റ് ചെയ്തു കളയുന്ന ഏർപ്പാടേയില്ല. ആവശ്യമുള്ളതു മാത്രമാണ് ഷൂട്ട് ചെയ്തത്.

narain-asif

2018 ഒരു തിയറ്റർ സിനിമ

ജൂഡിനെ കുറിച്ചു കേട്ടൊരു സംഭവമുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സിനിമ ഓം ശാന്തി ഓശാന റിലീസ് ആയ ദിവസം. സിനിമയുടെ ആദ്യ ഷോയുടെ ഇന്റർവെൽ സമയം. എല്ലാവരും എന്താകുമെന്ന് ആലോചിച്ചിരിക്കുന്ന സമയം. ജൂഡ് പക്ഷേ, കൂളായി ഇറങ്ങി വന്ന് നിർമാതാവിനോട് ഒരു ഡയലോഗ്. ചേട്ടാ, ഒന്നും നോക്കണ്ട... 100 ാം ദിവസത്തെ പോസ്റ്റർ അടിച്ചോ എന്ന്! അതാണ് ജൂഡിന്റെ ആത്മവിശ്വാസം. അത് 2018ലും കണ്ടു. ഇതൊരു തിയറ്റർ സിനിമയാണ്. പ്രേക്ഷകർക്കെല്ലാം കൃത്യമായി അറിയാവുന്ന ഒരു കാര്യമാണ് സിനിമയാക്കിയത്. മൾട്ടിസ്റ്റാർ സിനിമ ആയതുകൊണ്ട് പ്രേക്ഷകർ ആദ്യ ദിവസം തന്നെ തിയറ്ററിൽ എത്തുമെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു. തിയറ്ററിൽ കാണുന്ന പ്രേക്ഷകർക്ക് തീർച്ചയായും ഈ സിനിമ ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ലഭിക്കുന്ന ഈ പ്രതികരണം ശരിക്കും മനസ്സു നിറയ്ക്കുന്നതാണ്. പ്രേക്ഷകർ ആർപ്പുവിളികളോടെയാണ് സിനിമ ഏറ്റെടുത്തത്.

അടുത്തത് ക്വീൻ എലിസബത്ത്

കോവിഡിനു ശേഷം മൾടി സ്റ്റാർ പടങ്ങൾ കൂടുതൽ റിലീസ് ആകുന്നുണ്ട്. പ്രേക്ഷകരെ തിയറ്ററിലെത്തിക്കുക എന്നത് സംവിധായകരുടെ വലിയ ഉത്തരവാദിത്തമായി മാറിക്കഴിഞ്ഞു. പണ്ടത്തെ പോലെയല്ല കാര്യങ്ങൾ. ഒടിടിയിൽ വരുമ്പോൾ കാണാം എന്നു തീരുമാനിക്കുന്ന നിരവധി പ്രേക്ഷകരുണ്ട്. അതുകൊണ്ട് ചലച്ചിത്രപ്രവർത്തകരുടെ ചുമതല വർധിച്ചു. പ്രേക്ഷകരെ തിയറ്ററിലേക്കു കൊണ്ടു വരുന്ന സിനിമകൾ ചെയ്യുക എന്നതാണ് വലിയ വെല്ലുവിളി. മലയാളത്തിൽ എന്റെ അടുത്ത ചിത്രം മീര ജാസ്മിനുമായി ഒന്നിക്കുന്ന ക്വീൻ എലിസബത്ത് ആണ്. ഏറെ പ്രതീക്ഷയുള്ള ചിത്രമാണത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com