ADVERTISEMENT

നീണ്ട ഇടവേളയ്ക്കു ശേഷം തിയറ്ററിലേക്കു പ്രേക്ഷകർ പ്രവഹിക്കുന്ന കാഴ്ചയ്ക്കാണ് കേരളക്കര കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാക്ഷ്യം വഹിക്കുന്നത്. മലയാളിയുടെ ഇച്ഛാശക്തിയുടെയും സഹാനുഭൂതിയുടെയും പ്രതീകമായ 2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിന് ജൂഡ് ആന്തണി ജോസഫും കൂട്ടരും ചേർന്ന് ചലച്ചിത്രഭാഷ്യം ചമച്ചപ്പോൾ ഇരുകയ്യും നീട്ടിയാണ് കേരളം അതിനെ സ്വീകരിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രദർശനശാലകളിൽ ‘2018’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ അനിൽ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി കയ്യടി നേടുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സുധീഷ്. സാഹസികത നിറഞ്ഞ ഷൂട്ടിങ് ദിനങ്ങളെക്കുറിച്ചും ചിത്രത്തിനു ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

വിഎഫ്എക്സില്ല, പ്രളയ സമാനമായ അന്തരീക്ഷത്തിലായിരുന്നു അഭിനയം

നിങ്ങൾ ഇപ്പോൾ സിനിമയിൽ കാണുന്ന രംഗങ്ങളൊക്കെ സെറ്റിട്ട് ഷൂട്ട് ചെയ്തതാണ്, വിഎഫ്എക്സ് ഉപയോഗിച്ചു ചെയ്തതല്ല. എന്താണോ ഷൂട്ട് ചെയ്തത് അതു തന്നെയാണ് തിയറ്ററിൽ കാണുന്നത്. ഒരുപാട് ആളുകളുടെ ദിവസങ്ങൾ നീണ്ട പ്രയത്നം അതിനു പിന്നിലുണ്ട്. സിനിമയിൽ കാണുന്ന പോലെ പൂർണമായും വെള്ളം നിറച്ചാണ് എന്റെ കഥാപാത്രത്തിന്റെ വീടൊക്കെ ഷൂട്ട് ചെയ്തിരിക്കുന്നത്. ചങ്ങാടത്തിലും പെട്ടിയിലുമൊക്കെയാണ് ഷൂട്ടിങ് നടന്ന വീട്ടിൽ എത്തിച്ചേർന്നിരുന്നത്. സെറ്റിൽ എപ്പോഴും നിറയെ ചെളിയായിരിക്കും. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസമൊക്കെ സെറ്റിൽ വീണിട്ടുണ്ട്. പിന്നീട് ആ അന്തരീക്ഷവുമായി പൊരുത്തപ്പെടുകയായിരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും വീണു പരുക്ക് പറ്റാവുന്ന അപകടം പിടിച്ച സെറ്റായിരുന്നു സിനിമയുടേത്. സംവിധായകൻ ജൂഡും സംഘവും നമ്മളെ എപ്പോഴും കംഫർട്ടബിളാക്കിക്കൊണ്ടിരിക്കുമായിരുന്നു. ഒരുപാട് രംഗങ്ങൾ റീടേക്ക് പോയിട്ടുണ്ട്. ഉദ്ദേശിച്ച പോലെ വെള്ളം നിറയാതിരിക്കുകയും ടൈമിങ്ങിന് അനുസരിച്ച് മരം വീഴാതിരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ വരുമ്പോൾ അടുത്ത ദിവസം ആ രംഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്.

സിനിമയ്ക്കു വേണ്ടി പെയ്യിക്കുന്ന മഴയ്ക്കൊപ്പം ശരിക്കുള്ള മഴ പെയ്ത ദിവസങ്ങളുമുണ്ട്. അക്ഷരാർഥത്തിൽ പ്രളയ സമാനമായ അന്തരീക്ഷത്തിലായിരുന്നു ഷൂട്ടിങ്ങെന്നു പറയാം. പ്രളയത്തെ ഇത്രയും വിശ്വസനീയമായി പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കിയത് ഒരു വലിയ കൂട്ടായ്മയുടെ പരിശ്രമമാണ്. സഹസംവിധായകരും ആർട് ടീമുമൊക്കെ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. രാത്രി ഏഴു മണിക്കൊക്കെ ആരംഭിക്കുന്ന ഷൂട്ട് പുലർച്ചെ വരെ നീളും.

മാസ്റ്റർ പ്രണവിനെ നോക്കിയത് സ്വന്തം മകനെപ്പോലെ

ചിത്രത്തിൽ എന്റെ മകനായി അഭിനയിച്ചത് മാസ്റ്റർ പ്രണവാണ്. ആ കഥാപാത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷൂട്ടിങ് സമയത്ത് പ്രണവിനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമായി അവന്റെ മാതാപിതാക്കൾ വന്നിരുന്നു. ടേക്ക് പോകുന്ന സമയത്തൊക്കെ സെറ്റിന്റെ പ്രത്യേക സ്വഭാവം കാരണം അവർക്ക് അടുത്തേക്കു വരാൻ സാധിക്കുമായിരുന്നില്ല. കാലിൽ പ്ലാസ്റ്ററിട്ട് അഭിനയിക്കേണ്ട സീനുകളൊക്കെ ഉണ്ടായിരുന്നതുകൊണ്ടുതന്നെ അവന് നടക്കാനൊക്കെ ബുദ്ധിമുണ്ട് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാനും എന്റെ ഭാര്യയായി അഭിനയിച്ച ജിലുവും അവനെ സ്വന്തം മകനെപ്പോലെയാണ് പരിഗണിച്ചത്.

sudheesh-2018

സീനിന്റെ തുടർച്ചയ്ക്കു വേണ്ടി നമ്മുടെ ശരീരവും വസ്ത്രവുമൊക്കെ എപ്പോഴും നനച്ചു കൊണ്ടിരിക്കുമായിരുന്നു. അങ്ങനെ വരുമ്പോൾ പനിയൊക്കെ വരാതെരിക്കാൻ ശ്രദ്ധിക്കുമായിരുന്നു. ഈ സിനിമയുടെ ഏറ്റവും വലിയ വിജയം എല്ലാവരും തമ്മിലുള്ള പരസ്പരം ബഹുമാനവും സഹകരണവും തന്നെയാണ്. ടേക്ക് കഴിഞ്ഞാൽ മാറിയിരിക്കുന്നതോ കാരവനിൽ പോയി ഇരിക്കുന്നതു പോലെയുള്ള കാര്യങ്ങൾ ഈ സിനിമയിൽ ചിന്തിക്കാൻ പോലും പറ്റില്ലാരുന്നു.

മൾടിസ്റ്റാർ ചിത്രത്തിൽ പ്രതീക്ഷിച്ചത് താരതമ്യേന ചെറിയ വേഷം

ഒന്നരക്കൊല്ലം മുമ്പായിരുന്നു ആദ്യ ഷെഡ്യൂൾ നടക്കേണ്ടിയിരുന്നത്. അന്ന് എന്നെ അഭിനയിക്കാൻ വിളിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ട് അന്ന് ഷൂട്ടിങ് നടന്നില്ല. എന്റെ ഓർമ ശരിയാണെങ്കിൽ അന്ന് എന്നോടു പറഞ്ഞ വേഷം ഇതായിരുന്നില്ല. ചാക്കോച്ചൻ, ടൊവിനോ, ആസിഫ് അലി, നരേൻ, വിനീത് ശ്രീനിവാസൻ തുടങ്ങി വമ്പൻ താരനിര ഉള്ളതുകൊണ്ടു തന്നെ ചെറിയ വേഷമായിരിക്കും എന്റേതെന്നാണ് കരുതിയിരുന്നത്. ഇത്രയും നല്ല വേഷമാണെന്നു കരുതിയിരുന്നില്ല. പല ഹിറ്റു സിനിമകളിലും നല്ല വേഷങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊന്നും ലഭിക്കാത്ത പ്രേക്ഷക പ്രതികരണമാണ് ‘2018’-ലെ കഥാപാത്രത്തിനു ലഭിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സമയത്തു മാത്രമാണ് ഇതിനു മുമ്പ് ഇത്രയെറെ അഭിനന്ദനങ്ങൾ ലഭിച്ചത്. വാട്സാപ്പിലൊക്കെ വരുന്ന പല മെസേജുകളും കണ്ണ് നനയിപ്പിക്കുന്നുണ്ട്.

sudheesh-tovino

‘2018’ തിയറ്റർ അനുഭവം ആവശ്യപ്പെടുന്ന ചിത്രം

‘2018’-ന്റെ ആദ്യ ഷോയ്ക്കു താരതമ്യേന ആളുകൾ കുറവായിരുന്നു. പിന്നീടുള്ള ഷോകളെല്ലാം ഹൗസ് ഫുളായിരുന്നു. അതിൽനിന്നു തന്നെ മനസ്സിലാക്കാം എത്രത്തോളം മൗത്ത് പബ്ലിസിറ്റി സിനിമയുടെ വിജയത്തിൽ നിർണായകമായി എന്ന്. ‘2018’ ലൂടെ ഒരു ഇടവേളയ്ക്കു ശേഷം ജനങ്ങൾ തിയറ്ററിലേക്ക് മടങ്ങി വരുന്നു എന്ന പ്രത്യേകതയുണ്ട്. അത് ഈ സിനിമ മാത്രമല്ല ഇതിനൊപ്പം ഇറങ്ങിയ സിനിമകളും കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. ഒടിടിയിൽ വരുമ്പോൾ കാണാം എന്നൊരു മാനസികാവസ്ഥയിൽനിന്ന് തിയറ്ററിൽ വന്ന് സിനിമ കാണണമെന്നൊരു മൂഡിലേക്ക് പ്രേക്ഷകർ എത്തിയിട്ടുണ്ട്. അത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം.

സിനിമയിൽ അഭിനയിച്ച സമയത്തേക്കാൾ സിനിമ തിയറ്ററിൽ കണ്ടപ്പോഴാണ് ശരിക്കും ഒരു പ്രളയത്തിൽ അകപ്പെട്ടതുപോലെ അനുഭവപ്പെട്ടത്. ചില സിനിമകൾ തിയറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടും. ’2018’ അത്തരത്തിൽ തിയറ്ററിൽ അനുഭവിച്ചറിയേണ്ട സിനിമയാണ്. തിയറ്ററിൽ ഈ സിനിമ കാണുമ്പോൾ ഒരേ സമയം കണ്ണുകൾ നിറയുകയും രോമാഞ്ചം കൊള്ളുകയും ചെയ്തിട്ടുണ്ട്. മഹാപ്രളയം നമുക്ക് എല്ലാവർക്കും വേദനിപ്പിക്കുന്ന ഓർമ തന്നെയാണ്. അതേസമയം പ്രളയത്തെ മലയാളികൾ എങ്ങനെ അതിജീവിച്ചുവെന്നത് ലോകത്തിനു തന്നെ വലിയൊരു മാതൃകയുമാണ്. അതുകൊണ്ടുതന്നെ സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ സങ്കടമല്ല മറിച്ച് മലയാളിയെന്ന നിലയിൽ അഭിമാനം തോന്നുകയാണ് ചെയ്യുന്നത്. സിനിമ പ്രേക്ഷകർ ഏറ്റെടുക്കാനുള്ള കാരണവും മറ്റൊന്നല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com