ADVERTISEMENT

‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആളാണ് അശ്വിൻ ജോസ്. പ്രണയത്തിന്റെ തലങ്ങൾ പറഞ്ഞ് പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ‘അനുരാഗം’ എന്ന ചിത്രത്തിലെ നായകനും എഴുത്തുകാരനും അശ്വിനാണ്. ജീവിതത്തിലും തന്റെ അനുരാഗം പൂവണിയുന്ന സന്തോഷത്തിലാണ് അശ്വിൻ. പുതിയ സിനിമയുടെ വിജയം ആഘോഷിക്കുന്ന അശ്വിന്റെ വിവാഹം ഈ മാസം 17നാണ്.

 

അനുരാഗം

 

എന്റെ പ്രായത്തിലുള്ള ഒരാൾ ബസ്റ്റോപ്പിൽ നിന്നൊരു പെൺകുട്ടിയെ നോക്കി ചിരിക്കുന്നത് പോലെ ആവില്ലല്ലോ ഒരു അൻപത് വയസ്സുകാരൻ അക്കാര്യം ചെയ്യുന്നത്. സ്വന്തം ജീവിതത്തിൽ പ്രണയിക്കുകയും, അതിലൂടെ പ്രണയത്തെക്കുറിച്ച് എല്ലാം അറിയുകയും ചെയ്യുന്ന ഒരാൾ, ഒരുപക്ഷേ അയാളുടെ പ്രണയത്തെ മറ്റൊരു തരത്തിൽ അവതരിപ്പിച്ചേക്കാം. ഒരു പക്ഷേ ഏതെങ്കിലും ഒരു പോയിന്റിൽ പ്രണയത്തെ ഭയക്കുന്ന ഒരാളുടെ പ്രതികരണവും വ്യത്യസ്തമായേക്കുമല്ലോ. അതെല്ലാം ഒത്തുചേർന്നതാണ് അനുരാഗം.

aswin-jose-2

 

ആദ്യ സിനിമ പ്രണയവുമായി ബന്ധപ്പെട്ടതാണല്ലോ?

aswin-jose-3

 

നമ്മുടെ ഇൻഡസ്ട്രിയിൽ ഒരു സിനിമ ഓണാക്കുക എന്ന് പറയുന്നതാണ് ഏറ്റവും വലിയ കാര്യം. മാത്രമല്ല അങ്ങനെ ഓണാവുന്ന ഒരു സബ്ജക്ട് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും വേണം. പ്രണയം എന്നു പറയുന്നത് എപ്പോഴും ആർക്കും തോന്നാവുന്ന ഒരു വികാരമാണ്. അത് വല്ലപ്പോഴും സംഭവിക്കുന്ന ഒന്നല്ല. എല്ലാവരുടെയും ഉള്ളിൽ എപ്പോഴും ഉള്ള ആ  ഒരു വികാരത്തെ മുൻനിർത്തി ഒരു കഥ പറയുകയാണെങ്കിൽ പ്രേക്ഷകർക്ക് അത് വളരെ പെട്ടെന്ന് കണക്ട് ആവും എന്നും തോന്നി. പിന്നെ കഥകൾ കേൾക്കാൻ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. നല്ലൊരു കേൾവിക്കാരൻ ആയാൽ അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് കുറെയധികം പ്രശ്നങ്ങളെ ഒറ്റയ്ക്ക് നേരിടാനും കഴിയുമെന്നാണ് എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ പലരിൽ നിന്നും കിട്ടിയ കഥകൾ ചേർത്താണ് 'അനുരാഗ'ത്തിന്റെ തിരക്കഥ ഒരുക്കിയത്.

 

gautham-aswin

ഷഹദിനൊപ്പം? 

 

ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് സ്വപ്നം കണ്ട ചിത്രമാണ് അനുരാഗം. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഷഹദിനെ ഞാൻ പരിചയപ്പെടുന്നത്. ഷഹദ് ഡയറക്‌ഷൻ ടീമിലും ഞാൻ അഭിനേതാവായും. എന്തോ കാരണം കൊണ്ട് ആ ചിത്രത്തിൽ നിന്നും എന്റെ സീനുകൾ ഒഴിവാക്കി. ഡയറക്‌ഷൻ ടീമിൽ ഉണ്ടായിരുന്ന ഷഹദിന്റെ മുഖത്തേക്ക് എന്റെ വിഷമം കൊണ്ട് നോക്കിയപ്പോൾ ഷഹദ് അത് തെറ്റിദ്ധരിച്ചു. എനിക്ക് അവനോട് ദേഷ്യം ആണെന്ന് അവൻ കരുതി. പിന്നീട് ആ തെറ്റിദ്ധാരണ മാറുകയും ഞങ്ങൾക്കിടയിൽ വലിയൊരു സൗഹൃദം ഉണ്ടാവുകയും ചെയ്തു. അന്നുമുതൽ എപ്പോഴും നേരിൽ കാണുമ്പോൾ ഞങ്ങൾ രണ്ടുപേർക്കും സംസാരിക്കാനുള്ളത് സിനിമയെപ്പറ്റി മാത്രമായിരുന്നു. ‘ക്വീൻ’ എന്ന ചിത്രം ചെയ്തു കഴിഞ്ഞു നിൽക്കുന്ന സമയത്ത് ഷഹദ് എന്നെ വിളിക്കുകയും ഒരുമിച്ച് പടം ചെയ്യണമെന്ന് പറയുകയും ചെയ്തു. ആ സമയത്ത് ഞാൻ തിരക്കഥകൾ ഒന്നും എഴുതിയിരുന്നില്ല. 

 

johny-antony

നല്ല ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് അതിനായി കാത്തിരുന്നു. പക്ഷേ ആഗ്രഹം നീളുന്നത് മനസ്സിലായപ്പോഴാണ് അനുരാഗത്തിന്റെ തിരക്കഥ ഞാൻ എഴുതുന്നത്. ആ തിരക്കഥ വായിച്ചു നോക്കിയ നഹാസ് എന്ന ഞങ്ങളുടെ മറ്റൊരു സുഹൃത്താണ് ഷഹദിന് ഇത് ചെയ്യാൻ പറ്റുമെന്ന് എന്നെ ഓർമിപ്പിക്കുന്നത്. അങ്ങനെ ഞാൻ ഷഹദിനെ കാണുകയായിരുന്നു. ചിത്രത്തിനായി ഞാൻ ഒരുക്കിയ ചില മുഹൂർത്തങ്ങൾ കേട്ടപ്പോൾ തന്നെ ഷഹദിൽ വലിയ എക്സൈസ്മെന്റ് ഉണ്ടാക്കി. പിന്നീട് ഞങ്ങൾ ഈ സിനിമയുമായി ഞങ്ങൾ മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു. അതിനിടയിലാണ് കോവിഡ് വരുന്നത്. പിന്നീട് ഒരു മൂന്നര വർഷം എടുത്തു അനുരാഗം ബിഗ് സ്ക്രീനിലേക്കെത്താൻ.

 

രണ്ട് സംവിധായകർ പ്രധാന വേഷങ്ങളിൽ?

 

aswin-jose-23

ജോണി ആന്റണിയും ഗൗതം മേനോനും...രണ്ടുപേരും അവരവരുടെ ചിത്രങ്ങൾ കൊണ്ട് നമ്മെ അതിശയിപ്പിച്ചവരാണ്. അതുകൊണ്ട് തന്നെ ഒരു സീനിൽ മാറ്റം വരുത്തണം എന്ന് പറയാൻ ഒന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഞങ്ങൾ പറയുന്ന കാര്യങ്ങൾ ഒക്കെ അവർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റി. പുതുമുഖങ്ങൾ എന്ന നിലയ്ക്ക് ഞങ്ങൾക്കും അത് വളരെ നല്ല അനുഭവമായിരുന്നു. മാത്രമല്ല എളുപ്പവുമായിരുന്നു. ജോണി ചേട്ടൻ ഈ യാത്രയിൽ ഞങ്ങളോടൊപ്പം തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. ഞങ്ങളുടെ സന്തോഷമാണ് ഗൗതം സാർ എപ്പോഴും നോക്കിയത്. പിന്നെ ഇവരെ രണ്ടുപേരെയും 

 

ഷഹദ് നന്നായിട്ട് മാനേജ് ചെയ്യുകയും ചെയ്തു. അവർക്ക് ഒരു തരത്തിലുമുള്ള ഈഗോ ഉണ്ടാവാത്ത തരത്തിൽ അവരുടെ കംഫർട്ട് സോണിൽ നിലനിർത്താനും ഷഹദിന് കഴിഞ്ഞു. 'എന്റെ കഥ നീ എന്നോട് പറയുന്നല്ലോ' എന്ന ഒരു ഭാവത്തിലാണ് ഞാൻ കഥ പറയാൻ പോകുമ്പോൾ ഗൗതം സർ ഇരുന്നത്. ഒരുപക്ഷേ അദ്ദേഹം അങ്ങനെയൊന്നും ആയിരിക്കില്ല ചിന്തിച്ചത്. എന്റെ തോന്നൽ മാത്രവുമത്. ഷൂട്ടിങ് നടക്കുമ്പോൾ ഒന്ന് രണ്ട് സീനുകളിൽ അദ്ദേഹം ചില സജഷൻസും ഞങ്ങൾക്ക് തന്നിരുന്നു.

 

anuragam-review

ജോണി ആന്റണിയുമായി?

 

ഒരു കോട്ടയംകാരനായിരിക്കണം ജോസിന്റെ വേഷം ചെയ്യേണ്ടത് എന്ന് മനസ്സിൽ കരുതിയിരുന്നു. ആ സമയത്താണ് 'വരനെ ആവശ്യമുണ്ട്' എന്ന സിനിമ റിലീസ് ആവുന്നത്. അങ്ങനെയാണ് ജോണി ചേട്ടന് ഇതു ഉറപ്പായും ചെയ്യാൻ പറ്റും എന്ന് ഞാൻ മനസ്സിലാക്കുന്നത്. ജോണി ചേട്ടന്റെ ഭാഷ അദ്ദേഹത്തിന്റെ സ്റ്റൈൽ എല്ലാം ജോസിനോട് ചേർന്ന് നിൽക്കുമെന്ന് മനസ്സിലാക്കിയതോടെ അദ്ദേഹത്തിന്റെ അടുത്ത് കഥ പറയാനായി പോയി. ഒരു കമേഴ്സ്യൽ സിനിമയുടെ സംവിധായകനായതുകൊണ്ട് തന്നെ എന്തെങ്കിലും സജഷനും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് കിട്ടുമെന്ന ഒരു ഉറപ്പും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഇഷ്ടമായാൽ സിനിമ ചെയ്യണമെന്നും അല്ലെങ്കിൽ അഭിപ്രായങ്ങൾ കേട്ടിട്ട് പോരാം എന്ന് വിചാരിച്ചാണ് ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുന്നത്. എന്നെ കണ്ടയുടനെ അദ്ദേഹം 'നിന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ?' എന്ന് പറഞ്ഞു. എന്നാൽ അദ്ദേഹം ‘ക്വീൻ’ എന്ന സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല. 

 

പക്ഷേ 'നെഞ്ചിനകത്ത് ലാലേട്ടൻ' പാട്ട് കണ്ടിട്ടുണ്ടായിരുന്നു. ഞാൻ അതിൽ അഭിനയിച്ച ആളാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ അകത്തേക്ക് ക്ഷണിച്ചു. അങ്ങനെ അനുരാഗത്തിന്റെ കഥ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതിനിടയ്ക്ക് അദ്ദേഹം എന്നോട് കഥ നിർത്താൻ പറഞ്ഞു. എന്നിട്ട് അദ്ദേഹത്തിന്റെ അമ്മയുടെ കഥയും അന്നത്തെ ജീവിത സാഹചര്യങ്ങളും ഒക്കെ എന്നോട് പറഞ്ഞു. അതിൽനിന്നും ജോണി ചേട്ടന് കഥ റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. പിന്നീട് കഥ മുഴുവനും പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം ഒന്ന് രണ്ട് സീനുകൾ അഭിനയിച്ച് കാണിച്ചു. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അപ്പോൾ അദ്ദേഹം എന്റെ സിനിമയിൽ അഭിനയിക്കാൻ തയാറായി നിൽക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ ഒരുപാട് സന്തോഷം തോന്നി. അങ്ങനെയാണ് അദ്ദേഹം മുഖേന ഇപ്പോഴുള്ള ഞങ്ങളുടെ പ്രൊഡ്യൂസർമാർ ഞങ്ങളുടെ സിനിമയിലേക്ക് എത്തുന്നത്.

 

'ജോസ്' ആയി ജോണി ആന്റണി സ്ക്രീനിൽ കയ്യടി നേടുമ്പോൾ?

 

ജോണി ചേട്ടന് അദ്ദേഹത്തിന്റെ തന്നെ ഒരു പഴയ ഫോട്ടോ കാണിച്ചു കൊടുത്തിട്ട് ഈ ലുക്കിൽ ചേട്ടൻ ജോസ് ആയി വന്നാൽ നന്നായിരിക്കും എന്ന് ഞങ്ങൾ ഒരു അഭിപ്രായം പറഞ്ഞു. അതിനുവേണ്ടി അദ്ദേഹം നല്ല ഒരു ശ്രമം തന്നെ നടത്തിയിരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള പല കാര്യങ്ങളും മാറ്റിവെച്ച് ഏതാണ്ട് 90 ദിവസത്തോളം ഡയറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തു. ഒരു നടൻ എന്ന നിലയിൽ അദ്ദേഹം തന്റെ സിനിമയോട് കാണിക്കുന്ന ഒരു കൊതി കണ്ടപ്പോൾ തന്നെ ഈ സിനിമയിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷയും ധൈര്യവും കിട്ടി. ഒരു റൈറ്റർ എന്ന നിലയിൽ ഈ കയ്യടികളും ഒരുപാട് സന്തോഷമാണ് തരുന്നത്.

 

ഗൗതം മേനോന്റെ കൂടെ?

 

ചിത്രത്തിന്റെ തീം പല പ്രായത്തിൽ ഉള്ളവരുടെ പ്രണയമായതുകൊണ്ട് തന്നെ മൂന്ന് കഥാപരിസരത്തുനിന്നുള്ളവർ സ്ക്രീനിൽ വന്നാൽ നന്നാകും എന്നും അങ്ങനെയുള്ളവർ തന്നെ വേണമെന്നും ആദ്യമേ തീരുമാനിച്ചിരുന്നു. മൂന്നുപേർ മൂന്നു വ്യത്യസ്ത രീതിയിൽ പ്രണയത്തെ ഹാൻഡിൽ ചെയ്യണമല്ലോ. മാത്രമല്ല അത് ആളുകൾക്കും കണക്ട് ആവുകയും വേണം. അങ്ങനെയാണ് തമിഴ് മലയാളം കൾച്ചർ, ഡയലോഗ് ഡെലിവറിയിൽ ഉൾപ്പെടുത്തുന്നത്. ഗൗതം സർ ഒരുപാട് ലൗ സ്റ്റോറികൾ ചെയ്തിട്ടുള്ള ആളാണ്. കാസ്റ്റിങ് സമയത്ത്‌ ഗൗതം സാറിന്റെ മുഖം മനസ്സിൽ വന്നപ്പോൾ ഞങ്ങൾ അദ്ദേഹത്തെ പോയി കണ്ടു കഥ പറഞ്ഞു. കഥ കേട്ടപ്പോൾ  ഒരു ക്യൂട്ട് സ്റ്റോറി ആണെന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങൾക്കൊപ്പം വർക്ക് ചെയ്യാൻ  തയ്യാറാവുകയും ചെയ്തു. 

 

അഭിനയിക്കാൻ വേണ്ടി ഒരു കഥ എഴുതുക, ഒരു നടന്റെ പാഷൻ തെളിയിക്കുന്ന ജീവിതമാണ് അശ്വിന്റേത്?

 

സിനിമ എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഒരു മൂല്യമേറിയ ഇടമാണ്. അതുകൊണ്ടുതന്നെ അതിൽ നിലനിൽക്കാനായി കരിയറിന്റെ മൂന്നര വർഷമെടുത്ത് തയാറാക്കിയ സിനിമയാണ് 'അനുരാഗം'. അതിനുവേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. സിനിമയിൽ ഒരു നടൻ മാത്രമാവുകയാണെങ്കിൽ നമുക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. ഡയലോഗുകൾ, സീനുകൾ ഒക്കെ നമുക്ക് വിവരിച്ചു തരും. അവിടെ നമ്മൾ നമ്മുടെ കംഫർട്ട് സോണിലായിരിക്കും നിൽക്കുന്നത്. നല്ല അവസരങ്ങൾ ലഭിച്ചിട്ടും അതിനെ കൃത്യമായി ഉപയോഗിക്കാത്ത പലരെയും കണ്ടിട്ടുണ്ട്. അത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. കാരണം ആ സിനിമ വേണോ വേണ്ടയോ എന്ന് തെരഞ്ഞെടുക്കാനുള്ള അധികാരം നമ്മളിൽ തന്നെ നിക്ഷിപ്തമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്ക്രീൻ പ്ലേ കിട്ടിക്കഴിഞ്ഞാൽ നമുക്ക് എന്താണ് ചെയ്യാനുള്ളത് എന്നും എങ്ങനെയൊക്കെ അഭിനയിക്കണം എന്നൊക്കെ ഒരു ഏകദേശം രൂപം കിട്ടുമല്ലോ. പാഷൻ ഉള്ള ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്.

 

നടന്മാരുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ? 

 

സിനിമയിൽ നല്ല വേഷം കിട്ടാനായി കാത്തിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇത്തരം വാർത്തകൾ കേൾക്കുന്നത് വളരെ സങ്കടമുള്ള കാര്യമാണ്. സിനിമയിൽ നമ്മെ ആരും ഫോഴ്സ് ചെയ്യാറില്ല. എല്ലാം നമ്മുടെ ഇഷ്ടത്തിന് മാത്രമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഒരു കാര്യം ഇഷ്ടമല്ല എന്നുണ്ടെങ്കിൽ അത് തുറന്നു പറയാനുള്ള മനസ്സുകൂടി എല്ലാവരും പ്രകടിപ്പിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പിന്നെ ഓരോരുത്തർക്കും അവരവരുടെതായ പേഴ്സണൽ ട്രോമകൾ ഉണ്ടാവും. അതിനെപ്പറ്റി പറയാൻ എനിക്കറിയില്ല.  

 

പ്രേക്ഷകരോട്?

 

ഒരു ജനകീയ സിനിമയാകണം അനുരാഗം എന്ന് മനസ്സിൽ കരുതിയാണ് ഞങ്ങൾ ഈ സിനിമ തയാറാക്കിയത്. ഞാൻ ഈ സിനിമ ചെയ്തു, നിങ്ങൾ ഇത് കണ്ടേ തീരു എന്ന രീതിയിലല്ല ഇത് പറയുന്നത്. പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്ന ഉദ്ദേശിച്ചാണ് ഞങ്ങൾ സിനിമ ഒരുക്കിയത് എന്ന കാര്യം പറയണമെന്ന് കരുതിയാണ്. സിനിമ കണ്ടതിനുശേഷമുള്ള ഒരുപാട് നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. അത് വലിയ സന്തോഷമാണ് തരുന്നത്. ഇനിയും ഒരുപാട് ആളുകൾ ഞങ്ങളുടെ ചിത്രം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

പുതിയ സിനിമകൾ?

 

രണ്ടുമൂന്ന് സബ്ജക്ടുകൾ മനസ്സിലുണ്ട്. അതിനായി വർക്ക് ചെയ്യുകയാണ്. പിന്നെ ഈ സിനിമയുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം ഇതിൽ നിന്നും എന്തൊക്കെ കാര്യങ്ങൾ മാറ്റണമെന്നും പുതിയതായി എന്തെല്ലാം കൊണ്ടുവരണമെന്നും ഒരു റൈറ്റർ എന്ന നിലയിൽ മനസ്സിലാക്കാൻ കഴിയുന്നത്. അതിനായി പ്രേക്ഷകരുടെ അഭിപ്രായം തേടുന്നുമുണ്ട്. 'റൊണാൾഡോ' എന്ന ഒരു ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്. വളരെ വ്യത്യസ്തമായിട്ടാണ് അണിയറ പ്രവർത്തകർ ആ ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനെ ഷൂട്ട് നടക്കുകയാണ്. 

 

ദൈവത്തിന് കത്ത് എഴുതുന്ന നായിക?

 

യഥാർഥത്തിൽ ദൈവത്തിന് കത്ത് എഴുതിയിരുന്ന ഒരാളാണ് എന്റെ ഭാവി വധു. അതുകൊണ്ടുതന്നെ ആ കത്തിന്റെ സ്റ്റൈൽ ഒക്കെ പിടിക്കാൻ അവൾ സഹായിച്ചിട്ടുണ്ട്. അവളെ കൊണ്ട് തന്നെയാണ് കത്തുകൾ പലതും എഴുതിപ്പിച്ചത്. കാരണം ഒരു പെൺകുട്ടി എഴുതുന്നത് പോലെ ആവില്ലല്ലോ ഞാൻ അത് എഴുതുന്നത്. പിന്നെ ഈ മാസം 17ന് എന്റെ കല്യാണമാണ്. 11 വർഷത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹം. ആദ്യം സിനിമയെപ്പറ്റി അധികമൊന്നും അറിയാത്ത ഒരാൾ ആയിരുന്നു അവൾ. എന്നാൽ ഇക്കാലത്തിനിടയിൽ കുറെയധികം സിനിമകൾ അവൾ കാണുകയും, കഥകൾ എഴുതുമ്പോൾ എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്യുകയും ചെയ്യുന്നു. അത് വളരെ വലിയ പോസിറ്റീവ് എനർജിയാണ് തരുന്നത്. ഈ സിനിമയിൽ തന്നെ ചില സീനുകൾ മെച്ചപ്പെടുത്താനും അവൾ എനിക്ക് സപ്പോർട്ട് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com